ജനിച്ചു മൂന്നാം നാൾ മകനെ കൊത്തിയെടുത്തു; പ്രസന്നയുടെ കാത്തിരിപ്പുകണ്ണീരിന് 20 വർഷം

darmarajan-and-prasana
ധർമരാജനും പ്രസന്നയും ചിത്രം: അരുൺ ജോൺ
SHARE

ഇനി കണ്ടാൽ തിരിച്ചറ‍ിയ‍ാനാകുമെന്ന് ഒരുറപ്പുമില്ലാത്ത രണ്ടു മുഖങ്ങൾ തേടിയാണു ധർമരാജന്റെയും പ്രസന്നയുടെയും യാത്രകള്‍. ജനിച്ചു മൂന്നാം നാൾ നഷ്ടമായ മകന്റെ മുഖമാണൊന്ന്, അവനെ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ മുഖം മറ്റൊന്ന്. യാത്രയിലെവിടെെയങ്കിലും നേർക്കുനേർ ഈ രണ്ടു മുഖങ്ങൾ വന്നു നിന്നാലും തിരിച്ചറിയാനാകാത്തത്ര അപരിചി‍തത്വം ഇരുവരുടെയും കണ്ണുകളിൽ വന്നുമൂടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ധർമരാജനും പ്രസന്നയും കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ, ജനിച്ചു മൂന്നാം നാൾ തന്റെ കുഞ്ഞിനെയും തട്ടിയെടുത്തു കടന്ന സ്ത്രീയെ കണ്ടെത്താൻ‍. തങ്ങളുടെ മകൻ ഇപ്പോൾ  എവിടെയുണ്ടെന്ന് അവരുടെ നാവിൽ നിന്ന് അറിയാൻ. പേറ്റുനോവ് മാറുംമുൻപു കൺമുന്നിൽ നിന്ന് കുഞ്ഞ് അപഹരിക്കപ്പെട്ട പ്രസന്നയെന്ന അമ്മയുടെ നോവിന് 20 വയസ്സു തികയുന്നു...

1999 മാർച്ച് 30

ആലപ്പുഴ വാടയ്ക്കൽ പുത്തൻവെളിയിൽ പ്രസന്നയും വട്ടയാൽ ചെമ്മാരപ്പള്ളി ധർമരാജനും വിവാഹശേഷം ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പായിരുന്നു. മാർച്ച് 29 ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ (ഇപ്പോൾ ജനറൽ ആശുപത്രി) പ്രസന്നയെ പ്രസവത്തിനു പ്രവേശിപ്പിച്ചു. 30 ന് സുഖപ്രസവം നടന്നു. ആൺകുഞ്ഞ്. ഏപ്രിൽ ഒന്നിന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാമെന്നു ഡോക്ടർമാർ.

ഏപ്രിൽ 1

കെട്ടിട നിർമാണ തൊഴ‍ിലാളിയായ ധർമരാജൻ പതിവുപോലെ ജോലിക്കു പോയി. ആശുപത്രിയിൽ പ്രസന്നയ്ക്കു കൂട്ടായി അമ്മ വിലാസിനിയും സഹോദരി പ്രശോഭയും.

രാവിലെതന്നെ വിടുതൽ പ്രതീക്ഷിച്ചതാണ്. എങ്കിലും സമയം നീണ്ടുപോയി. പ്രസന്നയ്ക്കും പ്രശോഭയ്ക്കും ഉച്ചഭക്ഷണം വാങ്ങിക്കൊടുത്ത്, വിലാസിനി വിടുതൽ ചീട്ട് വാങ്ങാൻ കുഞ്ഞിനെയുമെടുത്ത് ആശുപത്രി കൗണ്ടറിനു സമീപത്തിരുന്നു. ആദ്യത്തെ പേരക്കുട്ടിയാണ്. വിലാസിനി കുഞ്ഞിനെ നിലത്തുവച്ചില്ല.

vilasini
വിലാസിനി

പെട്ടെന്ന്, നഴ്സിന്റെ വേഷത്തില്‍ ഒരു സ്ത്രീ വിലാസിനിയുടെ അടുത്തെത്തി, പറഞ്ഞു: ‘കുഞ്ഞിനെ പെട്ടെന്നു ഡോക്ടറെ കാണിക്കണം.’

വിലാസിനി അമ്പരന്നു. ‘കുഞ്ഞിന് അസുഖമൊന്നുമില്ലല്ലോ–’ തലേന്നാൾ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചതാണ്. പാല് കിട്ടാത്തതിന്റെ കരച്ചിലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യവും വിലാസിനി നഴ്സിനെ ധരിപ്പിച്ചു.

‘കുഞ്ഞിനു രോഗം കലശലാണ്. ഡോക്ടർമാർ തമ്മിൽ ഇക്കാര്യം പറയുന്നതു ഞാൻ കേട്ടു–’ നഴ്സിന്റെ വാക്കുകൾ വിലാസിനിയെ പരിഭ്ര‍ാന്തയാക്കി. അവർ കുഞ്ഞിനെയെടുത്ത് ആ സ്ത്രീയുടെ പിന്നാലെ പോയി. ഡ്യൂട്ടി ഡോക്ടറെ കാണിക്കാൻ 22–ാം വാർഡിലെത്തിയെങ്കിലും ഡോക്ടറെ അവിടെ കണ്ടില്ല. ഡോക്ടറുടെ വീട്ടിലേക്കു പോകാമെന്നായി ആ നഴ്സ്. കുഞ്ഞിനെയും കൊണ്ട് വിലാസിനിയും ആ സ്ത്രീയും ഓട്ടോറിക്ഷയിൽ ഒരു ഡോക്ടറുടെ വീട്ടിലെത്തി (ആ ഡോക്ടർക്കു ശിശുരോഗ ചികിത്സയുമായി ഒരു ബന്ധവുമില്ലെന്നു പിന്നീടറിഞ്ഞു). വിലാസിനി പുറത്തു നിന്നു. ആ സ്ത്രീ ഡോക്ടറുടെ വീട്ടിൽ കയറി, ഉടൻ പുറത്തു വന്നു.

‘കുഞ്ഞിനെ ഞാൻ എടുക്കാം, നിങ്ങൾ പെട്ടെന്നു പോയി കേസ് ഷീറ്റ് വാങ്ങി വരൂ...’ എന്നു നിർദേശിച്ചു. വിശ്വാസത്തിന്റെ ബലത്തിൽ വിലാസിനി കുഞ്ഞിനെ ആ സ്ത്രീയുടെ കയ്യിലേൽപിച്ച് ആശുപത്രിയിലേക്ക് ഓട‍ി.

കാണാക്കൺമണി

‘ഏതു ഡോക്ടറാണ് കേസ് ഷീറ്റ് വേണമെന്നു പറഞ്ഞത്? ഡോക്ടറുടെ വീട്ടിലേക്കു കേസ് ഷീറ്റ് കൊടുത്തുവിടാറില്ല, ഡോക്ടർമാർ അങ്ങനെ ആവശ്യപ്പെടാറുമില്ല–’ ഡ്യൂട്ടി നഴ്സിന്റെ വാക്കുകൾ വിലാസിനിയുടെ മനസ്സിൽ കൂരമ്പുപോലെ തറച്ചു. പന്തികേട് തോന്നിയ അവർ തകർന്ന ഹൃദയവുമായി ഡോക്ടറുടെ വീട്ടിലേക്കു തിരികെ ഓടി. അവിടെ ആ സ്ത്രീ ഉണ്ടായിരുന്നില്ല; കുഞ്ഞും.

പുറത്തുകിടന്ന എറണാകുളം റജിസ്ട്രേഷൻ വെള്ള അംബാസഡർ കാറിൽ അവർ കടന്നുവെന്നു കണ്ടുനിന്ന ചിലർ പറഞ്ഞു. ചോരക്കുഞ്ഞ‍ിനെയും കൊണ്ട് ഒരു നഴ്സ് കാറിൽ കയറുന്നതു കണ്ടു സംശയിച്ച ചിലരോട്, ‘ആങ്ങളയുടെ കുഞ്ഞാണ്’ – എന്ന് അവർ പറഞ്ഞത്രേ! കാർ ചങ്ങനാശേരി ഭാഗത്തേക്കു ഹെഡ്‌ലൈറ്റിട്ടു പായുന്നതു കണ്ടതായി ഒരു ലോറി ഡ്രൈവർ പിന്നീടു പറഞ്ഞു.

തന്റെ ബുദ്ധിമോശം കൊണ്ട് മകളുടെ കുഞ്ഞിനെ നഷ്ടമായെന്നു മനസ്സിലായ വിലാസിനി അലറി വിളിച്ചു. ആകെ ബഹളമായി. ആശുപത്രി ഔട്ട്പോസ്റ്റില്‍ വിവരമറിയിച്ചു. കേസെടുക്കാനാകില്ലെന്നായിരുന്നു അവിടെയുള്ള പൊലീസുകാരുടെ മറുപടി. പിന്നീട്, സൗത്ത് പൊലീസാണു കേസെടുത്തത്.

പ്രസന്ന വിവരമറിഞ്ഞപ്പോഴേക്കും വൈകി. ധർമരാജനെ ഒരു സുഹൃത്ത് ജോലി സ്ഥലത്തെത്തി വിവരം അറിയിക്കുകയായിരുന്നു.

kidnapper-drawn
പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രം

20 വർഷം നീണ്ട അന്വേഷണം

‘ആലിലക്കമ്മൽ, വെളുത്ത നിറം, ചുരുണ്ട മുടി, ഏകദേശം 23 വയസ്സു പ്രായം–’ ഈ വിവരങ്ങൾ മാത്രമാണു ധർമരാജനും പ്രസന്നയ്ക്കും ആകെ ലഭിച്ച തുമ്പ്. പിന്നെ, വിലാസിനിയുടെ മൊഴിയനുസരിച്ചു വരച്ച ഒരു രേഖാചിത്രം. രേഖാ ചിത്രത്തിലേതു പോലെയാണോ ആ സ്ത്രീയെന്നു വിലാസിനിക്ക് ഇപ്പോൾ ഓർമയില്ല. ‘ഇരുപതു വർഷമായി, ഞാൻ മനഃസമാധാനത്തോടെ ഉറങ്ങിയിട്ട്...’ 72 വയസ്സുകാരിയായ വിലാസിനി പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ത്രീ കുറച്ചു ദിവസം ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിൽ കറങ്ങിയിരുന്നു. ആൺകുട്ടികളുള്ള സ്ത്രീകളുടെ കട്ടിലിനരികിൽ ചുറ്റിപ്പറ്റി നിൽക്കുകയും ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്ത അവർ നഴ്സ് ആണെന്നേ എല്ലാവരും കരുതിയുള്ളൂ.

അമ്മയുടെ കാത്തിരിപ്പ്

ആദ്യത്തെ കണ്‍മണി നഷ്ടമായ വേദനയ‍ിലും നിരാശയിലുമായിരുന്നു പ്രസന്ന ഏറെക്കാലം. മാനസികമായി തളർന്നു. ഇപ്പോൾ രണ്ടു മക്കളുണ്ട്, ബിബിഎ വിദ്യാർഥി നന്ദുവും എട്ടാം ക്ലാസുകാരൻ അനന്ദുവും.

കുഞ്ഞിനെ കണ്ടെത്താൻ‍ ഇടപെടണമെന്നാവശ്യപ്പെട്ടു പൊലീസ് മേധാവികൾക്കും മുഖ്യമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെടെയുള്ളവർക്കും ധർമരാജൻ നിവേദനമയച്ചു. മറുപടിക്കത്തുകൾ വന്നു. പക്ഷേ, നടപടിയുണ്ടായിട്ടില്ല.

കുഞ്ഞിന് അന്നു പേരിട്ടിരുന്നില്ല. എന്നാൽ, കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രസന്നയും വിലാസിനിയും കുടുംബവും പോകാത്ത ദേവാലയങ്ങളില്ല. എല്ലായിടത്തും  ‘കണ്ണൻ, ഉത്രം നക്ഷത്രം’ എന്ന പേരിലാണു വഴിപാടുകൾ നടത്തിയത്.

‘ഇപ്പോൾ എവിടെയെന്നറിയില്ല. ഒപ്പമുണ്ടായിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പിന് എന്റെ കുഞ്ഞ് കന്നിവോട്ട് ചെയ്യുമായിരുന്നു. ഇനിയും അവനെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണു ഞങ്ങൾ ജീവിക്കുന്നത്. പക്ഷേ, തിരിച്ചെത്തുന്ന അവനെ എങ്ങനെ തിരിച്ചറിയുമെന്നു ഞങ്ങൾക്കറിയില്ല...’ 

പ്രസന്നയുടെ കണ്ണുകളിൽ 20 വർഷമായി തളംകെട്ടിക്കിടക്കുന്ന കണ്ണീർ ഇപ്പോൾ പുറത്തേക്കൊഴുകാറില്ല...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA