sections
MORE

മരണവുമായെത്തിയ അർബുദത്തെ കീഴടക്കി; ഇപ്പോൾ നിരാലംബർക്കു പോറ്റമ്മ

Abhayam-Children
അനിത കാരുണ്യ മിഷനിലെ കുട്ടികളോടൊപ്പം
SHARE

നല്ല മക്കളെ കിട്ടാൻ പല ത്യാഗങ്ങളും യാഗങ്ങളും മനുഷ്യർ നടത്തുമ്പോൾ, ഭിന്നശേഷിക്കാരായ മക്കളെ ദൈവത്തോട് ഇരന്നുവാങ്ങിയ ‘സ്പെഷൽ’ അമ്മയാണിത്. മുപ്പതാമത്തെ വയസ്സിൽ അർബുദം മൂലം മരണത്തിന്റെ വക്കോളമെത്തിയ വീട്ടമ്മ. പിന്നീടു വൈദ്യശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ച് അവർ രോഗത്തെ കീഴടക്കി. ജീവിതം തിരിച്ചുനൽകിയ വിസ്മയശക്തിക്കു നന്ദി പറയാൻ നിരാലംബരായ നൂറിലേറെ ഭിന്നശേഷിക്കാർക്കു പോറ്റമ്മയായി. അവിശ്വസനീയമായ ആർദ്രതയുടെ കഥയാണ് അനിതയുടെ ജീവിതം. മനസ്സും ശരീരവും സ്വന്തം പിടിയിലൊതുങ്ങാത്തവരെ നടതള്ളാനൊരിടം തേടുന്നവർക്കും ആശ്വാസമാതാവായി, തിരുവനന്തപുരത്തു നെയ്യാറ്റിൻകര വഴുതൂരിലെ കാരുണ്യ മിഷനിൽ അനിതയുണ്ട്.

അർബുദത്തോടു പോരാടിയതിനെക്കാൾ വലിയ പോരാട്ടം നടത്തിയാണ് അനിത കാരുണ്യ മിഷനെ മുന്നോട്ടു നയിക്കുന്നത്. ഓരോ ദിവസവും അസ്തമിക്കുമ്പോൾ പിറ്റേന്നത്തെ അന്നത്തിനു വഴി തെളിയാത്ത അവസ്ഥ. വാടകക്കെട്ടിടത്തിൽ നൂറിലേറെ പേർക്ക് അഭയമേകുമ്പോഴും സ്വന്തമായി ഒരു വീടുപോലുമില്ലാത്ത ഗൃഹനാഥ. എങ്കിലും ഈ കുടുംബമാണ് അനിതയുടെ ജീവനും സ്വത്തും. 

Abhayam-Amma-with--Husband
അനിതയും ഭർത്താവ് സുരേഷ് കുമാറും.

വഴിത്തിരിവ്

2001. ഭർത്താവ് സുരേഷ് കുമാറും നാലു വയസ്സുകാരി മകൾ വൃന്ദയുമൊത്തുള്ള സന്തുഷ്ട ജീവിതത്തിലേക്കാണ് അർബുദം വെല്ലുവിളിയുമായി എത്തുന്നത്. അറിയുമ്പോഴേക്കും അവസാന ഘട്ടത്തിലെത്തിയിരുന്നു രോഗം. കീമോയും റേഡിയേഷനുമായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കയറിയിറങ്ങി. പ്രതീക്ഷയറ്റ ആ കാലത്താണ് ഒരുവശത്ത് രോഗവും മറുവശത്ത് അനാഥത്വവുമായി ജീവിക്കുന്നവരെ അനിത അടുത്തറിയുന്നത്. ബുദ്ധിയും ശരീരവും സ്വന്തം കൈപ്പിടിയിൽ നിൽക്കാത്തവർക്കു രോഗവും കൂടി വന്നാൽ വീട്ടുകാർക്കും അവർ അധികപ്പറ്റാണെന്ന് അനിത അറിഞ്ഞു. അതുകൊണ്ടു തന്നെ ജീവിതത്തിനിനി ഏതാനും മാസങ്ങളുടെ ദൂരമേയുള്ളൂ എന്ന വിധിയെഴുത്തു വന്നപ്പോൾ ദൈവവുമായി ഒരു ‘ഡീൽ’ വയ്ക്കാൻ അനിത തയാറായി –

ജീവിതം തിരിച്ചുതന്നാൽ, താനൊരു കാരുണ്യം ചെയ്തുകൊള്ളാം. 

‘‘കാരുണ്യമെന്നാൽ എന്റെ മനസ്സിൽ ഭിന്നശേഷിക്കാരേ ഉണ്ടായിരുന്നുള്ളൂ’’ അനിത പറയുന്നു, ‘‘ഭൂമിയിൽ ഏറ്റവും താണു കിടക്കുന്നവർ. രാത്രിയും പകലും തിരിച്ചറിയാത്ത, മലമൂത്രവിസർജനം അറിയാത്തവർ. അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിലും വലുതായി ഒരു കാരുണ്യവുമില്ലെന്ന് എനിക്കുറപ്പായിരുന്നു’’  

ചികിൽസ പൂർത്തിയാക്കി അനിത മടങ്ങി. രോഗത്തെ അതിന്റെ പാട്ടിനു വിട്ടു. പകരം വൈകല്യങ്ങളും രോഗങ്ങളും കൊണ്ട് ആടിയുലഞ്ഞു നീങ്ങുന്നവരുടെ പിറകേ നടന്നു. ആദ്യം ഒരു ഭിന്നശേഷിക്കാരിയായ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ഒന്നു മൂന്നായി. മൂന്ന് പത്തും അൻപതുമായി. വർഷങ്ങൾ കടന്നുപോയി. 2019 ആകുമ്പോൾ അനിതയുടെ സംരക്ഷണയിലുള്ളത് 113 പേരാണ്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ. 

‘‘പിന്നീട് എന്റെ രോഗത്തെക്കുറിച്ചു ടെൻഷനടിച്ചിട്ടില്ല. പകരം ആലോചിക്കാൻ ഒരുപാടു പേരുടെ രോഗങ്ങളുണ്ടായിരുന്നു താനും’’– അനിത പറയുന്നു. ദൈവവും അക്കാര്യം മറന്നുവെന്നു തോന്നുന്നു. ആ രോഗം മടങ്ങിവന്നില്ല. 

Abhayam-Doctor
കാരുണ്യ മിഷനിലെ അധ്യാപിക ക്ലാസെടുക്കുന്നു.

കൂട്ടുകുടുംബം

നെയ്യാറ്റിൻകരയിലെ കാരുണ്യ കുടുംബത്തിൽ കയറിച്ചെല്ലുമ്പോൾ ‘നാൻ കടവുൾ’ സിനിമയിലെ അപൂർവ മനുഷ്യരുടെ ലോകത്തു ചെന്നെത്തിപ്പെട്ടതു പോലെയാണ്. വലിയ തലയും ചെറിയ ഉടലും ഒട്ടിച്ചേർന്ന കൈകാലുകളും ഇടറുന്ന പാദങ്ങളുമായി ഹൃദയം നുറുക്കുന്ന കാഴ്ചയായി മനുഷ്യർ. ചിലർ ദേഷ്യം വന്നാൽ സ്വയം മാന്തിപ്പൊളിക്കും. നിന്ന നിൽപിൽ വസ്ത്രം ഊരിക്കളഞ്ഞു റോഡിലേക്കോടുന്നവരുണ്ട്. ഭക്ഷണം സ്വയം കഴിക്കാനറിയില്ല പലർക്കും.

നെല്ലിക്ക കഴിക്കാത്തതിനു കണ്ണുരുട്ടി പതിനാറുകാരന്റെ വായിലേക്കു ചോറുരുള തിരുകുന്ന  ജീവനക്കാരി മുതൽ കഴിച്ച ഭക്ഷണം തുപ്പിക്കളയുന്ന പെൺകുട്ടിയുടെ വയർ വേണ്ടത്ര നിറഞ്ഞില്ലെന്നു പറഞ്ഞു വീണ്ടും ചോറെടുക്കുന്ന ജീവനക്കാരി വരെ ഇവിടെ എല്ലാവരും ചെയ്യുന്നത് ഒരമ്മയുടെ റോൾ. അനിത അങ്ങോട്ടു കടന്നുവരുമ്പോൾ മുറിഞ്ഞ വാക്കുകളിൽ പരാതിയും പരിഭവവുമായി പറ്റിക്കൂടുന്ന മക്കൾക്കു സ്വന്തം വയർ നിറഞ്ഞോ എന്ന തിരിച്ചറിവില്ലെങ്കിലും ‘ഈ അമ്മ’ വിചാരിച്ചാൽ തങ്ങളുടെ വേദനകൾ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയുണ്ട്.   

വേദനയുടെ ലോകം

കൂട്ടത്തിലൊരാൾ ഇടറാതെ ചുവടുവയ്ക്കുന്ന ദിവസമാണ് ഇവിടുത്തെ ആഹ്ലാദ ദിനം. 

ഫിസിയോതെറപ്പിയും മറ്റും നടക്കുന്ന കെട്ടിടത്തിൽ വലിയ കണ്ണുകളുരുട്ടി, ഒന്നും മനസ്സിലാവാതെ തൊട്ടിലിൽ കിടക്കുന്നുണ്ട് ഒരു എട്ടു വയസ്സുകാരൻ. ‘വരുമ്പോൾ കയ്യും കാലും നെഞ്ചോടു ചേർന്ന് ഒട്ടിയിരുന്ന മോനാണിത്. ഇപ്പോൾ കണ്ടോ?’ കൈകാലിട്ടിളക്കി കിടക്കുന്ന കുട്ടിയെ കാട്ടി അനിത പറയുന്നു.   

6 മുതൽ 18 വരെ വയസ്സുവരുന്ന കുട്ടികളിൽ പലരും നടക്കുമ്പോൾ പിച്ചവയ്ക്കുന്നവരാണ്. എങ്കിലും ആരുടെയെങ്കിലും കയ്യിൽ തൂങ്ങി അവർ ഈ വീടിന്റെ പരിസരങ്ങളിൽ തന്നെയുണ്ട് – പഠിക്കാനും കളിക്കാനും ചികിൽസയ്ക്കുമൊക്കെ. 

കുട്ടികളുടെയും മുതിർന്നവരുടെയും ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടാണ് പാഠ്യ– ചികിൽസാ പദ്ധതി. രണ്ടു വലിയ മുറികളിലായിട്ടാണ് പഠനവും പാഠ്യേതര പരിശീലനങ്ങളും. 113 പേരിൽ 58 പേരാണ് കാരുണ്യമിഷനിൽ താമസിച്ച്, ചികിൽസയും ഫിസിയോ തെറപ്പിയും പഠനവും മറ്റുമായി ഇതു തന്നെ വീടായി ജീവിക്കുന്നത്. ഇതിൽ 36 പേർ കൊണ്ടുപോകാൻ ആരുമില്ലാത്ത പരിപൂർണ അനാഥരാണ്. അവർക്കിതു തന്നെയാണ് വീടും സ്കൂളും ആശുപത്രിയുമെല്ലാം.

നാലുപേർ ചേർന്നിട്ടും പിടിച്ചുവയ്ക്കാൻ ബുദ്ധിമുട്ടുന്ന പതിമൂന്നുകാരന്റെ ഫിസിയോ തെറപ്പി ചികിൽസ നടക്കുകയാണ് ഒരു മുറിയിൽ. സ്വന്തം കൈ കടിച്ചു മുറിക്കാൻ ശ്രമിക്കുന്ന അവന്റെ കരച്ചിൽ വകവയ്ക്കാതെ ഫിസിയോ തെറപ്പിസ്റ്റുകൾ വിയർത്തുകുളിച്ച് കയ്യും കാലും നിവർത്തുകയും മടക്കുകയും ചെയ്യുന്നു.

 ‘വർഷങ്ങളായി ഒരേ നിലയിൽ കൈകാലുകൾ ചുരുട്ടിവച്ച് വീട്ടിൽ കിടന്ന ശരീരമാണവന്റേത്. ഇവിടെ വന്നശേഷമാണ് ആദ്യമായി എല്ലുകൾ നിവർത്തുന്നത്, മസിലുകൾ അനങ്ങുന്നത്. അതിന്റെ വേദനയിലാണ് കരയുന്നത്. പക്ഷേ, ആ കരച്ചിലിലുടക്കി നമ്മൾ ശ്രമം മതിയാക്കിയാൽ ഈ കുട്ടികളെപ്പോലെ എണീറ്റിരിക്കാൻ അവനു പറ്റില്ല’. കസേരയിൽ നിവർന്നിരിക്കുന്ന കുഞ്ഞുങ്ങളെ കാണിച്ച് അനിത പറയുന്നു. പലരും വീടുകളിൽ വർഷങ്ങളായി  ഒരേ കിടപ്പു കിടന്നവർ. ഇപ്പോളവർ ഇരിക്കുന്നു, നടക്കുന്നു. ചിലർ ചിരിക്കാനും പലതരത്തിൽ പ്രതികരിക്കാനും തുടങ്ങിയിരിക്കുന്നു. 

‘‘ഒരു കുട്ടിയെ നോക്കാൻ മൂന്നുംനാലും പേർ തികയാത്ത അവസ്ഥയാണ്. തുച്ഛമായ ശമ്പളമാണ് ജീവനക്കാർക്കു കൊടുക്കുന്നത്. പലപ്പോഴും അതും മുടങ്ങും. പക്ഷേ, ഇതുവരെ ശമ്പളം കിട്ടിയില്ലെന്നു പറഞ്ഞ് അവർ ജോലി മുടക്കിയിട്ടില്ല. ചിലപ്പോൾ കുട്ടികളെക്കാൾ എന്റെ ദുഃഖം അവരാണ്’’  വികാരക്ഷോഭത്തോടെ അനിത പറയുന്നു. 

കുട്ടികൾ എന്നാണ് അനിത പറയുന്നതെങ്കിലും അന്തേവാസികളിൽ 60 വയസ്സുള്ളവർ വരെയുണ്ട്. രക്ഷിതാക്കൾ മാത്രമല്ല ഇവിടെ കുട്ടികളെ എത്തിക്കുന്നത്. സർക്കാർ ഏജൻസികളും കുട്ടികളെ കൊണ്ടുവരും. റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിക്കാരായ ഹതഭാഗ്യർ. ഏൽപിച്ചു എന്ന രേഖയുണ്ടാക്കുന്നതോടെ അവരുടെ ഉത്തരവാദിത്തം തീർന്നു. അതിലൊരു കുട്ടി മരിച്ചപ്പോൾ സംസ്കാരം ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും നോക്കിയതും ‘കാരുണ്യ മിഷൻ’ തന്നെ.   

നഗരസഭയുടെയൊക്കെ ചോദ്യശരങ്ങളല്ലാതെ സഹായം ഒരിക്കലുമുണ്ടായിട്ടില്ല. മാർച്ച് 21നു ഡൗൺ സിൻഡ്രം ദിനത്തിൽ ഒരു പരിപാടി നടത്താൻ നഗരസഭയുടെ ഹാൾ ചോദിച്ചിരുന്നു. 

‘4500 രൂപയാണ് ചാർജ്. എടുക്കുന്നെങ്കിൽ ഇപ്പോൾ വേണം. ഇല്ലെങ്കിൽ വേറെ ആൾക്കാർ ക്യൂവിലുണ്ട്’. എന്നായിരുന്നു മറുപടി. വേണ്ടെന്നു വച്ചു അനിത. 

എല്ലാവർഷവും സർക്കാരിന്റെ 7.5 ലക്ഷം രൂപ ഗ്രാൻഡ് കിട്ടും. ഒരു മാസത്തെ ചെലവ് ഏതാണ്ട് 5 ലക്ഷം രൂപയും. പിന്നെങ്ങനെ ഈ സ്ഥാപനത്തിലെ ചെലവുകൾ നടത്തിക്കൊണ്ടു പോകുന്നുവെന്നു ചോദിച്ചാൽ – വാ കീറിയ ദൈവം വഴിയും കാണും എന്ന വിശ്വാസത്തിലൊരു പോക്കാണ് – അനിത പറയുന്നു.

‘‘കാരുണ്യമുള്ള കുറച്ചു മനുഷ്യർ ഈ ലോകത്തുണ്ട്, അതുകൊണ്ടു മാത്രമാണീ കുട്ടികൾ ജീവിക്കുന്നത്. പലർക്കും സ്ഥിരമായി ഡയപ്പർ ഉപയോഗിക്കണം. പെൺകുട്ടികൾക്ക് എല്ലാ മാസവും നാപ്കിൻ വേണം. മാസം ഒരു വലിയ തുക മരുന്നിനു വേണം. പിന്നെ ഭക്ഷണം, ശമ്പളം... യാചിച്ചു യാചിച്ച് ശീലമായി എനിക്ക്. സർ‍ക്കാരിന്റടുത്ത്, സ്ഥാപനങ്ങളോട്, ചിലപ്പോൾ നാട്ടുകാരോടും യാചിക്കും. ഇനി മുന്നോട്ടുപോകാൻ വയ്യ, ഒരു വഴിയുമില്ല എന്നു തോന്നും ചിലപ്പോൾ. അപ്പോൾ ദൈവം എത്തിച്ചപോലെ ആരെങ്കിലും ഒരുകൈ സഹായവുമായി മുന്നിലെത്തും...’ അങ്ങനെ പുലർന്നു ഈ കുടുംബം ഇതുവരെ. 

പുതിയ പ്രതിസന്ധി

ഭക്ഷണവും ചികിൽസയുമൊക്കെ എക്കാലത്തെയും ആശങ്കയായിരുന്നുവെങ്കിലും ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലാണ് അനിതയും മക്കളുമിപ്പോൾ. ഒരുമാസത്തിനുള്ളിൽ വീടൊഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വീട്ടുടമ. ഈ പറക്കമുറ്റാത്ത കു‍‍ഞ്ഞുങ്ങളുമായി എന്തു ചെയ്യണം, എവിടെപ്പോകണം എന്ന് അനിതയ്ക്കറിയില്ല. കാരുണ്യമിഷന് ഏറെ സഹായങ്ങൾ ചെയ്തവരാണ് വീട്ടുടമസ്ഥർ. അനിതയുടെ മകളുടെ  പഠനം സ്പോൺസർ ചെയ്യുന്നതുപോലും അവരാണ്. പക്ഷേ, അടിയന്തരമായി സാമ്പത്തിക ആവശ്യം വന്നതിനാൽ അവർക്കും മറ്റു നിവൃത്തിയില്ല.   

‘സ്വന്തമായൊരു വീടില്ലല്ലോ എന്ന് ഞാനിപ്പോഴാണ് ഓർക്കുന്നത്’ വേദനയോടെ അനിത പറയുന്നു. ആരും കൊണ്ടുപോകാനില്ലാത്ത, ലോകത്തിന്റെ ഉത്തരവാദിത്തമല്ലാത്ത കുറെ കുട്ടികളും മുതിർന്നവരും – അവരെയും കൊണ്ട് സ്വന്തമായി വീടോ വരുമാനമോ ഇല്ലാത്ത ഈ അമ്മ എങ്ങോട്ടു പോകും? 

സംഭാവനയായി ലഭിച്ച കുറച്ചു സ്ഥലം മിഷനുണ്ട്. പക്ഷേ, സ്വന്തമായി കെട്ടിടം പണിയുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൂടി വയ്യ. ദൈവത്തിന്റെ ചുമലിൽ തന്നെ ഈ സങ്കടവും ഇറക്കിവച്ച് അന്നന്നത്തെ അന്നത്തിനു വഴി കണ്ടെത്താനുള്ള ഓട്ടം തുടരുകയാണ് അനിത. കൂടെ ഭർത്താവ് സുരേഷ്കുമാറും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA