sections
MORE

ഒരു വൻചതിയുടെ ആക്രോശം; ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയ്ക്ക് 100 വയസ്സ്

Jallianwala-Bagh
SHARE

ഫയർ!!!’’
ബ്രിഗേഡിയർ ജനറൽ റെജിനൾഡ് ഡയറിന്റെ ഉച്ചത്തിലുള്ള ആക്രോശം കേട്ട മിക്കവർക്കും കാര്യം മനസ്സിലായില്ല. തോക്കുമായി നൂറോളം പട്ടാളക്കാർ മൈതാനത്തേക്ക് മാർച്ചുചെയ്തു വന്നത് അവർ കണ്ടതാണ്. മൈതാനത്തിന്റെ കോണിൽ വല്ല പരേഡും നടത്താനാവുമെന്നാണ് പലരും കരുതിയത്. മിക്കവരും വൈശാഖി ആഘോഷിക്കാൻ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നെത്തിയവർ.

മലയാളികളുടെ വിഷുവിനു തുല്യമാണ് പഞ്ചാബികൾക്കു വൈശാഖി. രണ്ടു വാക്കിന്റെയും മൂലപദം ഒന്നാണെന്നു ഭാഷാപണ്ഡിതർ പറയുന്നു. ശൈത്യകാലം മാറി വസന്തത്തിന്റെ വിളവെടുപ്പു കഴിഞ്ഞുള്ള ഉൽസവം. നിറഞ്ഞ മടിശ്ശീലകളുമായി കർഷകർ പട്ടണങ്ങളിലെ ബസാറുകളിലെത്തി വസ്ത്രങ്ങളും വീട്ടുസാമഗ്രികളും വാങ്ങുന്ന അവസരം. ഒപ്പം അമൃത്‍സറിലെ സുവർണക്ഷേത്രത്തിൽ തീർഥാടനവും.

മിക്കവരും വെയിൽ കുറയുന്നതുവരെ സൊറ പറഞ്ഞിരിക്കാനും വിശ്രമിക്കാനുമാണ് ക്ഷേത്രത്തിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തെത്തിയത്. ചിലർ പകൽമയക്കത്തിലേക്കു വീണു. വെറുതെ ഇരുന്നവരിൽ ചിലർ ഒരു കോണിൽ നടക്കുന്ന ചെറിയ യോഗത്തിലെ ആൾക്കൂട്ടത്തിൽ കൂടി. റോലറ്റ് നിയമത്തെക്കുറിച്ച് എന്തോ പറയുകയാണവിടെ. സിഖ് അനാഥാലയത്തിൽ വളർന്ന ഒരു ഇരുപതുകാരനും അവന്റെ ഏതാനും സുഹൃത്തുക്കളും കൂടിനിൽക്കുന്ന നാട്ടുകൂട്ടത്തിനു കുടിക്കാൻ വെള്ളം കൊടുത്തുകൊണ്ട് അവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു. സിഖുകാർ അങ്ങനെയാണ്. എവിടെയെങ്കിലും ആളുകൾ കൂടിനിൽക്കുന്നതു കണ്ടാൽ അടുത്തുള്ള വീട്ടുകാരും സ്ഥാപനങ്ങളിലെ ജോലിക്കാരും അവർക്കു കുടിക്കാൻ വെള്ളവും മോരുമായി എത്തും.

ഉൽസവദിവസം നിരോധനാജ്ഞ

പഞ്ചാബിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് മിക്കവർക്കും അറിയാമായിരുന്നു. ആകപ്പാടെ ഒരു പ്രതിഷേധാന്തരീക്ഷം. പുതുതായി വന്ന റോലറ്റ് നിയമത്തിനെതിരെ ചിലയിടങ്ങളിൽ യോഗങ്ങളും പ്രതിഷേധങ്ങളും. രാജ്യരക്ഷയുടെ പേരിൽ അറസ്റ്റ് ചെയ്താൽ വിചാരണ കൂടാതെ രണ്ടു കൊല്ലംവരെ തടവിലിടാമെന്നും മറ്റുമാണ് നിയമമെന്നു പലരും കേട്ടിരുന്നു. എന്നാൽ അമൃത്‍സർ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതു മിക്കവരും അറിഞ്ഞിരുന്നില്ല. അല്ലെങ്കിൽത്തന്നെ ഉൽസവദിവസം ആരെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമോ? കേട്ടവർ തന്നെ വിശ്വസിച്ചില്ല.

Jallianwala-Bagh-sunday-cover-story

കാരണങ്ങൾ പലതായിരുന്നു. ഒന്നാമതായി ഇന്ത്യയുടെ മറ്റു ജനസമൂഹങ്ങളിൽ നിന്നു വ്യത്യസ്തരായിരുന്നു പഞ്ചാബികൾ; പ്രത്യേകിച്ചു സിഖുകാർ. ഏഴു പതിറ്റാണ്ടു മുൻപ്, 1840കളിൽ നടന്ന രണ്ട് ആംഗ്ലോ– സിഖ് യുദ്ധങ്ങളിൽ പത്തോളം പടനിലങ്ങളിൽ ബ്രിട്ടിഷുകാരോടു ഭയങ്കരമായി പൊരുതിയ അവർ ഒടുക്കം തോൽവി സമ്മതിച്ചെങ്കിലും യുദ്ധം കഴിഞ്ഞയുടൻ ബ്രിട്ടിഷുകാരുടെ ഏറ്റവുമടുത്ത ചങ്ങാതിമാരായി മാറിയിരുന്നു. യുദ്ധത്തിനു മുമ്പും അതിനു ശേഷവുമുള്ള ബ്രിട്ടിഷുകാരുടെ പെരുമാറ്റമാണ് അവർക്ക് ഇഷ്ടപ്പെട്ടത്. സിഖുകാരുടെ യുദ്ധവീര്യത്തെ വാനോളം പുകഴ്ത്തിയാണു ബ്രിട്ടിഷ് കമാൻഡർ സർ ഹ്യൂ ഗഫ് മടങ്ങിയത്.

പഞ്ചാബിന്റെ പുരോഗതിക്കു വേണ്ടതു ചെയ്യാൻ ഏറ്റവും സമർഥരായ ഭരണാധികാരികളെ അയയ്ക്കുമെന്നു ഗവർണർ ജനറൽ ഡൽഹൗസി പരസ്യവാഗ്ദാനം ചെയ്തത് അദ്ദേഹവും പിൻഗാമികളും പാലിക്കുകയും ചെയ്തു. ഹെൻറി ലോറൻസ്, ജോൺ ലോറൻസ്, റോബർട്ട് മോണ്ട്ഗോമറി, ഡോണൾഡ് മക്‌ലിയോഡ്, റോബർട്ട് ഇഗർടൺ, ജയിംസ് ല്യാൽ തുടങ്ങിയ പ്രതിഭാശാലികളായ ലഫ്റ്റനന്റ് ഗവർണർമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ പഞ്ചാബിനെ പുരോഗതിയിലേക്കു നയിച്ചു (ഇവരിൽ മിക്കവരുടെയും പേരുകളിൽ ഇന്നും പട്ടണങ്ങളും ജില്ലകളും പഞ്ചാബിലുണ്ട് – പാക്ക് പഞ്ചാബിലെ മോണ്ട്ഗോമറി, ഹിമാചലിലെ മക്‌ലിയോഡ്ഗഞ്ച്, പാക്ക് പഞ്ചാബിലെ ല്യാൽപുർ അങ്ങനെ പലതും).

ആരോഗ്യമുള്ള ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ പഞ്ചാബികൾക്കും സിഖുകാർക്കുമായി പ്രത്യേകം റജിമെന്റുകൾ. പുതിയ ശൈലിയിലുള്ള സൈനിക സേവനം സിഖുകാർക്ക് ഇഷ്ടമായി– മാസാമാസം കൃത്യമായ ശമ്പളം, തികഞ്ഞ അച്ചടക്കം, അവധി നൽകുന്നതിനും മറ്റും കൃത്യമായ ചട്ടങ്ങൾ, അരാജകത്വം വാണിരുന്ന നാട്ടിൻപുറങ്ങളിൽ ശക്തമായ പൊലീസ് സംവിധാനം. നാട്ടുമാടമ്പിമാരുടെ ദുർഭരണം മാറി, നീതിയുക്തമായ നിയമവാഴ്ച, പാവങ്ങൾക്കും പണക്കാർക്കും ഒരേ നിയമം, വരണ്ടുകിടന്നിരുന്ന കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ സിന്ധുവിന്റെ അഞ്ചു കൈവഴികളിൽ നിന്നും കനാലുകൾ. ആകെപ്പാടെ നാട്ടിൻപുറം ഭരണനൻമകളാൽ സമൃദ്ധമായി. ചുരുക്കത്തിൽ ബ്രിട്ടിഷ് ഭരണംകൊണ്ടു മറ്റു പ്രവിശ്യകളെ അപേക്ഷിച്ചു പഞ്ചാബിനു നേട്ടമാണുണ്ടായത്.

പഞ്ചാബികൾ ഇതിനു നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. 1857 ലെ വിപ്ലവത്തിൽ പൂർവദേശത്തുനിന്നുള്ള സൈനികർ ബ്രിട്ടിഷുകാർക്കെതിരെ തിരിഞ്ഞപ്പോൾ, നേപ്പാളിൽ നിന്നുള്ള ഗൂർഖകളോടൊപ്പം സിഖുകാർ ബ്രിട്ടിഷുകാരെ തുണച്ചു. തുടർന്നു യൂറോപ്പിലും ബർമയിലും അഫ്ഗാനിസ്ഥാനിലും ബ്രിട്ടൻ നടത്തിയ യുദ്ധങ്ങളിൽ സ്തുത്യർഹ സേവനം ചെയ്തു പഞ്ചാബികൾ ബ്രിട്ടിഷുകാരുടെ പ്രീതി നേടി. ബ്രിട്ടിഷുകാർ പലതവണ പൊരുതിയിട്ടും കീഴ്പ്പെടുത്താൻ കഴിയാതിരുന്ന അഫ്ഗാനിസ്ഥാനിലെ ഓറക്സായ് പഠാൻമാരെ സിഖ് റജിമെന്റിലെ സൈനികർ പരാജയപ്പെടുത്തിയതോടെ ബ്രിട്ടിഷുകാരുടെ പ്രീതി പതിൻമടങ്ങായി. ഏറ്റവുമൊടുവിൽ ഏതാനും മാസം മുമ്പ് അവസാനിച്ച ലോകയുദ്ധത്തിലും സിഖുകാരുടെ സേവനം ബ്രിട്ടന്റെ പല വിജയങ്ങൾക്കും കാരണമായിരുന്നു.

സ്വരാജ് മോഹം അടിച്ചമർത്താൻ ശ്രമം

പഞ്ചാബികൾക്കു സ്വരാജ് മോഹങ്ങളില്ലായിരുന്നു എന്നല്ല ഇതിനർഥം. മറ്റ് ഇന്ത്യക്കാരെപ്പോലെ – ഒരുപക്ഷേ, അവരെക്കാളധികം – സ്വാതന്ത്ര്യമോഹികളായിരുന്നു പഞ്ചാബികളും. എന്നാൽ ലോകയുദ്ധം കഴിയുമ്പോൾ ഇന്ത്യക്കാരുടെ സ്വരാജ് മോഹങ്ങളോടു ബ്രിട്ടൻ അൽപംകൂടി കനിയുമെന്നാണ് മിക്ക പഞ്ചാബികളും കരുതിയിരുന്നത്. പക്ഷേ, വൈസ്രോയ് ചെംസ്ഫഡും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മോണ്ടഗ്യൂവും ചേർന്ന് 1918 മുതൽ തയാറാക്കിവരികയായിരുന്ന ഭരണപരിഷ്കാരങ്ങളിൽ കാര്യമായൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ ഒരു നിരാശാബോധം പഞ്ചാബിലെ വിദ്യാസമ്പന്നരെ ഗ്രസിച്ചുതുടങ്ങിയിരുന്നു.

ഒപ്പം പഞ്ചാബിന്റെ സാമൂഹിക ഭദ്രതയിലും സമ്പദ്ഘടനയിലും മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു. ലോകയുദ്ധകാലത്തു താൽക്കാലികമായി റിക്രൂട്ട് ചെയ്യപ്പെട്ടവർ തൊഴിലില്ലാതെ മടങ്ങിവരുന്നു. പുതിയ റിക്രൂട്ട്മെന്റിനു പുതിയ ചട്ടങ്ങളായി. പലപ്പോഴും നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിലുള്ള നിർബന്ധ റിക്രൂട്ടിങ്. കാർഷിക വിഭവങ്ങളുടെ വില തകർന്നതോടെ നാട്ടിൻപുറസമൃദ്ധി നിലച്ചു. പട്ടണവിഭവങ്ങൾക്കു തീപിടിച്ച വിലയും.

പഞ്ചാബിലും സ്വരാജ്മോഹം പച്ചപിടിച്ചുതുടങ്ങിയത് ഈ പശ്ചാത്തലത്തിലാണ്. കൂനിൻമേൽ കുരു എന്നപോലെ റോലറ്റ് നിയമവും. വിചാരണ കൂടാതെ തടവിലിടാൻ പൊലീസിന് അധികാരം നൽകുന്നത് കടന്നകൈയാണെന്ന് ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമെന്നപോലെ സിഖുകാർക്കും തോന്നി. റോലറ്റ് നിയമങ്ങളെ എതിർക്കാൻ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ പലയിടങ്ങളിലും യോഗങ്ങളും ഹർത്താലുകളും നടന്നുവരുന്ന കാലം. ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്‍ല്യൂ എന്നീ ഹിന്ദു, മുസ്‍ലിം നേതാക്കളാണ് പഞ്ചാബിൽ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത്. ഇവയെ ശക്തമായി നേരിടാൻ പഞ്ചാബിന്റെ ഡപ്യൂട്ടി കമ്മിഷണറായിരുന്ന മൈക്കിൽ ഒഡ്വയർ തീരുമാനിച്ചു.

ഏഴു പതിറ്റാണ്ടായി പഞ്ചാബികൾ കണ്ടുപരിചയിച്ച പ്രതിഭാശാലികളായ ഭരണാധികാരികൾക്കൊരു അപവാദമായിരുന്നു ഒഡ്വയർ. സ്വരാജ്മോഹമെന്നതു വിദ്യാഭ്യാസം നേടിയ ഏതാനും പട്ടണവാസികളുടെ താന്തോന്നിത്തമാണെന്നും, മൃഗീയശക്തി ഉപയോഗിച്ചായാൽപോലും അത് അടിച്ചമർത്തുകയാണു വേണ്ടതെന്നും അയാൾ വിശ്വസിച്ചു. ഏതാണ്ട് അതേ വിശ്വാസക്കാരനായിരുന്നു ജലന്ധറിൽ പുതുതായി ചാർജെടുത്ത സൈനിക കമാൻഡർ റെജിനൾഡ് ഡയറും. (പേരിലുള്ള സാമ്യമൊഴിച്ചാൽ ഡയറും ഒഡ്വയറും തമ്മിൽ ബന്ധമൊന്നുമില്ല).

പഞ്ചാബിൽ ഗാന്ധിജിക്കു വിലക്ക്

ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ദേശീയപ്രസ്ഥാനമെന്നതു വിദ്യാഭ്യാസം സിദ്ധിച്ച മധ്യവർഗ ഹിന്ദുക്കളുടെമാത്രം പ്രവർത്തനരംഗമെന്നതു മാറ്റി മുസ്‍ലിംകളെയും മറ്റു സമുദായങ്ങളെയും കൂടി അതിലുൾപ്പെടുത്താൻ ഗാന്ധിജി ശ്രമം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായി ആഗോളതലത്തിൽ മുസ്‍ലിംകൾ നടത്തിവരികയായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ വക്താക്കളായ ഷൗക്കത്ത് അലി, മുഹമ്മദ് അലി എന്നിവരുമായി കൂട്ടുചേരാൻ അദ്ദേഹം തയാറായി.
ഈ നീക്കം പഞ്ചാബിൽ പ്രതിഫലിച്ചുകണ്ടു. 1919 ഏപ്രിൽ ഒൻപതിനു നടന്ന രാംനവമി ഘോഷയാത്രയിൽ ഹിന്ദുക്കളും മുസ്‍ലിംകളും പങ്കെടുത്തു. ഒരേ പാത്രത്തിൽ നിന്ന് ഒരുമിച്ചു ജലപാനം ചെയ്ത് അവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ വിഭജിച്ചു ഭരിച്ചു പരിചയിച്ച ബ്രിട്ടിഷ് ഭരണാധികാരികൾക്ക് ആശങ്കയായി. കിച്‍ല്യൂവിനെയും സത്യപാലിനെയും പഞ്ചാബിൽ നിന്നു നാടുകടത്തിയതായി ഒഡ്വയർ പ്രഖ്യാപിച്ചു. പഞ്ചാബിൽ പ്രവേശിക്കുന്നതിൽനിന്നു ഗാന്ധിജിയെ വിലക്കി.

ഇതോടെ അമൃത്‍സറിലും ജനങ്ങൾ ഇളകിത്തുടങ്ങി. ഏപ്രിൽ പത്തിനു നടന്ന പ്രതിഷേധ പ്രകടനത്തിനെതിരെ പൊലീസ് വെടിവച്ചു. മൂന്നുപേർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ പ്രകടനങ്ങൾക്കെതിരെ നടത്തിയ വെടിവയ്പിൽ 20 പേരും. ഇതോടെ അമൃത്‍സറിലെ യൂറോപ്യൻ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായി. ബാങ്ക് പിക്കറ്റ് ചെയ്ത പ്രതിഷേധക്കാരുടെ നേർക്കു കൈത്തോക്ക് പ്രയോഗിച്ച മാനേജർ മൽപ്പിടിത്തത്തിൽ കൊല്ലപ്പെട്ടു. നഗരവീഥിയിലൂടെ സൈക്കിളിൽ പോവുകയായിരുന്ന മാഴ്സെല്ല ഷെർവുഡ് എന്ന ബ്രിട്ടിഷ് വനിത പ്രതിഷേധക്കാരുടെ ആക്രമണത്തിനിരയായി. ഒരു ഇന്ത്യൻ കുടുംബം അവരെ രക്ഷപ്പെടുത്തിയെങ്കിലും സംഭവം ബ്രിട്ടിഷുകാരെ പ്രകോപിപ്പിച്ചു. ഷെർവുഡ് ആക്രമിക്കപ്പെട്ട തെരുവിലൂടെ കടന്നുപോകുന്ന എല്ലാ ഇന്ത്യക്കാരും നിലത്തിഴഞ്ഞുപോകണമെന്ന് ഒഡ്വയർ ഉത്തരവിട്ടു (ഈ ഉത്തരവ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷമാണ് പുറപ്പെടുവിച്ചതെന്നും പറയപ്പെടുന്നു).

മുന്നറിയിപ്പില്ലാതെ കൂട്ടക്കുരുതി

ഏപ്രിൽ 11 രാത്രി നഗരത്തിന്റെ ചുമതല ജലന്ധറിൽ നിന്നെത്തിയ ഡയറിന് ഒഡ്വയർ വിട്ടുകൊടുത്തു. 12നു രാവിലെ ഡയർ നിരോധനാജ്ഞ പ്രഖ്യാപിച്ച് നഗരത്തിലൂടെ മാർച്ച് നടത്തി. പൊതുനിരത്തിൽ നാലുപേരിൽ കൂടുതൽ കൂടിനിൽക്കുന്നതു നിരോധിച്ചു. ഇതൊന്നും പതിമൂന്നാം തീയതി വൈശാഖി ഉൽസവത്തിനു വരികയായിരുന്ന മിക്കവരും അറിഞ്ഞിരുന്നില്ല. എല്ലാ കൊല്ലവുമെന്നപോലെ അന്നു കാലത്തുമുതൽ നൂറുകണക്കിനു ഗ്രാമീണർ ഒറ്റയ്ക്കും ചെറുസംഘങ്ങളായും അമൃത്‍സറിലേക്കു കാളവണ്ടികളിലും കാൽനടയായുമൊക്കെ എത്തി. ഗ്രാമീണർ നഗരവീഥികളിലൂടെ നടന്നുപോകുന്നതു കണ്ടപ്പോൾ നിരോധനാജ്ഞ പിൻവലിച്ചുവെന്നു കരുതി നഗരവാസികളും പുറത്തിറങ്ങിത്തുടങ്ങി. മാത്രമല്ല, ബ്രിട്ടിഷുകാരുടെ നീതിബോധത്തിലും നിയമസംവിധാനത്തിലും അപ്പോഴും കുറച്ചെങ്കിലും വിശ്വാസമുണ്ടായിരുന്ന പലരും കരുതി – നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും വൈശാഖി ദിനത്തിൽ അതു നടപ്പാക്കാൻമാത്രം ബുദ്ധിമോശം ബ്രിട്ടിഷ് ഭരണാധികാരികൾ കാണിക്കുമോ?

അങ്ങനെ കുറേപ്പേരാണു നഗരത്തിലെ ഏക തുറസ്സായ സ്ഥലമായ ജാലിയൻവാലാബാഗിൽ എത്തിയത്. ജനക്കൂട്ടം കണ്ടപ്പോൾ നഗരവാസികളായ പ്രതിഷേധ നേതാക്കളിൽ ചിലർ അവരെ അഭിസംബോധന ചെയ്യാൻ തുടങ്ങി. ജനം കൂടുമെന്നറിഞ്ഞ ഡയർ 90 പടയാളികളുമായി മൈതാനത്തിലേക്കുള്ള ഇടുങ്ങിയ തെരുവിലൂടെ മാർച്ച് ചെയ്തെത്തി. നിയമാനുസൃതമല്ലാത്ത യോഗങ്ങൾക്കെതിരെ ബലംരപയോഗിക്കുന്നതിനു മുൻപു പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടുകൊണ്ടു നൽകുന്ന മുന്നറിയിപ്പുപോലും അയാൾ നൽകിയില്ല.
പകരം അയാൾ ആക്രോശിച്ചു:

‘‘ഫയർ.’’

ആ ആക്രോശം പഞ്ചാബിന്റെ നെഞ്ചിൽ തറച്ചു. മാന്യൻമാരെന്നു വിശ്വസിച്ചിരുന്ന ബ്രിട്ടിഷുകാർ ചെയ്ത ആ വൻ ചതിയുടെ വെടിയുണ്ടകൾ പഞ്ചാബിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ഏഴു പതിറ്റാണ്ടായി നിലനിന്നിരുന്ന, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ രാഷ്്ട്രീയബന്ധം ആ പത്തു മിനിറ്റുനേരം നീണ്ടുനിന്ന വെടിവയ്പിൽ തകർന്നുവീണു. നിരായുധർക്കെതിരെ ആയുധമുള്ളവൻ നടത്തിയ ആ കരാളനൃത്തത്തിൽ 379 പേർ മരിച്ചതായാണ് ബ്രിട്ടിഷ് കണക്ക്; ആയിരത്തിലധികമെന്ന് ഇന്ത്യക്കാർ കരുതുന്നു. വെടിയുണ്ടകൾ തീർന്നപ്പോൾ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ഡയർ സൈനികരുമായി മടങ്ങി. മുറിവേറ്റവർക്കു വൈദിക സഹായം എത്തിക്കാനോ, മൃതദേഹങ്ങൾ എടുത്തുമാറ്റാനോ ആരെയും അനുവദിച്ചില്ല. നായ്ക്കൾക്കും കഴുകൻമാർക്കും ഭക്ഷണമായി ഒരു രാത്രി മുഴുവൻ അവ അവിടെ കിടന്നു.

രാജ്യമാസകലം പ്രതിഷേധം

അടുത്ത ഏതാനും ആഴ്ചകൾ പഞ്ചാബിൽ നിരോധനാജ്ഞ തുടർന്നു. പ്രതിഷേധിച്ച നേതാക്കളെയെല്ലാം പട്ടാള നിയമപ്രകാരമുള്ള പ്രത്യേക കോടതികളിൽ വിചാരണ ചെയ്തുതുടങ്ങി. ഇതോടെ ഇന്ത്യ മുഴുവൻ ഇളകിത്തുടങ്ങി, രാജ്യമാസകലം പ്രതിഷേധപ്രകടനങ്ങളും ചിലയിടങ്ങളിൽ അക്രമവും. റിപ്പോർട്ടുകൾ ലണ്ടനിലുമെത്തി. ബ്രിട്ടിഷുകാരിൽ പലരും ഡയറുടെ നടപടിയെ വിമർശിച്ചു – കടുത്ത സാമ്രാജ്യവാദിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ പോലും. പട്ടാളനിയമം ലംഘിച്ചവരെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതികൾ റദ്ദാക്കാൻ പ്രധാനമന്ത്രി ലോയ്ഡ് ജോർജിന്റെ ഭരണകൂടം ഒരു രാജവിളംബരത്തിലൂടെ വൈസ്രോയ് ചെംസ്ഫഡിനോട് ആജ്ഞാപിച്ചു. ചെംസ്ഫഡിന്റെ എതിർപ്പു മറികടന്ന് ഹണ്ടർ പ്രഭുവിന്റെ നേതൃത്വത്തിൽ അഞ്ചു ബ്രിട്ടിഷുകാരും രണ്ട് ഇന്ത്യക്കാരും അടങ്ങിയ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡയറുടെ നടപടി വിമർശിക്കപ്പെട്ടു.

ഡയറെ സൈനിക കോടതി കുറ്റക്കാരനായി കണ്ടെത്തി. സൈന്യത്തിൽ നിന്നു വിരമിച്ച ഡയർ പിന്നീടു പക്ഷാഘാതം വന്നു മരിച്ചു. ഇവയൊന്നും പഞ്ചാബിന്റെ ഹൃദയത്തിലേറ്റ മുറിവുകൾ ഉണക്കിയില്ല. ദേശീയപ്രക്ഷോഭത്തിൽ ഇതോടെ പഞ്ചാബികളും പൂർണഭാഗഭാക്കുകളായി, ഒപ്പം ഇന്ത്യയിലെ മിതവാദികളും. ബ്രിട്ടിഷ് സാമ്രാജ്യം ഉള്ളിന്റെയുള്ളിൽ ഒരു കിരാത സംവിധാനമാണെന്ന് ഇന്ത്യക്കാർക്കു ബോധ്യമായി. സ്വാതന്ത്ര്യസമരം ജനകീയപ്രസ്ഥാനമായി മാറി.

ശേഷം? ചരിത്രം അദ്ഭുതംകൂറിനിന്നു സാക്ഷ്യംവഹിച്ച ലോകചരിത്രത്തിലെ ഏറ്റവും വിപുലവും സമാധാനപരവുമായ സ്വാതന്ത്ര്യസമരം. ജാലിയൻവാലാബാഗിലെ നാട്ടുകൂട്ടത്തിന് ഒരു യുവാവും സുഹൃത്തുക്കളും വെള്ളം പകർന്നുകൊടുത്തിരുന്നതായി പറഞ്ഞല്ലോ. എങ്ങനെയോ അവൻ ഡയറിന്റെ വെടിയുണ്ടകളിൽനിന്നു രക്ഷപ്പെട്ടിരുന്നു. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞു ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ അവൻ അത്രയുംകാലം അന്വേഷിക്കുകയായിരുന്ന മൈക്കൽ ഒഡ്വെയറിനെ കണ്ടുമുട്ടി. നേരത്തേ കരുതിവച്ചിരുന്ന കൈത്തോക്കെടുത്ത് ഒഡ്വെയറുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. അവിടെവച്ചുതന്നെ പൊലീസിനു കീഴടങ്ങുകയും ചെയ്തു. വിചാരണക്കോടതിയിൽ ഉധാംസിങ് പറഞ്ഞു: – ‘‘അയാൾ അത് അർഹിച്ചിരുന്നു..’’
1940 ജൂലൈ 30ന് സർദാർ ഉധാംസിങ് യാതൊരു ചാഞ്ചല്യവുമില്ലാതെ തൂക്കിലേറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA