മഹിമയോടെ നാഥനുയിർക്കുന്നു...

ME-Manuel
SHARE

‘സ് നേഹമാല്യം’ എന്ന ആൽബത്തിനുവേണ്ടി ആബേലച്ചൻ എഴുതിയ 

‘പൊന്നൊളിയിൽ കല്ലറ മിന്നുന്നു

മഹിമയോടെ നാഥനുയിർക്കുന്നു...’ 

എന്ന ഈസ്റ്റർ ഗാനത്തിന്റെ ഫൈനൽ മിക്സിങ് നടക്കുകയാണു തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ. സംഗീതസംവിധായകൻ എം.ഇ. മാനുവലും റിക്കോർഡിസ്റ്റ് ബാലകൃഷ്ണനും ഓപ്പറേറ്റർ കരുണാകരനും.  ഒരുപാട് ട്രാക്കുകളുള്ള സങ്കീർണമായ പാട്ട്. ഫൈനൽ വേർഷൻ ‘ഒകെ’ പറഞ്ഞു കസേരയിലേക്കു ചാഞ്ഞപ്പോൾ മാനുവലിനെ പിന്നിൽനിന്നൊരാൾ കെട്ടിപ്പിടിച്ചു ചെവിയിൽ പറഞ്ഞു. ‘അസ്സലായിട്ടുണ്ട്.’ തിരിഞ്ഞുനോക്കിയപ്പോൾ സംഗീതസംവിധായകൻ രവീന്ദ്രൻ!

‘ഞാൻ കുറേ നേരമായി ഇവിടെ രസംപിടിച്ചിരിപ്പുണ്ടായിരുന്നു. നീ ഗംഭീരമായി ചെയ്തു.’ വെറുംവാക്ക് പറയാത്ത രവീന്ദ്രന്റെ അനുമോദനത്തിൽ മനസ്സ് നിറഞ്ഞുനിന്ന മാനുവലിനോട് അദ്ദേഹം വീണ്ടും പറഞ്ഞു. ‘ഇതു പോളിഫോണിക് ആയി എടുത്താൽ കൂടുതൽ നന്നാവും’. (പ്രധാനഗായകന്റെ ശബ്ദത്തിനൊപ്പം മറ്റൊരു ഗായകന്റെ ആലാപനം സെക്കൻഡ് വോയ്സായി ഒപ്പം കേൾപ്പിക്കുക)

‘മാഷേ, ഒരു ഹാർമോണിയം മാത്രമുള്ള പള്ളിയിൽപോലും പാടാൻ പറ്റണം എന്ന ഉദ്ദേശ്യത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ്   പരീക്ഷണങ്ങൾക്കൊന്നും മുതിരാത്തത്.’

‘എങ്കിൽ കൊള്ളാം. നിന്റെ പാട്ട് കേട്ട് ഞാൻ നല്ല മൂഡിലായി. ഇന്നത്തെ ചെലവ് എന്റെ വക.’

‘അദ്ദേഹം എന്നെയും കൂട്ടി പാളയത്ത് ‘പുകമുറി’ എന്നറിയപ്പെട്ടിരുന്ന ഹോട്ടലിൽ പോയി ഒന്നിച്ചു ഭക്ഷണം കഴിച്ചു.’ മാനുവൽ ഓർമിക്കുന്നു. 

യേശുദാസിനെപ്പോലെയൊരു ഗായകനെ കിട്ടിയിട്ടും സാധാരണ സ്ഥായിയിലാണ് ഈ പാട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം വിശദീകരിക്കുന്നു. 

‘ഈസ്റ്റർ വിഷയമായ വിരലിലെണ്ണാവുന്ന ഗാനങ്ങളേയുള്ളൂ. അതുകൊണ്ടുതന്നെ ഉളള പാട്ടുകൾ എല്ലാവർക്കും പാടാൻ കഴിയണം. പാട്ടിൽകുറേ ക്ലിഷ്ടതകൊണ്ടുവന്നാൽ എനിക്കും യേശുദാസിനും പേര് കിട്ടും. പക്ഷേ, അതുകൊണ്ട് കാര്യമില്ല.’

ഹിറ്റുകൾ സമ്മാനിച്ചശേഷം പെട്ടെന്ന് അപ്രത്യക്ഷമായ പ്രതിഭയാണു മാനുവൽ. പതിറ്റാണ്ടുകളായി കുവൈത്തിൽ സംഗീതാധ്യാപകനായി ഒതുങ്ങി ജീവിക്കുകയാണ് ഈ കൊച്ചിക്കാരൻ.

എറണാകുളം സിമത്തേരിമുക്ക് മഷ്ണശേരി മാനുവലിന് ജീവിതമെന്നാൽ സംഗീതമായിരുന്നു. കലാഭവനിൽ ഹാർമോണിയം, കീബോർഡ് പ്ലെയർ ആയാണു തുടക്കം. എച്ച്എംവിക്കു വേണ്ടി ഫാ. മൈക്കിൽ പനയ്ക്കൽ ( മധുര പ്രതീക്ഷകൾ – യേശുദാസ്‍, അന്ധനു കാഴ്ച നൽകിയ – ജോളി ഏബ്രഹാം), വർഗീസ് മാളിയേക്കൽ (ഉണ്ണിയെ കൈയിലേന്തി– യേശുദാസ്) എന്നിവരുടെ രചനയ്ക്കു സംഗീതം നൽകിയ ആൽബങ്ങൾ വിജയമായപ്പോഴാണു യേശുദാസ് തരംഗിണിയിലേക്കു ക്ഷണിക്കുന്നത്. 

തരംഗിണിയുടെ വിജയത്തിനുവേണ്ടി ചോരയും നീരും നൽകി മാനുവൽ പ്രയത്നിച്ചു. ഒരുപാട് ആഗ്രഹിച്ചിരുന്ന ആബേലച്ചന്റെ രചന കിട്ടിയപ്പോൾ സംഗീതം ചെയ്യാൻ യേശുദാസ് നിർദേശിച്ചതു മാനുവലിനോട്. അതാണ് സൂപ്പർ ഹിറ്റായ ‘സ്നഹമാല്യം’.

കാൽവരിമലയുടെ ബലിപീഠത്തിൽ..., വേദനയാൽ..., ഞാനെൻ നാഥനെ വാഴ്ത്തുന്നു...., മാലാഖമാരുടെ ഭാഷയറിഞ്ഞാലും...., മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ... തുടങ്ങിയവയായിരുന്നു ‘സ്നേഹമാല്യ’ത്തിലെ മറ്റു ഹിറ്റുകൾ.

കേരളത്തിലെ ഒന്നാംനിരക്കാരെയാണ് പശ്ചാത്തലത്തിൽ മാനുവൽ അണിനിരത്തിയത്. 

വയലിനിൽ ഫ്രാൻസീസ്, മോഹൻ സിതാര, മുരളി സിതാര, ചിദംബരം, ഹെറാൾഡ്, രാജേന്ദ്രൻ, ഓശപ്പൻ, ഗോഡ്‌വിൻ, ചാക്കോ. കീബോർഡ് കൈകാര്യം ചെയ്തതു മാനുവലും ജാക്സണും ലിപ്സണും. ഗിറ്റാറിൽ സതീഷ് ചന്ദ്രനും ജോളി ആന്റണിയും. തബലയിൽ കൊച്ചാന്റിയും മച്ചാന്റിയും. ഡോലക്കിൽ വിജയൻ. ഫ്ലൂട്ട് മുരളി. സിത്താറിൽ സുബ്രഹ്മണ്യം. പലരും ഇന്നു നമ്മോടൊപ്പമില്ല. പെട്ടെന്നൊരുനാൾ തരംഗിണിയോടു വിടപറഞ്ഞു കുവൈത്തിലേക്കു പോയതിനാൽ ‘സ്നേഹമാല്യ’ത്തിനുശേഷം മറ്റൊരു ആൽബം ഇദ്ദേഹത്തിൽനിന്ന് ഉണ്ടായില്ല. 

‘പൊന്നൊളിയിൽ കല്ലറ മിന്നുന്നു...’ എന്ന ഗാനം പാടി കൺസോളിൽനിന്നിറങ്ങിയ യേശുദാസ്, മാനുവലിന്റെ ചുമലിൽ ഒന്നു തട്ടി. ഈ ഗാനം കേൾക്കുന്ന ആസ്വാദകരും മനസ്സുകൊണ്ട് അതു ചെയ്യുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA