ADVERTISEMENT

ഇസ്ഹാഖിന്റെ കുട്ടിക്കാല സ്വപ്നങ്ങളിൽ ഒരിക്കൽപോലും ഒട്ടകം തലപൊക്കി വന്നിട്ടില്ല. എന്നാൽ ഇപ്പോൾ ദുഃസ്വപ്നമായി ഒട്ടകം പിന്തുടരുകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ച്ച്... മിണ്ടിപ്പറയാൻ ആരുമില്ല... ദാഹിച്ചു വലഞ്ഞുനടക്കുന്ന സ്വന്തം രൂപം കണ്ട് ഇസ്ഹാഖ് ഞെട്ടിയുണരുന്നു. എല്ലാം സ്വപ്നമാണെന്നറിഞ്ഞിട്ടും പേടി വിടുന്നില്ല. എന്നാൽ, മാസങ്ങൾക്കു മുൻപു വരെ ഇതൊക്കെ യാഥാർഥ്യമായിരുന്നു. കുടുംബ പ്രാരബ്ധങ്ങളെ അതിജീവിക്കാൻ മണലാരണ്യത്തിലെത്തി, പറഞ്ഞ ജോലി ലഭിക്കാതെ വഞ്ചിക്കപ്പെട്ട് ഒട്ടകങ്ങളെ മേയ്ച്ചു നടന്ന കാലമുണ്ടായിരുന്നു ഇസ്ഹാഖിന്.

ഒടുവിൽ അതിസാഹസികമായി രക്ഷപ്പെട്ട്, അബുദാബിയിലെ മലയാളികളുടെ സഹായത്താൽ നാട്ടിലെത്തുകയായിരുന്നു. ആ ദുരിതനാളുകളിലെ മാനസിക സംഘർഷത്തിൽ നിന്നു മലപ്പുറം ആനക്കയം വളാപറമ്പിൽ മുഹമ്മദ് ഇസ്ഹാഖ് ഇപ്പോഴും മോചിതനായിട്ടില്ല. സുന്ദരഭാവി സ്വപ്നം കണ്ട് ഗൾഫിലെത്തി വഞ്ചിക്കപ്പെട്ടു ജീവിതം തകർന്നുപോയ ആദ്യത്തെ ആളൊന്നുമല്ല ഇസ്ഹാഖ്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലെ നജീബിന്റെ നരകതുല്യമായ ജീവിതാനുഭവത്തോളമൊന്നും വരില്ല ഇസ്ഹാഖിന്റെത്. എന്നാൽ ഗൾഫ് പ്രവാസത്തിന്റെ അഞ്ചുപതിറ്റാണ്ട് കഴിയുമ്പോഴും ഇത്തരം ഇരകൾ വീണ്ടും ഉണ്ടാകുന്നു എന്നു കാണിക്കാനാണ് ഇസ്ഹാഖ് തന്റെ അനുഭവം നമ്മോടു പറയുന്നത്.

പുറപ്പെട്ടത് ഗസ്റ്റ്ഹൗസിലേക്ക്, എത്തിയത് ഒട്ടക ഫാമിൽ

ആനക്കയം വളാപറമ്പിൽ ഹംസ–സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് ഇസ്ഹാഖ്(39) രണ്ടാംതവണയാണ് ഗൾഫിൽ പോകുന്നത്. 9 വർഷം മുൻപ് അബുദാബിയിൽ ഹോട്ടലിൽ ജോലി ചെയ്തു. രണ്ടരവർഷത്തിനുശേഷം തിരിച്ചുവന്നു.  നാട്ടിൽ കെട്ടിടനിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ ആമിന, മക്കളായ തസ്മീല, തസ്നിയ, ഫാത്തിമ ഫർഹാൻ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം വാടകവീട്ടിൽ ജീവിതം. സ്വന്തമായൊരു വീട് ഇസ്ഹാഖിന്റെയും ആഗ്രഹമായിരുന്നു. അതിനുള്ള പണം സ്വരുക്കൂട്ടി വരുമ്പോഴാണു ജീവിതത്തിൽ വലിയൊരു പ്രതിസന്ധി വന്നത്. ഭാര്യയുടെ ഹൃദയവാൽവിനുള്ള തകരാർ മാറ്റാൻ ശസ്ത്രക്രിയ വേണം. മൂന്നുലക്ഷത്തോളം രൂപ ചെലവുവരും. നാട്ടിൽ ജോലി ചെയ്തു പെട്ടെന്ന് ഇത്രയും വലിയൊരു തുക കണ്ടെത്താൻ സാധിക്കില്ലെന്ന് ഇസ്ഹാഖിന് അറിയാം. അന്നേരമാണു സുഹൃത്ത് ഷാഫി സൗദി അറേബ്യയിലെ റിയാദിൽ അറബിയുടെ ഗെസ്റ്റ്ഹൗസിലെ ജോലിക്കാര്യം പറയുന്നത്. മാസം 2000 റിയാൽ ശമ്പളം, ഭക്ഷണം, താമസം ഇതൊക്കെയായിരുന്നു വാഗ്ദാനം. പോകാനുള്ള ചെലവായി എറണാകുളത്തെ ട്രാവൽ ഏജന്റിന് 75,000 രൂപ കൊടുക്കണം. ഭാര്യയുടെ ചികിത്സയ്ക്കായി മാറ്റിവച്ച പണത്തിൽ നിന്ന് ഈ തുക ഷാഫിക്കുകൊടുത്തു. ഉറ്റസുഹൃത്തായതുകൊണ്ട് ട്രാവൽ ഏജന്റിനെക്കുറിച്ചൊന്നും അന്വേഷിക്കാൻ പോയില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ഷാഫി റിയാദിലേക്കു പോയി. പിന്നാലെ ഇസ്ഹാഖും. മുംബൈയിൽ നിന്നായിരുന്നു വിമാനം.

റിയാദ് വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ തൊഴിലുടമ കാത്തുനിൽപ്പുണ്ടായിരുന്നു. യാത്രാക്ഷീണത്തിൽ വാഹനത്തിൽ കിടന്നുറങ്ങിപ്പോയി. കണ്ണുതുറന്നപ്പോൾ ഒട്ടകങ്ങളെ താമസിപ്പിച്ച ഒരു ഫാമിൽ. ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലിക്കാണ് ഇസ്ഹാഖിനെ കൊണ്ടുവന്നതെന്ന് തൊഴിലുടമ പറഞ്ഞു. തനിക്കീ ജോലിയൊന്നും അറിയില്ലെന്നും ഗെസ്റ്റ്ഹൗസിലെ ജോലിക്കാണു വന്നതെന്നും പറഞ്ഞിട്ടും തൊഴിലുടമ കേട്ടഭാവം നടിച്ചില്ല. ഉടൻ തന്നെ എറണാകുളത്തെ ഏജന്റ് ഗിരിപ്രസാദിനെ വിളിച്ചപ്പോൾ എന്തോ പിശകു സംഭവിച്ചതാണെന്നും പെട്ടെന്നു ശരിയാക്കാമെന്നും ഉറപ്പുകൊടുത്തു. അന്നുവൈകിട്ട് തൊഴിലുടമയുടെ സഹോദരൻ അബ്ദുല്ല വന്ന് ഇസ്ഹാഖിനോടു കാര്യങ്ങളൊക്കെ സംസാരിച്ചു. അദ്ദേഹം പറഞ്ഞപ്പോഴാണു വഞ്ചിക്കപ്പെട്ട കാര്യം ബോധ്യമായത്.

റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ സലഹ മരുഭൂമിയിലായിരുന്നു ഒട്ടകങ്ങളുടെ ഫാം.ഫാമിനോടു ചേർന്നുള്ള ചെറിയൊരു ടെന്റിലാണു താമസം. സദാസമയവും പൊടിക്കാറ്റുണ്ടാകും. വൈദ്യുതിയൊന്നുമില്ല. ടോർച്ചിന്റെ വെളിച്ചത്തിൽ വേണം എല്ലാം. അബ്ദുല്ല കൊണ്ടുവന്ന കഫ്സ അരിയും മക്രോണിയും മാത്രമാണു ഭക്ഷണത്തിനുള്ളത്. അതുപുഴുങ്ങി കഴിക്കുക. ഉപ്പോ മുളകോ ഒന്നുമുണ്ടാകില്ല. ഒട്ടകത്തിനുകൊടുക്കുന്ന വെള്ളം തന്നെ കുടിക്കണം. ഇതിലെല്ലാമുപരിയായിരുന്നു ഒറ്റപ്പെടൽ. ഒന്നു സംസാരിക്കാൻ പോലും ആരുമില്ല. ഇരുട്ട് ഇസ്ഹാഖിനെ വല്ലാതെ പേടിപ്പിച്ചു.  അബ്ദുല്ലയുടെ വാഹനത്തിൽ ചാർജർ കുത്തിയാണ് മൊബൈൽ ചാർജ് ചെയ്യുക. മൊബൈൽ ഫോൺ ആയിരുന്നു ഏക ആശ്വാസം.

ഗിരിപ്രസാദിനെ വിളിക്കുമ്പോൾ തൊഴിലുടമ അമേരിക്കയിൽ നിന്നു മടങ്ങിവന്നശേഷം ശരിയാക്കാമെന്നു പറയും. കുറച്ചുദിവസങ്ങൾക്കു ശേഷം തൊഴിലുടമ അമേരിക്കയിൽ നിന്നെത്തി. തനിക്കു നാട്ടിൽ പോകണമെന്നു കരഞ്ഞുപറഞ്ഞിട്ടും അദ്ദേഹം കേട്ടഭാവം നടിച്ചില്ല. അന്നേരമാണ് അദ്ദേഹം വന്ന വാഹനത്തിലെ സീറ്റിൽ വലിയൊരു തോക്കു കണ്ടത്. കൂടുതൽ പ്രശ്നത്തിനു നിന്നാൽ താൻ ആ തോക്കിന് ഇരയാകുമെന്ന് ഇസ്ഹാഖിനു മനസ്സിലായി.  പിന്നീടു ഗിരിപ്രസാദ് ഫോണെടുക്കാതെയായി. തന്റെ ദുരിതം അറിയിച്ചു വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്ന് ഇസ്ഹാഖ് ആദ്യമേ തീരുമാനിച്ചിരുന്നു.

കണ്ണാടി ഇസ്ഹാഖിനെ പേടിപ്പിച്ചു

ഒരു ദിവസം തൊഴിലുടമയുടെ വാഹനത്തിലെ കണ്ണാടിയിൽ നോക്കിയപ്പോൾ ഇസ്ഹാഖ് ഞെട്ടിപ്പോയി. താടിയും മുടിയുമെല്ലാം നീണ്ട്, മെലിഞ്ഞൊട്ടിയ രൂപം താൻ തന്നെയാണെന്നു വിശ്വസിക്കാൻ ഏറെ സമയമെടുത്തു. ഇനിയും ഇവിടെ നിന്നാൽ തന്റെ മനോനില തെറ്റുമെന്ന് അവനുറപ്പായിരുന്നു. പക്ഷേ, രക്ഷപ്പെടാൻ ഒരു വഴിയുമില്ല. നാലുഭാഗവും മരുഭൂമി മാത്രം. പുറത്തുനിന്ന് ആരും അവിടേക്കു വരികയില്ല. ഒക്ടോബർ 6ന് ആണ് ഇസ്ഹാഖ് അവിടെയെത്തിയത്. എങ്കിലും പ്രതീക്ഷയുടെ ചെറിയൊരു തരി അവന്റെ ഉള്ളിലുണ്ടായിരുന്നു. ഡിസംബർ 6ന് ഒരു വലിയ വാഹനം ഫാമിലേക്കു വന്നു. അതിൽ അബ്ദുല്ലയുണ്ടായിരുന്നു. ഒട്ടകങ്ങളെ മത്സരത്തിനു കൊണ്ടുപോകുകയാണ്. ഇസ്ഹാഖിനോടും വാഹനത്തിൽ കയറാൻ പറഞ്ഞു. എത്രയോ നാളുകൾക്കു ശേഷം പുറംലോകം കാണുകയാണ്. മരുഭൂമി പോലെ വരണ്ടുപോയ ആ മനസ്സിനെ പുറംകാഴ്ചകളൊന്നും ഭ്രമിപ്പിച്ചില്ല.

വിശ്വസിക്കാനാവാത്ത രക്ഷപ്പെടൽ

ഡിസംബർ 9ന് അബുദാബിയിലെ ബദാസായിദ് എന്ന സ്ഥലത്തെത്തി. അവിടെയാണ് ഒട്ടകങ്ങളുടെ ഓട്ടമത്സരം നടക്കുന്നത്. മത്സരത്തിനായി ഒട്ടേറെ ഒട്ടകങ്ങൾ എത്തിയിട്ടുണ്ട്, കൂടെ പരിചാരകരും. പക്ഷേ, അക്കൂട്ടത്തിലൊന്നും തന്നെപ്പോലെ ഒരാളെയും അവൻ കണ്ടില്ല. ഒട്ടകങ്ങളെ കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഒരു മലപ്പുറംകാരനെ പരിചയപ്പെട്ടു. അറബിയുടെ വീട്ടിലെ പാചകക്കാരനാണ്. അയാൾ നൽകിയ ഭക്ഷണം കഴിച്ചപ്പോൾ ഇസ്ഹാഖിനു രുചിയൊന്നും തോന്നിയില്ല. നാവിലെ രസമുകുളങ്ങളൊക്കെ നശിച്ചുപോയെന്ന് അന്നേരമാണ് ബോധ്യമായത്.  അടുത്തദിവസം തൊഴിലുടമ ഇസ്ഹാഖിനെയും കൂട്ടി ഒരു മൊബൈൽ ഫോൺ കടയിലേക്കു കയറി. ആ കടയിലൊരു മലയാളിയുണ്ടായിരുന്നു, വളാഞ്ചേരിക്കാരൻ.

ishaq-sunday-1
മലപ്പുറം ആനക്കയത്തെ വീട്ടിൽ ഇസ്‌ഹാഖ്. ചിത്രം: സമീർ എ ഹമീദ്. മനോരമ

‘‘ വന്നു കുടുങ്ങിയല്ലേ’’– ഇസ്ഹാഖിനെ കണ്ടമാത്രയിൽ അവൻ ചോദിച്ചു. ഇസ്ഹാഖ് തലയാട്ടി. അവൻ ഇസ്ഹാഖിന് തന്റെ നമ്പർ കൊടുത്തു. രക്ഷപ്പെട്ടു വന്നാൽ വിളിക്കാൻ പറഞ്ഞു.
എങ്ങനെയും രക്ഷപ്പെടണം എന്ന് ഇസ്ഹാഖ് ഉറപ്പിച്ചു. തിരികെ ബദാസായിദിലേക്കു പോയതു തൊഴിലുടമയുടെ വാഹനത്തിലാണ്. പിൻസീറ്റിലെ വലിയ തോക്ക് അവിടെത്തന്നെയുണ്ടായിരുന്നു. രക്ഷപ്പെടുമ്പോഴെങ്ങാനും പിടിക്കപ്പെട്ടാൽ...

തൊഴിലുടമയ്ക്കു സംശയമൊന്നും തോന്നാത്തവിധം അന്നു കഴിച്ചുകൂട്ടി. അടുത്ത ദിവസം രാത്രി 12 മണിയായപ്പോൾ ഇസ്ഹാഖ് ഒരുങ്ങിനിന്നു. എല്ലാവരും നല്ല ഉറക്കമാണ്. ഇസ്ഹാഖും ഉറക്കം നടിച്ചു കിടന്നു. തൊഴിലുടമയുടെ സഹോദരൻ പലതവണ വന്നുനോക്കുന്നത് അവൻ കണ്ടിരുന്നു.  അയാളും ഉറങ്ങിയെന്ന് ഉറപ്പാക്കി ഇസ്ഹാഖ് പുറത്തേക്കോടി. പുറത്ത് നല്ല നിലാവ്. മരുഭൂമിയിലൂടെ എത്ര ഓടിയെന്നറിയില്ല. പിന്നിൽ നിന്നൊരു വെടി ഏതു സമയത്തും തന്റെ ശരീരം തുളച്ചുചീറിപ്പായുമെന്ന് പേടിച്ചിരുന്നു. ഒടുവിൽ വാഹനങ്ങളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെ ആശ്വാസമായി. കൈകാട്ടിയപ്പോൾ ഒരു വാഹനം നിർത്തി. ഇസ്ഹാഖിനു രക്ഷപ്പെടാൻ പരമകാരുണികനും തുണയായി.

