ADVERTISEMENT

ചട്ടമ്പിസ്വാമി സമാധിയായ വിവരം മഹാകവി രവീന്ദ്രനാഥ ടഗോറിനെ അറിയിച്ചില്ലല്ലോയെന്ന്  പന്നിശ്ശേരി നാണുപിള്ള ഓർത്തെടുത്തപ്പോഴേക്കും ആഴ്ചകൾ പലതു കടന്നുപോയിരുന്നു. 1924 മേയ് അഞ്ചിനാണ് ചട്ടമ്പിസ്വാമി പന്മനയിൽ സമാധിയായത്. വാർത്തകൾക്ക് നിമിഷവേഗമില്ലാത്ത അക്കാലത്ത് ആഴ്ചപ്പത്രം മാത്രം വായിച്ചാണ് ആളുകൾ വിവരമറിഞ്ഞത്. ദൂരെയുള്ളവർക്ക് കത്തുകളും കമ്പിത്തപാലുമായിരുന്നു ആശ്രയം. 

സ്വാമിയുടെ അനുയായിയും കവിയും സംസ്കൃത പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള ടഗോറിന് കത്തെഴുതിയത് 1924 ജൂൺ 27ന്. ഏതാണ്ട് രണ്ടുപുറം വരുന്ന ആ കത്ത് പൂർണമായും സംസ്കൃതത്തിലായിരുന്നു! സ്വാമിയുടെ ജീവിതദർശനം വ്യക്തമാക്കുന്ന കത്തിൽ പല വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ‘ബ്രഹ്മസർവം’ എന്ന വന്ദനവാക്യത്തോടെ തുടങ്ങുന്ന കത്തിൽ ടഗോറിനെ അഭിസംബോധന ചെയ്യുന്നതിന്റെ മലയാള പരിഭാഷയിങ്ങനെ–‘ ലോകം മുഴുവൻ മഹാകവി എന്നറിയപ്പെടുന്നവനും പണ്ഡിതന്മാർക്കിടയിലെ പൂജ്യപാദനും ആയ അങ്ങേയ്ക്ക് ആയിരം സാഷ്ടാംഗപ്രണാമം ചെയ്യുന്നു’. തുടർന്നാണ് സമാധിവിവരം അറിയിക്കുന്നത്.–‘ കേരളത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് മുൻകൂട്ടി നിശ്ചയിച്ചപ്രകാരംതന്നെ ചട്ടമ്പിസ്വാമികൾ പത്മാസനത്തിലിരുന്ന് മഹാസമാധി പൂകി.’

ഇംഗ്ലിഷിൽ നല്ല പ്രാവീണ്യമുണ്ടായിട്ടും കത്ത് സംസ്കൃതത്തിൽ എഴുതിയതിനൊരു കാരണമുണ്ടായിരുന്നു. 1919ലെ പാലക്കാട് സന്ദർശനവേളയിൽ ടഗോർ നടത്തിയ പ്രസംഗം മാതൃഭാഷയോടുള്ള കൂറു വെളിപ്പെടുത്തുന്നതായിരുന്നു. താൻ സാധാരണയായി പ്രസംഗിക്കാറുള്ളത് ഇംഗ്ലിഷിലല്ലെന്നും മറിച്ച് മാതൃഭാഷയിലാണെന്നും ടഗോർ പറഞ്ഞു. താൻ വിദേശരാജ്യത്തു ജനിച്ചവനല്ലാത്തതുകൊണ്ടും ഒരു ഇന്ത്യക്കാരനായതുകൊണ്ടും സദസ്യർ അനുകമ്പ പ്രദർശിപ്പിക്കുമെന്ന് തീർച്ചയുണ്ടെന്നും അന്നദ്ദേഹം സൂചിപ്പിച്ചു. 

ടഗോറിനയച്ച കത്തിന്റെ മലയാളലിപ്യന്തരണം പന്നിശ്ശേരി തന്നെ എഴുതി സൂക്ഷിച്ചു.1920ൽ പ്രസിദ്ധീകരിച്ച ‘നീലകണ്ഠതീർഥപാദചരിത’ത്തിന്റെ രണ്ടാം ഭാഗത്തിൽ ചേർക്കാനായിരുന്നു ഉദ്ദേശ്യം. 1942ൽ പന്നിശ്ശേരി അന്തരിച്ചു. 27 വർഷം കഴിഞ്ഞ് 1965ൽ രണ്ടാംഭാഗം പുറത്തുവന്നെങ്കിലും പ്രസാധകർക്ക് കത്ത് കണ്ടെത്താനായിരുന്നില്ല. ചട്ടമ്പിസ്വാമിയുടെ ശിഷ്യനായിരുന്ന തച്ചുടയ കൈമളുടെ ഗ്രന്ഥശേഖരത്തിൽ മറഞ്ഞുകിടന്ന ആ പകർപ്പ് ‍ഡോ. സുരേഷ് മാധവ് കണ്ടെടുത്തതോടെ, ബംഗാൾ വീണ്ടും സ്വാമിയുടെ ജീവചരിത്രത്തിന്റെ ഭാഗമാകുകയാണ്. 

1892ൽ എറണാകുളത്തുവച്ച് സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമിയിൽനിന്ന് ‘ചിന്മുദ്ര’യെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത് വ‍ൃത്താകൃതിയിൽ തുരീയത്തെ പ്രതീകമാക്കുന്നതാണ് ചിന്മുദ്ര. ഭാരതം മുഴുവൻ സഞ്ചരിച്ച വിവേകാനന്ദന് ചിന്മുദ്രയുടെ താത്വിക വിശദീകരണം ലഭിച്ചതു സ്വാമിയിൽനിന്നായിരുന്നു. പിന്നീട് വിവേകാനന്ദന്റെ നിർദേശമനുസരിച്ച് ബംഗാളിൽനിന്നെത്തിയ ആനന്ദൻ എന്ന സന്യാസി, ചട്ടമ്പിസ്വാമിയിൽനിന്ന് ‘ഖേചരീ മുദ്ര’ അഭ്യസിക്കുകയും ചെയ്തു. മനസ്സിനെ ഒരിടത്തുറപ്പിച്ച് കുണ്ഡലിനീശക്തിയെ ചലിപ്പിക്കുന്ന വിദ്യയാണ് ഖേചരി.

ചട്ടമ്പിസ്വാമിയുടെ പ്രധാന ശിഷ്യനായിരുന്ന നീലകണ്ഠതീർഥപാദർ വള്ളത്തോളിനെ വിശേഷിപ്പിച്ചത് ‘കേരള ടഗോർ’ എന്നായിരുന്നു. സ്വാമിയുടെ ചരിത്രത്തിൽ ബംഗാൾ കടന്നുവരുന്നത് യാദൃച്ഛികമല്ല എന്ന് പുതുതായി കണ്ടെടുത്ത രേഖയും തെളിയിക്കുന്നു. ചരിത്രത്തിന്റെ തിരുശേഷിപ്പായ കത്തിൽ 1922ലെ ടഗോറിന്റെ ശിവഗിരി സന്ദർശനവും സൂചിപ്പിച്ചിട്ടുണ്ട്.

 ചട്ടമ്പിസ്വാമിയുടെ സമാധിയെത്തുടർന്ന് ‘ഒരു വിലാപം’ എന്നൊരു കാവ്യവും പന്നിശ്ശേരി രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കത്തിനു മറുപടിയായി ടഗോർ അനുശോചനസന്ദേശം അയച്ചോ എന്നൊരു ചോദ്യം ചരിത്രത്തിലെ പ്രഹേളികയായി അവശേഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com