sections
MORE

പോരെ പൂരം!... പുറംലോകം അറിയാത്ത പൂരക്കൗതുകങ്ങൾ

pooram
SHARE

വിശ്വപ്രസിദ്ധമായ തൃശൂർ പൂരം കൗതുകങ്ങളുടെ പൂരമാണ്... പുറംലോകം അറിയാത്ത പൂരക്കൗതുകങ്ങളുടെ മേളം ഇതാ..

ഭൂമി ഉരുണ്ടതാണെന്ന് ആരു പറഞ്ഞാലും പൂരപ്പെരുമകേട്ട തൃശൂർക്കാരൻ തർക്കിക്കും.. പൂരനാളുകളിൽ  അവന്റെ ലോകം ഒരു വട്ടമാണ്. സ്വരാജ് റൗണ്ട്! ലോകം ചുറ്റിവന്നാൽ പോയ അതേ ഇടത്തെത്തുമെന്നതാണ് ഗോളത്തിന്റെ ന്യായം. പൂരപ്പറമ്പിനു ചുറ്റും റൗണ്ടിലൂടെ നീട്ടിപ്പിടിച്ചൊന്നു നടന്നാലും തുടങ്ങിയിടത്തു തന്നെയെത്തും; ഒരു കൊല്ലത്തെ പൂരം വിടചൊല്ലിപ്പിരിഞ്ഞ് നീട്ടിപ്പിടിച്ചൊന്നു നടന്നാലോ പിറ്റേപ്പൂരത്തിന്റെ പടിക്കൽ  തന്നെയെത്തും. അതും ന്യായം. 

റേഡിയോ പറഞ്ഞ സമയം

ആകാശവാണി എന്ന ഓൾ ഇന്ത്യ റേഡിയോയ്ക്ക് അന്നു ഡൽഹി റിലേ മാത്രമേയുള്ളു. പൂരത്തിന്റെ മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും ലൈവ് ആയി കേൾപ്പിക്കണമെന്ന പ്രേക്ഷകരുടെ ആവശ്യമേറി. മഠത്തിൽവരവ് പഞ്ചവാദ്യം അക്കാലത്ത് ഉച്ചയ്ക്കു 12 നു തുടങ്ങും. 12.30ന് ഇംഗ്ലിഷ് വാർത്ത വരും. വാദ്യം ഇടയ്ക്കു മുറിച്ച് വാർത്ത കേൾപ്പിക്കേണ്ടി വരും. ഒടുവിൽ ശ്രോതാക്കളുടെ കാതിനു ചെവികൊടുത്തു പൂരക്കമ്മിറ്റിക്കാർ. പഞ്ചവാദ്യത്തിന്റെ സമയം അരമണിക്കൂർ നേരത്തേ 11.30നാക്കി. 12.30നു പതികാലം തീരുമ്പോൾ വാർത്ത തുടങ്ങും.ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം തുടങ്ങുന്ന സമയം 2.10 ആക്കി മാറ്റിയതും ഇടയ്ക്കുള്ള ഈ ‘വാർത്താശല്യം’ ഒഴിവാക്കാൻ!. ഇന്നും അങ്ങനെ തുടരുന്നു.

തമ്പുരാൻ കോപിച്ചു; പൂരം തുടങ്ങി‌

പൂരം തുടങ്ങിയതെങ്ങനെ? പല കഥകളുണ്ടെങ്കിലും നാടകീയം ഇതാണ്. ശക്തൻ തമ്പുരാൻ ക്ഷിപ്രകോപി. 1790കളിൽ അദ്ദേഹം കൊച്ചിരാജാവാകുമ്പോൾ ഇപ്പോൾ പൂരം നടക്കുന്ന തേക്കിൻകാട് മൈതാനം  കാടിനുള്ളിൽ പുരാതനമായൊരു ശിവപ്രതിഷ്ഠ – വടക്കുന്നാഥൻ. തൃശൂർ നഗരത്തിന്റെ കൂടി ശിൽപിയായി പിന്നീട് അറിയപ്പെട്ട ശക്തൻ തമ്പുരാൻ ഈ കാടുവെട്ടിത്തെളിച്ചു. പാറമേക്കാവ് ഭഗവതിയുടെ കോമരം വാളെടുത്ത് രാജാവിനു മുന്നിൽ ഉറഞ്ഞുതുള്ളി. ഈ കാട് ശിവഭഗവാന്റെ മുടിയാണ്. വെട്ടരുത്. ക്ഷിപ്രകോപിയായ ശക്തൻ പറഞ്ഞു: മുടിവെട്ടണ്ടെങ്കിൽ തല വെട്ടാം. കോമരത്തിന്റെ വാൾ പിടിച്ചുവാങ്ങി ഒറ്റവെട്ട്. കോമരത്തിന്റെ ശിരസറ്റു. കോപമടങ്ങി. തമ്പുരാനു കുറ്റബോധം. വെട്ടിത്തെളിച്ചിടത്തു ഭഗവാനുവേണ്ടി ഒരു ആഘോഷം തുടങ്ങി. അതു പൂരമായി. കഥയവിടെ നിൽക്കട്ടെ, ലോകത്തെ ഏറ്റവും താളനിബദ്ധമായ കവിത...അതാണു പൂരം.

പൂരം നേരിട്ടു കാണാവുന്ന ഒരേയൊരു വീട്

സ്വരാജ് റൗണ്ടിൽ നായ്ക്കനാൽ ഭാഗത്ത് തെക്കേ മണ്ണത്ത് വീട്.  തൃശൂർ പൂരം സ്വന്തം വീട്ടിനുള്ളിൽ ഇരുന്നു കാണാൻ സൗഭാഗ്യമുള്ള ഒരേയൊരു വീട്. തൃശൂർ വലിയൊരു പട്ടണമായി മാറിയിട്ടും ഒന്നര നൂറ്റാണ്ടു പഴക്കമുള്ള ഈ വീടുമാത്രം ബാക്കി. അഞ്ചു തലമുറ ഈ വീടിന്റെ ഉമ്മറത്ത് ചാരുകസേര വലിച്ചിട്ടിരുന്നു നേരിട്ടു പൂരം കണ്ടു. നാളെയും കാണും. വീട്ടിൽ ഗർഭിണികളും രോഗികളുമൊക്കെയുണ്ടെങ്കിൽ വെടിക്കെട്ടു നാളിൽ കഴിയാൻ പ്രത്യേകം തടികൾ കൊണ്ടൊരു തെക്കേ അകം ഒരുക്കിയിട്ടുണ്ട്. കതിനപൊട്ടുന്ന ശബ്ദം പോലും ഈ മുറിക്കുള്ളിൽ പൊട്ടാസ് പൊട്ടുംപോലെയേ ഉള്ളു.

സ്വർണത്തലേക്കെട്ടുമായി സ്വാമിയാർ വിളിച്ചു: മഠത്തിൽ വരൂ.

പൂരത്തിന്റെ പ്രധാന ആകർഷണമായ മഠത്തിൽ വരവ് പഞ്ചവാദ്യം പ്രസിദ്ധ സംസ്കൃത ഗവേഷണകേന്ദ്രം കൂടിയായ ബ്രഹ്മസ്വം മഠത്തിന്റെ മുന്നിലാണു നടക്കുന്നത്. മഠത്തിന്റ അധിപതിയായ സ്വാമിയാരുടെ പക്കൽ മൂന്നു സ്വർണനെറ്റിപ്പട്ടമുണ്ടായിരുന്നു. ആ നെറ്റിപ്പട്ടം പൂരത്തിനിറങ്ങുമ്പോൾ ആനകളുടെ നെറുകയിൽ കെട്ടാൻ തിരുവമ്പാടി വിഭാഗം ആശിച്ചു. തരാമെന്നു സ്വാമിയാർ സമ്മതിച്ചു. പക്ഷേ ഒരു കരാർ. പൂരം എഴുന്നള്ളത്തു പോകുമ്പോൾ മഠത്തിനു മുന്നിൽ ഒരു സ്റ്റോപ്പ്; ഒരു വാദ്യം. പകരം സ്വർണ നെറ്റിപ്പട്ടം തരും. അങ്ങനെ അത് മഠത്തിൽവരവ് ഇറക്കി എഴുന്നള്ളിപ്പായി. പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ഇത് അഴിച്ചു മഠത്തിൽ കൊടുക്കും. ഇന്നു മഠത്തിൽ സ്വർണത്തലേക്കെട്ടില്ലെങ്കിലും മഠത്തിൽവരവുണ്ട്.

എന്തുകൊണ്ട് വെറും 30 ആന?

ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളിക്കുന്നത് 60 ആനകളെ. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് അതിന്റെ പകുതി ആനകൾ  മാത്രം. എന്താണ് അതിന്റെ കാരണം? 1937 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത പറയും അതിന്റെ മറുപടി.

∙ കലഹമില്ലാപ്പൂരം 

‘പൂരത്തിൽ രണ്ടുവിഭാഗക്കാരുടെയും മൽസരം വർദ്ധിച്ചു. ആനകളുടെ എണ്ണം കൂട്ടുന്നതിനു കുറേകൊല്ലങ്ങൾക്കു മുൻപ് രണ്ടുകൂട്ടരും തമ്മിൽ കലഹമുണ്ടാവുകയും പട്ടാളത്തിന്റെ സഹായം അഭ്യർഥിക്കുകയും ചെയ്‌തു. അന്നുമുതൽ 15 ആനകളിൽ കൂടുതൽ ഒരു ഭാഗക്കാരും എഴുന്നള്ളിപ്പാൻ പാടില്ലെന്നും മറ്റുമുള്ള നിയമം വന്നു. അതിത്തവണയും അനുസരിച്ചതായി കാണുന്നു.

ഒരു രൂപയ്ക്ക് ഒരാന

പാറമേക്കാവ് ദേവസ്വം സ്വന്തം ആനകൾ ഇല്ലാതെ കൂലിക്ക് ആനകളെ എഴുന്നള്ളിച്ച കാലമുണ്ടായിരുന്നു. 1989ൽ സ്വന്തമായി ആന വേണമെന്ന അന്വേഷണം തുടങ്ങി.  അന്വേഷണം എത്തി നിന്നത് വടക്കാഞ്ചേരി ബാലാജി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷ്ണ ഗോപാലൻ എന്ന ലക്ഷണമൊത്ത ആനയിൽ. ആനയെ ദേവസ്വത്തിനു നൽകാൻ മടിയുണ്ടായില്ല. പക്ഷേ വില കിട്ടണം. വിലയെത്രയെന്നോ ഒരു രൂപ. ഈ ആനയാണ് 15 വർഷക്കാലം പാറമേക്കാവ് ഭഗവതിയുടെ കോലം പൂരത്തിന് എഴുന്നള്ളിച്ച ഗജോത്തമൻ പദവി കിട്ടിയ പാറമേക്കാവ് ശ്രീപരമേശ്വരൻ.

ഓലക്കുട മാറ്റം

കുടമാറ്റമെന്ന മൽസരം തുടങ്ങിയതിങ്ങനെ. ഒന്നാംലോകമഹായുദ്ധം കഴിഞ്ഞ് ആദ്യത്തെ പൂരം. 15 ആനകൾ. നടുക്ക് പച്ചക്കുടയും ഇരുവശത്തുമായി 14 ചുവന്ന കുടയും എന്നതായിരുന്നു പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ശീലം. സ്വരാജ് റൗണ്ടിൽ അക്കാലത്തു താമസിച്ചിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ തിരുവമ്പാടി വിഭാഗത്തിന് ഒരു ആശയം നൽകി. ആ കുട താഴ്ത്തുമ്പോൾ പകരം നടുക്ക് ചുവപ്പുകുടയും വശങ്ങളിൽ പച്ചക്കുടകളും ഉയർത്താം.

ആ പൂരത്തിന് അപ്രതീക്ഷിതമായി തിരുവമ്പാടി വിഭാഗം അങ്ങനെ കുടമാറ്റി ഉയർത്തി. പാറമേക്കാവ് വിഭാഗം അമ്പരന്നു. എങ്ങനെ നേരിടണം..? ചൂടാൻ ഓലക്കുടകൾ ഉപയോഗിച്ചിരുന്ന കാലമാണ്. ആരോ ഒരാൾ മൈതാനത്തു വിൽക്കാൻ വച്ചിരുന്ന ഓലക്കുടകളിൽ കണ്ണുടക്കി. അതിൽ നിന്നു 14 എണ്ണം പെട്ടെന്നു സംഘടിപ്പിച്ച് ആനപ്പുറത്തേറ്റി.അതായിരുന്നു ആദ്യ കുടമാറ്റ മൽസരം. ഇപ്പോൾ ഓരോ പൂരത്തിനും കുടമാറ്റത്തിന് ഉപയോഗിക്കുന്ന കുടകൾ എത്രയെന്നോ? 1500.!

ഒരു പൂരമല്ല, രണ്ടുപൂരം

കുടമാറ്റം കഴിഞ്ഞാൽ പിന്നെ വെടിക്കെട്ടു തുടങ്ങുന്ന പിറ്റേന്നു പുലർച്ചെ മൂന്നുവരെ വിശ്രമമാണ്. ആ സമയത്ത്, രാത്രിയിൽ ഒരു രണ്ടാംപൂരം നടക്കുന്നുണ്ട്. തനിയാവർത്തനമെന്നു പേര്. അധികമാളും ബഹളവുമില്ലാതെ. ഘടകപൂരങ്ങൾ എട്ടുമെത്തും. മഠത്തിൽവരവ് പഞ്ചവാദ്യവും പാറമേക്കാവ് പാണ്ടിമേളവുമൊക്കെ വീണ്ടും നടക്കും. അധികമാരുമറിയാത്ത രണ്ടാംപൂരം.

പടക്കം സ്മഗ്ലിങ്

പൂരം വെടിക്കെട്ട് പേരെടുത്തു വരുന്ന കാലം. ഓലപ്പടക്കത്തിന്റെ മാല തുടർച്ചയായി പൊട്ടിക്കുന്നതിന്റെ ശബ്ദം വലിയ ആകർഷണമായിരുന്നു. അക്കാലത്തു ചൈനയിൽ പോയ ആരോ പറഞ്ഞു: അവിടെ ഓലപ്പടക്കത്തിന്റെ മാല പൊട്ടുമ്പോൾ ഒപ്പം നല്ല മിന്നൽവെട്ടമുണ്ട്. മിന്നൽപടക്കം.

പൂരക്കമ്പക്കാർക്കുണ്ടോ പിന്നെ ഇരിപ്പുറയ്ക്കുന്നു? പുന്നവീട്ടിൽ ഗോപാലൻ നായർ, വെള്ളാട്ടിൽ നാരായണ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു സീക്രട്ട് ഓപ്പറേഷൻ. ചൈനയ്ക്കു പോയി അവിടെ നിന്ന് മിന്നൽപടക്കം സംഘടിപ്പിച്ചു. അതിർത്തിയിലൂടെ അതിരഹസ്യമായി കടത്തിക്കൊണ്ടുവന്നു. അഴിച്ചെടുത്ത് അതിന്റെ സാങ്കേതികവിദ്യ പഠിച്ചു. മഗ്നീഷ്യവും അലുമിനിയം പൗഡറുമാണത്രേ സൂത്രക്കാർ. പിറ്റേപ്പൂരം മുതൽ മിന്നൽപടക്കം തൃശൂരിലും മിന്നിച്ചു..

പൂരവാർത്ത അന്ന് ഇങ്ങനെ

ഒരു നൂറ്റാണ്ടുമുൻപ് പൂരവാർത്തകൾ ദാ ഇങ്ങനെയായിരുന്നു. മനോരമ അക്കാലത്തു പ്രസിദ്ധീകരിച്ച ഒരു പൂരവാർത്ത ഇതാ.

ഊഹിച്ചറിയുന്നതാണു നല്ലത്. 

(1903 മേയ് 16) 

ഈ രാജ്യത്തു തീവണ്ടി നടപ്പായതിൽ പിന്നെ ഇതു ഒന്നാമത്തെ പൂരമാകയാൽ  തിരുവിതാംകൂറിൽ നിന്നും ബ്രിട്ടീഷു മലബാറിൽ നിന്നും വന്നിരുന്ന ആളുകൾ വളരെ ആണ്.  പൂരത്തിനു പുറപ്പെട്ടിട്ടുള്ള ആളുകൾക്കെല്ലാം തീവണ്ടിയിൽ കയറുവാൻ സാധിക്കാതെ വാങ്ങിയ ടിക്കറ്റും കൊണ്ടു വളരെ ആളുകൾ തിരിച്ചുപോകയും പലരും അധികകൂലി കൊടുത്തു കാളവണ്ടിയും കുതിരവണ്ടിയും കയറി പൂരത്തിനു വരികയും ചെയ്‌തതായി അറിയുന്നു.  പൂരദ്ദിവസം തീവണ്ടിയിൽ ഉണ്ടായിരുന്ന തിക്കും തിരക്കും ഇന്നവിധമായിരുന്നുവെന്നു വിവരിക്കുന്നതിൽ ഭേദം ഊഹിച്ചറിയുന്നതാണു.

കൊച്ചി വലിയ തമ്പുരാൻ തിരുമനസുകൊണ്ടെഴുന്നള്ളി തൃക്കൺ പാർത്തിട്ടും ഇത്രവളരെ കേമമായിട്ടും ഒരു പൂരം അടുത്തകാലത്തെങ്ങും കഴിഞ്ഞിട്ടില്ലെന്ന് ആളുകൾ പരക്കെ പറയുന്നതു വാസ്‌തവമാണു. മേലാലും ഇങ്ങനെ തന്നെ കഴിപ്പാൻ ഇരുകൂട്ടരും ശ്രമിക്കുന്നതായാൽ അതു ശ്രേയസ്‌കരമാകുമെന്നറിയിച്ചു വിരമിച്ചുകൊള്ളുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA