ADVERTISEMENT

രണ്ടു വർഷം മുൻപ് അങ്കമാലിയിൽ ക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള 'എന്റെ രക്ഷകൻ' ബൈബിൾ മെഗാ ഷോയുടെ അവതരണം അന്ത്യത്തോടടുക്കുന്നു. കാണികൾക്കിടയിൽ സ്ഥാപിച്ച റാംപിലൂടെ കുരിശും താങ്ങിപ്പിടിച്ച് ക്രിസ്തു നടന്നുവരുന്നു.  ഭടന്മാർ ചാട്ടവാറു കൊണ്ടടിക്കുന്നു. തൊട്ടടുത്ത നിമിഷം കാണികളിലൊരാളായ കന്യാസ്ത്രീ ചാടി റാംപിൽ കയറി. ഭടനായി അഭിനയിച്ച സുജിത്തിന്റെ കയ്യിൽ കയറിപ്പിടിച്ചു–'യേശുവിനെ തൊട്ടുപോകരുത്'- അവർ ആക്രോശിച്ചു. സംവിധായകനായ ഞാനുൾപ്പെടെ എല്ലാവരും സ്തബ്ധരായി. വൈകാതെ സംഘാടകർ രംഗത്തെത്തി സിസ്റ്ററെ അനുനയിപ്പിച്ച് സീറ്റിൽ തിരികെ കൊണ്ടുപോയി ഇരുത്തി. ഷോ തുടർന്നു!

ബൈബിൾ ഒരിക്കൽ പോലും വായിച്ചിട്ടില്ലാത്ത ഒരു കലാകാരനോട് ക്രിസ്തുവിനെക്കുറിച്ചൊരു നാടകം ചെയ്യണമെന്നു പറഞ്ഞാൽ തരിച്ചിരുന്നു പോകേണ്ടതാണ്, പക്ഷേ ഇരുനൂറിലധികം കഥാപാത്രങ്ങളെയും അൻപതിലധികം പക്ഷിമൃഗാദികളെയുമായി 87 വേദികളിൽ ആ നാടകം എത്തിയിട്ടുണ്ടെങ്കിൽ അത് ക്രിസ്തു ഏൽപ്പിച്ച നിയോഗമായിരുന്നിരിക്കണം. ഓരോ അവതരണത്തിനും ശേഷം എന്റെ മനസ്സിലെ ക്രിസ്തുവിന്റെ ചിത്രത്തിന്റെ തെളിച്ചം കൂടിക്കൊണ്ടേയിരുന്നു.

കലയുടെ നിഴലാട്ടം

‘എന്റെ രക്ഷകൻ’ നാടകത്തിന് അധികമാരും കാണാത്ത ഒരു ആദ്യപതിപ്പുണ്ടായിരുന്നു. ഒന്നോ രണ്ടോ വേദിയിൽ മാത്രം അവതരിപ്പിച്ച ആ നാടകം അവസാനിപ്പിച്ച് വർഷങ്ങൾക്കു ശേഷമാണ് ഇപ്പോഴുള്ള വലിയ ഷോ ജനിക്കുന്നത്. 

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്കമൂർ ചാരിറ്റബിൾ ട്രസ്റ്റിലെ ബെഞ്ചമിനും കവി വി.മധുസൂദനൻ നായരുമാണ് ക്രിസ്തുവിനെക്കുറിച്ച് നാടകം ചെയ്യണമെന്ന് ആവശ്യവുമായി ഒരു ദിവസം എത്തുന്നത്.‌

കേട്ടപാടെ ഞാൻ ഞെട്ടിത്തരിച്ചു. എന്നെക്കൊണ്ട് എടുത്താൽ പൊങ്ങുന്ന കഥാപാത്രമാണോ ക്രിസ്തു എന്നു ഭയപ്പെട്ടു. ഞാനത് തുറന്നു പറഞ്ഞു. പക്ഷേ അവരുടെ ആത്മവിശ്വാസത്തിനു മുന്നിൽ എനിക്കു മറ്റ്  പോംവഴികളില്ലായിരുന്നു. പെട്ടെന്നു കഴിയില്ല, ഗവേഷണത്തിനും വായനയ്ക്കുമായി കുറെ സമയം വേണമെന്നായി ഞാൻ.

ആദ്യമേ ഒരു കാര്യം പറഞ്ഞു, ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെയാവണമെന്നില്ല അവതരണം. നാടകത്തിനൊടുവിൽ ക്രിസ്തു ജ്യേഷ്ഠനും ഗുരുവുമൊക്കെയായി പ്രേക്ഷകർക്ക് തോന്നണം. അവർ സമ്മതിച്ചു.

സാധാരണക്കാരനായ ഏതൊരു വ്യക്തിക്കും ക്രിസ്തുവിനെക്കുറിച്ചറിയുന്ന പരിമിതമായ വിവരങ്ങൾ മാത്രമേ എനിക്കും അതുവരെയുണ്ടായിരുന്നുള്ളു. ബൈബിൾ ഒരിക്കൽ പോലും വായിച്ചിട്ടുമില്ല.

പിറ്റേന്നു മുതൽ ക്രിസ്തുവിനെ തേടിയുള്ള യാത്രയുടെ ദിനങ്ങളായിരുന്നു.  അറിയും തോറും ആഴം കൂടിക്കൂടി വന്നു. ദിവസവും വൈകുന്നേരം വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളെ പോയി കണ്ടു. ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ. ആ വരികൾക്കിടയിലാണ് കലയുടെ നിഴലാട്ടം കണ്ടത്. ഓരോ തവണ കാണുമ്പോഴും മനസ്സിനെ മാറ്റിക്കൊണ്ടിരിക്കുന്നതാണ് കല. ഒരു പുഴയിൽ രണ്ടുതവണ ഇറങ്ങാൻ കഴിയില്ലെന്നു പറഞ്ഞതുപോലെ. പല തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന കഥാപാത്രങ്ങളിലൂടെയാണല്ലോ കലാസൃഷ്ടികൾ രൂപപ്പെടുന്നത്. 'എന്റെ രക്ഷകൻ' എന്ന സങ്കൽപം എന്നെ ആവേശഭരിതനാക്കിയതും ഇങ്ങനെയാണ്.

സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തിയായിട്ടാണ് ക്രിസ്തുവിനെ ഞാൻ കണ്ടത്. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാക്കി മാറ്റുന്ന പ്രതിഭാസം!

പല വ്യാഖ്യാനങ്ങളും നാടകത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിനു പിന്നിലെ അർഥതലങ്ങൾ ഞാൻ വെളിവാക്കാറില്ല. അതിനൊരു കാരണമുണ്ട്. 

ഉറക്കമില്ലാത്ത രാത്രികൾ

നാടകത്തിന്റെ ആദ്യ പതിപ്പ് തിരുവനന്തപുരത്ത് രണ്ടു വേദികളിൽ അവതരിപ്പിച്ച ശേഷം അവസാനിപ്പിച്ചു. പക്ഷേ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇതേ കഥ വീണ്ടുമെടുക്കണമെന്ന തോന്നൽ വല്ലാതെ അലട്ടി. ആദ്യത്തേത് അപൂർണമായിരുന്നുവെന്നൊരു തോന്നൽ. ചിലപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ടു.

ചങ്ങനാശേരി ചെത്തിപ്പുഴയിൽ സിഎംഐ പുരോഹിതന്മാർ നേതൃത്വം നൽകുന്ന സർഗക്ഷേത്രയുടെ ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളവുമായുള്ള സംസാരത്തിലാണ് വീണ്ടും ആ ആശയം തളിരിടുന്നത്. 

അഞ്ചു പൈസയില്ലായിരുന്നു. സിനിമ പോലെയല്ലല്ലോ, ലാഭമൊന്നുമില്ലാത്തതുകൊണ്ട് ആര് കാശുതരുമെന്നായിരുന്നു പേടി. ഒരു കോടി രൂപ വേണമായിരുന്നു. ഏറ്റവും വേണ്ടപ്പെട്ട 20 പേരോട് അഞ്ചു ലക്ഷം വീതം ചോദിക്കാൻ തീരുമാനിച്ചു. ആദ്യം പോയത് ബെഞ്ചമിന്റെ അടുത്തു തന്നെ. ബെഞ്ചമിൻ സന്തോഷത്തോടെ പണം തന്നു. പല പ്രോജക്ടുകൾക്കും പണം തേടി നടന്നിട്ടുണ്ട്, അതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ ഈ വിഷയം പറഞ്ഞപ്പോൾ 20 പേരിൽ‍ ഒരൊളൊഴികെ ബാക്കിയെല്ലാവരും ഉടൻ പണം തരാമെന്നേറ്റു! ഇതിൽ എല്ലാ മതക്കാരുമുണ്ടെന്ന് ഓർക്കണം.

രണ്ടാം പതിപ്പിനായി വീണ്ടും ഗവേഷണം തുടർന്നു. ക്ലാസെടുക്കാൻ പോയിരുന്ന സെമിനാരികളിൽ നിന്നു തുടക്കക്കാർക്കു വേണ്ടിയുള്ള പുസ്തകങ്ങളും ശേഖരിച്ചു. ലോകോത്തര ബൈബിൾ സിനിമകൾ കണ്ടാണ് വേഷം തീരുമാനിച്ചത്. പലതും രൂപകൽപന ചെയ്തതു ചാക്കുകൊണ്ട്.

ഏഷ്യക്കാരനായ യേശു!

ഏഷ്യയിൽ ജനിച്ച യേശുവിന് ഒരു യൂറോപ്യന്റെ രൂപം നൽകുന്നത് ശരിയല്ലെന്നും വായനയിലൂടെ തോന്നി. ഏഷ്യയിൽ വളർന്നയാൾക്ക് ഇരുനിറവും കറുത്ത മുടിയും കറുത്തകണ്ണുകളുമായിരിക്കണമല്ലോ ഉണ്ടാവേണ്ടത്.

ബാക്കി കഥാപാത്രങ്ങളെയെല്ലാം കണ്ടെത്തിയപ്പോഴും എന്റെ മനസ്സിലുള്ള ക്രിസ്തുവിനെ കണ്ടെത്താൻ പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നു. 

ഒരിക്കൽ ഒരു ഗ്രന്ഥകർത്താവ് പുസ്തകം എഴുതിയപ്പോൾ‌ അവസാന ഖണ്ഡികയിലേക്ക് ഉദ്ദേശിച്ച ഒരു വാക്ക് മനസ്സിൽ കിട്ടിയില്ല. 10 വർഷക്കാലം അയാൾ അതിനു വേണ്ടി കാത്തിരുന്നു. ഒടുവിൽ ആ വാക്ക് എഴുതിചേർത്തപ്പോൾ പ്രസാധകൻ ഇങ്ങനെ പറഞ്ഞു– 'നിങ്ങളുടെ കാത്തിരിപ്പ് വെറുതെയായിരുന്നില്ല.' ഇത്തരമൊരു കാത്തിരിപ്പായിരുന്നു എന്റേതും.

ഒടുവിൽ ദൈവം തന്നെയാണ് പേരൂർക്കട സ്വദേശിയായ പ്രതീഷിനെ എന്റെ മുന്നിലെത്തിച്ചത്. ശരീരഭാരം അൽപം കൂടുതലായിരുന്നു. ഒരു മാസക്കാലത്തോളം ദിവസം ഒരു ചപ്പാത്തി കഴിച്ചാണ് അയാൾ കഴിഞ്ഞത്. കുരിശിൽക്കിടക്കുമ്പോൾ ക്രിസ്തുവിന്റെ വാരിയെല്ലുകൾ തെളിഞ്ഞു കാണണമായിരുന്നു. വേണമെങ്കിൽ വരച്ചുചേർക്കാമായിരുന്നു. പക്ഷേ ഒരു മാസം കഴിഞ്ഞപ്പോൾ വാരിയെല്ലുകൾ തനിയെ തെളിഞ്ഞുവന്നു.

വ്രതനിഷ്ഠയിൽ അവതരണം

റിഹേഴ്സൽ മുതൽ അവതരണം വരെ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചാണ് ഇത്രയും കലാകാരന്മാർ കഴിഞ്ഞത്. ക്രൈസ്തവരായിരുന്നില്ല ഭൂരിഭാഗവും. റിഹേഴ്സൽ തുടങ്ങിയപ്പോൾ അവരോടു പറഞ്ഞു– 'നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം നിങ്ങൾ വേണ്ടെന്നു വയ്ക്കണം'. ഈ വ്രതമാണ് ഞങ്ങളെ മുന്നോട്ടുനയിച്ചത്. 

ക്രൂശാരോഹണം അവതരിപ്പിക്കുമ്പോൾ മിക്കപ്പോഴും സ്റ്റേജിൽ ഒരാളുടെയെങ്കിലും ചോര വീഴുന്നതു പതിവായിരുന്നു. സാധാരണഗതിയിൽ സംവിധായകനെ ചീത്തവിളിക്കാൻ സാധ്യതയുള്ള അത്തരം ഘട്ടങ്ങളിൽ അതിനു പകരം അതൊരു അനുഗ്രഹമായിട്ടാണ് അവർ കണ്ടത്. അവതരണ സമയങ്ങളിൽ എല്ലാവരും കിടന്നത് ടെന്റുകളിൽ. ഒരു ഷോയ്ക്ക് ക്രിസ്തുവിനായാലും ഭടനായാലും 1,000 രൂപ മാത്രം പ്രതിഫലം!

കാഞ്ഞങ്ങാട്ടെ വിധവ

വർഷങ്ങൾക്കു മുൻപ് കാഞ്ഞങ്ങാട്ട് സ്ത്രീപർവം എന്ന നാടകം അവതരിപ്പിക്കുന്ന സമയം. അടുപ്പിച്ചുള്ള മൂന്നു ഷോ കാണാനായി ഒരു യുവതി വന്നിരുന്നു. വെള്ള സാരിയാണ് വേഷം. ആഭരണങ്ങൾ ധരിച്ചിട്ടില്ല. ഒറ്റനോട്ടത്തിൽ വിധവയാണെന്നു മനസ്സിലാകും. മടങ്ങുമ്പോൾ എന്റെ അടുത്തെത്തിയിട്ട് ഇങ്ങനെ പറഞ്ഞു–'സർ, ഇതിൽ അവതരിപ്പിച്ചതിനെക്കാൾ എത്രയോ കൂടുതലാണ് ഞങ്ങൾ അനുഭവിക്കുന്നത്'. 18 വയസ്സിൽ വിവാഹിതയായി. ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് അപകടത്തിൽ മരിച്ചു. ഇപ്പോൾ‌ വയസ്സ് 21. ചെറുപ്പമല്ലേ, വീണ്ടും വിവാഹം കഴിച്ചുകൂടേ എന്നു ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു– 'അയാൾ എന്നെ വിട്ടുപോയിട്ടില്ല, നെഞ്ചിലിപ്പോഴുമുണ്ട്'. എങ്കിൽ നീ വിധവയല്ല– ഞാൻ പറഞ്ഞു. അടക്കിപ്പിടിച്ച തേങ്ങലുകൾ‌ പൊട്ടിച്ചിതറി. കുറെ നേരം അവൾ കരഞ്ഞു. പിറ്റേന്ന്  നിറമുള്ള സാരിയും തലമുടിയിൽ പൂക്കളും ചൂടിയാണ് അവളെത്തിയത്. 

ബൈബിളിൽ ലാസറിന്റെ കഥ പറയുമ്പോൾ സഹോദരിമാരായ മാർത്തയുടെയും മറിയയുടെയും ചിത്രീകരണവേളയിൽ ഇവളായിരുന്നു മനസ്സു നിറയെ. ലാസർ പോയിട്ടില്ല, അവനിപ്പോഴും നിങ്ങളുടെ കൂടെ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നല്ലോ ക്രിസ്തു നൽകിയത്. 

ലാസർ നിങ്ങളാണ്!

ഗുഹയിൽ സൂക്ഷിച്ചിരിക്കുന്ന ലാസറിന്റെ മൃതദേഹത്തിനടുത്തു ചെന്നു ക്രിസ്തു വിളിക്കുമ്പോൾ വേദിയിൽ ലാസറില്ല. പകരം ക്രിസ്തു വിളിക്കുന്നത് ഇരുട്ടിലിരിക്കുന്ന കാണികളെയാണ്. അതെ, നമ്മളോരോരുത്തരുമാണ് ലാസർ. ഉറങ്ങിക്കിടക്കുന്ന സമൂഹത്തോട് ഉണരാനായിരുന്നു ക്രിസ്തുവിന്റെ ആഹ്വാനം.

അന്ധനു കാഴ്ച കൊടുക്കുന്ന സംഭവത്തിൽ ക്രിസ്തു ഒരു മാന്ത്രികനല്ല, പകരം അകക്കണ്ണ് തുറക്കണമെന്ന തത്വമാണ് ലോകത്തിനു പകർന്നുനൽകിയത്.

മഗ്ദലനമറിയത്തെ അവതരിപ്പിക്കുമ്പോഴും ചോദ്യം കാഴ്ചക്കാരോടാണ്. നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ എന്നു പറയുന്നത് സദസ്സിനെ നോക്കിയാണ്. സദസ്സിൽ തളം കെട്ടിക്കിടക്കുന്ന ആ മൗനത്തിൽ എല്ലാമുണ്ടായിരുന്നു

മരിച്ചയാൾ പുഞ്ചിരിക്കുമോ?

ക്രിസ്തുവിനെ കൂടുതലറിഞ്ഞപ്പോൾ മനസ്സിൽ കയറിക്കൂടിയതാണ് മാതാവിന്റെ ചിത്രവും. നാടകത്തിൽ ഉടനീളം മാതാവിന്റെ പ്രസക്തി വലുതാണ്. മാതാവിന് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടിയിരുന്നില്ലെന്ന് ഒരു വിഭാഗം പറഞ്ഞത് എന്ന വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ആ വാദങ്ങൾക്കൊന്നും എന്റെ ബോധ്യത്തെ തിരുത്താനായില്ല. ക്രൂശാരോഹണത്തിനു മുൻപ്, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുക്കണമേയെന്ന് അപേക്ഷിക്കുന്ന ക്രിസ്തുവിനു മാലാഖയായി എത്തി ശക്തി പകരുന്ന മാതാവിനെയും നാടകത്തിൽ കാണാം.

മാതാവിനെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്, എന്റെ സിസ്റ്റർ മേരി ആലീസിലൂടെ!

ഐഎസ്ആർഒയിൽ‌ ജോലി ചെയ്യുമ്പോൾ തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളജ് വഴിയാണ് പോയിരുന്നത്. ഗോവയിൽ നിന്നെത്തിയ സിസ്റ്റർ മേരി ആലീസായിരുന്നു പ്രിൻസിപ്പൽ. എന്നോട് വലിയ വാൽസല്യമായിരുന്നു. കോൺവന്റിൽ വച്ച് അമ്മയെപ്പോലെ ഭക്ഷണം വരെ വിളമ്പിത്തന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ പത്രത്തിലെ ചരമപ്പേജ് നോക്കിയപ്പോൾ ഉള്ളിലൊരു മിന്നൽ. സിസ്റ്റർ പോയി. 

കോൺവന്റിലെത്തി സിസ്റ്ററുടെ ചേതനയറ്റ ശരീരം കണ്ടു. കാലുകളിൽ മുഖമമർത്തി.  കുറേ നേരം കഴിഞ്ഞ് എണീറ്റ് നിറകണ്ണുകളോടെ ആ മുഖത്തേക്കു നോക്കിയപ്പോൾ സിസ്റ്റർ എന്നെ നോക്കി പുഞ്ചിരിക്കുന്നു! മരിച്ചയാൾ പുഞ്ചിരിച്ചു എന്നു പലരോടും പറഞ്ഞെങ്കിലും സാഹിത്യകാരൻ സക്കറിയ ഒഴികെ മറ്റാരും വിശ്വസിച്ചില്ല. 

യേശുവിന്റെ മാതാവിനെ ചിത്രീകരിക്കുമ്പോൾ മനസ്സിലുണ്ടായിരുന്നത് എന്റെ പ്രിയപ്പെട്ട സിസ്റ്റർ മേരിയായിരുന്നു. ദിവസവും നാം കാണുന്ന മുഖങ്ങളിൽ ബൈബിളിലെ പലരുടെയും മുഖസാദൃശ്യം തോന്നുന്നത് യാദൃശ്ചികമല്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com