ADVERTISEMENT

അനായാസേന

ഒന്നരമണിക്കൂർ ക്യൂവിൽനിന്ന കാർന്നോര് വോട്ട് ചെയ്യാനായി പോളിങ്‌ബൂത്തിലെത്തി.

ഒന്നാമത്തെ ഓഫിസർ അയാളോട് പേരു ചോദിച്ചു. പിന്നെ സ്ഥലവും വീട്ടുനമ്പറും.

ഓഫിസർ കൈയിലെ വോട്ടർപുസ്തകം തിരിച്ചും മറിച്ചും നോക്കി. രണ്ടാമതും മൂന്നാമതും ഇരിക്കുന്ന ഉദ്യോഗസ്ഥർ കൂടിവന്ന് തിരഞ്ഞു. ഒടുവിൽ അവർ പരസ്‌പരം നോക്കി.

ഉദ്യോഗസ്ഥൻ പറഞ്ഞു: ‘‘കാർന്നോരെ ങ്ങടെ പേര് ഇതിൽ കാണുന്നില്ലല്ലോ!’’

കാർന്നോര് ഒന്നും പറയാതെ മെല്ലെ പുറത്തിറങ്ങി.

തിരിഞ്ഞിറങ്ങുമ്പോൾ കാർന്നോര് പറഞ്ഞത് ആരും കേട്ടില്ല. ‘‘അങ്ങനെ മൂന്നാമതും മരിച്ചു.’’

അറവുമാട്

വോട്ടു ചെയ്‌ത് തിരിച്ചുവരുന്നത് കുഴൽമന്ദം ചന്ത വഴിയാണ്. ഏറ്റവും വലിയ കന്നുകാലിച്ചന്ത. ചന്തപ്പുരയിൽ കയറി. എത്രയെത്ര അറവുമാടുകളാണ്! വില പേശുന്നു. കൈമാറുന്നു. ലോറിയിലും വാനിലും നടത്തിച്ചുമായി കടത്തപ്പെടുന്ന കന്നാലികൾ.

ശ്രദ്ധിച്ചിരുന്നു, എല്ലാം അച്ചുകുത്തപ്പെട്ടവയാണ്...

ഞാനെന്റെ ഇടംകൈയിലെ ചൂണ്ടുവിരലിലേക്ക് അറിയാതെ നോക്കിപ്പോയി.

രമണൻ

തിരഞ്ഞെടുപ്പ്‌ക്യൂവിൽ നിൽക്കുമ്പോഴാണ് രമണൻ ചന്ദ്രികയെ കണ്ടത്. രമണൻ പോളിങ്‌സ്റ്റേഷന്റെ തൊട്ടരികിൽ എത്തിയിരുന്നു. മൂന്നുമണിക്കൂർ വരിയിൽനിന്നാണ് ഒരുവിധത്തിൽ ഇവിടെയെത്തിയത്. ചന്ദ്രിക നീളൻ വരിയുടെ അറ്റത്താണ്.

‘എന്റെ പഴയ പരിചയക്കാരിയാ...ഒന്ന് എന്നോടൊപ്പം വോട്ട് ചെയ്യാൻ അവളേം അനുവദിക്കാമോ’ രമണൻ ക്യൂവിൽ തൊട്ടരികിൽനിന്നവരോടായി ചോദിച്ചു.

‘കള്ള രമണാ...വോട്ട്‌ചെയ്യുമ്പൊ ശൃംഗാരരസം വേണ്ട...പരിചയക്കാരിയാണുപോലും...ഞങ്ങക്കുമുണ്ട് പരിചയക്കാരികൾ..’.

രമണന് ഉത്തരം മുട്ടിപ്പോയി.

കുറേക്കാലം ഒരുമിച്ച് നടന്നതിന്റെ ഹാങ് ഓവറാ... ഒരാൾ പരിഹസിച്ചു.

രമണനു മുമ്പിൽ വേറെ വഴിയില്ലായിരുന്നു. അയാൾ ചന്ദ്രികയോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ‘വോട്ട് ചെയ്‌ത് ഉടൻ തിരിച്ചുവരാം, കാത്തുനിൽക്കണം’  എന്നായിരുന്നു അതിന്റെ അർത്ഥം.

വോട്ട് ചെയ്‌ത് മടങ്ങിയ രമണൻ വരിയായ വരിയൊക്കെ തിരഞ്ഞെങ്കിലും ചന്ദ്രികയുടെ ദാവണിത്തുമ്പുപോലും കൺവെട്ടത്തില്ല. രമണൻ തിരഞ്ഞെടുപ്പുമുറ്റമാകെ വിലപിച്ചു നടന്നു.

രമണൻ പഴയപോലെ കയറന്വേഷിച്ചില്ല. പകരം ശ്രദ്ധ മാറ്റാനായി തിരഞ്ഞെടുപ്പിൽ വോട്ട് കൺസോളിഡേഷൻ നടന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു.

പുല്ല്

വോട്ടുചെയ്തു പുറത്തിറങ്ങിയാൽ വലിയ മൈതാനം കുറുകെ കടന്നുവേണം വീട്ടിലെത്താൻ. കനത്ത വേനലായിട്ടും പുൽ നിറഞ്ഞ മൈതാനമാണത്. ആർക്കാണ് വോട്ടുചെയ്‌തതെന്നും എന്തിനാണ് വോട്ടുചെയ്‌തതെന്നും അയാൾ മറന്നുപോയിരുന്നു.

അതുകൊണ്ടാണോ എന്നറിയില്ല.

മൈതാനത്തിന്റെ അറ്റത്ത് പുല്ലുതിന്നുകൊണ്ടിരുന്ന അഞ്ചാറ് പശുക്കൾ അയാളെ കുത്താൻ വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com