sections
MORE

ദാരിദ്ര്യത്തിൽനിന്ന് പിടിച്ചുകയറാൻ മാജിക് ട്രൂപ്പിൽ; ഇന്ന് പിഎച്ച്ഡി

Jessy
ജെസി മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾക്കൊപ്പം. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
SHARE

ചെന്നൈയിലെ മറീന ബീച്ചിന് എതിർവശത്ത് കടൽക്കാറ്റേറ്റ് മദ്രാസ് സർവകലാശാല. മഹാകവി ഉള്ളൂർ ഒന്നാംറാങ്കിൽ മലയാളം എംഎ ജയിച്ച വിശ്വവിദ്യാലയം. അവിടെനിന്ന് ജെസി നാരായണൻ ഈ വർഷം പിഎച്ച്ഡി നേടി. വിഷയം: ‘വീര സ്ത്രീത്വം മലയാള നോവലിൽ’. എന്നാൽ, 15 വർഷം താൻ ജീവിച്ച മാന്ത്രികക്കൂടാരത്തിൽനിന്ന് പുറത്തിറങ്ങി നേടിയ അപൂർവമായ ഒരു അതിജീവനത്തിനാണ് കേരള സമൂഹം ജെസിക്ക് പിഎച്ച്ഡി കൊടുക്കേണ്ടത്!

പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ ദാരിദ്ര്യത്തിൽ നിന്നു പിടിച്ചുകയറാൻ മാജിക് ട്രൂപ്പിൽ ചേർന്നതാണ് ജെസി. പിന്നെ സ്കൂൾ ഷോകൾ മുതൽ ഇന്ത്യയിലും പുറത്തും സഞ്ചരിച്ച്, അപകടകരങ്ങളായ മാന്ത്രിക ഇനങ്ങളുടെ നിരന്തര അവതരണം. ‘ഹൂദിനിപ്പെട്ടി’ക്കുള്ളിലെ ശ്വാസംമുട്ടിയുള്ള നിമിഷങ്ങൾ. ഇതിനിടയിൽ പഠനം തട്ടിയും മുട്ടിയും നീങ്ങുന്നുണ്ടായിരുന്നു. ഒടുവിൽ രണ്ടും കൽപിച്ചുള്ള ‘വാനിഷിങ് ട്രിക്കി’ലൂടെ കൂടാരത്തിനു പുറത്തേക്ക്. അനിശ്ചിതത്വങ്ങളുടെ പ്രപഞ്ചത്തിലേക്ക്. ആ യാത്രയിലെ ഏറ്റവും പുതിയ പടവാണ് ഈ പിഎച്ച്ഡി.

ജെസിയുടെ കഥ ഇങ്ങനെ തുടങ്ങാം:

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കുരിശുകുന്നേൽ കെ.എം.ജോസഫും ഭാര്യ അന്നമ്മയും നാലു കുഞ്ഞുങ്ങളെയും കൊണ്ട് നിലമ്പൂരിലെ തൊളപ്പൻകൈ കോളനിയിലേക്ക് കുടിയേറുന്നു. കോഴിപ്പറ മലയുടെ താഴ്‌വാരം. പിന്നീട് വെടിയേറ്റു മരിച്ച സഖാവ് കുഞ്ഞാലി, ഇഎംഎസ് സർക്കാരിൽ നിന്നു ഭൂമിയില്ലാത്ത നാട്ടുകാർക്കു വേണ്ടി നേടിയെടുത്തതായിരുന്നു ഈ വനഭൂമി. ഭൂമി കിട്ടിയവർ കുഞ്ഞാലിയുടെ മരണത്തിനുശേഷം സ്ഥലം വെട്ടിക്കീറി വിൽക്കാൻ തുടങ്ങി. അതു വാങ്ങി കൃഷി ചെയ്തു ജീവിക്കാനാണു ജോസഫും കുടുംബവും പോയത്. നിലമ്പൂരിൽ ട്രെയിനിറങ്ങി ചോക്കാട് ബസിറങ്ങി കാൽനടയാത്ര. മൂന്നര വയസ്സുള്ള ജെസി ചുട്ടമണ്ണിൽ നടക്കാൻ തുടങ്ങുകയായിരുന്നു. രണ്ട് ഇരട്ടക്കുട്ടികൾ അച്ഛന്റെ തോളിൽ. ഇളയകുട്ടി അമ്മയുടെ കൈയിലും. മൂന്നര വയസ്സുകാരിക്ക് എടുക്കാൻ കഴിയുന്നതിലുമപ്പുറം ഭാരം ജെസി എടുത്തു.

കാലുകുത്തിയ മൂന്നേക്കർ ഭൂമി നല്ല മണ്ണായിരുന്നു. ഒരു വശത്ത് കോട്ടപ്പുഴ. വറ്റാത്ത നീരുറവ. നെല്ലിമരങ്ങൾ, പറങ്കിമാവ്, കപ്പക്കൃഷി, നെല്ല്, വാഴകൾ നിറഞ്ഞ സ്വാശ്രയഭൂമി.

പക്ഷേ, പച്ചപിടിച്ചു തഴച്ചുവന്ന സന്തോഷങ്ങൾ പെട്ടെന്നു മാഞ്ഞു. കേരളത്തിൽ മഹിളാ സമാജങ്ങൾ ഉണ്ടാകുന്ന കാലമായിരുന്നു. ഇവിടെയും വന്നു ഒന്ന്. ആരൊക്കെയോ നിർബന്ധിച്ച് അമ്മയെ പ്രസിഡന്റാക്കി. ഭരണപക്ഷമാണോ പ്രതിപക്ഷമാണോ സമാജമുണ്ടാക്കിയതെന്ന് അമ്മയ്ക്കറിയില്ലായിരുന്നു. ഇടവകാംഗമായ നേതാവിന്റെ വാക്കുകേട്ട് തലവച്ചുകൊടുത്തതാണ്. തർക്കങ്ങൾ പെരുകി. വീടിനു നേരെ ആക്രമണമുണ്ടായി. പൊലീസ് വന്നു. വീടു കത്തിക്കുമെന്ന് ഉറപ്പായ നാൾ അച്ഛൻ എല്ലാംവിട്ട് അടുത്ത പലായനം തുടങ്ങി. കൊല്ലും എന്നു തന്നെയായിരുന്നു ഭീഷണി. ജെസിയുടെ പഠനവും പുസ്തകങ്ങളുമൊക്കെ പോയി. പിന്നെ മറ്റൊരിടത്തേക്ക്– കവളമുക്കട്ട എന്ന പ്രദേശം. ചെറിയ വീടും കുറച്ചു മണ്ണും. പൂജ്യത്തിലേക്കിറങ്ങിയ, വിലാസമില്ലാത്ത ജീവിതമായിരുന്നു പിന്നെ.

Jessy-on-stage
ജെസിയും (നടുവിൽ) സഹോദരി ഡോളിയും (വലത്). ഫയൽ ചിത്രം.

ജെസിയും അച്ഛനോടൊപ്പം കൃഷിക്കു കൂടി. പെട്രോമാക്സ് പിടിച്ചുകൊടുക്കും. കപ്പയ്ക്കു കൂടംവെട്ടാൻ വിളക്കുപിടിച്ചുനിന്നു ജെസി. രാത്രി അച്ഛനോടൊപ്പം ഏറുമാടത്തിൽ കഴിഞ്ഞിട്ടുണ്ട്. അതിഥികളായി മിക്കപ്പോഴും മൂർഖൻ പാമ്പുകൾ വരും. അവർ വന്നുപോയി. പാമ്പ് ഒന്നു സ്നേഹിച്ചാൽ, ചാക്ക് തുളച്ചു വടികെട്ടി മഞ്ചമുണ്ടാക്കി കൊണ്ടുപോകണം, അകലെയെവിടെയോ ഉള്ള ആശുപത്രിയിലേക്ക്. വ്യാളിയെ കുന്തംകൊണ്ട് വധിച്ച അരുവിത്തുറ വല്യച്ചൻ (ഗീവർഗീസ് പുണ്യാളൻ) മാത്രമായിരുന്നു നാട്ടുകാർക്ക് ഒരേയൊരു ആത്മവിശ്വാസം.

ജെസി പൂക്കോട്ടുംപാടം വരെ നടന്നുപോയി പള്ളിക്കൂടം പഠനം തുടർന്നു.

പശുക്കറവയായിരുന്നു അഞ്ചു മക്കളുള്ള വീടിന്റെ കൊച്ചു വരുമാനം; റബർ ടാപ്പിങ്ങും... പത്താം ക്ലാസ് വരെയെത്തിയാൽ പെൺപിള്ളേരുടെ പഠനം നിൽക്കും. പിന്നെ ഭയത്തിന്റെ കാലമാണ്. കല്യാണ ബ്രോക്കർമാരുടെ വലനെയ്ത്ത്. പെൺകുട്ടികൾക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. പഠിക്കണം എന്ന സ്വപ്നം തിളയ്ക്കാൻ ജെസിക്ക് അമ്മയോടു കുറെ യുദ്ധം ചെയ്യേണ്ടിവന്നു. ആറു കിലോമീറ്റർ നടന്ന്, പിന്നെ മൂന്നു ബസ് കയറിയെത്തുന്ന മമ്പാട് എംഇഎസ് കോളജ് ജെസിയെ സ്വീകരിച്ചു.

റബർകുരുവും മാജിക്കും

വേനലവധിക്ക് റബർകുരു പെറുക്കലാണ് ഒരു ജീവിതവഴി. ഒരു ചാക്ക് റബർകുരു പെറുക്കി വിറ്റാൽ രണ്ടു രൂപ കിട്ടും. ഇന്ദ്രജാലക്കാരുടെ നാടുമായിരുന്നു നിലമ്പൂർ, കവളമുക്കട്ടയും. ഒരു ദിവസം സഹപാഠിയും ഇന്ദ്രജാലക്കാരിയുമായ ഷൈലയുടെ ചേട്ടൻ സേതു വീട്ടിലേക്കു വന്നു. സേതുവും ഒരു ജൂനിയർ മജീഷ്യനാണ്. അമ്മയോടുള്ള സംവാദത്തിനുശേഷം, കവളമുക്കട്ടയിൽ നിന്നുള്ള മാജിക് ട്രൂപ്പിൽ ജെസിയും സഹോദരി ഡോളിയും അംഗമാകുന്നു. അമ്മയുടെ അച്ഛൻ ആർട്ടിസ്റ്റായിരുന്നു. കലയുടെ ലോകത്തേക്ക് അമ്മ തടസ്സം നിന്നില്ല. ഒരു ടിക്കറ്റിന് ഒരു രൂപ വച്ചുള്ള പ്രദർശനങ്ങളാണ്. ഒരു ഷോയ്ക്ക് 25 രൂപ കിട്ടും. ഒരു ചാക്ക് റബർ കുരുവിന്റെ ഒരു രൂപയെക്കാൾ എന്തുകൊണ്ടും വലുതാണ് ഒരു ഷോയുടെ 25 രൂപ. ജെസി മാന്ത്രിക ലോകത്തിലേക്കു കാൽവയ്ക്കുകയായിരുന്നു.

പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സ്കൂൾഷോകൾക്കു പോയി. ക്ലാസുകൾ പലതും തടസ്സപ്പെട്ടു.

കവളമുക്കട്ടയിലെ മാജിക് ജീവിതത്തിൽ നിന്ന് ജെസിയുടെ യാത്ര മുന്നേറി. പ്രധാനമായും മജീഷ്യൻ എന്ന മട്ടിലായിരുന്നില്ല, മാന്ത്രികക്കൂടാരത്തിലെ കഥാപാത്രം എന്ന നിലയിലായിരുന്നു ജെസിയുടെ യാത്ര. അപകടകരങ്ങളായ എത്രയോ ഇനങ്ങളിൽ ജെസി ‘ഇര’യായി. ബെഞ്ചിനു മുകളിൽ കിടന്ന് ആകാശത്തേക്ക് ഉയർന്നുപൊങ്ങി. ഹാരി ഹൂദിനിയെന്ന മാന്ത്രികാചാര്യൻ ഡിസൈൻ ചെയ്ത, ചങ്ങലകളാൽ ബന്ധിതമായ ഹൂദിനിപ്പെട്ടിയിൽ ശ്വാസംപിടിച്ചു കിടന്നു. മാന്ത്രികൻ പെട്ടിയിൽ കയറി ബന്ധിതനാകും. പിന്നീട് കാണികളെ അതിശയിപ്പിച്ച് ജനക്കൂട്ടത്തിൽ നിന്നു കയറിവരുന്ന മാന്ത്രികൻ പെട്ടിതുറക്കുമ്പോൾ അതിൽ നിന്ന് ജെസി ഇറങ്ങും. ഒരു കോളജിലെ അവതരണത്തിൽ ആൾക്കൂട്ടത്തിൽ നിന്നു പ്രത്യക്ഷപ്പെടുന്ന മാന്ത്രികനെ കോളജ് പിള്ളേർ തടഞ്ഞുവച്ചു. പെട്ടിക്കുള്ളിൽ ജെസി ശ്വാസം മുട്ടി. ഒടുവിൽ തുറന്നിറങ്ങി കർട്ടനു പിന്നിൽപോയി കുഴഞ്ഞുവീഴുകയായിരുന്നു. ‘ബേണിങ് ലേഡി ഇല്യൂഷൻ’ എന്ന വിദ്യയിൽ പെട്ടിക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയാണ്. കാണികളെ സംബന്ധിച്ച് പെട്ടിക്കുള്ളിൽ ആളുണ്ട്. പക്ഷേ ആൾ മറ്റൊരു അറയിലേക്ക് മാറുന്നെന്നേയുള്ളൂ. മാലാഖയുടുപ്പിട്ട കഥാപാത്രത്തിന്റെ ദേഹത്ത് ഒരു തീപ്പൊരി തട്ടിയാൽ മതി, ദുരന്തത്തിന്.

ജെസി പറയുന്നു: ‘ഞങ്ങൾ കുട്ടികളായിരുന്നതിനാൽ അതിന്റെ അപകടത്തെപ്പറ്റിയൊന്നും ഓർത്തതേയില്ല’. പിന്നീട് മാന്ത്രികക്കൂടാരത്തിൽ നിന്നു പുറത്തിറങ്ങി പത്രപ്രവർത്തകയായപ്പോഴാണ് അപകടവഴികൾ ഓർമിച്ചു തിരിച്ചറിഞ്ഞത്. ഒരു ഇൻഷുറൻസ് പോളിസി പോലും ഇല്ലാതെയാണ് തീഗോളങ്ങൾക്കിടയിലൂടെ നടന്നത്!

അഞ്ചു വർഷംകൊണ്ട് റോഡുവക്കിൽ സ്ഥലംവാങ്ങി വാതിലുള്ള ഒരു വീടുണ്ടാക്കി ജെസി. വാതിലില്ലാത്ത വീട്ടിൽ താമസിക്കുമ്പോഴും നാട്ടുകാർ സഹോദരന്മാരെപ്പോലെയായിരുന്നു.  എന്നാലും ജില്ല വിട്ടു പുറത്തേക്കു മാന്ത്രിക ലോകയാത്രകൾ നടത്തുന്നതു നാടിനു മുറുമുറുപ്പായി. പള്ളിയും സമൂഹവും എതിരായി. രാത്രി വൈകി വീട്ടിൽ വന്നിറങ്ങുന്ന പെൺമക്കൾക്കു നേരെ വരുന്ന അമ്പുകളെ തടഞ്ഞത് അമ്മയാണ്.

വായനയും പുല്ലരിയലും

പഠനം വെല്ലുവിളിയായി മുന്നിൽ. ഒരു സ്റ്റേജിൽ നിന്നു മറ്റൊന്നിലേക്ക് യാത്ര. ഒരു ഷോ നടത്തണമെങ്കിൽ എട്ടു മണിക്കൂർ തയാറെടുപ്പ് വേണം. പിന്നെ അരങ്ങ് അഴിച്ച് അടുക്കിവയ്ക്കാൻ വീണ്ടും മൂന്നു മണിക്കൂർ. ജെസി പക്ഷേ മാന്ത്രിക സംഘത്തിന്റെ ബസിലിരുന്നു വാശിക്കു വായിച്ചുപഠിച്ചു. പാഠങ്ങളെ എഴുതിയെടുത്ത് കൂടെക്കൂട്ടി. ഇംഗ്ലിഷ് ഉടക്കിനിന്നെങ്കിലും നിഘണ്ടുവില്ലാതെ ഡിഗ്രി ധനതത്വശാസ്ത്രം ജയിച്ചു. ഇതിനിടയിൽതന്നെ വീട്ടിൽ പശുവിനെ തീറ്റലും പുല്ലരിയലും തുടങ്ങിയ കലാപരിപാടികളും!

പുസ്തകം കക്ഷത്തു വച്ചു പശുവിനെ തീറ്റാൻ പോയ നേരങ്ങളിലാണ് വായന എന്താണെന്നറിഞ്ഞതെന്നു ജെസി ഓർമിക്കുന്നു. അകലെയുള്ള ചായക്കടയിൽ നിന്ന് അച്ഛൻ കൊണ്ടുവരുന്ന തലേന്നത്തെ പത്രം മാത്രമേ വായിക്കാൻ പറ്റിയിരുന്നുള്ളൂ. കൂടാരത്തിൽ നിന്നു പുറത്തിറങ്ങി പത്രപ്രവർത്തകയായ ജെസിയുടെ പാഠങ്ങൾ ഈ പഴകിയ പത്രങ്ങളായിരുന്നു.

1996 ൽ തിരുവനന്തപുരത്തു മാജിക് സ്ഥാപനത്തിലെ പിആർഒ ആയി എത്തി. ഒപ്പം പത്രപ്രവർത്തനവും തുടങ്ങി. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭർത്താവ് ഗോപി നാരായണൻ സഹായിച്ചു. 

ഭാരതീയ വിദ്യാഭവനിൽ ജേണലിസം പഠിച്ചു. ഗോപി നാരായണൻ നീണ്ടകാലം ഒ.വി.വിജയന്റെ കേട്ടെഴുത്തുകാരനായിരുന്നു. വിജയന്റെ ‘പ്രവാചകന്റെ വഴി’ നോവൽ മുഴുവൻ എഴുതിയെടുത്തത് ഗോപിയാണ്. ദുർബല ശബ്ദത്തിൽ പറയുന്ന ഒ.വി.വിജയന്റെ ചുണ്ടനക്കം കണ്ട് പകർത്താൻ ഗോപിക്കേ കഴിയുമായിരുന്നുള്ളൂ.

പിന്നീട് തിരുവനന്തപുരത്തെ പല പത്രങ്ങളിലും മാസികകളിലും ജെസി ജോലി ചെയ്തു, എഴുതി. ഇതിനിടെ മാജിക് സ്ഥാപനത്തിൽ നിന്നു പൂർണമായി വിടുതൽ നേടി. മുറിഞ്ഞുപോയ മലയാളം എംഎ നേടിയെടുത്തു. 45–ാം വയസ്സിൽ പിഎച്ച്ഡി തുടങ്ങി, മദ്രാസ് സർവകലാശാലയിൽ. മകൾ ആർച്ച ഇപ്പോൾ എംഎസ്‌സി പഠിക്കുന്നു.

ജെസിയുടെ ഏറ്റവും കാൽപനികമായ മാജിക് തിരുവനന്തപുരത്തെ ‘മലയാളം പള്ളിക്കൂട’മാണ്. മലയാളം പഠിക്കുന്നവരും പഠിക്കാത്തവരുമായ മലയാളി കുട്ടികൾക്കുവേണ്ടിയുള്ള ഞായറാഴ്ചപ്പള്ളിക്കൂടം.

മാജിക് ആധുനികമാകുന്നതിനു മുൻപുള്ള ചരിത്ര വഴികൾ അന്വേഷിക്കുന്ന ഒരു പുസ്തകം ‘മാന്ത്രിക ഐതിഹ്യമാല’ തയാറാക്കുകയാണ് ജെസി ഇപ്പോൾ. 

കഥയും യാഥാർഥ്യവും കൂടിക്കുഴയുന്നതാണ് ഐതിഹ്യമാല. കഥ പോലെ തന്നെ ജെസിയുടെ അതിജീവനവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA