ADVERTISEMENT

ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിൽ സന്ദർശനം നടത്തിയ ദിവസങ്ങളിലൊന്ന്, 2017 സെപ്റ്റംബർ 26. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് സന്ദർശിച്ച സുൽത്താൻ ഷാർജയിലെ ജയിലുകളിലെ 149 ഇന്ത്യൻ തടവുകാരെ വിട്ടയയ്ക്കാൻ തീരുമാനമെടുത്തതും അതേ ദിവസമാണ്.

അന്ന് ആ ഭരണാധികാരിയെ കണ്ടു തങ്ങളുടെ സങ്കടം അദ്ദേഹത്തെ അറിയിക്കാൻ സെക്രട്ടേറിയറ്റിൽ ഒരച്ഛനും അമ്മയും കാത്തുനിൽപ്പുണ്ടായിരുന്നു. അവരുടെ കയ്യിലൊരു കത്തും! അവരുടെ പ്രതീക്ഷ ആ കത്തിലായിരുന്നു. 22 വർഷം സ്നേഹമൂട്ടി അവർ വളർത്തിയ മകനെക്കുറിച്ചുള്ള നൊമ്പരമായിരുന്നു അതിനുള്ളിൽ. 

എന്നാൽ വക്കീലിനെ കണ്ടു തയാറാക്കിയ ആ അപേക്ഷ വാങ്ങി മാറ്റിവച്ച് ഉദ്യോഗസ്ഥർ അവരെ തിരിച്ചയച്ചു. അക്കൂട്ടത്തിൽ നേരിട്ടറിയുന്ന ജനപ്രതിനിധികളുമുണ്ടായിരുന്നു. ഷെയ്ഖിനെ കണ്ടു തങ്ങളുടെ സങ്കടം അറിയിക്കണമെന്ന് ആ അമ്മ കരഞ്ഞു പറഞ്ഞതിനു മുൻപിൽ അവരെല്ലാം ഒന്നൊന്നായി മുഖം തിരിച്ചു. ആ കത്ത് ഷെയ്ഖിന്റെ കയ്യിൽ എത്തിയതുമില്ല.

കൊല്ലം കുണ്ടറ പെരുമ്പുഴ ജറുസലം കോട്ടേജിൽ യേശുദാസനും ഭാര്യ ഫാൻസിയും കണ്ണീരോടെ അവിടെനിന്നു മടങ്ങുന്ന സമയത്താകണം ഇന്ത്യൻ തടവുകാരെ വിട്ടയയ്ക്കാൻ ഷെയ്ഖ് തീരുമാനിക്കുന്നത്. ഒരുപക്ഷേ, ആ അച്ഛനും അമ്മയും കൊണ്ടുവന്ന കത്ത് അദ്ദേഹത്തിന്റെ പക്കൽ എത്തിയിരുന്നെങ്കിൽ അവരുടെ മകനെ കണ്ടെത്തുന്നതിനും എന്തെങ്കിലുമൊരു നടപടി ഉണ്ടാകുമായിരുന്നു.  

രണ്ടുവർഷം മുൻപു ചെങ്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന ബഹമാസ് പതാകയേന്തിയ സിഎംഎ സിജിഎം ബെർലിയോസ് എന്ന കപ്പലിൽനിന്നു കാണാതായ മകൻ അഭിനന്ദിന് എന്തു സംഭവിച്ചു എന്ന് ഇനിയുമറിയില്ലിവർക്ക്. ആകെ അറിയുന്നതു ഷാർജയിൽ മകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നെത്തിയ ഫോൺകോളിൽ നിന്നു ലഭിച്ച വിവരം മാത്രം.

‘അഭിനന്ദിനെ കാണാനില്ല. കണ്ടെത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.’ ഈ സന്ദേശം കൊല്ലത്തെ വീട്ടിൽ എത്തിയിട്ട് ഈ മാർച്ച് 22നു രണ്ടു വർഷമാകുന്നു. കാണാതാകുമ്പോൾ 22 വയസ്സായിരുന്നു അവന്. ഇക്കാലത്തിനിടയിൽ പരാതിയും കണ്ണീരുമായി കയറാൻ ഇനി ഓഫിസുകളൊന്നും ബാക്കിയില്ല. യേശുദാസനും ഫാൻസിയും മുട്ടിയ ഓഫിസുകളിലെ ഉദ്യോഗസ്ഥരേ നിങ്ങളറിയുക, ഈ വീട്ടിലെ വരുമാനമാർഗം നിലച്ചിട്ടിപ്പോൾ വർഷം രണ്ടായി, കടം പെരുകിയ വീടിപ്പോൾ ജപ്തി ഭീഷണിയിലാണ്. ഒന്നിനു മാത്രം മാറ്റമില്ല, ഈ  മാതാപിതാക്കളുടെ തോരാക്കണ്ണീരിന്. 

ഏഴാം കടലിനക്കരേക്ക്... 

10 വർഷം മുൻപു വീടു നിർമാണത്തിനായി എടുത്ത ഭവന വായ്പയും 2015ൽ മൂത്ത സഹോദരി അഖിലയുടെ വിവാഹ ആവശ്യത്തിനെടുത്ത വായ്പയും പെരുകിയപ്പോഴാണ് അഭിനന്ദ് ഗൾഫിലേക്കു ജോലി തേടി പോകുന്നത്. വിദേശത്തായിരുന്ന യേശുദാസൻ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു തിരിച്ചു നാട്ടിലെത്തിയ സമയമായിരുന്നു അത്.

വീട്ടിലെ കടബാധ്യത പെരുകിയപ്പോൾ ചേട്ടൻ അഭിലാഷിനൊപ്പം 19–ാം വയസ്സിൽ അഭിനന്ദും പ്രവാസിയായി. ഒരു വർഷത്തെ ഐടിഐ കോഴ്സ് പൂർത്തിയാക്കിയതിനു ശേഷമായിരുന്നു ഷാർജയിലേക്കുള്ള അഭിനന്ദിന്റെ യാത്ര. 2 വർഷം ജോലിചെയ്ത സ്ഥാപനത്തിൽനിന്നു മെച്ചപ്പെട്ട ശമ്പളം ലഭിക്കാതെ വന്നതോടെ കടങ്ങൾ കൃത്യമായി അടയ്ക്കാൻ കഴിയാതെയായി. അങ്ങനെയാണ് ഒരു സുഹൃത്ത് മുഖേന ഷാ‍ർജയിലെ തന്നെ ഷിപ്പിങ് കമ്പനിയിൽ ജോലിക്കു പ്രവേശിക്കാനുള്ള അവന്റെ തീരുമാനം. 

പുതിയ സ്ഥാപനത്തിൽ ജോലിക്കു കയറുന്നതിനു മുൻപുള്ള ഒരുമാസം അവൻ വീട്ടിലെത്തി മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം താമസിച്ചു. ഇതിനിടയിൽ വീടുവിറ്റു കടം വീട്ടാനുള്ള ശ്രമവും ആ കുടുംബം നടത്തി. എന്നാൽ, നോട്ടുനിരോധനം പ്രാബല്യത്തിൽ വന്ന സമയമായതിനാൽ അതു നടന്നില്ല. ഡിസംബർ 22നു വീണ്ടും ഷാർജയിലേക്ക്. ആദ്യമാസം അവിടെ കമ്പനി സ്റ്റോറിലായിരുന്നു ജോലി.

പരിചയമുള്ള നാടാണെങ്കിലും ഒറ്റപ്പെടലും മാനസിക പിരിമുറുക്കവും നിറഞ്ഞ നാളുകളായിരുന്നു അഭിനന്ദിനത്. ഒപ്പം താമസിച്ചവരിൽനിന്നു മാനസിക പീഡനം. സീനിയർ ബാച്ചിലുള്ളവരുടെ റാഗിങ്ങിനും വിധേയനാകേണ്ടി വന്നു. പരിചയമില്ലാത്ത ജോലി ചെയ്യുന്ന തുടക്കക്കാരനുണ്ടാകുന്ന വിഷമങ്ങളൊക്കെ അവനുമുണ്ടായിരുന്നു. ഒപ്പമുള്ളവർ ജോലിയിൽ സഹായിക്കുന്നതിനു പകരം കൂടുതൽ കുത്തി നോവിപ്പിച്ചു. കളിയാക്കലുകളും റാഗിങ്ങും ശക്തമാകുന്ന ദിവസങ്ങളിൽ അവൻ സങ്കടം പറഞ്ഞ് അമ്മയെ ഫോൺ വിളിക്കും. 

‘ഒരു ദിവസം അഭിനന്ദ് വിഡിയോ കോൾ ചെയ്തപ്പോൾ നെറ്റിയുടെ ഒരുഭാഗം മറച്ചുകൊണ്ടാണ് സംസാരിച്ചത്. മമ്മി നിന്റെ മുഖം കാണട്ടെ കയ്യൊന്നു മാറ്റിക്കേ, എന്നു പറഞ്ഞപ്പോഴാണ് അവന്റെ നെറ്റി മുറിഞ്ഞിരിക്കുന്നതായി അറിഞ്ഞത്. കാര്യം ചോദിച്ചപ്പോൾ സീനിയറായ സഹപ്രവർത്തകനുമായി ചെറിയൊരു പ്രശ്നമുണ്ടായി എന്നാണവൻ പറഞ്ഞത്.’ പ്രവാസകാലത്തു മകൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ആ അമ്മ വിങ്ങിപ്പൊട്ടും. കണ്ടുനിൽക്കുന്നവർക്കു സമാധാനിപ്പിക്കാനാകാത്തയത്ര നോവുണ്ടവരുടെയുള്ളിൽ. 

സങ്കടക്കടലിനു നടുവിൽ

പുതിയ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനു ശേഷമാണ് അഭിനന്ദ് കപ്പലിൽ ജോലിക്കു പോകുന്നത്. ഫെബ്രുവരി 20നു പുറപ്പെട്ട സിഎംഎ സിജിഎം ബെർലിയോസ് എന്ന കപ്പലിൽ അഭിനന്ദുമുണ്ടായിരുന്നു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്ന ജോലിയായിരുന്നവന്. ഒപ്പം അഭിനന്ദുമായി നിത്യവും വഴക്കിടുന്ന സഹപ്രവർത്തകനും. സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ഈജിപ്തിലേക്കായിരുന്നു ആ കപ്പലിന്റെ സഞ്ചാരം. ഇടയ്ക്കെപ്പോഴെങ്കിലും ഫോണിനു സിഗ്നൽ കിട്ടുമ്പോഴവൻ വീട്ടിലേക്കു വിളിക്കും.

അമ്മയ്ക്കു മുൻപിൽ മാത്രമേ അവൻ സങ്കടങ്ങളുടെ കെട്ടഴിച്ചിരുന്നുള്ളൂ. കാണാതാകുന്നതിനു ദിവസങ്ങൾക്കു മുൻപു മാർച്ച് 14നാണ് അമ്മ ഫാൻസിക്കു മകന്റെ അവസാനത്തെ ഫോണെത്തുന്നത്. കപ്പൽ തുർക്കിയിലാണെന്നും അടുത്ത ദിവസം തന്നെ ഷാർജയിൽ എത്തുമെന്നുമാണ് അവൻ അന്നു പറഞ്ഞത്. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തുമെന്നും അഭിനന്ദ് പറഞ്ഞു. അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കൊതിയാകുന്നെന്നും. 

മാർച്ച് 17നു വെള്ളിയാഴ്ച രാത്രി സഹോദരി അഖിലയെ അഭിനന്ദ് വിഡിയോ കോൾ ചെയ്തു. അടുത്തയാഴ്ച നാട്ടിലേക്കു വരുന്ന സുഹൃത്തിന്റെ പക്കൽ അഖിലയ്ക്കായി ഒരു ലാപ്ടോപ് കൊടുത്തയ്ക്കാമെന്നും പറഞ്ഞു. കപ്പൽ പുറപ്പെടാനുള്ള സമയമായി എന്നു പറഞ്ഞു പെട്ടെന്നവൻ ഫോൺ കട്ട് ചെയ്തു. അഭിനന്ദിനെക്കുറിച്ചു കുടുംബത്തിനുള്ള ബാക്കി അറിവ് കേട്ടുകേൾവി മാത്രം. 

കടൽ കടന്നെത്തിയ ദൂത്..

മാർച്ച് 22നാണു ഷാ‍ർജയിൽനിന്ന് അഭിനന്ദിന്റെ കൊല്ലത്തുള്ള വീട്ടിലേക്കു ഫോ‍ണെത്തുന്നത്. അമ്മ ഫാൻസിയാണ് ആദ്യം ഫോണെടുത്തത്. അഭിനന്ദിന്റെ അച്ഛനെ തിരക്കിയായിരുന്നു അവന്റെ ജോലിസ്ഥലത്തു നിന്നുള്ള ആ ഫോൺകോൾ. വീട്ടിലെ പ്രാരബ്ദങ്ങളേറിയപ്പോൾ എറണാകുളത്തൊരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ വേഷമണിയേണ്ടി വന്ന യേശുദാസനു കേൾക്കേണ്ടി വന്ന വാർത്ത മകനെ കാണാനില്ല എന്നതും. തങ്ങൾ പരമാവധി അന്വേഷണം നടത്തുന്നുണ്ടെന്നു പറഞ്ഞ് ഫോൺ ചെയ്തയാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മകന് എന്തു സംഭവിച്ചെന്നോ അവൻ എവിടെയാണെന്നോ ഉള്ള വിവരം ഇവർക്ക് ഇന്നും അജ്ഞാതം. 

21നു രാവിലെയാണ് അഭിനന്ദിനെ കാണാതാകുന്നത്. രാവിലെ ശുചിമുറിയിൽ പോകുന്നതായി അഭിനന്ദ് പറഞ്ഞുവെന്നു സഹപ്രവർത്തകരിൽ ചിലർ അറിയിച്ചു. പിന്നീടാരും അവനെ കണ്ടിട്ടില്ല. എന്നാൽ അഭിനന്ദിനെ കാ‍ണാതായി 2 മണിക്കൂറിനു ശേഷമാണു കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതെന്നാണു കപ്പലിലെ ക്യാപ്റ്റൻ പൊലീസിനു നൽകിയ മൊഴി. കപ്പലിൽനിന്ന് ഒരാളെ കാണാതായാൽ 15 മിനിറ്റിനകം ക്യാപ്റ്റനെ വിവരമറിയിക്കണമെന്നാണു നിയമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനന്ദിനെ കാണാതായി എന്ന വിവരമറിഞ്ഞയുടനെ ക്യാപ്റ്റൻ വിസിൽ മുഴക്കി. ഈജിപ്ഷ്യൻ നേവിയും കോസ്റ്റ് ഗാർഡും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. ഭാരമുള്ള വസ്തുക്കൾ വെള്ളത്തിൽ ഉയർന്നു കിടക്കുന്ന ചെങ്കടലിന്റെ അടിത്തട്ടിൽ വരെ അവർ തിരച്ചിൽ നടത്തി. 

മകനേ, എവിടെ നീ

പരാതിയുമായി ഓഫിസുകൾ കയറിയിറങ്ങിയ നാളുകളായിരുന്നു മാതാപിതാക്കൾക്കു പിന്നീടിങ്ങോട്ട്. പൊലീസ് ഓഫിസുകളിൽ പരാതി നൽകി. മുഖ്യമന്ത്രി മുതൽ വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ നിവേദനം നൽകി. മുട്ടാത്ത വാതിലുകളില്ല. എന്നാൽ എവിടെ നിന്നും അനുകൂല നടപടിയുണ്ടായില്ല. അഭിനന്ദ് ജോലി ചെയ്യുന്ന സ്ഥാപനവും അന്വേഷണം നടത്തി.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ഇന്റർപോളുമുൾപ്പെടെ അന്വേഷിച്ചു. നഷ്ടപ്പെടുമ്പോൾ അഭിനന്ദ് യാത്ര ചെയ്ത കപ്പലിലുണ്ടായിരുന്നത് ബഹമാസ് എന്ന രാജ്യത്തിന്റെ പതാകയായിരുന്നു. അതിനാൽ അന്വേഷണം നടത്താനുള്ള അധികാരം ബഹമാസിന്റേതാണ് എന്നായിരുന്നു മുൻപ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഇന്റർപോൾ മുഖേന അവിടത്തെ പൊലീസിൽ സമ്മർദം ചെലുത്താൻ മാത്രമേ സാധിക്കൂ എന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരെല്ലാം മകനെ കാത്തിരിക്കുന്ന ഈ കുടുംബത്തോടു പറഞ്ഞത്.  

അഭിനന്ദ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്നു സഹായമെത്തിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പെരുമ്പുഴയിലെ വീട്ടിലേക്ക് എത്തിയത് അവന്റെ പാസ്പോർട്ടും ഫോണും ഡയറിയും ബാഗും വസ്ത്രങ്ങളും മാത്രം. ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന അവന്റെ ഡയറിയിൽനിന്നു ചില താളുകൾ നാട്ടിലെത്തുന്നതിനു മുൻപേ ആരോ കീറിമാറ്റിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡയറിയും ഫോണും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി. 

വിദേശത്തു ജോലി ചെയ്യുകയായിരുന്ന സഹോദരൻ അഭിലാഷ് അനുജനെ കാണാതായതോടെ കേസു നടത്തിപ്പിനും മറ്റുമായി ജോലി ഉപേക്ഷിച്ചു തിരികെ നാട്ടിലെത്തി. കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ മുൻപോട്ടു കൊണ്ടുപോകുന്നത് എങ്ങനെയെന്നു നിശ്ചയമില്ലാതെ വിഷമിച്ചിരിക്കുന്നതിനിടെ കടങ്ങൾ പെരുകി. ലക്ഷങ്ങളുടെ കണക്കുപോലും കേട്ടിട്ടില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു അവർക്ക്. അതൊക്കെയും ഇന്നവർക്കു സ്വന്തം ബാധ്യതകളായി. ബാങ്കിൽനിന്നുള്ള നോട്ടിസ് പെരുമ്പുഴയിലെ അവരുടെ വീട്ടിലെ വിലാസത്തിലേക്കെത്തി. ഇതുവരെ ബാങ്കിലടച്ചത് 35 ലക്ഷത്തോളം രൂപയാണ്. എന്നാൽ വർഷങ്ങൾക്കു മുൻപെടുത്ത ആ 15 ലക്ഷത്തിന്റെ ബാധ്യത തീർക്കണമെങ്കിൽ ഏഴു ലക്ഷത്തിലധികം ഇനിയുമടയ്ക്കണം.

കടം പെരുകുമ്പോഴും വീടു വിട്ടിറങ്ങേണ്ടി വരുമോ എന്ന പേടി ഇവരുടെ മനസ്സിലില്ല. ആ കുടുംബത്തിന്റെ മനസ്സു വിങ്ങുന്നത് കാണാതായ മകനു വേണ്ടിയാണ്. നൂറ് ആടുകളിലൊന്നു നഷ്ടപ്പെട്ട ഇടയൻ ബാക്കി തൊണ്ണൂറ്റിയൊൻപതിനെയും വിട്ടു നഷ്ടപ്പെട്ടതിനായി തിരച്ചിൽ നടത്തുമെന്ന ബൈബിൾ കഥയിലാണ് ആ അമ്മ പറഞ്ഞു നിർത്തിയത്. മൂന്നു മക്കളിൽ ഒരാളെ കാണാതായാൽ, കാണാതായ മകന്റെ തട്ടിനു തന്നെയായിരിക്കും തൂക്കം കൂടുതലെന്ന് പറയുകയാണ് ഈ അച്ഛന്റെയും അമ്മയുടെയും കണ്ണീർ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com