ആ വാഹനത്തിലെ ഡ്രൈവറും മലയാളിയായിരുന്നു. ഇസ്ഹാഖിനെ കണ്ടമാത്രയിൽ തന്നെ അയാൾക്കു കാര്യം പിടികിട്ടി. അയാൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള പള്ളിയിൽ അന്നുറങ്ങാൻ സൗകര്യം ഏർപ്പാടാക്കി.
അടുത്തദിവസം രാവിലെ കാണാമെന്നു പറഞ്ഞു. അതിരാവിലെ തന്നെ അയാൾ ഇസ്ഹാഖിനടുത്തെത്തി. അബുദാബിയിലേക്കുള്ള ബസിൽ ടിക്കറ്റെടുത്തു കയറ്റിവിട്ടു. അവിടെചെന്നാൽ ബന്ധപ്പെടാനുള്ള നമ്പറുകളും കൊടുത്തു.

തളർന്നുവീഴുമെന്ന അവസ്ഥയിലാണ് ബസിറങ്ങിയത്. ബസ് സ്റ്റാൻഡിൽ ഒരു കണ്ണൂരുകാരനെ പരിചയപ്പെട്ടു. അദ്ദേഹം ഭക്ഷണം വാങ്ങിക്കൊടുത്തു.
കെഎംസിസി ഭാരവാഹികൾ സ്ഥലത്തെത്തി എംബസിയിലേക്കു കൊണ്ടുപോയി. ഇസ്ഹാഖ് രക്ഷപ്പെട്ട വിവരം പുലർച്ചയോടെയാണു തൊഴിലുടമ അറിഞ്ഞത്. പക്ഷേ, അദ്ദേഹത്തിനു പിടിക്കാൻ കഴിയുന്നതു മുൻപ് തന്നെ ഇസ്ഹാഖ് എംബസിയിൽ എത്തിയിരുന്നു. യുഎഇയിൽ പൊതുമാപ്പിന്റെ കാലമായിരുന്നു. അതുകൊണ്ട് 6 ദിവസം മാത്രമേ ജയിലിൽ കിടക്കേണ്ടി വന്നുള്ളൂ.

പുതുവർഷത്തിൽ നാട്ടിലെത്തുന്നു

2019 ജനുവരി ഒന്നിനു പുലർച്ചെ ഇസ്ഹാഖ് കരിപ്പൂരിൽ വിമാനമിറങ്ങി.  ദുരിതനാളുകളിലെ ചിന്തകളിൽ നിന്നു രക്ഷപ്പെടാൻ ദിവസങ്ങളോളമെടുത്തു. മാനസികമായും ശാരീരികമായും തളർന്നിരുന്നു. പക്ഷേ, കൂടുതൽ ദിവസം തളർന്നിരിക്കാൻ ഇസ്ഹാഖിനു കഴിയുമായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തണം.  എറണാകുളത്തെ ഗിരിപ്രസാദിനെ പലതവണ വിളിച്ചിരുന്നു. കൊടുത്ത പണം തിരികെ തരാമെന്നു പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പാസ്പോർട്ട് തൊഴിലുടമയുടെ കൈവശം പെട്ടുപോയി.

ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിൽ തോൽക്കാൻ ഇസ്ഹാഖ് തയാറല്ല. പുത്തൻ പ്രതീക്ഷകളോടെ അയാൾ കുടുംബത്തോടൊപ്പം കഴിയുകയാണ്. ഭാര്യയുടെ ചികിത്സ, സ്വന്തം വീട്, മക്കളുടെ വിദ്യാഭ്യാസം..പ്രശ്നങ്ങൾ പലതുമുണ്ട്. അവ തരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com