എല്ലാരും ചൊല്ലണ്... മിസ് യു കുമാരി

HIGHLIGHTS
  • നടി മിസ് കുമാരി ഓർമയായിട്ട് ജൂൺ 9ന് 50 വർഷം
90-Miss-Kumari-edited
SHARE

ഭരണങ്ങാനംകാരി ത്രേസ്യാമ്മ സിനിമയുടെ മാമോദീസ മുങ്ങി മിസ് കുമാരിയായപ്പോൾ കാത്തിരുന്നത് കയ്യടികൾ മാത്രമായിരുന്നില്ല. കുമാരിതന്നെ അതെക്കുറിച്ചു പറഞ്ഞിട്ടുണ്ട് - ‘അക്കാലംവരെ ഞാനാകെക്കൂടി കണ്ടിട്ടുള്ളത് രണ്ടോ മൂന്നോ സിനിമ മാത്രമാണ്. ഞങ്ങളെപ്പോലുള്ള കുഗ്രാമവാസികൾക്കു സിനിമാദർശനം തന്നെ നിഷേധിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരു കാലത്താണ് സിനിമാലോകത്തേക്കുള്ള എന്റെ കാൽവയ്പ് എന്നു പറഞ്ഞാൽ അതിന്റെ പ്രയാസം ഏതാണ്ട് ഊഹിക്കാമല്ലോ...’ പക്ഷേ, മീനച്ചിലാറ്റിലൂടെ കഥയും കാലവും വേഗത്തിൽ ഒഴുകിമാഞ്ഞു. എതിർപ്പുകളെയൊക്കെ ഒഴുക്കെടുത്തു; കുമാരി സിനിമയിൽ പേരെടുത്തു. 

അംഗീകാരങ്ങളുടെ നിറവിൽ നിൽക്കേ സിനിമയോടും, യൗവനമേറെ ബാക്കിനിൽക്കേ ജീവിതത്തോടും അവർ വിടചൊല്ലി. ആ സ്മരണകൾക്ക് ജൂൺ 9ന് 50 തികയുന്നു. 


നക്ഷത്രനായിക 

പാലാ ഭരണങ്ങാനത്തെ കൊല്ലംപറമ്പിൽ വീട്ടിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ 7 മക്കളിൽ രണ്ടാമത്തെയാളായിരുന്നു ത്രേസ്യാമ്മ. അസ്ഥിക്കു പിടിച്ച നാടകക്കമ്പമായിരുന്നു തോമസിന്. കലാരംഗത്തുള്ളവരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ചങ്ങാത്തമാണ് ത്രേസ്യാമ്മയ്ക്കു സിനിമയിലേക്കു വഴിതുറന്നത്. 

പഠിക്കാൻ മിടുക്കിയായിരുന്നു ത്രേസ്യാമ്മ. സ്കൂൾ ഫൈനൽ പാസായി നിൽക്കുന്ന കാലത്താണ്, 1949ൽ, ജീവിതത്തിലെ ആ ട്വിസ്റ്റ്: ഉദയായുടെ കന്നിച്ചിത്രമായ ‘വെള്ളിനക്ഷത്ര’ത്തിൽ അഭിനയിക്കാൻ അവസരം. വീട്ടുകാർ ഒപ്പംനിന്നു. അങ്ങനെ കന്യാസ്ത്രീയാകാൻ കൊതിച്ചിരുന്ന പെൺകുട്ടി സിനിമയുടെ വെള്ളിവെളിച്ചത്തേക്കു പറന്നു. ചിത്രത്തിലെ ഗാനരംഗത്തിൽ, മൂന്നു ഷോട്ടുകളേയുണ്ടായിരുന്നുള്ളൂ ത്രേസ്യാമ്മയ്ക്ക്. പ്രതിഫലം 50 രൂപ. ‘വെള്ളിനക്ഷത്രം’ വിജയമായില്ലെങ്കിലും അതിലൂടെ മലയാള വെള്ളിത്തിരയിൽ പുതിയൊരു നായികാനക്ഷത്രം ഉദിക്കുകയായിരുന്നു. 

ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയിൽ ത്രേസ്യാമ്മയായിരുന്നു നായിക. അതിന്റെ നിർമാതാക്കളിലൊരാളായ കെ.വി.കോശിയാണ് മിസ് കുമാരി എന്ന പേരു നൽകിയത്. നല്ലതങ്കയിലെ മികച്ച പ്രകടനം കുമാരിയെ ശ്രദ്ധേയയാക്കി. പിന്നീടങ്ങോട്ട് മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് നായികയായി അവർ വളരുകയായിരുന്നു.  

രാഷ്ട്രപതിയുടെ വെള്ളിമെഡൽ ലഭിച്ച നീലക്കുയിൽ (1954), ഭക്തകുചേല, രണ്ടിടങ്ങഴി, ഹരിശ്ചന്ദ്ര തുടങ്ങി മലയാളത്തിലും തമിഴിലുമായി നാൽപതിലേറെ ചിത്രങ്ങൾ. നീലക്കുയിലിലെ നായികാവേഷത്തിലേക്ക് അണിയറക്കാർ മറ്റു പലരെയും പരിഗണിച്ചിരുന്നെങ്കിലും ‘ഇമേജ്’ പേടിച്ച് അവരാരും താൽപര്യപ്പെട്ടില്ലെന്നാണു കഥ. ഒടുവിൽ, നീലിയാകാനുള്ള നറുക്ക് കുമാരിക്കു വീണു. ആ സിനിമയ്ക്ക് അവർക്കു ലഭിച്ച പ്രതിഫലം 3000 രൂപയാണ്. നീലക്കുയിലിലെ എല്ലാരും ചൊല്ലണ്, മാനെന്നും വിളിക്കില്ല എന്നീ പാട്ടുകൾ മൂളാത്തവർ അക്കാലത്തുണ്ടായിരുന്നില്ല.  

 ഒരേയൊരു കുമാരി

മുട്ടത്തു വർക്കിയുടെ പാടാത്ത പൈങ്കിളിയിൽ (1957) അഭിനയിക്കുമ്പോൾ കുമാരിക്ക് ടെൻഷനുണ്ടായിരുന്നു. വർക്കി എഴുതിവച്ച നായികയെ കുറവുകളില്ലാതെ അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്നായിരുന്നു പേടി. ഒടുവിൽ പടം റിലീസായപ്പോൾ മുട്ടത്തു വർക്കി പറഞ്ഞു, എന്റെ ഏതു കഥയിലും ഇനി കുമാരി അഭിനയിച്ചാൽ മതി. ഒരു വ്യാഴവട്ടക്കാലത്തേക്കെങ്കിലും, മലയാളസിനിമയിൽ കുമാരിക്കു പകരം കുമാരിയേ ഉണ്ടായിരുന്നുള്ളൂ. 

സിനിമകളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുമായെത്തുന്നവർക്ക്, ഏറെ വർണിക്കപ്പെട്ടിട്ടുള്ള ആ മുടിയിഴകൾ മാടിയൊതുക്കി സുന്ദരമായ ചിരിയോടെ, അളന്നുമുറിച്ച മറുപടി നൽകുമായിരുന്നു. മെരിലാൻഡ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ആന വളർത്തിയ വാനമ്പാടി (1959) യുടെ ഷൂട്ടിനിടെ, തന്നെ കമന്റടിച്ചവരെക്കുറിച്ച് പിന്നീട് കുമാരി സരസമായി പ്രതികരിച്ചതിങ്ങനെ - ‘ഞാൻ ശ്രദ്ധിച്ചില്ല. ബോറൻമാർ‌ എന്തെങ്കിലും പറഞ്ഞിട്ടുപോകട്ടെ എന്നു കരുതി’. 

വിവാഹത്തോടെ സിനിമ വിടുമെന്ന, ആരാധകരുടെ ഉള്ളുലച്ച പ്രഖ്യാപനം നടത്തിയപ്പോഴും കുമാരിക്ക് കൃത്യമായ നിലപാടുണ്ടായിരുന്നു - ‘ചിലർ വിചാരിക്കുന്നതുപോലെ, കുടുംബിനികൾക്കു കടന്നുവരാൻ പറ്റാത്ത മേഖലയൊന്നുമല്ല സിനിമാരംഗം. പക്ഷേ, ബഹളങ്ങളിൽ നിന്നെല്ലാമൊഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ ഞാനതു വേണ്ടെന്നുവയ്ക്കുന്നു എന്നേയുള്ളൂ’. 1963 ഫെബ്രുവരി 7ന് ആയിരുന്നു ഹോർമിസ് തളിയത്തുമായുള്ള കുമാരിയുടെ വിവാഹം. എറണാകുളം സ്വദേശിയായ ഹോർമിസ്, കെമിക്കൽ എൻജിനീയറായിരുന്നു. 

 യവനിക വീഴും മുൻപേ...

അടിയുറച്ച ദൈവവിശ്വാസിയായിരുന്നു കുമാരി. എവിടെയാണെങ്കിലും ഞായറാഴ്ചക്കുർബാന മുടക്കില്ലായിരുന്നു. പരുപരുത്ത കോട്ടൻസാരി ചുറ്റി അതിന്റെ തലപ്പു തലയിലിട്ട് ചെരിപ്പിന്റെ പോലും ആഡംബരമില്ലാതെ പള്ളിയിൽ പോയിരുന്ന അവരെ പലരും തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞവർക്കു ഞെട്ടൽ - ഇങ്ങനെയും ഒരു സിനിമാതാരമോ? ബഹളങ്ങളില്ലാത്തതായിരുന്നു ആ ജീവിതം. വീട്ടിൽ നിന്നിറങ്ങി പള്ളിയിലേക്കു നടക്കുംമട്ടിൽ, തീർത്തും ശാന്തമായി ജീവിതത്തിൽനിന്നും കുമാരി ഇറങ്ങിപ്പോയി; ചെരിപ്പൊച്ച പോലും കേൾപ്പിക്കാതെ. 37-ാം വയസ്സിൽ, 1969 ജൂൺ ഒൻപതിനായിരുന്നു കുമാരിയുടെ മരണം. 

‘‘അമ്മയോടൊപ്പം  ഒട്ടേറെ ചിത്രങ്ങളിൽ നായകനായ നസീർ സാർ 1984ൽ, അമ്മയുടെ സ്മരണാർഥം ഭരണങ്ങാനത്ത് ഒരുക്കിയ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ വന്നിരുന്നു. അമ്മയുടെ വിനയമുള്ള പെരുമാറ്റത്തെക്കുറിച്ചും അഭിനയത്തോടുള്ള ആത്മാർഥതയെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. രോഗബാധിതനായ സത്യൻമാഷിനെക്കാണാൻ എറണാകുളത്തെ ആശുപത്രിയിൽ ഒപ്പം പോയതാണ് മിഴിവോടെ നിൽക്കുന്ന അമ്മയോർമകളിലൊന്ന്’’- കുമാരിയുടെ 3 മക്കളിൽ മൂത്തയാൾ ജോണി തളിയത്ത് പറയുന്നു. അമ്മ മരിക്കുമ്പോൾ 5 വയസ്സു മാത്രമേയുള്ളൂ ജോണിക്ക്. ശശികുമാർ, ഐ.വി.ശശി എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച ജോണി ഇപ്പോൾ ബിസിനസൊക്കെയായി ഭരണങ്ങാനത്തുണ്ട്. രണ്ടാമത്തെയാൾ, തോമസ് തളിയത്ത് കലിഫോർണിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. മൂന്നാമൻ ഡോ. ബാബു തളിയത്ത് ഡൽഹി ജെഎൻയുവിൽ പ്രഫസറാണ്.

തന്റെ വെള്ളിത്തിരക്കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ മാത്രമേ കുമാരി അഭിനയിച്ചിട്ടുള്ളൂ. പക്ഷേ, ഈ അൻപതാണ്ടിനിപ്പുറവും ആ ഓർമകൾക്കൊക്കെയും എത്രയെത്ര നിറങ്ങളാണെന്നോ.

sabut@mm.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA