sections
MORE

പരമവിശിഷ്ടം ഈ മലയാളികൾ! പടിഞ്ഞാറൻ അതിർത്തിയിലെ സേനാ തലപ്പത്ത് ഇവർ

Military-Heads
എയർ മാർഷൽ രഘുനാഥ് നമ്പ്യാർ, വൈസ് അഡ്മിറൽ അജിത് കുമാർ , ലഫ്. ജനറൽ ചെറിഷ് മാത്‌സൺ
SHARE

പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ സുരക്ഷയുടെ കോട്ട കെട്ടി ഇന്ത്യ അതീവ ജാഗ്രതയിലാണ്. അയൽ രാജ്യത്തുനിന്നുള്ള ഏതു സാഹസവും നേരിടാൻ പടിഞ്ഞാറേക്കു കണ്ണുനട്ടിരിക്കുന്ന  സേനാ നേതൃത്വത്തിന്റെ മുൻനിരയിലുള്ളത് മൂന്നു മലയാളികൾ. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമസേനാ കമാൻഡിനു നേതൃത്വം നൽകുന്നത് കണ്ണൂർ കാടാച്ചിറ സ്വദേശി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ, മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ തലവൻ കൊച്ചി സ്വദേശി വൈസ് അഡ്മിറൽ പി. അജിത് കുമാർ, ജയ്പുരിലെ ദക്ഷിണ പശ്ചിമ കരസേനാ കമാൻഡിന്റെ മേധാവി തിരുവല്ല ഇരവിപേരൂർ സ്വദേശി ലഫ്. ജനറൽ ചെറിഷ് മാത്‌സൺ. 

പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയുടെ സുരക്ഷ നിർവഹിക്കുന്ന വ്യോമ, നാവിക, കര സേനകളുടെ തലപ്പത്ത് മലയാളി ഓഫിസർമാർ തലയുയർത്തി നിൽക്കുമ്പോൾ കേരളത്തിനും അഭിമാനിക്കാം. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഈ ഓഫിസർമാരുടെ കൈകകളിൽ ഭദ്രം. 

നാവികസേനയിൽ ഉന്നത ചുമതല വഹിക്കുന്ന സഹമേധാവി പദവിയിലും അടുത്തിടെ മലയാളി നിയമിതനായി – മലപ്പുറം പൊന്നാനി സ്വദേശി വൈസ് അഡ്മിറൽ ജി. അശോക് കുമാർ. 

ആകാശക്കരുത്തിന്റെ പടിഞ്ഞാറൻ കമാൻഡ്

പാക്കിസ്ഥാനുമായുള്ള  പടിഞ്ഞാറൻ വ്യോമാതിർത്തിയുടെ പൂർണ ചുമതല വഹിക്കുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ മേധാവിയായി (എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ചുമതലയേറ്റത് രണ്ടു ദിവസം മുൻപാണ്. ഡൽഹിയിലെ സേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആലപ്പുഴ സ്വദേശി എയർ മാർഷൽ സി. ഹരികുമാറിൽ നിന്നാണ് രഘുനാഥ് ചുമതല ഏറ്റെടുത്തത്. 

Indian-Air-Force

വ്യോമസേനയിലെ തന്ത്രപ്രധാന കമാൻഡുകളിലൊന്നിന്റെ  നേതൃപദവിയിൽ മലയാളികൾ തുടർച്ചയായി എത്തുന്നതിലെ അപൂർവതയ്ക്കും സേനാ ആസ്ഥാനം സാക്ഷിയായി. പുൽവാമയ്ക്കു മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു നേതൃത്വം നൽകിയത് പടിഞ്ഞാറൻ കമാൻഡാണ്. രാജസ്ഥാനിലെ ബിക്കാനിർ മുതൽ സിയാച്ചിൻ വരെയുള്ള ഇന്ത്യൻ വ്യോമ മേഖലയുടെ ചുമതല വഹിക്കുന്ന പടിഞ്ഞാറൻ കമാൻഡിനു കീഴിലാണ് വ്യോമസേനയുടെ 40 ശതമാനം താവളങ്ങളും.

കാർഗിൽ നായകൻ രഘുനാഥ് നമ്പ്യാർ

ചൈനയുമായുള്ള വ്യോമാതിർത്തിക്കു സുരക്ഷയൊരുക്കുന്ന മേഘാലയയിലെ കിഴക്കൻ വ്യോമസേനാ കമാൻ‍ഡിന്റെ മേധാവിയെന്ന നിലയിൽ മികവു തെളിയിച്ച ശേഷമാണു പാക്ക് അതിർത്തിക്ക് ആകാശക്കോട്ടയൊരുക്കുന്ന ചുമതല രഘുനാഥ് നമ്പ്യാർ ഏറ്റെടുത്തത്. യുദ്ധവിമാന പൈലറ്റായിരുന്ന രഘുനാഥ് ആണ് കാർഗിൽ യുദ്ധസമയത്ത് പാക്ക് താവളങ്ങൾക്കു നേരെ 5 ലേസർ ബോംബുകൾ വർഷിച്ചത്. ശത്രുസേനയുടെ താവളങ്ങളിലേക്കു മിറാഷ് 2000 യുദ്ധവിമാനത്തിൽ പറന്നു ചെന്ന അദ്ദേഹം എതിരാളിയെ തരിപ്പണമാക്കി. കാർഗിൽ യുദ്ധം ഇന്ത്യ വിജയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച അദ്ദേഹത്തിനു ധീരതയ്ക്കുള്ള വായു സേനാ മെഡൽ നൽകി രാജ്യം ആദരിച്ചു. 

കഴിഞ്ഞ ദിവസം ബാലാക്കോട്ടിൽ ആക്രമണം നടത്തിയ മിറാഷ് 2000 വിമാനങ്ങളുടെ വിഭാഗത്തിൽ ഏറ്റവുമധികം മണിക്കൂർ പറന്ന വ്യോമസേനാ ഉദ്യോഗസ്ഥനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തം. രാഷ്ടീയ വിവാദത്തിന്റെ ആകാശത്ത് പറന്ന റഫാൽ വിമാനത്തിൽ ഫ്രാൻസിൽ പരീക്ഷണപ്പറക്കൽ നടത്തിയതും രഘുനാഥ് ആണ്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ആദ്യ വിമാനത്തിന്റെ പൈലറ്റ് എന്ന നിലയിൽ 2016 ഫെബ്രുവരിയിൽ കേരളത്തിന്റെ മനസ്സിലെ റൺവേയിലേക്കും രഘുനാഥ് പറന്നിറങ്ങി. സേവന മികവിനുള്ള പരമോന്നത സൈനിക ബഹുമതിയായ പരമവിശിഷ്ട സേവാ മെഡൽ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അദ്ദേഹത്തെ തേടിയെത്തി. 

നിതാന്ത ജാഗ്രതയിൽ പടിഞ്ഞാറൻ നാവിക കമാൻഡ്

മിസൈൽ വിദഗ്ധൻ എന്നറിയപ്പെടുന്ന വൈസ് അഡ്മിറൽ അജിത് കുമാർ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ പടിഞ്ഞാറൻ കമാൻഡിന്റെ നേതൃസ്ഥാനമേറ്റെടുത്തത് കഴിഞ്ഞ ജനുവരി 31നാണ്. പാക്കിസ്ഥാനുമായുള്ള സംഘർഷം ശക്തമായതിനു പിന്നാലെ പ്രതിരോധ തലത്തിൽ ദ്രുതഗതിയിലുള്ള നീക്കങ്ങൾ പടിഞ്ഞാറൻ കമാൻഡ് നടത്തിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടൽ മാർഗമുള്ള ഏത് ആക്രമണവും നേരിടാൻ സജ്ജമായി അജിത്തിന്റെ നേതൃത്വത്തിലുള്ള സേനാ സംഘം നിയലുറപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെതിരെ കടൽമാർഗം ആക്രമണം നടന്നാൽ, അതിന്റെ നേതൃത്വം പടിഞ്ഞാറൻ കമാൻ‍ഡിനായിരിക്കും.

ഇന്ത്യൻ നാവിക അക്കാദമി കമൻഡാന്റ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള അജിത്തിനെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പരമവിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചു. 1981ൽ സേനയിൽ ചേർന്ന അദ്ദേഹം, യുദ്ധക്കപ്പലുകൾ ഉൾപ്പെയുള്ളവയുടെ കമാൻഡിങ് ഓഫിസറായിരുന്നു. ഡപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഓപ്പറേഷൻസ്, പോളിസി പ്ലാനിങ്), കൊച്ചിയിൽ െഎഎൻഎസ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫിസർ, പശ്ചിമ സേനാ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2017 ഒക്ടോബറിൽ നാവികസേനയുടെ സഹമേധാവിയായി. 

നെഞ്ചുറപ്പോടെ ദക്ഷിണ പശ്ചിമ കമാൻഡ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ജമ്മു കശ്മീരിലെ അതിർത്തി മേഖലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള ലഫ്. ജനറൽ ചെറിഷ് മാത്‌സൺ 2017 ജൂലൈയിലാണു ജയ്പുരിലെ  ദക്ഷിണ പശ്ചിമ കരസേനാ കമാൻഡിന്റെ ചുമതലയേറ്റെടത്തത്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി മേഖലയുടെ ചുമതല ചെറിഷിനു കീഴിലാണ്. പാക്ക് അതിർത്തി മേഖലകളിൽ ഫലപ്രദമായ സുരക്ഷയൊക്കുന്നതിന്റെ ഭാഗമായി 2005ലാണു കമാൻഡിനു സേന രൂപം നൽകിയത്. കരസേനയിലെ ‘പ്രായം കുറഞ്ഞ’ കമാൻഡ് ആണിത്. ഹരിയാനയിലെ ചാന്ദിമന്ദിർ ആസ്ഥാനമായുള്ള പടിഞ്ഞാറൻ കമാൻഡ്, കശ്മീരിലെ ഉധംപുരിലെ വടക്കൻ സേനാ കമാൻഡ് എന്നിവയ്ക്കൊപ്പമാണു ചെറിഷിന്റെ നേതൃത്വത്തിലുള്ള കമാൻഡ് പാക്കിസ്ഥാനു മുന്നിൽ നെഞ്ചുറപ്പോടെ നിലയുറപ്പിച്ചിരിക്കുന്നത്. 

Indian-Navy

കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥിയായ ചെറിഷ്, 1980ൽ ഗഡ്‌വാൾ റൈഫിൾസിൽ ചേർന്നു. അമൃത്‌സറിൽ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, വടക്കു കിഴക്കൻ വിഘടനവാദികൾക്കെതിരായ സൈനിക നടപടി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് സേനാ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. സൈനിക മേഖലയ്ക്കു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് പരമവിശിഷ്ട സേവാ മെഡൽ നൽകി രാജ്യം ആദരിച്ചു. 

പരമവിശിഷ്ടം ഈ മലയാളികൾ

അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്ന സേനാംഗങ്ങൾക്ക് ഉശിരോടെ സല്യൂട്ട് നൽകാം. പാക്ക് അതിർത്തിയിലെ കാവൽകോട്ടയ്ക്കു നേതൃത്വം നൽകുന്ന ഈ മലയാളികളിൽ നമുക്കു വിശ്വാസമർപ്പിക്കാം. സൈനിക സേവനത്തിന്റെ പരമവിശിഷ്ട തിളക്കം അവരുടെ യൂണിഫോമിൽ കാണാം. അതിനുള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന ചങ്കുറപ്പിലാണു നമ്മുടെ സുരക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA