ADVERTISEMENT

കരിക്കൂനയിലേക്കു നോക്കുമ്പോൾ പാരിസിന്റെ ഉള്ളിൽ തീയാളുന്നു. ‌മിഴികളിൽ നിന്നിറ്റുന്ന നനവിനു പോലും കെടുത്താനാവില്ല ആ തീ. അവർക്കു നഷ്ടമായത് ഒരു ദേവാലയം മാത്രമല്ലല്ലോ... പാരിസിനെ പകുത്തൊഴുകുന്ന സീൻ നദിക്കരയിലുള്ള നോത്രദാം കത്തീഡ്രൽ ചരിത്രത്തിലേക്കുള്ള പാലമായിരുന്നു. കലയും സാഹിത്യവും ചിത്രകലയുമെല്ലാം നിറഞ്ഞുനിന്ന ഫ്രാൻസിന്റെ പോയകാല പ്രൗഢിയുടെ എടുപ്പുകൾ കൊണ്ടായിരുന്നു നോത്രദാമിന്റെ ഓരോ ഇഞ്ചിലും ജീവൻ തുടിച്ചുനിന്നത്. 

ആയിരങ്ങളുണ്ട് ആ ദേവാലയത്തിനു ചുറ്റും. നോത്രദാമിനെ തീവിഴുങ്ങിയതിന്റെ പിറ്റേന്നത്തെ കാഴ്ചയാണിത്. നിറമിഴികളോടെ, പൊലീസ് ഒരുക്കിയ ബാരിക്കേഡിനു പുറത്ത് അവർ ആ ദേവാലയത്തിനു വേണ്ടി പ്രാർഥിക്കുന്നു. വർഷം ശരാശരി ഒന്നേകാൽകോടി സന്ദർശകരെത്തുന്ന നോത്രദാമിലേക്കിപ്പോൾ ആർക്കും പ്രവേശനമില്ല. പൊലീസ് വാഹനങ്ങൾ ചുറ്റും നിരത്തിയിട്ടിരിക്കുന്നു.

നോത്രദാമിനെ തീക്കാറ്റിലുലച്ച 15 മണിക്കൂറുകൾ പൊരുതി നിന്ന തീയണപ്പു വണ്ടികളും പോയിട്ടില്ല. സുരക്ഷാചട്ടക്കൂടുകളൊന്നും ആ മനുഷ്യക്കടലിനു പ്രശ്നമല്ല. സ്ത്രീകളും കുട്ടികളും എന്നു വേണ്ട ഫ്രാൻസിലെ ജനജീവിതത്തിന്റെ പരിച്ഛേദമായിരുന്നു ആ ദേവാലയത്തിനു ചുറ്റും. കൗതുകക്കാഴ്ചകൾക്കു വേണ്ടി പരതുന്ന കണ്ണുകളെയല്ല, കുടുംബത്തിലൊരാളുടെ വേർപാടിൽ വേദനിക്കുന്നവരെയാണ് അവിടെ കണ്ടത്.

എന്തുകൊണ്ടാണ് ജനമനസ്സിന്റെ ആഴങ്ങളിൽ ഈ ദേവാലയം അടിത്തറ ഉറപ്പിച്ചത് ? ഐഫൽ ഗോപുരത്തിൽ നിന്നു നോത്രദാമിലേക്കുള്ള ദൂരമാണ് അതിനുള്ള ഉത്തരം. ഫ്രഞ്ച് ദേശീയതയുടെ തലയെടുപ്പുള്ള കാരിരുമ്പു രൂപമാണ് ഐഫൽ ടവർ. അവിടെനിന്ന് ആധുനിക നഗരജീവിതത്തിന്റെ ഓരം പറ്റി മുക്കാൽ മണിക്കൂർ നടന്നാൽ ഫ്രഞ്ച് സാംസ്കാരികതയുടെ പ്രതീകമായി തടിയിലും കല്ലിലും തീർത്ത നോത്രദാമിലെത്താം. ഈ രണ്ട് വിസ്മയക്കാഴ്ചകൾ രണ്ടു കാലഘട്ടങ്ങളെ ഓർമിപ്പിക്കുന്നു. ഒപ്പം, ഫ്രാൻസിന്റെ വൈവിധ്യമാർന്ന പാരമ്പര്യത്തനിമയെയും. 

Notre-Dame-Church
നോത്രദാം കത്തീഡ്രൽ. തീപിടിത്തത്തിൽ നശിച്ച ഭാഗങ്ങളും കാണാം.

ക്രിസ്തുമതം ഫ്രാൻസിലെത്തുന്നതിനു മുൻപ് നോത്രദാമിന്റെ സ്ഥാനത്ത് ജൂപ്പിറ്റർ ദേവന്റെ ക്ഷേത്രമായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. പിന്നീട് ക്രിസ്ത്യൻ ബസിലിക്കയായി മാറി. നാലുതവണ രൂപമാറ്റം വന്നതിനു ശേഷമാണ് നോത്രദാം ഇപ്പോഴത്തെ രൂപത്തിൽ എത്തുന്നത്. നോത്രദാം കന്യാമറിയത്തിന്റെ പേരിലുള്ള കത്തോലിക്കാ ദേവാലയമാണ്. ഇംഗ്ലിഷിൽ കന്യാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന അവർലേഡി എന്നാണ് നോത്രദാം എന്ന ഫ്രഞ്ച് പദത്തിന്റെ അർഥം.

മധ്യകാല ഫ്രഞ്ച് ഗോഥിക് നിർമാണചാതുരി നിറഞ്ഞുതുളുമ്പി നിൽക്കുന്നു ഓരോയിടത്തും. ബിഷപ് മൗറിസ് സുള്ളിയുടെ മേൽനോട്ടത്തിൽ 1160ൽ കത്തീഡ്രലിന്റെ നിർമാണം ആരംഭിച്ചു. 1260ൽ ഏറെക്കുറെ പണി പൂർത്തിയായി. പിന്നീട് ഓരോ കാലഘട്ടത്തിലും അഴിച്ചുപണികളും കൂട്ടിച്ചേർക്കലുകളുമെല്ലാം നടന്നു. 52 ഏക്കറോളം വരുന്ന വനത്തിൽ നിന്നുള്ള തടികൾ കൊണ്ടാണു മേൽക്കൂര മുഴുവൻ ഒരുക്കിയത്. ദേവാലയത്തിനു 127 മീറ്റർ നീളമുണ്ട്. വീതി 48 മീറ്റർ. ഉയരം 47 മീറ്റർ. ഗോപുരങ്ങൾക്ക് 68 മീറ്റർ ഉയരം. പടിഞ്ഞാറെ ഗോപുരം 1200ൽ പണി തുടങ്ങി. 1240ൽ വടക്കെ ഗോപുരം നിർമാണം പൂർത്തിയായി.

ബൈബിളിൽ പരാമർശിച്ചിരിക്കുന്ന രാജാക്കന്മാരുടെ പ്രതിമകൾ കത്തീഡ്രലിൽ സ്ഥാപിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവ കാലത്ത് 28 പ്രതിമകളുടെ തലകൾ വിപ്ലവകാരികൾ വെട്ടിമാറ്റി. ഇതിൽ 21 തലകൾ സമീപത്തു നടത്തിയ ഖനനത്തിൽ 1977ൽ കണ്ടെത്തി. ഇവ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ ക്രിസ്തുവിന്റെ തിരുശേഷിപ്പുകളായ മുൾക്കിരീടം, ക്രിസ്തുവിനെ തറച്ച കുരിശിന്റേതെന്നു കരുതപ്പെടുന്ന ഭാഗം, തറച്ച ആണികളിലൊന്ന് തുടങ്ങിയവയും ഇവിടത്തെ അമൂല്യ ശേഖരത്തിൽ ഉൾപ്പെടുന്നു. ഭക്തിയുടെയും പാരമ്പര്യത്തിന്റെയും ഈ ഇഴയടുപ്പമാണ് നോത്രദാം കത്തീഡ്രലിനെ വേറിട്ടു നിർത്തുന്നത്.

ലോകപ്രശസ്ത ഓർഗൻ കലാകാരൻ ഒലിവർ ലാട്രി ആ വാർത്തയ്ക്കു മുന്നിൽ ഇപ്പോഴും പകച്ചുനിൽക്കുകയാണ്. ഓശാന ഞായർ ദിനത്തിൽ നോത്രദാമിലെ ഗ്രേറ്റ് ഓർഗനിൽ കലാവിരുന്നൊരുക്കിയ ശേഷം വിയന്നയിൽ മറ്റൊരു പരിപാടിക്ക് എത്തിയപ്പോഴാണു ഫോണിലേക്കു സന്ദേശമെത്തുന്നത്. ‘നോത്രദാം കത്തുന്നു’– ഒരു നിമിഷം സ്തംഭിച്ചു പോയ ലാട്രി ടിവിയിലേക്കു നോക്കി. ‘‘വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ദുഃസ്വപ്നം പോലെ തോന്നി.’’ 

ഓശാന ഞായറാഴ്ച ലാട്രിയടക്കമുള്ള മൂന്നു കലാകാരന്മാർ ഗ്രേറ്റ് ഓർഗനിൽ നിന്നു സംഗീതക്കടലിരമ്പം സൃഷ്ടിക്കുന്ന പതിവുണ്ട്. പാരമ്പര്യവഴിയിലുള്ള ചടങ്ങിന്റെ ഭാഗമാണിത്. കുരിശ് തോളിലേറ്റിയ ഒരു വൈദികൻ കത്തീഡ്രലിന്റെ വാതിലിൽ മുട്ടും. കത്തീഡ്രലിന്റെ വാതിലുകൾ തുറക്കുന്നതോടെ പൂർണശബ്ദത്തിൽ ഗ്രേറ്റ് ഓർഗനിൽ നിന്നു ശബ്ദമുയരും. അതിന്റെ മാറ്റൊലി ആ മഹാദേവാലയത്തിന്റെ ഉള്ളറകളിൽ മാറ്റൊലി കൊള്ളും. ‘‘ക്രിസ്തു ആ സമയത്തു നേരിട്ട് എഴുന്നള്ളുന്നതു പോലെയാണു തോന്നുന്നത്.’’– ലാട്രി ആ നിമിഷത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 

ഉള്ളുപിടയ്ക്കുന്ന വാർത്തയ്ക്കു പിന്നാലെ ലാട്രിയെത്തേടി നേരിയ ആശ്വാസ വാക്കുകളെത്തി. പൊടിനിറഞ്ഞെങ്കിലും ഓർഗനു കേടുപാടുകൾ സംഭവിച്ചിട്ടില്ല. പക്ഷേ, ഇതുവരെ കേട്ടിരുന്ന മാന്ത്രിക ശബ്ദം ആ ദേവാലയത്തിനുള്ളിൽ ഇനി മുഴങ്ങുമോ ? ലാട്രിക്ക് ഉറപ്പില്ല. ഗോഥിക് ശൈലിയിലുള്ള ദേവാലയത്തിന്റെ ഉയരമുള്ള എടുപ്പുകളെല്ലാം തീയെടുത്തു പോയല്ലോ. പഴമയുടെ മേൽക്കൂരയ്ക്കു കീഴിൽ നിന്ന് അസാധാരണ ശബ്ദവിന്യാസങ്ങൾ ശ്രവിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ, അതിനി എന്തായാലും നഷ്ടമാകും.

നോത്രദാമിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ ? ‘ഫ്രാൻസിനു മൊത്തം തീപിടിച്ചു’ എന്നു പ്രതികരിച്ച പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ വാക്കുകളിലുണ്ട് ഫ്രാൻസിന്റെ വികാരം. നോത്രദാമിനെ നിത്യജീവിതത്തിൽ നിന്നൊഴിവാക്കാൻ ഫ്രാൻസിനാവില്ല. ലോകത്തെ ഏറ്റവും മികച്ച വാസ്തുവിദ്യാ വിദഗ്ധരെയാണു മക്രോ പാരിസിലേക്കു ക്ഷണിച്ചിരിക്കുന്നത്. ആയിരക്കണക്കിനു കോടി രൂപ ഇപ്പോൾത്തന്നെ സംഭാവനയായി ലഭിച്ചു കഴിഞ്ഞു. പക്ഷേ, തടിയിൽത്തീർത്ത സുന്ദരരൂപങ്ങൾ അതേപടി പുനർനിർമിക്കാൻ കഴിയുമോ ?

കഴിയണം. അവിടെ രാപകലില്ലാതെ ചുറ്റുംകൂടി നിൽക്കുന്ന ആയിരങ്ങളുടെ പ്രാർഥനയ്ക്കും കണ്ണീരിനും അതിനുള്ള കരുത്തുണ്ട്. 

1800കളിൽ വിസ്മൃതിയിലാണ്ട ദേവാലയം വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ (1831) എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണു വീണ്ടും ഓർമയിലെത്തിയത്. നോവലിന്റെ കേന്ദ്രസ്ഥാനത്തുള്ള ദേവാലയത്തിനു പഴയ പ്രൗഢി തിരിച്ചുകൊടുക്കാൻ ഭരണാധികാരികളും ജനങ്ങളും ഒന്നിച്ചു രംഗത്തുവന്നു. ഇപ്പോൾ നോത്രദാമിലെ ക്രൂരനായ അഗ്നിക്കു മുന്നിലും അവർ തളരില്ല. 

മൂന്നു ദിനം മതിയാകില്ല, ഒട്ടേറെ വർഷങ്ങൾ ഒരുപക്ഷേ വേണ്ടിവന്നേക്കുമെന്നു മാത്രം. കാത്തിരിക്കൂ, കാണാൻ വരൂ എന്നു ഫ്രാൻസ് ലോകത്തോട് ആത്മവിശ്വാസത്തോടെ പറയാതെ പറയുന്നുണ്ട്. ആ ഉയിർപ്പിനായി പ്രാർഥനയോടെ കാത്തിരിക്കാം, കാണാൻ പോകാം ! 

നോത്രദാമിലെ വിശുദ്ധ കാഴ്ചകൾ

ക്രിസ്തുവിന്റെ മുൾക്കിരീടം

ക്രിസ്തുവിന്റെ മുൾക്കിരീടം ആണു മുഖ്യ ആകർഷണം. ദുഃഖവെള്ളിയാഴ്ച മാത്രമേ ഇതു പുറത്തെടുക്കൂ. നെപ്പോളിയൻ ചക്രവർത്തി സമ്മാനിച്ച സ്വർണകവചത്തിനുള്ളിലാണ് മുൾക്കിരീടം സൂക്ഷിച്ചിരിക്കുന്നത്. യേശുവിനെ തറച്ച കുരിശിന്റെ 24 സെന്റിമീറ്റർ നീളമുള്ള കഷണം, കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന 3.5 ഇഞ്ച് നീളമുള്ള ആണി, യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ ഭാഗങ്ങൾ എന്നിവയാണു മറ്റു തിരുശേഷിപ്പുകൾ. 1270ൽ കുരിശുയുദ്ധത്തിനിടെ മരിച്ച ഫ്രാൻസിലെ രാജാവും പിന്നീടു വിശുദ്ധനുമായ സെന്റ് ലൂയിയുടെ വസ്ത്രത്തിന്റെ ഭാഗവും ഇവിടെ ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടേറെ അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു. ഇവയ്ക്കൊന്നും കേടുപാടുകൾ പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

മണിഗോപുരം

ഐഫൽ ടവർ 19–ാം നൂറ്റാണ്ടിൽ പൂർത്തിയാകുന്നതു വരെ ഇവിടത്തെ ഇരട്ടമണി ഗോപുരങ്ങളായിരുന്നു ഫ്രാൻസിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. വടക്കൻ ഗോപുരം 1240ലും തെക്കൻ ഗോപുരം 1250ലും പൂർത്തിയായി. വടക്കൻ ഗോപുരത്തിലെ ഇമ്മാനുവേൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 13 ടണ്ണാണ് ഭാരം. രണ്ടു ഗോപുരങ്ങൾക്കും 68 മീറ്ററാണ് ഉയരം. 387 പടികളുണ്ട്. അതു കടന്ന് മുകളിലെത്തിയാൽ പാരിസ് നഗരം മുഴുവനായി കാണാം.

ദ് ഗ്രേറ്റ് ഓർഗൻ

ദ് ഗ്രേറ്റ് ഓർഗൻ എന്ന വിളിപ്പേരുള്ള പള്ളിയിലെ ഓർഗൻ 1403ൽ ആണ് നിർമിച്ചത്. 5 കീ ബോർഡുകളുണ്ട്. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നൽകുന്നത്. ചില പൈപ്പുകൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കാലക്രമേണ പലപ്പോഴും അറ്റകുറ്റപ്പണിയും നവീകരണവും ഓർഗനിൽ നടത്തിയിട്ടുണ്ട്. പാരിസ് ഭീകരാക്രമണത്തിനിരയായവർക്ക് ആദരാഞ്ജലി അർപ്പിച്ചു 2015ൽ ലാട്രിയുടെ നേതൃത്വത്തിൽ ഉജ്വല ഓർഗൻ വാദനം നടന്നിരുന്നു. 

സ്തൂപിക

പാരിസിന്റെ കാവൽവിശുദ്ധരായ ഡെനിസിന്റെയും ജനവീവിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരുന്ന സ്തൂപിക പൂർണമായി കത്തിനശിച്ചു. പള്ളിയുടെ മധ്യത്തിൽ നിന്ന് ആകാശത്തേക്ക് ഉയർന്നുനിന്ന സ്തൂപിക പലപ്പോഴും മാറ്റങ്ങൾക്കു വിധേയമായിരുന്നു. ഫ്രഞ്ച് വിപ്ലവകാലത്തു നശിപ്പിക്കപ്പെട്ട ഇത് 1860ൽ പുനർനിർമിക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com