sections
MORE

ജെ.സി.ഡാനിയേൽ പുരസ്കാര നിറവിൽ നടി ഷീല പറയുന്നു: ദൈവത്തിന്റെ മറുപടിയാണിത്...

Actress-Sheela-Interview
വര: മുരുകേശ് തുളസിറാം
SHARE

കുറച്ചുകാലമായി എനിക്കു തോന്നിയിരുന്നു, എന്തിനാണ് ഇനി ജീവിക്കുന്നതെന്ന്. ഇത്രയും കാലം സന്തോഷത്തോടെ ജോലി ചെയ്തു, അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിച്ചില്ല, മക്കളായി, പേരക്കുട്ടികളായി അവർക്കു വേണ്ടതും ചെയ്തു. ഇതിൽ കൂടുതലൊന്നും ജീവിതത്തിൽ ആഗ്രഹിക്കേണ്ടതില്ലല്ലോ. എന്നെ കൊണ്ടുപോകാത്തത് എന്തെന്നു ദൈവത്തോടു ചോദിക്കാൻ തോന്നി. അതിനു ദൈവം തന്ന മറുപടിയാണ് ഇപ്പോൾ നാട് എനിക്കു സമ്മാനിച്ച ജെ.സി. ഡാനിയേൽ അവാർഡ്. ഇതറിഞ്ഞ് എത്ര ആളുകളാണ് എന്നെ വിളിച്ചതെന്നോ. അവരുടെ വാക്കുകളിലെ സന്തോഷം കേട്ടാൽ തോന്നും അവർക്കാണ് അവാർഡ് കിട്ടിയതെന്ന്. സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന ജെ.സി.ഡാനിയേൽ ബഹുമതി നേടിയ നടി ഷീല സംസാരിക്കുന്നു... 

∙ ഈ സമയത്തൊരു ബഹുമതി വല്ലാത്തൊരു അനുഭവമാണല്ലേ? 

മന്ത്രി എ. കെ. ബാലനാണ് എന്നെ വിളിച്ച് അവാർഡ് ഉണ്ടെന്നു പറഞ്ഞത്. ഒരു അവാർഡ് പറയാൻ മന്ത്രി നേരിട്ടു വിളിച്ചപ്പോൾ എനിക്കു സന്തോഷമായി. അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്നും തോന്നി. ഒരു മന്ത്രിതന്നെ ഇതു ചെയ്യേണ്ട ആവശ്യമില്ലല്ലോ. ഇത് അവാർഡുകളുടെ കാലമാണല്ലോ. പിന്നീടാണ് ഞാൻ അറിയുന്നത് ഇതു സംസ്ഥാന സർക്കാരിന്റെ ഉന്നത ബഹുമതിയാണെന്ന്. അതു വല്ലാത്തൊരു സന്തോഷമായിരുന്നു. കേരളം ഇപ്പോഴും എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാകുന്നത് ഈ അവാർഡ് ലഭിച്ചശേഷം എനിക്കു കിട്ടിയ അഭിനന്ദനങ്ങളിലൂടെയാണ്. ഞാൻ വിചാരിച്ചു മറന്നുകാണുമെന്ന്. ഇത്രയേറെ സ്നേഹിക്കാൻ ഒരു സാധാരണ നടി മാത്രമായ ഞാൻ എന്തു ചെയ്തുവെന്നു ഞാൻ രാത്രി മുഴുവൻ ആലോചിച്ചു. 

∙ ഇപ്പോഴും ഷീല അതീവ സുന്ദരിയായാണു പുറത്തിറങ്ങുന്നത്. വളരെ ശ്രദ്ധിച്ചാണു സാരികൾ തിരഞ്ഞെടുക്കുന്നത്. അത് ഉടുക്കുന്നതിനു പോലും ഏറെ സമയം ചെലവഴിക്കുന്നുണ്ടെന്ന്  ഉടുത്തുവരുമ്പോൾ അറിയാം. എങ്ങനെയാണ് എന്നും ഓരോ ഇഞ്ചിലും സൗന്ദര്യം ഉറപ്പാക്കി ജീവിക്കാനാകുന്നത്? 

അടുത്തകാലത്തു വലിയൊരു നടിയെക്കുറിച്ചു യു ട്യൂബിൽ പറയുന്നതു കേട്ടു അവർ കഷ്ടപ്പെടുകയാണെന്ന്. ഇതു കാണുന്നതിനു രണ്ടു ദിവസം മുൻപു ഞാനവരെ കണ്ടിരുന്നു. എത്രയോ കാലമായി വലിയ സൗകര്യത്തിലാണ് അവർ ജീവിക്കുന്നത്. വലിയ പണക്കാരുമാണ്. ഏതോ ചടങ്ങിൽ അവർ തീരെ ശ്രദ്ധിക്കാതെ അലസമായി വസ്ത്രം ധരിച്ചു പോയപ്പോഴാണ് ഈ കഥയുണ്ടാക്കിയത്. ഷീലയെക്കുറിച്ച് അത്തരം കഥ വരുന്നത് എനിക്കിഷ്ടമല്ല. മാത്രമല്ല പത്തു പതിനഞ്ചു വയസ്സു മുതൽ തുടങ്ങിയ ജോലിയാണിത്. അന്നെല്ലാം സെറ്റിൽനിന്നു സെറ്റിലേക്കു അണിഞ്ഞൊരുങ്ങിയാണു പോകുന്നത്. മിക്കപ്പോഴും ഞാൻ സിനിമയുടെ വസ്ത്രങ്ങളിലായിരുന്നു. വസ്ത്രത്തിലും വൃത്തിയിലുമുള്ള ശ്രദ്ധ കുട്ടിക്കാലം മുതലേ എനിക്കുണ്ട്. ‘ആട പാതി ആൾ പാതി’ എന്നൊരു തമിഴ് ചൊല്ലുണ്ട്. ആളും ആടയും നന്നായിരിക്കണം. വില കൂടിയതാകണം എന്നല്ല. നല്ല വൃത്തിയായി അണിയണം എന്നാണ് ഉദ്ദേശിച്ചത്. 

∙ യോഗയും ചിട്ടയായ ജീവിതവും എപ്പോൾ തുടങ്ങിയതാണ്?  

ജയലളിതയ്ക്കു കുട്ടിക്കാലം മുതലേ മുട്ടിനും വിരലുകൾക്കുമെല്ലാം വേദനയുണ്ടായിരുന്നു. അതു മാറാനായി പ്രശസ്ത യോഗാചാര്യൻ കൃഷ്ണമാചാര്യരുടെ അടുത്തു യോഗ ചെയ്യാൻ ജയലളിത പോകുമായിരുന്നു. എന്നെ നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോകും. ഞങ്ങൾക്കു രണ്ടുപേർക്കും മാത്രമുള്ള ക്ലാസാണ്. 16 വയസ്സായിരുന്നു അന്നെനിക്ക്. അന്നുമുതൽ ഇന്നുവരെ യോഗ മുടക്കിയിട്ടില്ല. കുറച്ചുകാലം സിനിമയിൽനിന്നു മാറി മകനെ പഠിപ്പിക്കാനായി ഊട്ടിയിൽ താമസിച്ചപ്പോൾ ഞാനവിടെ യോഗ ക്ലാസെടുക്കുമായിരുന്നു. ഇന്നു രാവിലെയും യോഗ ചെയ്തു, ഒരു മണിക്കൂർ നടന്നു. 

∙ ഈ ബഹുമതി കിട്ടിയപ്പോൾ ആരെയാണ് ഓർത്തത്?  

സംവിധായകരായ സേതുമാധവനെയും സത്യൻ അന്തിക്കാടിനെയും. രണ്ടുപേരും എനിക്ക് അതിമനോഹരമായ വേഷങ്ങൾ തന്നു. സേതുമാധവൻ സാർ പറയുമായിരുന്നു എത്രയോ അവാർഡ് കിട്ടേണ്ടതായിരുന്നു ഷീലയ്ക്ക്, അത്ര നന്നായി അഭിനയിച്ചുവെന്ന്. സത്യൻ അന്തിക്കാട് 22 വർഷത്തിനുശേഷം എനിക്കു മലയാള സിനിമയിൽ പുതിയൊരു വേഷവും പദവിയും തന്നു. 

∙ ഏതു പ്രതിസന്ധിയിലും  ഷീലയെ ചിരിച്ചുമാത്രമേ കണ്ടിട്ടുള്ളു. 

എനിക്കു വലിയ മോഹങ്ങളില്ല. പണ്ടു കഞ്ഞികുടിച്ചു ജീവിച്ചപ്പോഴും ഇപ്പോൾ എല്ലാ സമൃദ്ധിയിൽ ജീവിക്കുമ്പോഴും എനിക്കു പരാതിയില്ല. 

ദൈവമായി ഇതെല്ലാം തന്നു. അതിനു ഞാൻ നിമിത്തമായി എന്നുമാത്രം. എനിക്ക് എന്നും തൃപ്തിയാണുള്ളത്. അതൃപ്തിയാകുന്നതോടെയാണു സന്തോഷം ഇല്ലാതാകുന്നത്. കിട്ടിയതിൽ തൃപ്തിയുണ്ടാക്കാൻ പഠിച്ചാൽ പിന്നെ എല്ലാം സന്തോഷമാകും. 

ഷീല ചിത്രം വരയ്ക്കാൻ തുടങ്ങിയത് എപ്പോഴാണ്? 

ആറു വയസ്സുമുതൽ ഞാൻ വരയ്ക്കുമായിരുന്നു. തീരെ പഠിക്കുമായിരുന്നില്ല. എന്റെ എല്ലാ നോട്ടുപുസ്തകത്തിലും നിറയെ ചിത്രങ്ങളായിരുന്നു. അതിനു കുറെ അടിയും കിട്ടി. മധുരം ഇഷ്ടമുള്ളയാൾ മധുരം കഴിക്കുന്നത് ആരെയും സംതൃപ്തിപ്പെടുത്താനോ ഷോ കാണിക്കാനോ അല്ലല്ലോ. സ്വന്തം മനസ്സിന്റെ സന്തോഷത്തിനാണ്. ഞാൻ വരയ്ക്കുന്നതും അതുപോലെയാണ്. എന്റെ മാത്രം സന്തോഷത്തിനാണ്. അതുകൊണ്ടുതന്നെ ഷോയ്ക്കു കൊണ്ടുപോകുന്ന കാര്യം ആലോചിച്ചിട്ടില്ല. പലരും നിർബന്ധിച്ചപ്പോൾ ഇടയ്ക്ക് ചെയ്തുവെന്നു മാത്രം. 

∙ മലയാള സിനിമയിലെ കഥാപാത്രങ്ങൾക്ക്  ഇപ്പോൾ അമ്മമാരില്ലെന്നും അതുകൊണ്ടു പല മുതിർന്ന നടിമാർക്കും വേഷങ്ങളില്ലെന്നും പറയാറുണ്ട്. ഷീലയ്ക്ക് ഇത്തരം വേഷങ്ങൾ കിട്ടാത്തതിൽ വിഷമമുണ്ടോ?  

എല്ലാ കാലത്തും സിനിമയിൽ കരയുന്ന അച്ഛനും അമ്മയും വേണമെന്നു പറയുന്നതിൽ ഒരർഥവുമില്ല. ഇതു പുതിയ കാലമാണ്. പഴയതരം അമ്മമാരുടെ കാലമല്ല. അമ്മയില്ലാതെതന്നെ കഥ പറയാനാകുമായിരിക്കും. എനിക്കു വേഷങ്ങൾ കിട്ടാത്തതിൽ വിഷമമില്ല. എത്രയോ വേഷങ്ങൾ ഞാൻ വേണ്ടെന്നു വയ്ക്കുന്നതാണ്. എനിക്കു വർഷത്തിൽ ഒന്നോ രണ്ടോ സിനിമ ചെയ്താൽമതി. എനിക്കു സിനിമയെന്നതു കുടുംബം തന്നെയാണ്. എന്റെ ശരിക്കുള്ള കുടുംബം അതിനു ശേഷമേയുള്ളു. അതുകൊണ്ടുതന്നെ പുറത്താകുമെന്ന തോന്നൽ ഇന്നുവരെ ഉണ്ടായിട്ടില്ല. കുടുംബത്തിൽനിന്നു പുറത്തുപോകാനാകില്ലല്ലോ...

∙ പലരും വിളിച്ചുകാണും. അതിൽ സന്തോഷം തോന്നിയ ഒരു വിളി ഏതാണ്? 

ശാരദ വിളിച്ചിരുന്നു. അവരുടെ ശബ്ദത്തിൽനിന്നുതന്നെ സന്തോഷം എനിക്കു മനസ്സിലായി. എത്രയോ വർഷങ്ങൾക്കു ശേഷവും അവർ എന്നെ ഓർത്തു സന്തോഷിക്കുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ ആഹ്ലാദം ചെറുതല്ല. കൂടുതൽ കൂടുതൽ ജീവിക്കണമെന്നു തോന്നുന്നത് ഇത്തരം സന്തോഷങ്ങൾ കാണുമ്പോഴാണ്. മലയാളികൾ എന്നെപ്പോലുള്ള ചെറിയൊരു നടിയോടു കാണിച്ച സന്തോഷം വീണ്ടും വീണ്ടും തിരിച്ചറിയുമ്പോൾ ജീവിതം മതിയായില്ലെന്നു തോന്നും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA