sections
MORE

ഓർമ ഗീതം

HIGHLIGHTS
  • കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് നാളെ 80–ാം പിറന്നാൾ. മറവിരോഗം നിശ്ശബ്ദനാക്കിയ കവിയെ മക്കളായ അദിതിയും അപർണയും ഓ‍ർത്തെടുക്കുന്നു
vishnu-narayanan-namboothir-edited
വിഷ്ണുനാരായണൻ‍ നമ്പൂതിരി, പത്നി സാവിത്രി, ഇളയ മകൾ അപർണ, മൂത്ത മകൾ അദിതി. ചിത്രം: വിഷ്ണു സനൽ ∙ മനോരമ
SHARE

ഹിമാലയത്തിൽ ആറു പതിറ്റാണ്ടു പരിക്രമം ചെയ്‌ത തപോവനസ്വാമികളോട് ഒരിക്കൽ ചോദിച്ചു: ‘ഹിമാലയത്തിൽ വല്ല അദ്ഭുതവും കണ്ടോ?’

‘നോ മിറക്കിൾ ഇൻ ദ് യൂണിവേഴ്‌സ് എക്‌സപ്‌റ്റ് ഐ ആം എലൈവ്’ ഇതായിരുന്നു തൊഴുതുകൊണ്ടുള്ള മറുപടി. 

താൻ ഈ പ്രപഞ്ചത്തിൽ ജീവിച്ചിരിക്കുന്നു എന്നതിനപ്പുറം എന്തദ്ഭുതം..!? 

കവി വിഷ്ണു നാരായണൻ നമ്പൂതിരി ആവർത്തിച്ചു പറഞ്ഞിട്ടുള്ള സംഭാഷണ ശകലമാണിത്.

നാളെ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ അശീതിയാണ്. അച്ഛന്റെ 80–ാം പിറന്നാളാണെന്നു മക്കളായ അദിതിയും അപർണയും ഓർമപ്പെടുത്തുമ്പോൾ അതു കേൾക്കാത്തവണ്ണം ഏതൊക്കെയോ ഹിമശൃംഗങ്ങളിലൂടെ സഞ്ചരിക്കുകയാണു കവി. 

മക്കൾ വീണ്ടും ‘അച്ഛാ’യെന്നു തൊട്ടുവിളിക്കുമ്പോൾ വല്ലഭനെയും മലയാളത്തെയും പൂജചെയ്ത നേർത്ത വിരലുകൾ കൊരുത്ത് അദ്ദേഹം കൈകൂപ്പുന്നു. 

ജീവകോടിപ്രപഞ്ചത്തിനു സാഷ്ടാംഗ നമസ്കാരം ചെയ്തിരുന്ന കവിക്കിന്നു പദമൂന്നാൻ വോക്കറും മക്കളുടെ കൈത്താങ്ങും വേണം. 

80 സംവത്സരങ്ങൾ പിന്നിടാൻ ഈശ്വരകൃപ ബലമേകിയതിന്റെ ചാരിതാർഥ്യം സജലമായ ആ കണ്ണുകളിൽ വായിക്കാം. കവിത, അധ്യാപനം, കുടുംബം... അതെപ്പറ്റിയൊന്നും അദ്ദേഹമിന്നു സംസാരിക്കുന്നില്ല. മറവിരോഗം കവിയെ നിശ്ശബ്ദനാക്കിയിരിക്കുന്നു. അച്ഛന്റെയും അച്ഛനു പ്രിയങ്കരരായ ജിയുടെയും വൈലോപ്പിള്ളിയുടെയും കക്കാടിന്റെയും കവിതകൾ അദിതിയും അപർണയും ചൊല്ലിക്കേൾപ്പിക്കുന്നു. ഒരുകാലത്തു കവിതകേട്ടു താളംപിടിച്ച് ഈണത്തിൽ ചൊല്ലി അവർക്കൊപ്പം കൂടിയിരുന്ന അച്ഛൻ വിദൂരതയിലേക്കു കണ്ണുകൾ നട്ടിരിക്കുന്നു. 

പക്ഷേ, അവർ നിരാശരല്ല. കവിതയും ഗൃഹാതുരമായ വർത്തമാനങ്ങളുമായി അച്ഛന്റെ ഓർമയെ തിരികെക്കൊണ്ടുവരാനുള്ള ശുശ്രൂഷയിലാണ് ഈ രണ്ടു പെൺമക്കൾ. കവി പ്രണയത്തോടെ ‘സാ...’യെന്നു നീട്ടിവിളിച്ചിരുന്ന പത്നി സാവിത്രയും അരികിലുണ്ട്.

വിഷ്ണു നാരായണൻ നമ്പൂതിരി എന്ന അച്ഛനെ ഓർത്തെടുക്കുകയാണ് അദിതിയും അപർണയും.  

‘പട്ടാമ്പി മുതൽ തിരുവനന്തപുരം വരെ 13 വീടുകളും 8 സ്കൂളുകളും. കുട്ടിക്കാലം അങ്ങനെയായിരുന്നു. അച്ഛന്റെ ഓരോ സ്ഥലംമാറ്റത്തിനും വീടും സ്കൂളുകളും മാറേണ്ടിവന്നു. പക്ഷേ അപർണയ്ക്കു ഭാഗ്യവശാൽ തിരുവനന്തപുരത്തുതന്നെ പഠിക്കാനായി.’ 

തലസ്ഥാനത്ത് എംജി കോളജിൽ സൈക്കോളി വിഭാഗം അസോഷ്യേറ്റ് പ്രഫസറായിരുന്നു അദിതി. അപർണ കേന്ദ്രീയ വിദ്യാലയത്തിൽ സംഗീതാധ്യാപികയും കഥകളി കലാകാരിയും.  

‘അച്ഛൻ പകർന്നുതന്ന ജീവിതപാഠങ്ങളാണ് ഞങ്ങളുടെ സമ്പാദ്യം. അച്ഛന്റെ കവിതകളിൽ ഞങ്ങൾ നേരിട്ട, അനുഭവിച്ച ജീവിതത്തിന്റെ നേരും പച്ചപ്പും പൊള്ളലുമുണ്ട്.’  

 ‘മുത്തച്ഛന്റെ പേരാണ് വിഷ്ണു

മുത്തച്ഛന്റെ പേരാണ് അച്ഛനു നൽകിയത്. തിരുവല്ല മേപ്രാൽ ശ്രീവല്ലി ഇല്ലം വിഷ്ണുനാരായണൻ നമ്പൂതിരി. 

‘ധർമബോധിനി’ യെന്ന പത്രം നടത്തിയിരുന്നു. കുട്ടികളുണ്ടാവാൻ വൈകി. വ്രതവും ജപവുമായി ഏറെനാൾ കഴിഞ്ഞു. അഞ്ചു തവണ മുത്തശ്ശിയുടെ ഗർഭമലസി. ആറാംതവണ ഗർഭം ധരിച്ചപ്പോൾ ശ്രീവല്ലഭന്റെ നടയിലെത്തി ദീനമായി പറഞ്ഞു, ‘ഇത്തവണയെങ്കിലും കുഞ്ഞിനെ തന്നില്ലെങ്കിൽ അവിടത്തെ കാരായ്മശാന്തി മുടങ്ങിപ്പോകും...’ 

അങ്ങനെയാണ് അച്ഛന്റെ പിറവി. അച്ഛൻ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് മുത്തശ്ശിയുടെ മരണം. തുടർന്നു കുറച്ചുകാലം പഠിക്കാനായില്ല. ഇതിനിടയിൽ അമ്മയെ വേളി കഴി‍ച്ചു. പിന്നാലെ മണവാട്ടിയെ പിരിഞ്ഞ് കോഴിക്കോടിനു പോകേണ്ടിവന്നു. ദേവഗിരി കോളജിൽ എംഎ ഇംഗ്ലിഷിനു പ്രവേശനം കിട്ടി.

 13ന്റെ ഭാഗ്യക്കേടു മാറ്റി 

13 സീറ്റുള്ള കോഴ്സിൽ പതിമൂന്നാമനായാണു ചേർന്നത്. പ്രിൻസിപ്പൽ ഫാ. തിയഡോഷ്യസ് പറഞ്ഞു:

‘Mr. Namboodiri, just note that 13 is a very bad number.’

‘But right from this moment I will try my level best to overcome that superstition, Father’– 

ഇതായിരുന്നു അച്ഛന്റെ മറുപടി. കോഴ്സു തീർന്നപ്പോൾ ഒരേയൊരു ഫസ്റ്റ് ക്ലാസ് അച്ഛന്റെ പേരിൽ. അച്ഛൻ എംഎ ഒന്നാം വർഷം പഠിക്കുമ്പോഴാണ് ഞാൻ ജനിച്ചത്.  

 എന്നെ ലാളിക്കാൻ മണിയെ എടുത്തുനടന്നു

‘എൻ.എൻ. കക്കാടുമായി ഏറെ അടുത്തു. ഞങ്ങളദ്ദേഹത്തെ ‘കക്കാടമ്മാവൻ’ എന്നാണ് വിളിച്ചത്. ഭാര്യ ശ്രീദേവിയെ ‘കക്കാടുചേച്ചി’യും. എന്നെ പിരിഞ്ഞാണല്ലോ അച്ഛന്റെ കോഴിക്കോട്ടെ പഠനം. വൈകുന്നേരങ്ങളിൽ എന്നെയോർത്തു വാൽസല്യം കലശലാകുമ്പോൾ കക്കാടമ്മാവന്റെ വീട്ടിലേക്കോടി മകൻ മണിയെ (ശ്രീകുമാർ) എടുത്തുകൊണ്ടു നടക്കും. ഞാനും മണിയും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസം. മണി പിന്നീട് അപർണയെ വിവാഹം ചെയ്തു.

 സ്വഭാവ സർട്ടിഫിക്കറ്റ്

എംഎയ്ക്കുശേഷം അവിടെത്തന്നെ ട്യൂട്ടറായെങ്കിലും അനുകൂല സാഹചര്യമായിരുന്നില്ല. 

ഒരിക്കൽ പ്രിൻസിപ്പൽ വിളിച്ചു ശാസിച്ചു.

‘ഇംഗ്ലിഷ് അധ്യാപകനാണ്. പാന്റ്സ് ധരിച്ചുവേണം ക്ലാസിൽ പോകാൻ.’ 

‘ഈ വേഷത്തിൽ വന്നു പഠിപ്പിച്ചിട്ടും മനസ്സിലാവുന്നുണ്ടെന്നാണു കുട്ടികൾ പറയുന്നത്.’ 

പിന്നീട് അച്ഛൻ കൊല്ലത്ത് എസ്എൻ കോളജിലേക്കു മാറി. ദേവഗിരിയിൽ നിന്നു സ്വഭാവ സർട്ടിഫിക്കറ്റ് നൽകിയില്ല. കെ.പി. കേശവമേനോന്റെ കത്തുമായാണു കൊല്ലത്തു വന്നത്. ഒരു വർഷത്തിനുശേഷം സർക്കാർ സർവീസിലായി. പലരുടെയും നിർബന്ധത്തെ തുടർന്നു പിന്നീടു പാന്റ്സ് ധരിക്കാൻ തുടങ്ങി. ഞാനും അപർണയും മലയാളം മീഡിയത്തിൽ പഠിക്കണമെന്നായിരുന്നു ഇംഗ്ലിഷ് അധ്യാപകനായ അച്ഛന്റെ തീരുമാനം.


 സൈക്കിളിന്റെ അരമുതലാളി  

മഹാരാജാസിലെത്തിയ കാലത്തു കവി കെ.വി. രാമകൃഷ്ണൻ കുടുംബസുഹൃത്തായി. അച്ഛനും മാഷും പപ്പാതി പണമിട്ട് ഒരു സൈക്കിൾ വാങ്ങി. അച്ഛന്റെ ആദ്യവാഹനം. ജീവിതത്തിലാകെ മൂന്നു സൈക്കിളുകളാണു വാങ്ങിയിട്ടുള്ളത്. മൂന്നും മോഷണം പോയി. 

1994ൽ അവസാനത്തെ സൈക്കിൾ നഷ്ടമാകുമ്പോൾ കാരിയറിൽ സുഗതകുമാരി ടീച്ചർ എഡിറ്റുചെയ്ത ഒരു പുസ്തകത്തിന്റെ പ്രൂഫ് ഉണ്ടായിരുന്നു. ‘അതെങ്കിലും തിരികെ തരൂ’ എന്നു പറഞ്ഞ് അച്ഛൻ പരസ്യം കൊടുത്തു. പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ പ്രൂഫ് മാത്രം കിട്ടി. പിന്നെ അച്ഛൻ സൈക്കിൾ വാങ്ങിയിട്ടില്ല.

 ജിയുടെ പ്രാർഥന 

എറണാകുളത്തുവച്ച് ഒരിക്കൽ പനി കലശലായി അച്ഛൻ ശങ്കരക്കുറുപ്പുമാഷിന്റെ വീട്ടിലെത്തി. തിണ്ണയിൽ അബോധാവസ്ഥയിൽ കിടന്നു. ബോധം തിരികെ വന്നപ്പോൾ ജി അടുത്തിരുന്നു നാമം ജപിക്കുന്നു. പിന്നെ നല്ല പൊടിയരിക്കഞ്ഞി പകർന്നുനൽകി.

 
പിന്നെ പാന്റ്സിൽ തൊട്ടിട്ടില്ല

അപർണയുടെ കുട്ടിക്കാലം അസുഖങ്ങളുടേതായിരുന്നു. ഒരിക്കൽ കാലു പൊള്ളി പഴുത്ത് എല്ലു തൊടുന്ന മട്ടായി. പെട്ടെന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അച്ഛൻ വേഷംമാറി പാന്റ്സും ഷർട്ടുമിട്ടു വന്നു. അതുകണ്ട് അവൾ ഒറ്റക്കരച്ചിൽ: ‘അച്ഛൻ ഡോക്ടറായേ... എനിക്കു പേടിയാവുന്നേ...’ അകത്തുപോയി അച്ഛൻ ആ വേഷം അഴിച്ചുവച്ചു. പിന്നീടിതുവരെ പാന്റ്സ് ധരിച്ചിട്ടില്ല.

 ഞാൻ ശാന്തിക്കാരന്റെ മകൻ

ശമ്പളത്തിന്റെ പാതിയും ഇല്ലത്തെ കടം വീട്ടാനായി അയച്ചുകൊടുക്കണമായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളെപ്പറ്റി പറയുമ്പോൾ അച്ഛൻ പറയും ‘കുഞ്ഞ് ഭാഗ്യവതിയാണ്, ഒരു പ്രഫസറുടെ മകളാണ്. ഞാനാകട്ടെ പാവം ശാന്തിക്കാരന്റെ മകനും ! 

കുറച്ചു പുസ്തകങ്ങളും പത്രമാസികകളുമല്ലാതെ ഒരു റേഡിയോ പോലും സമ്പാദിക്കാൻ സാമ്പത്തിക പ്രതിസന്ധി അനുവദിച്ചിരുന്നില്ല. ഒറ്റച്ചക്രം മാത്രമുള്ള സൈക്കിളാണു കുടുംബമെന്ന് അച്ഛനെഴുതി. 

ലോകത്ത് ഉള്ളവരും ഇല്ലാത്തവരുമുണ്ട്. മൂന്നാമതൊരു കൂട്ടർ സന്തോഷത്തോടെതന്നെ ഒന്നും വേണ്ടെന്നു വയ്ക്കുന്നവരാണ്. അച്ഛൻ അക്കൂട്ടത്തിലാണ്. കത്തുകൾ വരുന്ന കവറുകൾ വൃത്തിയായി മുറിച്ച് കുടുംബച്ചെലവിനുള്ള പണം ഇനംതിരിച്ച് എന്നെ ഏൽപിച്ചിരുന്നു.

 അപരാജിതയിലേക്ക് 

വാടകവീടുകൾ മടുത്തപ്പോൾ കോട്ടൺഹിൽ സ്കൂളിനു പിറകിൽ കുറച്ചു സ്ഥലം വാങ്ങി വീടുവച്ചു. ലാറി ബേക്കറാണു പണിതത്.

ലോണും കൈയിലുള്ള സമ്പാദ്യവുമൊക്കെയായി വീടു പൂർത്തിയായി. അപരാജിത എന്നു പേരിട്ട വീട്ടിലേക്കു വന്ന ആദ്യത്തെ കത്ത് വൈലോപ്പിള്ളി മാഷിന്റേതായിരുന്നു. വിലാസം ഇങ്ങനെ: ‘വിഷ്ണുനാരായണൻ നമ്പൂതിരി, ബേക്കറുടെ ശില്പത്തിൽ താമസം.

മെഡിക്കൽ കോളജിൽ മകന്റെ ചികിൽസയ്ക്കായി വന്നപ്പോൾ ഒരു ചാരുകസേര കിട്ടിയാൽ കൊള്ളാമെന്നു മാഷു പറഞ്ഞു. അച്ഛൻ തന്റെ ചാരുകസേര സൈക്കിളിൽ വച്ചുകെട്ടി ആശുപത്രിയിലെത്തിച്ചു.

 നന്ദാവനത്തെ പൂജ

സുഗതകുമാരി ടീച്ചറുടെ നന്ദാവനത്തെ വസതി ബന്ധുവീടല്ല, സ്വന്തം വീടുതന്നെയായിരുന്നു. 

സുഗതടീച്ചറുടെ അമ്മയുടെ ആവശ്യപ്രകാരം അച്ഛൻ കുറച്ചുകാലം വെള്ളിയാഴ്ചകളിൽ അവിടെ പൂജ നടത്തിയിരുന്നു. രാവിലെ ഗണപതിഹോമം കഴിഞ്ഞ് കോളജിലേക്കു പോകും. വൈകിട്ട് മടങ്ങിയെത്തി ഭഗവതിസേവ.

   വൈകിയോ ഞാൻ 

അദിതിയുടെ സംസാരം ഭാവഭേദമില്ലാതെ കേട്ടിരിക്കുകയാണു കവി. കുറച്ചുനേരം ഇരുന്നപ്പോൾ ക്ഷീണമായി. അകത്തുകൊണ്ടുപോയി കിടത്തി. ചുമരിൽ രണ്ടു ഫോട്ടോകൾ നേരെ കാണാം. ജിയും വൈലോപ്പിള്ളിയും. 

നാളെ കവിയുടെ ശിഷ്യരും ബന്ധുജനങ്ങളും ഒത്തുകൂടുന്നുണ്ട്. ആ ചടങ്ങിലേക്ക് വിഷ്ണുനാരായണൻ നമ്പൂതിരി എത്തില്ല. അവിടെ അദ്ദേഹത്തിന്റെ കവിതകൾ ചൊല്ലും. എഴുത്തുജീവിതം സംസാരിക്കും. കഥകളി നടക്കും. അതിനിടയിൽ അച്ഛനോർമകൾ കൊരുത്തുവച്ച് അദിതി തയാറാക്കിയ ‘വൈകിയോ ഞാൻ’ എന്ന ചെറുപുസ്തകം മലയാളത്തിനായി സമർപ്പിക്കും.

അച്ഛനെക്കുറിച്ചെഴുതാൻ വൈകിയോ എന്നൊരു സന്ദേഹം അദിതിക്കുണ്ടായിരുന്നു. ആ തോന്നലാണു വൈകിയോ ഞാനെന്ന പേര്.

laltb@mm.co.in 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA