ADVERTISEMENT

സഹകരണാശുപത്രിയുടെ രണ്ടാം നിലയിൽ സ്റ്റെയർകേസിനോടു ചേർന്ന്, തുരുമ്പു മണക്കുന്ന സ്ട്രെച്ചറിൽ, ഞാനങ്ങ് അന്തസ്സോടെ മരിച്ച് നീണ്ടു നിവർന്നു കിടന്നു. എന്റെ ശരീരം തണുത്തു മരവിച്ചിരുന്നു. കർക്കടക മാസത്തിലെ മഴയുള്ള രാവിൽ നീളമെത്താത്ത പുതപ്പിനു താഴെയുള്ള കാലുകൾ തണുത്തു മരവിച്ചപോലുള്ള അവസ്ഥ. ശരീരത്തിലെ ഒരു പേശിപോലും ചലിപ്പിക്കാൻ സാധിക്കുന്നില്ല. അതെ, ഞാൻ ആഗ്രഹിച്ചതുപോലെതന്നെ മരണത്തിന്റെ മായാലോകത്തെത്തിയിരിക്കുന്നു. 

രണ്ടു ചെറിയ ഈച്ചകൾ എന്റെ മൂക്കിൻ തുമ്പിൽ വന്നിരുന്ന് ഭാവിജീവിതത്തെപ്പറ്റി ചർച്ചചെയ്യാൻ തുടങ്ങി. കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിനൊപ്പം ഭാവിയിലേക്ക് അവർക്കെന്തെങ്കിലുമൊക്കെ കരുതിവയ്ക്കാനുള്ള കരുതലുകൾ ഉണ്ടാകണമെന്ന് തള്ള ഈച്ച തന്ത ഈച്ചയെ ശല്യപ്പെടുത്തുന്ന രീതിയിൽ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. മരണമെന്ന സുന്ദര അനുഭവത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്തവർ. 

നഴ്സിന്റെ കാലടി ശബ്ദം കേട്ടിട്ടാവണം ഈച്ചകൾ രണ്ടും മൂക്കിൽനിന്നു പറന്നുയർന്നു. ഒരാറു സെക്കൻഡോളം വായുവിൽ നിന്ന് ഒരെണ്ണം അങ്ങോട്ടും മറ്റേത് ഇങ്ങോട്ടും പറന്നു പോയി. അതല്ല വല്യ കോമഡി; പെൺകൊതുക് മുട്ടയിട്ടത് എന്റെ മൂക്കിൻ തുമ്പത്ത്. അതങ്ങു തുടച്ചു കളയാൻ ഞാൻ കൈ ഉയർത്തി; സാധിക്കുന്നില്ല. രാത്രിയുടെ നാലാം യാമത്തിൽ നാം കാണുന്ന സ്വപ്നങ്ങളിൽ കഴുത്തിൽ പിടിക്കുന്ന ഭീകരസത്വത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ കയ്യുയർത്താൻ പറ്റാത്ത ഒരവസ്ഥയുണ്ടല്ലോ; ഏതാണ്ടതുപോലെ തന്നെ. പക്ഷേ, വാസ്തവം അതല്ല ഞാൻ മരിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു, പറ്റുന്നില്ല. 

ആശുപത്രിയുടെ രണ്ടാം നിലയുടെ വരാന്തയിൽ എന്റെ കാഴ്ചയിൽ ആരും തന്നെയില്ല. ഞാൻ മലർന്നു കിടക്കുന്നതുകൊണ്ട് എനിക്കങ്ങനെ തോന്നുന്നതാണോന്നും അറിയില്ല. വരാന്തയുടെ അങ്ങേ മൂലയ്ക്ക്, എന്നെ ഇവിടെത്തിച്ച രണ്ടു പൊലീസുകാർ നിന്ന് എന്തെല്ലാമോ പിറുപിറുക്കുന്നതായി തോന്നുന്നു. പക്ഷേ, ഒന്നും വ്യക്തമല്ല. 

രണ്ടു പേരുടെ കാലടി ശബ്ദം അടുത്തെത്തുന്നതായി തോന്നി. വെള്ള സാരിയുടുത്ത നഴ്സും, കാക്കി ഷർട്ടും പാന്റും ധരിച്ച ഒരു കൊമ്പൻ മീശക്കാരനും. ഒട്ടും ദയയില്ലാതെ അവരെന്റെ താടിയെല്ലുകൾ തമ്മിൽ പിടിച്ചടുപ്പിച്ചു. എവിടെല്ലാമോ എന്തെക്കെയോ പൊട്ടി നുറുങ്ങുന്നതുപോലെ. ഒരു കോട്ടൺ തുണിയെടുത്തു താടിയെല്ലുകൾ ചേർത്ത് തലയിലോട്ടു മുറുക്കി കെട്ടി. ചത്തു പോയവന്റെ കിരീടധാരണം. പിന്നെ, എന്റെ മൂക്കിനുള്ളിലേക്കു ഉരുട്ടിയ പഞ്ഞി കുത്തിക്കേറ്റി. അതും കയ്യിലൊരു ഗ്ലൗസുപോലും ഇല്ലാതെ. അയ്യേ... അറപ്പാവില്ലെ ഈ നഴ്സിന്? ഇപ്പം എന്നെക്കണ്ടാൽ ഒരു മരിച്ചവന്റെ പത്രാസൊക്കെ തോന്നിക്കും. ഞാനങ്ങനെ ഗമയിൽ മരിച്ചു കിടന്നു. 

വീട്ടിൽനിന്നിറങ്ങുമ്പോൾ അമ്മ 150 രൂപ കയ്യിൽ തന്ന്, മീൻ വാങ്ങണമെന്നു പറഞ്ഞിരുന്നു. ഞാൻ മീൻ കൊണ്ടുവരുന്നതും നോക്കി അമ്മ ‍ഇരിപ്പായിരിക്കും. മീനില്ലാതെ ആർക്കും ഒന്നുമിറങ്ങില്ല, വീട്ടിൽ. 

പരീക്ഷ കഴിഞ്ഞ് അമ്മുക്കുട്ടി വീട്ടിൽ വന്നുകാണും. അവൾക്കിന്നു കണക്കു പരീക്ഷയായിരുന്നു. എന്താകുമോ എന്തോ? ആറുവരെയുള്ള ഗുണനപ്പട്ടിക അമ്മുവിന് കാണാതെ അറിയാം. പിന്നീടാണു പ്രശ്നം. ഓ... നാളെ അവൾക്കു പരീക്ഷയെഴുതാൻ പറ്റില്ല. ഞാൻ മരിച്ചുപോയ വവരം അച്ഛനറിഞ്ഞു കാണും. അതെങ്ങനെ അച്ഛൻ അമ്മയോടു പറയും? അമ്മയ്ക്കതൊരിക്കലും അംഗീകരിക്കാനാവില്ല. ‘അമ്മ തളർന്നു പോകും.’ 

രാവിലെ ആര് വീട്ടിലോട്ടു പാലു വാങ്ങിവരും? അമ്മ ചുടുന്ന ദോശയുടെ ഉപ്പ് ആരുനോക്കും? അമ്മയുടെ പാചക സൗന്ദര്യത്തെക്കുറിച്ച് ആരിനി വർണിക്കും? അമ്മയുടെ പരാതികളും വേവലാതികളും ആരോട് പറയും? അമ്മയെ ഇനി എന്നെപ്പോലെ ആരു സ്നേഹിക്കും... 

അച്ഛൻ... കരയില്ല ഉറപ്പാണ്. അച്ഛൻ കരഞ്ഞാൽ തകർന്നുപോകും എന്റെ വീടും ആ വീട്ടിലുള്ള ഓരോ... 

അച്ഛൻ അമ്മുക്കുട്ടിയെ മടിയിലിരുത്തി അവളുടെ തലയിൽ തലോടി, തൊടിയിലെ കിഴക്കു വശത്തു ഞാൻ നട്ട ചെമ്പകച്ചെടിയിലേക്കു നോക്കി അങ്ങനെയിരിക്കും. ആ ചെടികൾ പൂവിട്ടിരുന്നു. 

കുട്ടുവും മാത്തനും ... അവർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. കഴിഞ്ഞ ദിവസവും മാത്തനോട് ഞാൻ ചോദിച്ചു: ‘‘ഇങ്ങനൊക്കെ നടന്നാമതിയോ നമുക്ക് മൂക്കിലൊക്കെ പഞ്ഞി വയ്ക്കേണ്ടേ’’ എന്ന്. 

പാർവതി... എന്നെ തേച്ചിട്ടു പോയവൾ... അല്ല തേപ്പൊക്കെ ജീവനുള്ള മനുഷ്യരുടെ ലോകത്ത്. ലിംഗസമത്വമില്ലാത്ത ലോകത്ത്. ആൺകുട്ടികൾ എന്നു വിളിക്കുന്ന വർഗം അവരുടെ കൊതിക്കെറുവിൽ പറയുന്ന നാലാംകിട വാക്ക്. ആ വാക്ക് ഞങ്ങൾ മരിച്ചവരുടെ ലോകത്ത് ഇല്ല. ഇവിടെ ആൺ പെൺ വ്യത്യസങ്ങളില്ല. ചിന്തിക്കാൻ മാത്രം പറ്റുന്ന, കാണാനും സ്പർശിക്കാനും സാധിക്കാത്ത മനസ്സുകൾ മാത്രമാണ് ഞങ്ങൾ. 

പാർവതിയുടെ ഉള്ളിൽ വഷമമുണ്ടെങ്കിലും കൂടുതൽ സന്തോഷമായിരിക്കും. ഇനി വഴിയരികിൽ എന്നെ കാണില്ലല്ലോ. ഞങ്ങൾ രണ്ടും തമ്മിൽ കാണുമ്പോൾ ഉണ്ടാവുന്ന ജാള്യതകൾ തമ്മിൽ കൂട്ടിമുട്ടില്ലല്ലോ. ഒരു കാലത്ത് അവളെന്റെ മനസ്സും ഞാനവളുടെ മനസ്സുമായിരുന്നു. 

ഞാനിപ്പോൾ ഒരു സ്വതന്ത്ര രാജ്യത്താണ്. മരണപ്പെട്ടവരുടെ രാജ്യത്ത്. ഇവിടെ ദുഃഖം എന്ന വികാരമില്ല. സന്തോഷം മാത്രം. ഇവിടെ ജാതിയില്ല, മതമില്ല, സ്വതന്ത്രമായി ചിന്തിക്കാം, അതിരുകടന്നു ചിന്തിക്കാം. വിശപ്പില്ല ദാഹവുമില്ല. പെണ്ണില്ല, ആണില്ല... 

എനിക്കിനി ഈ സുന്ദരമായ ലോകത്തൊന്നു ജീവിക്കണം. മരണത്തിന്റെ ലോകത്ത്; എന്റെ പ്രിയപ്പെട്ട ലോകത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com