ADVERTISEMENT

ജീസസ് ലംബോധരൻ പിള്ള എന്ന ആരാച്ചാർക്കു രൂപംമാറലിനു ശേഷിയുണ്ട്. പക്ഷിയായും മൃഗമായും ഉറുമ്പായും ഒക്കെ മാറാൻ പറ്റും. അപ്രകാരം പിള്ള ഒരു ദിവസം ജനപ്രിയ സാഹിത്യകാരന്റെ മുറിയിൽ പ്രത്യക്ഷപ്പെട്ടു. 

മലയാളത്തിന്റെ സാഹിത്യമെഴുത്തിനെ സുന്ദരമായ വ്യത്യാസങ്ങൾകൊണ്ടു മാറ്റിമറിച്ചിട്ട സക്കറിയ തന്റെ ഇംഗ്ലിഷ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്; ‘A Secret History of Compassion’. 

നോവലിന്റെ ബാക്കി കഥ പറയും മുൻപ് നോവലിന്റെ നിർമാണ പ്രവൃത്തിയിലേക്ക്; ന്യൂഡൽഹിയിലെ കോൺടെക്സ്റ്റ് പ്രസാധകർ പുറത്തിറക്കിയ നോവൽ തീർക്കാൻ സക്കറിയ 13 വർഷമെടുത്തു.

മലയാളത്തെ വിട്ട് ഇംഗ്ലിഷിലേക്കു മാറി എഴുതിയ നോവൽ തീർക്കാൻ ഇത്രയും കാലമൊന്നും ആവശ്യമില്ലെന്നു സക്കറിയ തന്നെ പറയുന്നു. 13 കൊല്ലം പിടിച്ചെങ്കിലും എഴുത്തുകാലം ഇതിനിടയിൽ ഒരു ആറു മാസമോ മറ്റോ ഉണ്ടായിരുന്നുള്ളൂ. നോവൽ വരുന്നത് ഇങ്ങനെയാണ്: 

പതിനഞ്ചുകൊല്ലം മുൻപ് മലയാളത്തിൽ ‘ഭൂതദയയെപ്പറ്റി ഒരു പ്രബന്ധം’ എന്ന ഒരു നോവൽ എഴുതാൻ തുടങ്ങി. ഒന്നു രണ്ട് അധ്യായങ്ങൾക്കു ശേഷം കൃതി മുടന്തിനിന്നു. പിന്നെ ആലോചന ഇംഗ്ലിഷിലായി. അപ്പോൾ ഒരു പാറ്റേൺ തെളിഞ്ഞുവരികയും എഴുത്തു നീങ്ങുകയും ചെയ്തു. അങ്ങനെ ഇപ്പോൾ A Secret History of Compassion– മലയാള സാഹിത്യകാരന്റെ ഇംഗ്ലിഷ് നോവൽ എത്തിയിരിക്കുന്നു. 

കഥാനായകനായ ജനപ്രിയ സാഹിത്യകാരനു നോവലിൽ ഒരു പേരില്ല. എന്നാൽ അ‍ഞ്ചു പേരുകളുണ്ട്. തൂലികാനാമങ്ങൾ. ഡിറ്റക്ടീവ് നോവലെഴുതുമ്പോൾ ലോഡ് സ്പൈഡർ (ചിലന്തി പ്രഭു), പിന്നെ യെലോ മാൻ, ഇസ്പേഡ് ഗുലാൻ ഇങ്ങനെ പലവിധം. ഇയാളെ സ്പൈഡർ എന്നു വിളിക്കാം. 

ഭാര്യ റോസി ഒരു സ്വതന്ത്ര തത്വചിന്തകയാണ്. കഥകളുടെ സാമ്രാജ്യത്തിൽ ഉല്ലാസവാനായി വിലസുമ്പോഴാണ് വലിയൊരു പരുവക്കേട് സ്പൈഡറിനു മുന്നിൽ വന്നുപെടുന്നത്. 

അതായത്, കമ്യൂണിസ്റ്റുകാർ സാഹിത്യകാരനോട് ഒരു പ്രബന്ധം രചിക്കാൻ ആവശ്യപ്പെടുന്നു. വഴിയാധാരമായിപ്പോയ സഖാക്കൾക്കായി ഒരു ഭവനം നിർമിക്കാനായുള്ള പരിപാടിയിൽ ഒരു സുവനീർ ഇറക്കുകയാണവർ. അതിലേക്കാണ് ഭൂതദയയെപ്പറ്റി ഒരു പ്രബന്ധം എഴുതിക്കൊടുക്കേണ്ടത്. അതു കൊടുത്തേ പറ്റൂ. പക്ഷേ, സ്പൈഡറിനു ജനപ്രിയകഥകൾ വരുന്നതുപോലെ പ്രബന്ധം വരുന്നില്ല. 

ആ പ്രതിസന്ധിയിലാണ് ജീസസ് ലംബോധരൻ പിള്ളയുടെ രംഗപ്രവേശം, ഒളിച്ചുവരവ്. മുറിയിൽ പ്രത്യക്ഷപ്പെട്ട പിള്ളയെ കണ്ട് ആദ്യം സാഹിത്യകാരൻ ബോധംകെട്ടു വീണു. പിന്നെ തെളിഞ്ഞപ്പോൾ കാര്യം മനസിലാക്കി. പിള്ള ഒരു സാഹിത്യപ്രേമിയാണ്. അനന്തമായ കഥകൾ അറിയാം. 

പക്ഷേ, എഴുതാനുള്ള വിദ്യ പിടികിട്ടുന്നില്ല. സ്പൈഡറിന്റെ ആരാധകനാണ്. വണങ്ങിനിന്ന പിള്ളയിൽ നിന്നു സ്പൈഡറിന് ഒരു കാര്യം പിടികിട്ടുന്നു. പ്രബന്ധമെഴുതാനുള്ള വിദ്യ ആരാച്ചാരുടെ കയ്യിലുണ്ട്. അങ്ങനെ പരസ്പരം സഹായിച്ചു നീങ്ങാൻ തീരുമാനമാകുന്നു. 

പിള്ള ധ്യാനാത്മകമായ ഒളിഞ്ഞുനോട്ടത്തിന്റെ (Meditational Voyeurism) ആളാണ്. ഒരിടത്തിരുന്നാൽ എന്തും കാണാം. പിള്ള കാക്കയുടെ രൂപത്തിൽ സ്പൈഡറിനെ കാണാൻ എത്തുന്നതിനു മുൻപും അവിടെ പറന്നുനടന്നിരുന്നു. അതു റോസിയെ കാണാനായിരുന്നു എന്നും ഒരു തിരിവുണ്ട് കഥയിൽ. അതു റോസി വെളിപ്പെടുത്തുന്നുമുണ്ട്. 

രണ്ടു പേരുടെയും എഴുത്തിലെ ബ്ലോക്ക് അഴിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രബന്ധത്തിന്റെയും കഥയുടെയും പൊരുളുകൾ അഴിച്ച് നോവൽ മുന്നോട്ടു നീങ്ങുമ്പോൾ അതു പലവിധ കഥകളുടെ പാക്കേജ് ആകുകയാണ്. സ്പൈഡർ പറയുന്ന കഥകൾ, പിള്ള പറയുന്ന കഥകൾ, ഇവർക്കൊപ്പം ചേർന്നു റോസി പൂരിപ്പിക്കുന്ന കഥകൾ. 

ഇതിൽ കഥാപാത്രങ്ങൾ മനുഷ്യരും മൃഗങ്ങളും പക്ഷികളുമുണ്ട്. അസൂയയും പകയും പ്രതികാരവും കഥയിൽ വരുന്നുണ്ട്. സ്പൈഡറിന്റെ പട്ടി ‘ബ്രദർ ഡോഗ്’ റോസിയുമായി പ്രണയത്തിലാണോ എന്ന് അയാൾക്കു സംശയം വരുന്നു. പട്ടിയോടുള്ള അസൂയ മുഴുക്കുന്നുണ്ട് ജനപ്രിയ സാഹിത്യകാരന്. 

ഒടുവിൽ പ്രബന്ധം പൂർത്തിയാക്കുന്നതു മൂന്നുപേരും ചേർന്നാണ്. അവസാനഭാഗം പറഞ്ഞു കൊടുക്കുന്നതു റോസിയാണ്. 

ഉപകഥകളുടെ തുന്നലുകളിലൂടെയാണ് നോവൽ ഉണരുന്നത്. അതു വൻ രാഷ്ട്രീയ വളവുകളിലേക്ക് അദൃശ്യമായി തിരിയുന്നുമുണ്ട്. ഉദാഹരണത്തിന്, പിള്ള പക്ഷിയായി വേഷം മാറുമ്പോൾ സുഹൃത്തായിരുന്ന ഒരു സൈബീരിയൻ കൊക്ക് വെളിപ്പെടുത്തുന്ന രഹസ്യം: മീശവച്ച സ്റ്റാലിൻ യഥാർഥത്തിൽ ഒരു സ്ത്രീ ആയിരുന്നു! പിള്ള ഇതു പറയുമ്പോൾ സ്പൈഡർ വിശ്വസിക്കുന്നില്ല. എന്നാൽ റോസിക്ക് ഇക്കാര്യം അറിയാമായിരുന്നു. റോസിയുടെ തയ്യൽക്കാരിയായ ഒരു വലിയമ്മായി കമ്യൂണിസ്റ്റുകാരുടെ ചങ്ങാത്തത്തിൽ റഷ്യയിൽ പോയിരുന്നു. അന്ന് അവർ സ്റ്റാലിനെ ‘നഗ്ന’യായി കണ്ടിരുന്നത്രെ. ക്രൗര്യത്തിന്റെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ ഈ മട്ടിൽ കഥകളുടെ തൂവൽകൊണ്ടു കുത്തിവീഴ്ത്തുന്നുണ്ട് നോവൽ. 

ഒടുവിൽ ഭൂതദയയെപ്പറ്റിയുള്ള പ്രബന്ധം പൂർത്തിയാക്കിയ മൂവരും ചേർന്നു യാത്ര പോകുകയാണ്.

 സ്പൈഡറിനും റോസിക്കും രൂപം മാറാനുള്ള ശേഷി പിള്ള നൽകുന്നു. മൂവരും വവ്വാലുകളായി ‘നഷ്ടപ്പെട്ടുപോയ പാട്ടുകളുടെ താഴ്‌വര’യിലേക്ക് (Valley of lost songs) പറക്കുകയാണ്. യാത്രയിൽ അവർ സാത്താനെയും ക്രിസ്തുവിനെയും ദൈവത്തെയും കാണുന്നുണ്ട്. വഴിയിൽ കാണുമ്പോൾ സാത്താൻ ടൂത്ത് ബ്രഷ് കൊണ്ടു പല്ലുതേച്ചു കൊണ്ടിരിക്കുകയാണ്. പല്ലുതേയ്ക്കാത്ത സാത്താന്റെ ദുർഗന്ധത്തിന്റെ ഇമേജാണ് ഇവിടെ പൊളിയുന്നത്. 

കഥാകൃത്ത് തോമസ് ജോസഫ് എഴുതിയ ‘സാത്താൻ ബ്രഷ്’ എന്ന കഥയുടെ വിവരം ഒരു ‘ചരിത്ര രേഖ’യായി നോവലിൽ ഉണ്ട്. വഴിയിൽ സുന്ദരിയായ ഒരു പെൺകുട്ടി പാട്ടുപാടുന്നു. അതായിരുന്നു ദൈവം. 

കഥയുടെ പരിണാമഗുപ്തി പറയുന്നതു നല്ല സമ്പ്രദായമല്ല. എങ്കിലും ദുരന്തങ്ങളിലൊന്നുമല്ല നോവൽ തീരുന്നത്. ദുരന്തങ്ങളെപ്പറ്റിയുള്ള കഥകൾ ഇതിന്റെ അടുക്കിൽ വരുന്നുണ്ട്, അനേകം. 

രസകരമായ ഒരു ചാലഞ്ച് ആയിരുന്നു സക്കറിയയ്ക്ക് ഇംഗ്ലിഷിലെ കഥാസൃഷ്ടി. ‘നമ്മുടെ അടിത്തറ മലയാളത്തിലാണ്, എഴുതിത്തുടങ്ങുന്നതും. എന്നാൽ ഇംഗ്ലിഷിൽ കൂടിയാണ് ലോകസാഹിത്യം മുഴുവൻ നമ്മളിലേക്കു വന്നത്. മലയാളം കഴിഞ്ഞാൽ അടുത്ത അടുപ്പമുള്ള ഭാഷ ഇംഗ്ലിഷാണ്. 

ഇതു വേറൊരു ചാലഞ്ച് ആണ്. ആരാണ് നമ്മുടെ വായനക്കാർ എന്നു നിശ്ചയിക്കാനാവില്ലല്ലോ. ഇംഗ്ലിഷിൽ ഫാന്റസിയിലൂടെ ധൈര്യമായി സഞ്ചരിക്കാം. ഈ പുസ്തകം അതാണ്.’

മൂന്നു കഥാപാത്രങ്ങളും നുണയിലും അർഥസത്യങ്ങളിലും മുഴുകുന്നുണ്ട്. അതിലൂടെ നോവൽ സമകാലിക ലോകത്തിന്റെ നുണകളും സത്യങ്ങളും വേർതിരിച്ചെടുക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം കഥാഭാവന ലോകസഞ്ചാരം ആരംഭിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com