sections
MORE

ദത്തെടുക്കൽ: നിർണായക കോടതിവിധിക്കു പിന്നിൽ ഈ മലയാളി മാധ്യമപ്രവർത്തക

Ann-nainan
ആൻ നൈനാൻ. ചിത്രം: എൻ. രാജേഷ് ബാബു
SHARE

‘‘ന്യായം ചെയ്യാൻ അധികാരമുള്ളവർ’’

‘സ്യൂട്ടബിൾ ബോയി’ എന്ന നോവലിൽ ന്യായാധിപന്മാരെ വിശേഷിപ്പിക്കാൻ വിക്രം സേത്ത് ഉപയോഗിച്ച വാക്കുകൾതന്നെയാണ് അവിവാഹിതയായ ഈ അമ്മ വളർത്തുമകളെ തനിക്കു ദത്തെടുക്കാൻ വിട്ടുതന്നു വിധി പുറപ്പെടുവിച്ച ന്യായാധിപനെപ്പറ്റിയും പറയുന്നത്. അമ്മയുടെ പേര് ആൻ നൈനാൻ. ഡൽഹിയിൽ സ്‌ഥിരതാമസം. തിരുവല്ല കിഴക്കൻമുത്തൂർ കൊച്ചിയിൽ കുടുംബാംഗം. ഇന്ത്യ ടുഡെ ഉൾപ്പെടെ പല പ്രസിദ്ധീകരണങ്ങളിലും മാധ്യമപ്രവർത്തകയായി പ്രവർത്തിച്ചു. 

പശ്‌ചാത്തലം 

ആൻ നൈനാൻ 2005ൽ രണ്ടു വയസ്സുള്ള പെൺകുട്ടിയെ ന്യൂഡൽഹി വെൽഫെയർ ഹോം ഫോർ ചിൽഡ്രൻ എന്ന ഏജൻസിയിൽ നിന്നു മകളായി സ്വീകരിക്കുമ്പോൾ രക്ഷാകർതൃ–ബാല നിയമമാണ് (ഗാർഡിയൻ ആൻഡ് വാർഡ്‌സ് ആക്‌ട്) രാജ്യത്ത് നിലവിലുണ്ടായിരുന്നത്. അന്നു കുട്ടിയെ ദത്തെടുക്കാൻ ആനിനു തടസ്സമായത് ക്രിസ്ത്യൻ വ്യക്തിനിയമം. പുറത്തുനിന്ന് എടുക്കുന്ന കുട്ടിയുടെ രക്ഷാകർത്താവാകാൻ മാത്രമാണ് ക്രൈസ്തവർക്ക് അന്നു നിയമപരമായ അനുവാദമുള്ളത്. അതും കുട്ടിക്ക് പ്രായപൂർത്തിയാകുന്ന 21 വയസ്സുവരെ മാത്രം. ഇതു കഴിയുന്നതോടെ കുട്ടി ആക്‌ടിന്റെ പരിധിക്കു പുറത്താകുന്നു. കുട്ടിക്ക് വേണമെങ്കിൽ അമ്മയെ ഉപേക്ഷിച്ചു പോകാം; അമ്മയ്‌ക്കു തിരിച്ചും.

വിൽപത്രം എഴുതാതിരുന്നാൽ മാതാപിതാക്കളുടെ യാതൊരു സ്വത്തിനും കുട്ടിക്ക് അവകാശമില്ലാതാകും. ആൻ ഈ ആശങ്ക മനസ്സിൽ കൊണ്ടുനടക്കുന്നതിനിടെയാണ് പ്രതീക്ഷ പകർന്ന് നിയമത്തിനു ഭേദഗതി വരുന്നത്. 2015ൽ ജുവനൈൽ ജസ്‌റ്റിസ് (ജെജെ) ആക്‌ടിൽ (കുട്ടികളുടെ ഭാവിസുരക്ഷയും സംരക്ഷണവും) ഭേദഗതി വരുത്തി പാർലമെന്റ് നിയമം പാസാക്കി. 

പ്രതീക്ഷയായി പുതിയ ജെജെ ആക്‌ട്

ക്രിസ്‌ത്യാനിയെന്നോ മുസ്‌ലിമെന്നോ ഹിന്ദുവെന്നോ വേർതിരിവില്ലാതെ ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും കുടുംബത്തിന്റെ ഭാഗമായി ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന മതേതര നിയമമാണ് ജെജെ ആക്‌ട് 2015 ഭേദഗതി. പക്ഷേ നിലവിൽ രക്ഷാകർതൃത്വത്തിൽ നിൽക്കുന്ന കുട്ടികളുടെ കാര്യം ഈ ഭേദഗതിയിൽ വ്യക്‌തമായി നിർവചിക്കാതിരുന്നതാണ് 2018 ഏപ്രിലിൽ ഹർജി നൽകാൻ ആനിനെ പ്രേരിപ്പിച്ചത്. 

പാർലമെന്റിൽ ഈ ഭേദഗതി അവതരിപ്പിച്ചവർ കാണാതെപോയ പോരായ്‌മയാണ് ആൻ ഹർജിയിലൂടെ തിരുത്താൻ ശ്രമിച്ചത്. കോടതി ഇതു തിരിച്ചറിഞ്ഞു. 

ആനിനെ പോലെ രക്ഷാകർതൃത്വത്തിന്റെ തണലിൽ മക്കളെ വളർത്തുന്ന ലക്ഷക്കണക്കിന് സ്‌നേഹനിധികളായ മാതാപിതാക്കൾ രാജ്യത്ത് ഉണ്ടെന്ന അറിവ് ബിൽ ആദ്യം അവതരിപ്പിച്ചവർക്ക് ഇല്ലാതെപോയി. ഇതു തിരുത്തുകയായിരുന്നു ആനിന് അനുകൂലമായ വിധിന്യായത്തിലൂടെ ന്യൂഡൽഹി സാകേതിലെ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി ഗിരീഷ് കത്‌പാലിയ. ‘‘ദത്തെടുക്കപ്പെടാവുന്ന കുട്ടിയുടെ അവകാശം, നിയമ പോരായ്‌മയുടെ പേരിൽ ബലികഴിക്കരുത്’’– 13 പേജ് വിധിന്യായത്തിൽ കത്പാലിയ വ്യക്‌തമാക്കി. 

പരാതിക്കാരിക്ക് ദത്തെടുക്കാൻ കുട്ടിയുടെ നന്മയെ കരുതി ഉടൻ പ്രാബല്യത്തോടെ അനുവാദം നൽകുന്നു എന്ന് കോടതി വ്യക്‌തമാക്കിയതോടെ പിറന്നത് രാജ്യത്തെ വ്യക്തിനിയമത്തിലെ ചരിത്രവിധി. ഇതിനായി എട്ടു തവണ ജഡ്‌ജി ആനിന്റെ വാദം കേട്ടു. 

വിധി അനേകം മാതാപിതാക്കൾക്ക് സഹായകമാകുമെന്ന് ആൻ പറയുന്നു. മേരി റോയി കേസ് പോലെ ശ്രദ്ധേയമാണ് ഈ വിധിയും. കുട്ടികളുടെയും പെൺകുഞ്ഞുങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ വെട്ടിച്ചുരുക്കാൻ അനുവദിക്കരുതെന്നും ഇതിനായി നിയമപരിഷ്‌കാരങ്ങൾക്കായുള്ള പോരാട്ടം തുടരണമെന്നുമാണ് ആനിന്റെ പക്ഷം. ജെജെ ആക്‌ട് പോലെ പല ബ്രിട്ടിഷ്–കൊളോണിയൽ നിയമങ്ങളിലെയും പഴുതുകൾ ഇനിയും അടയാനുണ്ട്. ചിലത് പൊളിച്ചെഴുതണം– അവർ പറയുന്നു. 

ദത്തും രക്ഷാകർതൃത്വവും ക്രിസ്‌ത്യൻ വ്യക്‌തിനിയമവും 

കുട്ടികളെ ദത്തെടുക്കുന്നതിൽ നിന്നു ന്യൂനപക്ഷ സമുദായങ്ങളെ വിലക്കുന്ന വകുപ്പുകളായിരുന്നു ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലുണ്ടായിരുന്നത്. ക്രിസ്‌ത്യാനികളായ മാതാപിതാക്കൾ പുറത്തുനിന്നു കുട്ടികളെ സ്വീകരിക്കുമ്പോൾ ദത്തെടുക്കാനാവില്ല. മറിച്ച് രക്ഷാകർത്താവായി (ഗാർഡിയൻ) മാത്രമാണ് പരിഗണിക്കുന്നത്. 

എന്നാൽ ഹിന്ദു സമുദായ അംഗങ്ങൾക്ക് വേറെ വ്യക്‌തിനിയമമാണ് –ഹിന്ദു അഡോപ്‌ഷൻ ആൻഡ് മെയിന്റനൻസ് ആക്‌ട് (ഹാമ). അവർക്ക് രക്ഷാകർതൃത്വം പറ്റില്ല. ദത്തെടുക്കാനേ കഴിയൂ. ഇതനുസരിച്ചു സ്വന്തം മക്കൾക്ക് ഉള്ളതുപോലെ പൂർണ സ്വത്തവകാശം ദത്തെടുക്കുന്ന മക്കൾക്കും ഉറപ്പ്. കേവലം രക്ഷാകർതൃത്വം കുട്ടിക്ക് പൂർണസുരക്ഷ ഉറപ്പാക്കുന്നില്ല.

പ്രായപൂർത്തിയാകുന്നതോടെ (21 വയസ്സ്) കാര്യങ്ങൾ കുഴയും. വിൽപത്രം എഴുതിയില്ലെങ്കിൽ വളർത്തച്‌ഛന്റെയോ അമ്മയുടെയോ സ്വത്തിനുപോലും ഇത്തരം കുട്ടികൾക്ക് അവകാശമില്ലെന്ന വ്യവസ്‌ഥതന്നെ ഇതിന് ഉദാഹരണം. 2015 ലെ ജെജെ ആക്‌ട് ഭേദഗതി ഈ പിഴവ് തിരുത്തി. പക്ഷേ നിലവിൽ രക്ഷാകർത്താക്കളായി തുടരുന്നവരുടെ കാര്യത്തിൽ ഭേദഗതിയി‍ൽ ഒന്നും പറഞ്ഞിരുന്നില്ല. ഈ പിഴവാണ് ആൻ നൽകിയ ഹർജിയിലൂടെ തിരുത്തപ്പെടുന്നത്. 

ദത്തെടുക്കൽ മാർഗരേഖ

സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായുള്ള മിനിസ്‌ട്രി ഓഫ് വിമൻ ആൻഡ് ചൈൽഡ് വെൽഫെയറിനു കീഴിൽ സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് ഏജൻസിയിൽ (കേറ) റജിസ്‌റ്റർ ചെയ്‌ത പ്രത്യേക ഏജൻസികളിലൂടെ മാത്രമാണ് രാജ്യത്ത് ദത്തെടുക്കൽ നടക്കുന്നത്. 2015 ലെ ജെജെ ആക്‌ട് 58–ാം ഉപവകുപ്പ് പ്രകാരം ഇതിനായുള്ള മാർഗരേഖ 2017 ൽ തയാറാക്കി.

ദേശീയ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ എത്തുന്ന കുട്ടികളെ അംഗീകൃത ഏജൻസികളിലൂടെ മാത്രമേ ദത്തെടുക്കാനാവൂ. കുട്ടികളെ നൽകാനായി ദേശീയതലത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും സംസ്‌ഥാന തലത്തിൽ സ്‌റ്റേറ്റ് അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റിയുമുണ്ട് (സാറ). നിയമപരമായ തടസ്സമില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധം. ജുവനൈൽ ജസ്‌റ്റിസ് ആക്‌ട്, ഹിന്ദു അഡോപ്‌ഷൻ ആക്‌ട്, ഗാർഡിയൻ ആൻഡ് വാർഡ് ആക്‌ട് എന്നിവ പ്രകാരം ദത്തെടുക്കണമെങ്കിൽ കോടതിക്ക് ഈ സർട്ടിഫിക്കറ്റ് നിർബന്ധം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA