sections
MORE

ചൂരൽവടി

Story-Sketch
SHARE

ഉച്ചഭക്ഷണത്തിനുശേഷം മുറിയിലെ ചാരുകസേരയിൽ കിടന്നു. ഉഷ്ണമാണെങ്ങും. ഉഷ്ണം... പുറത്തെ മുറ്റത്തിനു കോണിൽ നിൽക്കുന്ന ചെറുമാവിന്റെ ശിഖരങ്ങൾ കാറ്റിലുലയുന്നു. പുറത്തത് കാറ്റിനെ കടത്തിവിടാതെ തടുക്കുന്നു. ഇപ്പോൾ കണ്ണിമാങ്ങകൾക്കു നല്ല പൊഴിച്ചിലുണ്ട്. മൂന്നു വർഷം മുമ്പാണ് അതു കായ്ക്കാൻ തുടങ്ങിയത്. ഒരിക്കൽ കൃഷിഫാമിൽ നിന്നു കൊണ്ടുവന്നു നട്ട അൽഫോൻസാ ഇനമായതുകൊണ്ട് കൊഴിയുന്നതിൽ വല്ലാത്ത സങ്കടമാണ്. ഈച്ചകളുടെ ആക്രമണമാണു കൂടുതലും. മൊബൈൽ ടവറിന്റെ അണുപ്രസരമാണു കൊഴിയാൻ കാരണമെന്നു ചിലർ പറയുന്നു. പെൻഷൻ പറ്റി, ഇപ്പോൾ വായനയും തൊടിയിലെ ഫലസസ്യങ്ങളെ ശുശ്രൂഷിക്കലുമായി കഴിയുന്നതുകൊണ്ടാകാം ഇങ്ങനെയൊരാന്തൽ. തുറന്ന ജനൽപ്പാളിക്കപ്പുറം പുറത്ത് കണ്ണിമാങ്ങകൾ കൊഴിഞ്ഞു കിടക്കുന്നത് വേദനിപ്പിച്ചു‌. മുമ്പിലെ ടീപ്പോയ്മേൽ പത്രമാസികകൾ കിടപ്പുണ്ട്. പീഡനവും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളുമൊക്കെയായി വായനക്കാരെ പത്രമാസികകൾ വിഭ്രമിപ്പിക്കുകയാണ്. വാടകഗുണ്ടകളാണുപോലും ഇപ്പോൾ വലിയവർക്കുവേണ്ടി കൃത്യങ്ങൾ നടത്തുക.

നാടും നഗരവുമൊക്കെയിന്നു വലിയ പ്രതിസന്ധികളിലൂടെയാണല്ലോ കടന്നുപോകുന്നതെന്ന് ഉത്കണ്ഠപ്പെട്ടു. പുറത്തിറങ്ങാൻ തന്നെ ഭയമാകുന്നു. ഷുഗറിന്റെ പിടിത്തമാകണം, ക്ഷീണവും മയക്കവും തോന്നി... മയങ്ങിപ്പോയി.

‘സോമൻപിള്ള സാറിന്റെ വീടല്ലേ,’ പുറത്താരോ വിളിക്കുന്നതു മയക്കത്തിലറിഞ്ഞു. രണ്ടാമത്തെ വിളിയിൽ ‘അതേല്ലോ’ എന്നു പറഞ്ഞു ഭാര്യ കതകു തുറക്കുന്നതും കേട്ടു.

പിന്നീട് ‘ദേ ഒരാൾ കാണാൻ വന്നിരിക്കുന്നു’വെന്നും പറഞ്ഞു ഭാര്യ മുറിക്കുമുമ്പിൽ വന്നു പോയപ്പോൾ മയക്കം കുടഞ്ഞു നടുനിവർത്തിരുന്നു.

ആഗതൻ നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരനാണ്... ആളെ മനസ്സിലായില്ല... താടി നീട്ടി വളർത്തിയിരിക്കുന്നു... തലമുടി മുകളിലേക്കു ഫ്രീക്കായി നിൽക്കുന്നു... നരച്ച ജീൻസും ബ്രൗൺ ബനിയനും. തോളിൽ ഒരു ബാഗുമുണ്ട്... ചെറുപ്പക്കാരൻ വന്നപാടെ കാലിൽ തൊട്ടു നിറുകയിൽ വച്ചു.

‘‘മാഷേ... മാഷ്ക്ക് സുഖാണോ...’’ അയാളുടെ പറച്ചിലിൽ ഒരാന്തലുണ്ടെന്നു തോന്നി.

‘‘ങാ സുഖം...’’ എന്നു പറഞ്ഞ് ആ നീണ്ട മുഖവും ഭാവവും ഓർമയുടെ അച്ചിലിട്ടു രാകി... മുപ്പതു വർഷത്തോളം സ്കൂളിൽ ജോലി ചെയ്തു പിരിഞ്ഞ എനിക്കീ മുഖം എത്ര തപ്പിയിട്ടും കിട്ടുന്നില്ലല്ലോന്നു വ്യാകുലപ്പെട്ടു. ശിഷ്യഗണത്തിൽ ആരെങ്കിലുമാവാം... ചിലർ വലിയ ജോലി കിട്ടി വിദേശത്തൊക്കെ പോയി വരുമ്പോൾ ഇങ്ങനെ സന്ദർശനം നടത്താറുണ്ട്. പക്ഷേ, ഇതങ്ങനെയല്ലല്ലോന്നു ഞെരുങ്ങി. ‘‘ഇരിക്കൂ’’ ഞാൻ പറഞ്ഞു.

‘‘വേണ്ട മാഷേ, ഞാ‍ൻ നിൽക്കാം...’’ എത്ര വിനയമാണു ചെറുപ്പക്കാരന്. പക്ഷേ, ഓരോ വാക്കിലും ഭാവത്തിലും ഒരു വിറയൽ തൊണ്ടയിൽ തടയുന്നുണ്ട്.

‘‘എന്താ പേര്?’’

‘‘സുബീഷ്.’’

‘‘എന്താ വന്നത്?’’

‘‘മാഷിനെ ഒന്നു കാണാനും മാപ്പു ചോദിക്കാനും.’’

‘‘മാപ്പോ, എന്തിന്! മയക്കത്തിന്റെ തേരട്ടകളെ പറിച്ചെറിഞ്ഞെണീറ്റ് ചെറുപ്പക്കാരന് അഭിമുഖമായി നിന്നു. പിന്നെ ആ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി. അവിടെ ചുവപ്പിന്റെ ചേക്കേറലുകൾ കുമിയുന്നു. ജീവിതത്തിൽ ഒരു പരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ വന്നു മാപ്പു ചോദിക്കുന്നു... പിന്നെ ഓരോ വാക്കും സ്വന്തം താടിയിലേക്കും മുടിയിലേക്കും സംയോജിപ്പിച്ച് അസാധാരണമായി അതു പിടിച്ചുലയ്ക്കുന്നു. ഇയാൾക്ക് എന്തോ പ്രശ്നമുണ്ട്... ശ്രദ്ധിക്കണം... ചിലപ്പോൾ ആളുമാറിയതാവാം. അല്ലെങ്കിൽ വീടു മാറിയതാവാം. ഞാൻ രണ്ടടി പുറകോട്ടുവച്ചു.

‘‘മാഷ് പാലമൂലേന്ന് പോയത് ഞാൻ അറിഞ്ഞില്ല. ഏറെ അന്വേഷിച്ചാണ് ആറാട്ടുകടവിലെ ഈ വീട് കണ്ടുപിടിച്ചത്.’’

‘‘ഓഹോ അപ്പോ എന്നെക്കാണാൻ തന്നെയാണ് വരവ്... പക്ഷേ ??? ഞാൻ ടീപ്പോയിലെ മാസിക ഒന്നെടുത്തു ദേഹത്തെ ചൂടു തട്ടിക്കളയാൻ നോക്കി. അതു വഴങ്ങുന്നില്ല.

ഏതാണ്ടു പത്തു വർഷം മുമ്പാണ് പാലമൂല സ്കൂളീന്നു മാറ്റം വാങ്ങി ഇങ്ങോട്ടു പോന്നത്. രണ്ടുവർഷം മുൻപു പെൻഷനുംപറ്റി ഇങ്ങനെയിപ്പോൾ ചെടികൾക്കും പൂക്കൾക്കുമൊപ്പം കഴിയുകയാണ്. മകനും മകളും ജോലിക്കാർ. മകൾ ദില്ലിയിലും മകൻ അമേരിക്കയിലും. വർത്തമാനം പറയാൻപോലും ആളില്ലാത്ത സ്ഥിതി... ഭാര്യ സ്കൂളിലേക്കു പോയാൽ, ചെടികളാണു കൂട്ട്. മക്കളെ വളർത്തി വലുതാക്കിയിട്ട് വയസ്സാൻകാലത്ത് ഒറ്റയ്ക്കായല്ലോന്ന വിഷമം വേറെ...

‘‘പാലമൂലയിലാണോ വീട്?’’ ഞാൻ ചോദിച്ചു.

‘‘അല്ല, കാപ്പിമുക്കിലാണ്. പക്ഷേ, പാലമൂല സ്കൂളിലാണു പഠിച്ചത്.’’

‘‘ഓഹോ... ഞാൻ പാലമൂല സ്കൂളിലെ അധ്യാപകനായിരുന്നു.’’

‘‘അറിയാം.’’

‘‘എങ്ങനെ?’’

‘‘ഞാൻ അവിടെയാണു പഠിച്ചത്.’’

ഞാൻ ഒന്നുകൂടി കിണഞ്ഞുനോക്കി. കഴിയുന്നില്ല. പുറത്തെ നടപ്പു കണ്ടിരുന്നെങ്കിൽ ആളെ മനസ്സിലാക്കാമായിരുന്നു. ഇതിപ്പോ പെട്ടെന്നു മുമ്പിൽ വന്നയാളെ എങ്ങനെ മനസ്സിലാക്കാൻ! ഒരുപക്ഷേ, ഈ നീണ്ട താടിയും മുടിയുമില്ലായിരുന്നെങ്കിൽ... ഹോ... കാലമിങ്ങനെ മനുഷ്യനെ വല്ലാതെ മാറ്റിക്കളയും. മാവിൽ ഇരട്ടവാലൻ പക്ഷികൾ തിമിർക്കുന്ന ഒച്ച കേട്ടു. കഷ്ടം, കണ്ണിമാങ്ങകളെയെല്ലാം അതു കൊഴിക്കുകയാണ്. പക്ഷികളെ ആരും ഓടിക്കാറില്ല. പ്രകൃതി കിളികളുടേതാണ്.

‘‘ഞാൻ പഠിപ്പിച്ചിട്ടുണ്ടോ?’’

‘‘ഉണ്ട്. എട്ടാം ക്ലാസിൽ.’’

‘‘ഓഹോ, പേരെന്താ പറഞ്ഞത്?’’

‘‘സുബീഷ്.’’

പെട്ടെന്ന് നെഞ്ചിൽ ആരോ ഒരു വെട്ട് വെട്ടിയതായി തോന്നി. പൊടുന്നനെ പിടിത്തംവിട്ട മുണ്ട് ഒന്നുകൂടി കേറ്റിക്കുത്തി. ഉഷ്ണം, വല്ലാത്ത ഉഷ്ണം. അതു വകവയ്ക്കാതെ അവന്റെ ഇരുതോളിലും കൈവച്ചു പറഞ്ഞു.

‘‘നീ... നീ സുബീഷാണോ... നിന്നെ കണ്ടിട്ടു മനസ്സിലായില്ലല്ലോ!’’

‘‘മനസ്സിലാക്കല്ലേ എന്നുതന്നെയാണ് മാഷേ... എന്റെയും...’’

‘‘എന്താ നിന്റെ മുഖമിങ്ങനെ വിളറുന്നത്... വാക്കുകൾ വിറകൊള്ളുന്നത്?’’

‘‘തെറ്റു ചെയ്തവന്റെ മുഖവും വാക്കും ഇങ്ങനെതന്നെയല്ലേ മാഷേ.’’

‘‘നീ ഇപ്പം എവിടാ?’’

‘‘കൊച്ചീല്.’’

‘‘എന്താ ജോലി...’’

‘‘ജോലി... ജോലി അങ്ങനെയൊന്നുമില്ല മാഷേ... എന്തു ജോലിയും ചെയ്യും...’’

അവന്റെ തൊണ്ടകുത്തി പുറത്തിട്ട വാക്കുകളിൽ എനിക്കൊരാന്തലുണ്ടായി... ശരീരം മുഴുവൻ ഉഷ്ണം പെരുത്തു. അവൻ എന്റെ കാലിൽ വീണു കരയാൻ തുടങ്ങി. ‘‘ക്ഷമിക്കണം മാഷേ. എന്നോടു ക്ഷമിക്കണം.’’

എനിക്കനങ്ങാൻ കഴിഞ്ഞില്ല. പെട്ടെന്നു കട്ടിലിന്റെ മുഖപ്പിൽ ഞാൻ ബലത്തിൽ പിടിച്ചു.

‘‘അയ്യേ... എണീക്ക് സുബീഷേ... എനിക്കു നിന്നോട് ഒരു ശത്രുതയും ഇന്നുവരെ തോന്നീട്ടില്ല.’’

‘‘ഒരധ്യാപകനും അങ്ങനെയാകാൻ കഴിയില്ലെന്നു ഞാൻ പഠിച്ചു മാഷേ.’’

ഭാര്യ ഒരു മിന്നായംപോലെ പ്രത്യക്ഷപ്പെട്ട് സാന്നിധ്യം അറിയിച്ചു. പിന്നെ സുബീഷിനെ കരയാൻ അനുവദിച്ച് വേഗത്തിൽ തിരിച്ചുപോയി. അവളും ആറാട്ടുകാവ് സ്കൂളിലെ ടീച്ചറാണ്. പെൻഷനാകാൻ മൂന്നു വർഷം ഇനിയും വേണം.

ഒരുപക്ഷേ അവൾക്കിങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടോന്നു ചിന്തിച്ചു. സുബീഷിനെ ഒരുവിധം ഞാൻ പിടിച്ചു കസേരയിൽ ഇരുത്തി. മറ്റൊരു കസേരയിൽ ഞാനുമിരുന്നു. എനിക്കവനോടു വല്ലാത്ത ഒരിഷ്ടവും സങ്കടവും തോന്നി. അവന്റെ മാനസികാവസ്ഥ ചിതറിക്കിടപ്പാണ്. എങ്ങനാണൊന്നു സമാധാനിപ്പിക്കുക. നിറയെ ചിത്രത്തുന്നലുകളുള്ള തൂവാല നഷ്ടപ്പെട്ടവനെപ്പോലെ ഞാനിരുന്നു. 

‘‘ആകട്ടെ, നീ എന്തിനാ എന്നെ കാണാൻ വന്നത്?’’

‘‘മാഷിന്റെ കയ്യീന്ന് ഒരു തല്ലുവാങ്ങാൻ.’’

എനിക്കു വീണ്ടും വിറയലുണ്ടായി ശരീരമാസകലം... പത്തു മുപ്പതു വയസ്സുള്ള ആളെ തല്ലുകയോ. ചിന്തിക്കാൻതന്നെ കഴിയുന്നില്ല... സുബീഷ് പെട്ടെന്നു ബാഗ് തുറന്ന് ഒരു കടലാസുപൊതി പുറത്തെടുത്ത് അതിൽ വളച്ചുകെട്ടിവച്ചിരുന്ന ഒരു ചൂരൽ‌വടി പുറത്തെടുത്തു നിവർത്തി വായുവിൽ വീശി. അതിന്റെ ഒച്ച എന്റെ കർണപുടങ്ങളെ വെപ്രാളപ്പെടുത്തി. ഹോ എന്തൊരൊച്ചയാണതിന്. കുട്ടികളെ തല്ലുന്നത് ഇഷ്ടമായിരുന്നില്ല. വളരെ അപൂർവമായിട്ടേ അതു ചെയ്തിരുന്നുള്ളൂ.

‘‘ഇതാ, ഇതു പിടിക്ക് മാഷേ.’’ അവൻ പെട്ടെന്നു ചൂരൽവടി എന്റെനേർക്കു നീട്ടി.

‘‘എന്താ സുബീഷ് ഇത്? നീ ഇപ്പോ കൊച്ചുകുട്ടിയൊന്നുമല്ല.’’ ഇരട്ടവാലൻ പക്ഷികളപ്പോൾ ജനൽപ്പടിയിൽ വന്നിരുന്നു കലപില കൂട്ടുകയാണ്.

‘‘ആണ് മാഷേ... ശരിക്കുമൊരു കൊച്ചുകുട്ടി. ഞാനിപ്പോഴാ അറിയുന്നേ ഞാനൊട്ടും വളർന്നിട്ടില്ലെന്ന്.’

ഞാനാ ചൂരൽവടി മേടിച്ച് വാതിലിലൂടെ പുറത്തേക്കെറിഞ്ഞു... ഭാര്യയപ്പോൾ തണുത്ത നാരങ്ങാവെള്ളം രണ്ടു ഗ്ലാസ് ടീപ്പോയ്മേൽ വച്ച് ശബ്ദമില്ലാതെ പോയി. ഗ്ലാസിനടിയിൽ ഊറാത്ത ഐസ് പരലുകൾ ഇളകുകയാണ്. അതുനോക്കി സുബീഷ് ഇരിപ്പാണ്. അവന്റെ കണ്ണിൽ കടൽ തിളയ്ക്കുന്നു.

സുബീഷിപ്പോൾ കുട്ടിയാണ്. പാലമൂല സ്കൂളിലെ– നീല പാന്റ്സും വെള്ളയിൽ നീലവരകളുള്ള ഷർട്ടുമിട്ട് നല്ല സ്മാർട്ടായ കുട്ടി. മറ്റുകുട്ടികളുടെ പേടിസ്വപ്നം.

‘‘ഉണ്ണിമോഹൻ എവിടാ?’’ ഞാൻ ചോദിച്ചു.

‘‘ദില്ലിയിൽ മെക്കാനിക്കൽ എൻജിനീയറാ.’’

‘‘എങ്ങനറിയാം?’’

‘‘വരുമ്പോഴൊക്കെ എന്നെ അന്വേഷിച്ച് വീട്ടിൽ വരുമെന്ന് അറിയാം. പക്ഷേ, കാണാറില്ല.’’

‘‘നിന്റെ അമ്മയും സഹോദരിയും?’’

‘‘സഹോദരിയെപ്പറ്റി അറിയില്ല. അമ്മ രോഗമായി കിടപ്പാണ്.’’

‘‘അയ്യോ... എന്തുപറ്റി?’’

‘‘കാൻസറാണ് മാഷേ....’’

പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. അവന്റെ വാക്കുകളിലും മുഖത്തും ഭീതിദമായ എന്തോ ഒളിച്ചിരിക്കുന്നു. മുറ്റത്തപ്പോൾ പക്ഷികൾ കൊത്തിയിടുന്ന കണ്ണിമാങ്ങകൾ തുരുതുരെ വീഴുന്നതറിഞ്ഞു. ഒരെണ്ണം ജനാലയിൽ തട്ടി മുറിയിലെ ബെഡ്ഡിലേക്കാണു വീണത്. മനോഹരമായ വെളുത്ത ഷീറ്റിലത് അനക്കമറ്റു കിടന്നു. സങ്കടം തോന്നി. നന്നായി മൂത്തു പഴുക്കേണ്ട മാങ്ങ.

പരസ്പരം തല്ലുകൂടുന്ന കുട്ടികളെ ശിക്ഷിക്കാനും ശകാരിക്കാനും പറ്റാത്ത വർത്തമാനകാലം ഹൃദയത്തിൽ പുഴുക്കുത്തായി നീറി. കുട്ടികളെ വലിയവരാക്കുന്നത് അധ്യാപകരല്ലേ... അല്ല, മാതാപിതാക്കളാണ്... രണ്ടും ശരിയാണ്... കുട്ടികളുടെ മനസ്സ് വിഹ്വലമാണ്... അതു കൂട്ടിത്തുന്നേണ്ടത് അധ്യാപകരാണ്.

ബാത്ത്റൂമിനു പുറത്ത് മണ്ണിൽ വീണുരുണ്ട് അടിയുണ്ടാക്കുന്ന ഉണ്ണിമോഹനെയും സുബീഷിനെയും മറ്റുകുട്ടികളാണ് ഓടിവന്നു കാട്ടിത്തന്നത്. രണ്ടുപേരുടെയും തുടയ്ക്കു തല്ലി. തുടയിലെ ആദ്യ അടി തടുത്ത സുബീഷിന്റെ കവിളത്താണ് വടിത്തുമ്പു തട്ടിയത്. പക്ഷേ, സുബീഷാണു പൊലീസിനോടു പരാതിപ്പെട്ടത്. അവന്റമ്മയാണു പരാതിക്കാരി. ഉണ്ണിമോഹന്റെ അച്ഛൻ, കുട്ടികളെ ആവശ്യമെങ്കിൽ ശിക്ഷിക്കേണ്ടത് അധ്യാപകരുടെ കടമയെന്നാണ് പറഞ്ഞത്. പൊലീസിന്റെ മുമ്പിൽ സുബീഷ്, വടിക്കു ഞാൻ കവിളിൽ കുത്തീന്നു തറപ്പിച്ചു. അവന്റെ മുഖവും കണ്ണുകളുമപ്പോൾ കോപത്തിൽ ചോരച്ചുകിടന്നത് ഓർത്തു.

പിന്നെ കേസ്... ആറുമാസം സസ്പെൻഷൻ. മകനെ തല്ലിയതിൽ സുബീഷിന്റെ അമ്മ പിറ്റേന്നു പറഞ്ഞ അസഭ്യം, കാലത്തിന്റെ വല്ലാത്ത ചതിക്കുഴിതന്നെ. അധ്യാപകർ മക്കളെ ശിക്ഷിക്കുന്നത് ഒരമ്മയും സഹിക്കില്ലെന്ന്. ശരിയല്ലേ ? കോപം മൂത്ത് കുട്ടികളെ തലങ്ങും വിലങ്ങും തല്ലുന്ന അധ്യാപകരുണ്ട്. ശിക്ഷയല്ല, വിദ്യയാണു വേണ്ടത്. പെറുക്കിയെടുക്കാൻ ഒരുപിടി മതിപോലും.

ക്ലാസിലും പുറത്തും സുബീഷ് കുഴപ്പക്കാരനും പഠിക്കാത്തവനും അധ്യാപകർക്കു തലവേദനയുമായിരുന്നു. പലപ്രാവശ്യം അവന്റമ്മയോടു വിവരം പറഞ്ഞപ്പോൾ അവർ ചീറ്റപ്പുലിയായി, സ്വന്തം മകൻ മര്യാദക്കാരനെന്ന സർട്ടിഫിക്കറ്റ് തന്നു. പത്തിൽ തോറ്റപ്പോഴും അവർ ചീറിയത് അധ്യാപകരുടെ കുഴപ്പമാണെന്നാണ്. എത്ര ശ്രമിച്ചാലും കുഴപ്പം മറുപുറം നിന്നു പല്ലിളിക്കും.

‘‘നിന്റെ മുഖത്തു പാടുണ്ടോ?’’ ഞാൻ ചോദിച്ചു.

‘‘അതിപ്പോൾ ഹൃദയത്തിലേക്കു നൂഴ്ന്ന് കഴുകനെപ്പോലെ അവിടം കൊത്തിവലിക്കുകയാണു മാഷേ. എത്ര കഴുകിയാലും പോകാത്തവിധം അതവിടെ ചോരച്ചു കിടക്കുന്നു.’’

അവൻ താടിപിടിച്ച് വല്ലാതെ വലിക്കുകയാണ്. അതു മുറിഞ്ഞു വീണേക്കാമെന്നു ഭയന്നു.

‘‘നീ എന്തിനാണിങ്ങനെ താടിയും മുടിയുമൊക്കെ പിച്ചുന്നത്. ഇങ്ങനെ സ്വയം മുറിവേൽക്കുന്നത്?’’

‘‘എനിക്കു സ്വയം മുറിവേൽക്കണം മാഷേ. എന്റെയമ്മ ചെറുപ്പത്തിൽ ഒന്നടിച്ചിരുന്നെങ്കിലെന്ന് ഞാനിപ്പോൾ വേവുകയാണ്.’’

അവന്റെ മുഖം ജാള്യത്തിൽ തുള്ളിത്തുളുമ്പുകയാണ്. എനിക്കപ്പോൾ ഉന്മാദം തോന്നി. ഞാൻ പറഞ്ഞു.

‘‘നീ ഇപ്പോഴാണു വിജയിച്ചത്...’’

അവനപ്പോൾ മനസ്സിലാകാതെ വല്ലാത്ത വീർപ്പുമുട്ടലോടെ എന്നെ നോക്കി.

‘‘മാഷ് എന്താ പറഞ്ഞത്?’’

‘‘ഈ തിരിച്ചറിവാണു നിന്റെ വിജയം. നോക്കൂ... നിനക്കു മുമ്പിൽ കാലം കാത്തുകിടപ്പാണ്.’’

അവനപ്പോൾ നിറകൺതടങ്ങൾ തുടച്ച് എന്നെ വല്ലാതെ ഉറ്റുനോക്കി.

അവന്റെ ചിറിക്കോണിൽ മൃദുസ്മിതം പൊട്ടിയോ... അറിയില്ല... പൊടുന്നനെ അവൻ പുറകോട്ടു തിരിഞ്ഞ് ബെഡ്ഡിൽ വീണ പുഴുകുത്തിയ കണ്ണിമാങ്ങ എടുത്തു കൈവെള്ളയിലിട്ടു തിരിച്ചുംമറിച്ചും സൂക്ഷിച്ചു നോക്കുകയാണ്. പെട്ടെന്നവൻ ചോദിച്ചു:

‘‘ഇതു തിന്നാൻ കൊള്ളുമോ മാഷേ?’’

‘‘ഇല്ല, ഒട്ടും കൊള്ളില്ല.’’ ഞാൻ പറഞ്ഞു.

അന്നേരമവനത് ഊക്കോടെ പുറത്തേക്കു വലിച്ചെറിഞ്ഞു. അപ്പോൾ മാവിൻകൊമ്പിലെ ഇരട്ടവാലൻ പക്ഷികൾ ഭയന്നു ചിറകടിച്ച് പറക്കുന്നതു കേട്ടു.‌

ഇപ്പോൾ എന്നോടവൻ വിനയത്തോടെ ചോദിച്ചു:

‘‘മാഷേ ഒരു നല്ല കണ്ണിമാങ്ങ ഞാൻ പറിച്ചോട്ടേ?’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA