sections
MORE

തിരുപ്പൂർ: വർണ വസ്ത്രങ്ങളുടെ വിസ്മയ നഗരം

Thiruppur
വസ്ത്രനിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ചിത്രങ്ങൾ: അരുൺ ശ്രീധർ.
SHARE

ഇവിടത്തെ വായുവിനു പുതു വസ്ത്രങ്ങളുടെ ഗന്ധമാണ്. വസ്ത്രങ്ങളുടെ മാത്രം.

നൂലും വസ്ത്ര നിർമാണവും അനുബന്ധ ഘടകങ്ങളും ഒഴിവാക്കിയാൽ ഇവിടെ കാഴ്ചകൾക്കു നിറം കുറയും.

ബനിയൻ നിർമാണ രംഗത്ത് ആഗോള വിപണിയിൽ ദക്ഷിണേന്ത്യയുടെ സാന്നിധ്യം അറിയിച്ച തിരുപ്പൂർ, പട്ടിണിയും പ്രാരബ്ധങ്ങളും അതിജീവിക്കാൻ ഒരു തൊഴിലെന്ന സ്വപ്നവുമായി വണ്ടികയറിയ മലയാളി സമൂഹത്തിന്റെ വിജയഗാഥ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

സമയം രാവിലെ 9.15.

നമ്പർ 56212 തിരുച്ചിറപ്പള്ളി – പാലക്കാട് പാസഞ്ചറിന്റെ വരവറിയിക്കുന്ന വിളംബരം.

ട്രെയിനെത്തി,

നിമിഷ നേരത്തിനുള്ളിൽ സ്റ്റേഷൻ പൂരപ്പറമ്പായി.

കംപാർട്ടുമെന്റുകളിൽ‌നിന്ന് യാത്രക്കാരുടെ പ്രവാഹം. വൈകാതെ അവർ നഗരത്തിലെ തിരക്കിലലിഞ്ഞു മറഞ്ഞു.

ഇവിടത്തെ പ്രഭാതങ്ങൾ ഇങ്ങനെയാണ്. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഈ പാസഞ്ചർ ട്രെയിനിലാണ് ബനിയൻ സിറ്റിയിലേക്കു വരുന്നത്. മടക്കവും ഇതിൽത്തന്നെ. 

Tirupur-cloths

ഈ പ്രവാഹത്തിനു മുമ്പുതന്നെ തിരുപ്പൂരിലെ വസ്ത്ര നിർമാണ മേഖല ഉണർന്നു കഴിഞ്ഞിട്ടുണ്ടാവും. ഉണരുകയെന്ന വാക്കിന് ഇവിടെ യഥാർഥത്തിൽ പ്രസക്തിയില്ല. ഉറങ്ങാത്ത നഗരമെന്ന വിശേഷണമാണു കൂടുതൽ ശരി. ഭൂരിഭാഗം വസ്ത്ര നിർമാണ കേന്ദ്രങ്ങളും രാത്രിയിലും ഉണർന്നിരിക്കും. ഷിഫ്റ്റടിസ്ഥാനത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടാകും. 

വിദേശ വസ്ത്ര വിപണികളും ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങളും നിലനിൽക്കുന്നത് ഈ അധ്വാനത്തിന്റെ ബലത്തിലാണ്. ഏതു ഫാഷനിലും ഏതു നിലവാരത്തിലുമുള്ള വസ്ത്രങ്ങൾ പറഞ്ഞ സമയത്ത് എത്തിച്ചു കൊടുക്കാനുള്ള സന്നദ്ധതയാണ് ഈ നഗരത്തിന്റെ കരുത്ത്. വിദേശവിപണിയിലെ കമ്പനികൾ തിരുപ്പൂരിനു നൽകുന്ന പ്രത്യേക പരിഗണനയ്ക്കു പിന്നിലെ രഹസ്യവും ഇതുതന്നെ.

തിരക്ക് റെയിൽവേ സ്റ്റേഷനുകളിലും ഫാക്ടറികളിലും മാത്രമല്ല. നിരത്തുകളിലും പ്രകടമാണ്. ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ളവ വസ്ത്രങ്ങളും നിർമാണ സാമഗ്രികളുമായി നിരന്തരമായി പ്രവഹിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ വിവിധ സ്ഥാപനങ്ങളുടെ പേരെഴുതിയ കൂറ്റൻ ചാക്കുകൾ. പാതയോരങ്ങളിലെ ചെറുതും വലുതുമായ വിപണനശാലകൾ. ഏതു ബ്രാൻഡിലും ഏതു വിലയ്ക്കും ഏതു പ്രായത്തിലുള്ളവർക്കുമുള്ള ബനിയൻ ഉൽപന്നങ്ങളുടെ വൈവിധ്യം. 

ചെറിയ ചെറിയ കുറവുകളുടെ പേരിൽ കയറ്റുമതി സ്ഥാപനങ്ങൾ തിരസ്കരിച്ചവയും കൂട്ടത്തിലുണ്ട്. സാധാരണ ഉപഭോക്താവിന് അതു തിരിച്ചറിയാൻ കഴിയണമെന്നില്ല. തുണിയുടെ ഗുണമേന്മയ്ക്കോ കാഴ്ചയിലെ ഭംഗിക്കോ പ്രകടമായ വ്യത്യാസങ്ങളൊന്നും പുറമേനിന്നു വന്നവർക്കു തോന്നണമെന്നുമില്ല. എന്നാൽ ശരാശരി തിരുപ്പൂരുകാർക്ക് ഏതു വ്യത്യാസവും തിരിച്ചറിയാനാകും. അത്രമേൽ അഗാധമായ ബന്ധമാണ് ഈ നാടിനു വസ്ത്ര നിർമാണവുമായിട്ടുള്ളത്. 

Tirupur-Factory

ബനിയൻ സിറ്റി

ചെറുതും വലുതുമായി ഇരുപതിനായിരത്തോളം സ്ഥാപനങ്ങൾ. ബട്ടൺ നിർമാണം മുതൽ പാക്കിങ് വരെയുള്ള മേഖലകൾ. ഏഴായിരത്തോളം യൂണിറ്റുകൾ. ഏഴുലക്ഷത്തോളം തൊഴിലാളികൾ. ഇതിൽ രണ്ടു ലക്ഷത്തോളംപേർ മലയാളികളാണ്. നൂൽ നൂൽപ്, ചായംമുക്ക്, നെയ്ത്ത്, തുന്നൽ, ബട്ടൺ ഉൾപ്പെടെയുള്ളവയുടെ നിർമാണം, തരംതിരിക്കൽ, പാക്കിങ്... ഇതൊന്നും ഒന്നിച്ചു കാണാൻ കഴിയുകയില്ല. പലപല യൂണിറ്റുകൾ. പ്രത്യക്ഷത്തിൽ ഓരോന്നും സ്വതന്ത്രമാണെന്നു തോന്നാം.

പരസ്പരം ആശ്രയിച്ചും സഹകരിച്ചും വളരുകയും വികസിക്കുകയും ചെയ്യുന്ന വിപണനത്തിന്റെ പാഠങ്ങൾ കാണാൻ ഇവിടെ വരാം. ചെറുതും വലുതുമായ ഫാക്ടറികൾ. ആറു വ്യവസായ പാർക്കുകൾ. ഒരു ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്. പല മേഖലയിലും സ്ത്രീ തൊഴിലാളികളാണധികവും. മലയാളികളുടെ ആധിപത്യം പ്രകടമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരിക്കുന്നു. അതിൽ നല്ലൊരു പങ്ക് ഹോട്ടൽ രംഗത്താണ്. അതിന്റെ ചുവടുപിടിച്ച് ഉത്തരേന്ത്യൻ രുചിക്കനുസരിച്ചുള്ള ഹോട്ടലുകളും ബേക്കറികളും ഉയർന്നു തുടങ്ങിയിരിക്കുന്നു.

വസ്ത്ര നിർമാണ മേഖലയുടെ വളർച്ചയ്ക്കൊപ്പം അതുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ഒട്ടേറെ സംഘടനകളും ശക്തിപ്പെട്ടിട്ടുണ്ട്. തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ടീ), സൗത്ത് ഇന്ത്യൻ ഹോസിയറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സൈമ), തിരുപ്പൂർ എക്സ്പോർട്ടേഴ്സ് ആൻഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ടീമ) എന്നിവയാണു പ്രധാന സംഘടനകൾ. ഇതിന്റെയെല്ലാം പൊതുവായ ഘടകം മലയാളി സാന്നിധ്യമാണ്.

നൊയ്യാൽ നദിയുടെ സംസ്കാരം

നൊയ്യാൽ നദി പടുത്തുയർത്തിയ സംസ്കാരമാണു തിരുപ്പൂരിന്റേത്. കോയമ്പത്തൂരിലെ വെള്ളിങ്കിരി കുന്നുകളിൽ നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ് ജില്ലകളിലൂടെ 350 കിലോമീറ്റർ ദൂരം ഒഴുകി കാവേരി നദിയുമായി സംഗമിക്കുന്നു. ഇതിനിടയിൽ 6000 ഹെക്ടർ ഭൂമിയെ ഇതു കൃഷിയോഗ്യമാക്കുന്നു. ഇവിടെ കരിമ്പും ചോളവും പരുത്തിയും വിളയിച്ചവരായിരുന്നു തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കളുടെ പൂർവികർ.

Tirupur-weaving

കോയമ്പത്തൂർ ജില്ലയിൽ പരുത്തിക്കൃഷി സജീവമായിരുന്നപ്പോഴാണ് അതിന്റെ അനുബന്ധമായി ഇവിടത്തെ കർഷകർ നൂൽ നൂൽപിലേക്കും ബനിയൻ നിർമാണത്തിലേക്കും കടന്നത്. നെറ്റുപോലുള്ള വെളുത്ത ബനിയനുകളാണ് ആദ്യം നിർമിച്ചത്. പെട്ടെന്നുതന്നെ ഇവ ആഭ്യന്തര വിപണി കീഴടക്കി. കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു മുടക്കുമുതൽ. പല കർഷകരും സ്വന്തം കിണറുകളിലെ വെള്ളം വസ്ത്ര നിർമാണ മേഖലയ്ക്കായി വിട്ടുനൽകി. 1940ലെ കഥയാണിത്. പിന്നീട് അതു തികയാതെയായി. പുറത്തുനിന്നു ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു തുടങ്ങി. 

ഖാദർ സാഹിബിന്റെ ഇടപെടലുകൾ

ആദ്യമൊക്കെ ഇവിടെയുണ്ടാക്കുന്ന വെള്ള ബനിയനുകൾക്കു തിരുപ്പൂരിനപ്പുറത്തേക്ക് വിപണി ഉണ്ടായിരുന്നില്ല. എന്നാൽ ചരിത്രം വഴിമാറുകയായിരുന്നു, ഖാദർ സാഹിബിന്റെ രംഗപ്രവേശത്തോടെ. ഇവിടെയുണ്ടാക്കിയ ബനിയനുകളുമായി അദ്ദേഹം തിരുപ്പൂരിനു പുറത്തേക്കു സഞ്ചാരം ആരംഭിച്ചു. മുംബൈപോലുള്ള അയൽ സംസ്ഥാനങ്ങളിലെ വിപണികളിലേക്ക്. ചില വിദേശ വ്യാപാരികളുമായി സൗഹൃദമുണ്ടാക്കി. അവരെ തിരുപ്പൂരിലേക്കു ക്ഷണിച്ചു.

തിരുപ്പൂർ ബനിയൻ സിറ്റിയുടെ വളർച്ചയുടെ ചരിത്രം ഇവിടെ തുടങ്ങുന്നു. ആഗോള വിപണിയിൽ നിന്ന് ഈ ദക്ഷിണേന്ത്യൻ പട്ടണത്തിനു പിന്നീടൊരിക്കലും പിന്തിരിയേണ്ടി വന്നിട്ടില്ല. ലോക ബനിയൻ വിപണി ഈ നഗരത്തിനു ചുറ്റും ഇപ്പോഴും തിരിയുന്നു. പ്രതാപികളായ നഗരങ്ങൾക്കൊന്നും ആ ചരിത്രം മാറ്റിവരയ്ക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഈ വളർച്ചയ്ക്കിടയിലും തലതൊട്ടപ്പനായ ഖാദർ സാഹിബിനെ തിരുപ്പൂർ വിസ്മരിച്ചില്ല. അദ്ദേഹത്തിന്റെ സ്മരണ ഇവിടെ ഇപ്പോഴും ഉണർന്നിരിക്കുന്നു.  റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ഖാദർപേട്ട... ഇവിടത്തെ ഏറ്റവും വലിയ വിപണന കേന്ദ്രമാണിന്ന്.

വെറോണ സൃഷ്ടിച്ച വർണ പ്രപഞ്ചം

ഖാദർ സാഹിബിനോടൊപ്പം തിരുപ്പൂർ നെഞ്ചേറ്റുന്ന ഒരു പേരുണ്ട്. ഇറ്റലി സ്വദേശി വെറോണ. വസ്ത്ര വിപണിയിലെ വർണ വിപ്ലവവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. ബനിയൻ സിറ്റിയുടെ ചരിത്രത്തിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്ത പരിഷ്കാരം. തൂവെള്ള ബനിയനുകൾക്കു പകരം ചായംമുക്കിയ ബനിയനുകൾ അദ്ദേഹം അവതരിപ്പിച്ചു. തിരുപ്പൂരിലെ കാലാവസ്ഥയുടെ സവിശേഷതകൾ അതിനു പിന്തുണ നൽകി. ക്രമേണ ടി ഷർട്ട് നിർമാണത്തിലേക്കു തിരുപ്പൂർ ചുവടുവച്ചു. എങ്കിലും 30 വർഷം വേണ്ടിവന്നു വിദേശ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ.

വിപണി കീഴടക്കാൻ വീണ്ടും ഒരു 20 വർഷം കൂടി വേണ്ടിവന്നു. വിദേശത്തു വേരുപിടിച്ചു തുടങ്ങിയ 1984ൽ 9.69 കോടി രൂപയായിരുന്നു തിരുപ്പൂരിലെ വസ്ത്ര നിർമാണ കയറ്റുമതി മേഖലയിലെ വരുമാനം. ഇപ്പോൾ അത് 13,000 കോടി രൂപയാണ്. സമ്പൂർണ യന്ത്രവൽക്കരണത്തിലേക്ക് ബനിയൻ സിറ്റി മാറിക്കഴിഞ്ഞു. ചായംമുക്കൽ–ബ്ലീച്ചിങ് മേഖലയിലുൾപ്പെടെ ലോകത്തെവിടെയുമുള്ള അത്യന്താധുനിക യന്ത്രങ്ങൾ പരിചയപ്പെടാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ വരണം.

വർണ വസ്ത്രങ്ങളും നൂലുകളും തൂക്കിയിട്ട പറമ്പുകൾ, പരമ്പരാഗത രീതിയിൽ വർണ വസ്ത്രങ്ങൾ ഒരുക്കുന്ന പണിശാലകളാണ്. ചായം മുക്കിയ തുണികൾ ഇളം വെയിലിൽ ഉണക്കിയെടുക്കുകയാണിവിടെ. ഏതു കടുത്ത വേനലിലും ഒഴുകിയെത്തുന്ന ഇളംകാറ്റ് ഇവിടത്തെ സവിശേഷതയാണ്. പ്രകൃതി നൽകിയ ഈ സമ്പത്താണ് തിരുപ്പൂരിന്റെ വിജയ രഹസ്യം. ഇതു നിലനിൽക്കുന്നിടത്തോളം തിരുപ്പൂരിനെ പിന്നിലാക്കാൻ ലോകത്തെ ഒരു വ്യവസായ കേന്ദ്രത്തിനും കഴിയുകയില്ലെന്ന് ഇവിടത്തെ വസ്ത്ര നിർമാതാക്കൾ ഉറപ്പിച്ചു പറയുന്നു. സിനിമാ വ്യവസായത്തിലെയും അനിവാര്യ ഘടകമാണിന്ന് ഈ നഗരം. മലയാളമുൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളിലെ ഗാന ചിത്രീകരണ രംഗത്ത് തിരുപ്പൂരിലെ ചായം മുക്കൽ കേന്ദ്രങ്ങളുടെ സാന്നിധ്യമുണ്ട്. അതു വിന്ധ്യനും കടന്ന് ഉത്തരേന്ത്യൻ സിനിമകളിലേക്കും ചേക്കേറിത്തുടങ്ങിയിരിക്കുന്നു.

മലയാളി സാന്നിധ്യം

ഇവിടത്തെ ചെറുതും വലുതുമായ പല ഫാക്ടറികളുടെയും ഉടമസ്ഥർ മലയാളികളാണ്. പേരെടുത്ത ബ്രാൻഡുകളുടെ നിർമാതാക്കൾ. അവർ പടുത്തുയർത്തിയ വ്യവസായ ശൃംഖലകളുടെയെല്ലാം താക്കോൽ സ്ഥാനങ്ങളിൽ മലയാളി സാന്നിധ്യമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA