ADVERTISEMENT

ഒരു കംപ്യൂട്ടറിന്റെ പോലും ആഡംബരമില്ലാത്ത പഴയ മുറിയിലാണ് സുകുമാർ മുഖർജിയുടെ (66) ഇരിപ്പ്. തലയ്ക്കു തൊട്ടു മുകളിൽ സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം. ചുമരുകളിലെല്ലാം കഥയും കാലവും പറയുന്ന ചിത്രങ്ങൾ. 1919ൽ അമൃത്‌സറിൽ നടന്ന, കോൺഗ്രസ് പാർട്ടി അഖിലേന്ത്യാ സമ്മേളനത്തിന്റെയും സുകുമാറിന്റെ മുത്തച്ഛൻ ശാസ്തി ചരൺ മുഖർജിയുടെയുമെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ചരിത്രത്തിന്റെ നിറമുള്ള ഈ ചുമരുകളുടെയും ജാലിയൻവാലാ ബാഗ് സ്മാരകത്തിന്റെയും ചൗക്കിദാറിനു (കാവൽക്കാരൻ) പറയാനേറെയുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ കനൽവഴികൾ കാട്ടിത്തരുന്ന ജാലിയൻവാലാ ബാഗിന്റെ സംരക്ഷണം, ഒരു ട്രസ്റ്റിനു കീഴിലാണിപ്പോൾ. അതിന്റെ ചുമതലക്കാരനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 25–ാം വയസ്സിൽ വിരമിച്ച ഈ ബംഗാൾ സ്വദേശി.

ബംഗാളുകാരൻ  അമൃത്‌സറിലെത്തിയ കഥ

ഹോമിയോ ഡോക്ടറായിരുന്നു മുത്തച്ഛൻ ശാസ്തി ചരൺ മുഖർജി; കടുത്ത കോൺഗ്രസുകാരനും. അലഹാബാദ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ‘മഹാമന’ മദൻ മോഹൻ മാളവ്യയുമായി ചങ്ങാത്തം സ്ഥാപിച്ചു. 1910ൽ അമൃത്‌സറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കായി ശാസ്തിയെ നിയോഗിച്ചത് മാളവ്യയായിരുന്നു. സമ്മേളനം പൂർത്തിയായെങ്കിലും ശാസ്തി മടങ്ങിയില്ല; അമൃത്‌സറിൽത്തന്നെയങ്ങു കൂടി. ജാലിയൻവാലാ ബാഗിൽ കൂട്ടക്കൊല നടന്ന ദിവസം, 1919 ഏപ്രിൽ 13ന് സംഭവസ്ഥലത്തുണ്ടായിരുന്നു അദ്ദേഹം. വെടിവയ്പു നടന്നപ്പോൾ സ്റ്റേജിനു കീഴിൽ ഒളിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി.

തൊട്ടുപിന്നാലെ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ജാലിയൻവാലാ ബാഗ് ഏറ്റെടുക്കണമെന്ന പ്രമേയം ശാസ്തി അവതരിപ്പിച്ചു. മദൻ മോഹൻ മാളവ്യ പ്രസിഡന്റും ശാസ്തി ചരൺ മുഖർജി സെക്രട്ടറിയുമായി സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. സ്ഥലം ഏറ്റെടുക്കാനും സ്മാരകം നിർമിക്കാനും പണം ആവശ്യമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അതിനും പരിഹാരമുണ്ടാക്കി.
കൂട്ടക്കൊല നടന്ന സ്ഥലം സ്മാരകമാക്കി മാറ്റുന്നതിനോട് ബ്രിട്ടിഷുകാർക്കു താൽപര്യമുണ്ടായിരുന്നില്ല. ഇവിടം ഒരു വസ്ത്രവിൽപന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ അവരും നടത്തി. എന്നാൽ, 1920ൽ ജാലിയൻവാലാ ബാഗ് ട്രസ്റ്റ് സ്ഥലം ഏറ്റെടുത്തു. വസ്തുവിന്റെ ആധാരം കൈക്കലാക്കാൻ ബ്രിട്ടിഷുകാർ പല വഴിയും നോക്കി. ശാസ്തി ചരൺ മുഖർജിയെ അറസ്റ്റ് ചെയ്തു. പക്ഷേ, ആ മണ്ണ് അദ്ദേഹം വിട്ടുകൊടുത്തില്ല. അന്നു മുതൽ മുഖർജി കുടുംബമാണ് ഈ മണ്ണിന്റെ കാവൽക്കാർ.

കഥ പറയും ജീവിതം

ശാസ്തി ചരൺ മുഖർജിയിൽനിന്ന് മകൻ ഉപേന്ദ്ര നാരായണിലേക്കാണു ചുമതലയെത്തിയത്. ഉപേന്ദ്ര നാരായൺ മുഖർജിയുടെ മൂന്നു മക്കളിൽ ഇളയവനാണു സുകുമാർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭിച്ച ജോലി 1978ൽ രാജിവച്ച ശേഷമാണ് മുഴുവൻ സമയവും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായത്. 1988ൽ ഉപേന്ദ്ര നാരായൺ മരിച്ച ശേഷം സുകുമാറിനായി ട്രസ്റ്റിന്റെ ചുമതല.
അന്നുമുതൽ ഇന്നു വരെ ജാലിയൻവാലാ ബാഗിന്റെ കഥകൾക്കൊപ്പമാണ് സുകുമാറിന്റെ ജീവിതം. ഇടയ്ക്കു ബംഗാളിൽ പോയിവരുമെന്നു മാത്രം. ചരിത്രസ്മാരകത്തോടു ചേർന്നുള്ള രണ്ടുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. താഴെ ഓഫിസ് മുറിയും. വരുമാനം തന്നെയാണു പ്രധാന വെല്ലുവിളിയെന്ന് സുകുമാർ പറയുന്നു. സ്മാരകത്തിൽ പ്രവേശനഫീസ് പോലുമില്ല. സ്മാരകത്തോടു ചേർന്നുള്ള കെട്ടിടത്തിന്റെ വാടകയാണു പ്രധാന വരുമാനം. ട്രസ്റ്റിനു കീഴിലുള്ള ജോലിക്കാർക്കു ശമ്പളം നൽകുന്നതുൾപ്പെടെ ഇതിൽനിന്നാണ്.

ട്രസ്റ്റിന്റെ ചെയർമാൻ പ്രധാനമന്ത്രിയാണെങ്കിലും, പ്രവർത്തനം നടത്തിക്കൊണ്ടു പോകുക ഏറെ ഭാരിച്ച ചുമതലയാണെന്നു സുകുമാർ മുഖർജി പറയുന്നു. പ്രദേശത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ 2011ൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിട്ട ദിവസം, ഗുണ്ടാസംഘങ്ങൾ പിന്തുടർന്ന കഥ അദ്ദേഹം ഓർമിക്കുന്നത് ഭീതിയോടെയാണ്. ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടെ പൊലീസുകാർ കൈമലർത്തി. സ്ഥലം കാലിയാക്കിയതും ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതുമെല്ലാം സുകുമാർ ഒറ്റയ്ക്കാണ്.
ജാലിയൻവാലാ ബാഗിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കാൻ ഐടിഡിസി നടപടി സ്വീകരിച്ചപ്പോഴുമുണ്ടായി പ്രതിഷേധങ്ങൾ. വ്യാജപ്രചാരണങ്ങൾ രൂപപ്പെടുകയും ഭഗത്‌സിങ് നൗജവാൻ സഭയുടെ പ്രവർത്തകർ ചേർന്ന്, ഇതിനുവേണ്ടി തയാറാക്കിയിരുന്ന സ്റ്റേജും മറ്റും തകർക്കുകയും ചെയ്തു. ഇത്തരം പൊല്ലാപ്പുകളേറെയുണ്ടെങ്കിലും സുകുമാറിനു പരാതികളൊന്നുമില്ല. തന്റെ മുൻഗാമികൾ കൈമാറിയ ജോലി ഇപ്പോഴും ഭംഗിയായി നിർവഹിക്കുന്നു.

സാധാരണമല്ലാത്തൊരു ജീവിതം

സുവർണക്ഷേത്രത്തിനു സമീപം ജാലിയൻവാലാ ബാഗിൽ താമസിക്കുന്നതിനാൽ തന്റെ പല ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട് സുകുമാറിന്. ജനിച്ചതു ബംഗാളിലാണെങ്കിലും മനസ്സുകൊണ്ടും ജീവിതംകൊണ്ടും താനൊരു പഞ്ചാബിയാണെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, മക്കൾ മറ്റു വഴിക്കാണ്. 1980കളിൽ കാകാലി മുഖർജിയെ വിവാഹം ചെയ്തു ജാലിയൻവാലാ ബാഗിലെത്തിയ സമയത്താണ് സിഖ് കലാപം പൊട്ടിപ്പുറപ്പെട്ടത്; ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ സമയവും. ആഴ്ചകളോളം വീടിനു പുറത്തിറങ്ങാൻ സാധിച്ചില്ല. പിതാവ് ഉപേന്ദ്ര നാരായണന് ഭക്ഷ്യവസ്തുക്കൾ മുൻകൂട്ടി വാങ്ങിവയ്ക്കുന്ന ശീലമുണ്ടായിരുന്നതിനാൽ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി.

വാരാന്ത്യങ്ങളും അവധിദിനങ്ങളും കുടുംബത്തിനായി മാറ്റിവയ്ക്കാൻ കഴിയാറില്ല. പല അവധിദിവസങ്ങളിലും വിഐപികളും മറ്റും സന്ദർശനത്തിനുണ്ടാകും. അതിന്റെ സുരക്ഷയും മറ്റും കാരണം പുറത്തിറങ്ങാൻ കഴിയില്ല. ഭഗത്‌സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ മാർച്ച് 23നാണ് മകൾ പ്രോഷിതയുടെ ജൻമദിനം. സിഖ് മതവിശ്വാസികളും പഞ്ചാബികളുമെല്ലാം അന്നേ ദിവസം പ്രാർഥനയും അനുസ്മരണവുമായി ചെലവിടുന്നതിനാൽ പ്രോഷിതയുടെ ജന്മദിനം ആഘോഷിക്കാനേ കഴിഞ്ഞിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥയായ പ്രോഷിത ഇപ്പോൾ ധാക്കയിലാണ്. ഫാഷൻ ഡിസൈനറായ രണ്ടാമത്തെ മകൾ ശ്രേയയാകട്ടെ, കൊൽക്കത്തയിലും. സുകുമാറിന്റെ 2 സഹോദരങ്ങളും കൊൽക്കത്തയിലേക്കു മടങ്ങി. 3 സഹോദരിമാരും വിവാഹം കഴിഞ്ഞു മറ്റു സ്ഥലങ്ങളിലാണു താമസം.

‘ആരോഗ്യപ്രശ്നങ്ങളും മറ്റും കാരണം, കൊൽക്കത്തയിലേക്കു വരാൻ മക്കൾ ക്ഷണിക്കുന്നുണ്ട്. എന്നാൽ, ഈ മണ്ണ് എങ്ങനെ ഉപേക്ഷിക്കാൻ. നൂറുകണക്കിനാളുകളുടെ രക്തംവീണ മണ്ണിലാണു ഞാൻ ജീവിക്കുന്നത്. അവരെ എനിക്ക് ഉപേക്ഷിക്കാനാവില്ല’ – സുകുമാർ പറയുന്നു.  പിരിയും മുൻപ് ഒന്നു കൂടി ചോദിച്ചു, 100–ാം വാർഷികത്തിലെങ്കിലും കൂട്ടക്കൊലയുടെ പേരിൽ ബ്രിട്ടൻ മാപ്പുപറയേണ്ടതല്ലേ? ബ്രിട്ടൻ പല തവണ പറയാതെ പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു സുകുമാറിന്റെ മറുപടി. 2013ൽ സ്ഥലം സന്ദർശിച്ച അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ ഖേദം രേഖപ്പെടുത്തിയതും എലിസബത്ത് രാജ്ഞി സ്ഥലം സന്ദർശിച്ചതുമെല്ലാം ഇതിനു തെളിവാണെന്നു വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്ടം.

ജാലിയൻവാലാ ബാഗ് സ്മാരകം ഒറ്റനോട്ടത്തിൽ

സ്ഥലം– 6.5 ഏക്കർ

∙ സ്ഥലം വാങ്ങാനുള്ള പ്രമേയം പാസാക്കിയത്–1919

∙ സ്മാരകം നിർമിക്കാനും സ്ഥലം വാങ്ങാനുമായി ശേഖരിച്ചത്–5,60,472 രൂപ

∙ സ്ഥലം ഏറ്റെടുത്തത്: 1920 ഓഗസ്റ്റ് 1

∙ ജാലിയൻവാലാ ബാഗ് സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്: 1951 മേയ് ഒന്ന്

∙ ഫ്ലെയിം ഓഫ് ലിബർട്ടി എന്ന സ്മാരകത്തിനു ചെലവഴിച്ചത് – 9.25 ലക്ഷം രൂപ

∙ രൂപകൽപന ചെയ്തത് – യുഎസ് കലാകാരൻ ബെഞ്ചമിൻ പോൾക്ക്

∙ സ്മാരകത്തിന്റെ ഉദ്ഘാടനം – 1961 ഏപ്രിൽ 13, അന്നത്തെ പ്രസിഡന്റ് രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മുഖ്യാതിഥികൾ.

∙ സ്മാരക ട്രസ്റ്റിലെ അംഗങ്ങൾ: പ്രധാനമന്ത്രി (ചെയർമാൻ), പഞ്ചാബ് മുഖ്യമന്ത്രി, ഗവർണർ, കേന്ദ്ര സാംസ്കാരിക മന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ് (കോൺഗ്രസ് അധ്യക്ഷൻ അംഗമായിരുന്നെങ്കിലും ഒഴിവാക്കാനുള്ള ഭേദഗതി ബിൽ ലോക്സഭ ഈ ഫെബ്രുവരിയിൽ പാസാക്കിയിരുന്നു).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com