sections
MORE

മരിച്ചവന്റെ കഥ

Death
SHARE

എനിക്കറിയാം, ഓർമകളാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം; അവൻ വായിച്ചിരിക്കേണ്ട ഏറ്റവും നല്ല പുസ്തകം. മരിച്ചുകിടക്കുന്ന എന്നെത്തന്നെയാണ് ഞാനിപ്പോൾ അകക്കണ്ണുകൊണ്ടു കാണുന്നത്.

മരണത്തിന്റെ അവസാന നിമിഷങ്ങളിൽ ഞാനെന്താവും ഓർത്തിരിക്കുക? മായ്ക്കാൻ കഴിയാത്തവിധം ആ ഓർമ എന്റെ മുഖത്ത് മരിച്ചുകിടക്കുമ്പോഴും, ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ടാകും. ദുഃഖിതനായ ഒരുവന്റെ രൂപം അസ്ഥികൾ തുരുമ്പിക്കുമ്പോഴും ദുഃഖമായിത്തന്നെ തുടരുമെന്ന് എവിടെയോ ഞാൻ വായിച്ചതോർക്കുന്നു. ശോകഭാവങ്ങൾ അയാളുടെ മുഖത്തുനിന്നു വിട്ടുപോവുകയില്ല. കിട്ടാതെപോയ, കൈവിട്ടുപോയ എന്തോ ഒന്ന്, അയാളുടെ മുഖത്ത് അസംതൃപ്ത ഭാവത്തിൽ കരുവാളിച്ചുനിൽക്കും.

തള്ളിമാറ്റപ്പെട്ട ആഗ്രഹങ്ങളും മോഹങ്ങളും ഒരു ശവക്കച്ചയിൽ അയാളെ തുന്നിക്കൂട്ടിയാലും പൊടുന്നനെ അതൊന്നും മാഞ്ഞുപോവുകയില്ല. മരിച്ചവരുടെ ലോകത്ത് അപ്പോഴും അയാൾ ലാഭവും കഷ്ടനഷ്ടങ്ങളും കണക്കുകൂട്ടുന്നുണ്ടാവും. നിരാശയും സങ്കടവും വിഷാദവും ചീഞ്ഞുനാറാൻ തുടങ്ങുന്ന ഒരു ശവശരീരത്തിന്റെ മുഖഭാവത്തിലും മാഞ്ഞുപോകാതെ നിഴലിച്ചുകാണും.

സെമിത്തേരിയുടെ വിജനതയിൽ ശവമാടത്തിനു കീഴെ നീണ്ടുനിവർന്നു കിടക്കുമ്പോഴും അയാൾ ഓർക്കുന്നുണ്ടാവും, ഈ ജീവിതംകൊണ്ടു ഞാനെന്താണു നേടിയത്? ഈ പ്രപഞ്ചംപോലെ നിത്യമായ സത്യം എന്താണ്? പ്രാണൻ‌ അനന്തമായ വേദനയാണ്. ജീവൻമുക്തി നേടുന്ന മുഴുവൻ പ്രാണിസമൂഹത്തിന്റെയും ആത്യന്തികമായ സത്യം വേദനയാണ്. പരമസത്യം വേദന, വേദന, വേദന മാത്രം...

എത്രതന്നെ ഓർക്കാൻ ശ്രമിച്ചിട്ടും എന്റെയുള്ളിൽ ഒരു മധുരസ്മരണയുടെ ശകലമെങ്കിലും പ്രത്യക്ഷപ്പെടുന്നില്ല. ഇഷ്ടപ്പെട്ട ആരുടെയെങ്കിലും മുഖച്ഛായ ഓർക്കാൻ കഴിയുന്നില്ല. ആരൊക്കെ പുച്ഛിച്ചാലും പരിഹസിച്ചാലും സത്യം ലൈംഗികചോദനയുമായി ബന്ധപ്പെട്ടതാണ്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആത്യന്തിക സത്യം! ആഗ്രഹപൂർത്തിക്ക് ഒരു സാധ്യതയും കാണാത്ത സാഹചര്യത്തിൽ അഹംഭാവം മനസ്സിന്റെ അടിത്തട്ടിലേക്ക് ആഗ്രഹങ്ങളെ നിക്ഷേപിക്കുന്നു എന്നത് മറ്റൊരു യാഥാർഥ്യം.

‘‘അമ്മേ....’’ മരണത്തിന്റെ അവസാന നാളുകളിൽ, മുങ്ങിച്ചാവുന്നവന്റെ ആക്രാന്തത്തിൽ, ഒരു പിടിവള്ളിയുടെ അഭയത്തിനായി ‍ഞാനമ്മയുടെ കൈകൾ അമർത്തിപ്പിടിച്ചുകൊണ്ടു കരയുകയായിരുന്നു. ആരെങ്കിലും എന്നെ നെഞ്ചോടമർത്തിപ്പിടിച്ചെങ്കിൽ...

മരണം മൂർധാവിലൂടെ അരിച്ചുകേറുമ്പോഴും, ചലനമില്ലാത്ത ശരീരാവസ്ഥയിലും ഒരു ചോരപ്പൈതലിനെപ്പോലെ അമ്മയുടെ മുലക്കണ്ണിനുവേണ്ടി ഞാൻ ദാഹിച്ചുകൊണ്ടിരുന്നു.

‘‘അമ്മേ...’’ എത്ര ശ്രമിച്ചിട്ടും എനിക്കു ശബ്ദിക്കാൻ കഴിയുന്നില്ല. തീക്കനലിൽ പൊള്ളിയതുപോലെ നാക്കു ചുട്ടുനീറുന്നു. പുലരുംമുമ്പേ ആശുപത്രിയിൽ ഞാൻ മരിച്ചുകിടക്കുന്നുണ്ടായിരുന്നു. അവസാന ശ്വാസത്തിൽ ഞാനെന്താവാം ഈ ലോകത്തോടു പറഞ്ഞിട്ടുണ്ടാവുക?

‘‘ഈ ലോകത്തെയറിയാൻ ഒരു മനുഷ്യജന്മമെത്ര തുച്ഛം!... ഇനിയും ഒരു നൂറു ജന്മംകൂടി ജീവിച്ചിരുന്നാലേ... 

മുക്തിർനോ ശതകോടി ജന്മസുകൃതൈഃ

പുണ്യൈർവിനാ ലഭ്യതേ...’’

ഞാൻ മരിച്ചുവെങ്കിലും അമ്മയുടെ മുലക്കണ്ണുകൾ ഞാനിപ്പോഴും ഞൊട്ടിനുണഞ്ഞുകൊണ്ടിരിക്കുന്നു...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA