ADVERTISEMENT

വിലപെടുമീയദ്ധ്യക്ഷനുള്ളകാല,
മെനിക്കുണ്ടോ
വിഷമം, ഹാ,
രക്ഷനേടാൻ കൊലക്കുറ്റത്തിൽ.

കൊതുകിനെ അടിച്ചുകൊന്ന് കവി കൊലയാളിയായി മാറുന്നതിനെക്കുറിച്ചൊരു വിനോദകവിത സരസമായി വായിച്ചവസാനിപ്പിച്ച് ചങ്ങമ്പുഴ കൃഷ്ണപിള്ള യോഗാധ്യക്ഷൻ മള്ളൂർ ഗോവിന്ദപ്പിള്ളയെ കൗതുകത്തോടെ നോക്കി. തിരുവനന്തപുരം ആർട്സ് കോളജ് മലയാളസമാജം യോഗത്തിൽ അധ്യക്ഷനായിരുന്ന ആ സുപ്രസിദ്ധ ക്രിമിനൽ അഭിഭാഷകൻ അപ്പോൾ ഊറിച്ചിരിക്കുകയായിരുന്നു. ‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ’ എന്നായിരുന്നല്ലോ ചൊല്ല്!

1904ൽ തിരുവനന്തപുരം മജിസ്ട്രേറ്റു കോടതിയിലാണു മള്ളൂർ ഗോവിന്ദപ്പിള്ള വക്കീലായി പ്രാക്ടീസ് ആരംഭിച്ചത്. പിന്നെ വച്ചടി വച്ചടി കയറ്റം. തിരുവിതാംകൂർ ഗവൺമെന്റിന്റെ കേസുകൾ നടത്താനുള്ള സർക്കാർ വക്കീലായി നിയമിതനായി. അതിപ്രഗൽഭനായ വക്കീലിന്റെ കൂർമബുദ്ധിയും വാക്ചാതുരിയും കൊണ്ട് ഭജേഭാരതം കേസ്, സി. കേശവൻ രാജ്യദ്രോഹക്കേസ്, ചാല ലഹളക്കേസ് തുടങ്ങിയ പല വിവാദ കേസുകളും സർക്കാർ പുഷ്പം പോലെ ജയിച്ചു.

സ്റ്റേറ്റ് കോൺഗ്രസ് നേതാവ് സി. കേശവൻ കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗം രാജ്യദ്രോഹമാണെന്നു സർക്കാരിനു വേണ്ടി വാദിച്ചു ജയിച്ചപ്പോൾ, മള്ളൂർ ജയിലിലേക്ക് അയച്ചത് സ്വന്തം ശിഷ്യനെയായിരുന്നു. തിരുവനന്തപുരം ലോ കോളജിൽ കേശവനെ പഠിപ്പിച്ചിട്ടുണ്ടു മള്ളൂർ. ഇതു കൂടാതെ ഭജേഭാരതം കേസിലും ശിഷ്യന്മാരെ പ്രതിക്കൂട്ടിൽനിർത്തി വിസ്തരിക്കേണ്ടി വന്നതിനെക്കുറിച്ചു മാത്രമേ അഭിഭാഷകജീവിതത്തിൽ അദ്ദേഹത്തിനു സങ്കടമുണ്ടായിരുന്നുള്ളൂ.

ആ ഉണ്ട മള്ളൂർ വിഴുങ്ങിയില്ല

ഗതാഗതമന്ത്രിയായിരുന്ന ഇ. ജോൺ ഫിലിപ്പോസ് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ആനി മസ്ക്രീൻ കൊടുത്ത നാലരലക്ഷം കേസ്, കൊച്ചി ഗവൺമെന്റിൽനിന്നു തൃശൂർ സ്വദേശി ദാമോദരൻ പണം തട്ടിയതായുള്ള അഞ്ചരലക്ഷം കേസ് തുടങ്ങിയവയും പ്രശസ്തമായ കേസുകളാണ്. മള്ളൂരിനെ അനശ്വരനാക്കിയത് ‘ഉണ്ടവിഴുങ്ങിക്കേസ്’ എന്നറിയപ്പെട്ട കൊലപാതകക്കേസു തന്നെ. തൊണ്ടിമുതലായി പ്രോസിക്യൂഷൻഭാഗം ഹാജരാക്കിയ വെടിയുണ്ട പരിശോധിക്കാനായി വാങ്ങിയിട്ട് വക്കീൽ അതു വിഴുങ്ങി പ്രതിയെ രക്ഷിച്ചെന്നുമാണു കഥകൾ.

ആ വെടിയുണ്ട, പ്രതി ഉപയോഗിച്ചെന്നു പറയുന്ന തോക്കിനു ചേരുന്നതല്ലെന്നു തെളിയിക്കുക മാത്രമാണു താൻ ചെയ്തതെന്നും ഉണ്ടയൊന്നും വിഴുങ്ങിയിട്ടില്ലെന്നും മള്ളൂർ പിന്നീടു പലരോടും വിശദീകരിച്ചിട്ടുണ്ട്. വക്കീലിന്റെ ഉജ്വല വാദം കൊണ്ടു രക്ഷപ്പെട്ട കൊലക്കേസ് പ്രതി തിരുവനന്തപുരം കേശവദാസപുരത്തെ നെൽപ്പാടം സമ്മാനമായി കൊടുത്തെന്നാണു കഥ.

കൊട്ടാരം കുതിരയെ വിരട്ടിയ സിക്സർ

1915ൽ, തിരുവനന്തപുരത്തു ക്രിക്കറ്റ് കളിക്കു പ്രചാരം കൂട്ടിയതു മള്ളൂരാണ്! മദ്രാസ് ലോ കോളജിൽനിന്ന് എഫ്എൽ പരീക്ഷ തോറ്റ ശേഷം തിരുവനന്തപുരം ലോ കോളജിൽ ബിരുദ കോഴ്സിനു വന്നുചേർന്ന കുറെ വിദ്യാർഥികൾക്കു നായർ ബ്രിഗേഡ് ഗ്രൗണ്ടിൽ കളിക്കാൻ ദിവാന്റെ അനുവാദം വാങ്ങിച്ചു കൊടുത്തത് അധ്യാപകനായ അദ്ദേഹമായിരുന്നു.

ഒരു ദിവസം, തിരുവിതാംകൂർ ഇളയറാണി ആ വഴി കുതിരവണ്ടിയിൽ പോയി. ഇതൊന്നുമറിയാതെ ബാറ്റ്സ്മാൻ ആഞ്ഞടിച്ചത് ഒരു സിക്സർ. പന്തു ചെന്നു വണ്ടിപ്പുറത്തു വീണതും കുതിര വിരണ്ടു. മൈതാനത്തെ കളി മതിയാക്കാൻ ഉത്തരവിട്ട് കൊട്ടാരത്തിൽനിന്നു വന്നു ‘മറുപടി സിക്സർ’. റാണി അറിയാതെയാണ് ഉത്തരവു പോയതെന്നു പറഞ്ഞു മള്ളൂർ വിദ്യാർഥികളെ സമാധാനിപ്പിച്ചെങ്കിലും കളി വീണ്ടും തുടങ്ങാൻ കാലം കുറെ പിടിച്ചു.

ഫീസ് പോരട്ടെ!

വക്കീൽപ്പണിയിൽ മള്ളൂരിന് ആദ്യമായി കിട്ടിയ ഫീസ് 2 രൂപ. 1908ലെ ചാല ലഹളക്കേസിലെത്തിയപ്പോഴേക്കും പ്രതിഫലം 5000 രൂപയായി!
കക്ഷികളുമായി നല്ലൊരു തുക പറഞ്ഞുറപ്പിക്കുന്നതായിരുന്നു ശീലം. നയാപൈസ കൂടുതലോ കുറവോ വാങ്ങില്ല. ശിഷ്യനായിരുന്ന ഇ.ജോൺ ഫിലിപ്പോസിന്റെ കയ്യിൽനിന്നു നാമമാത്രമായ ഫീസേ വാങ്ങിയുള്ളൂവെന്നതു മറ്റൊരു സത്യം.

സഹായം വേണ്ടവർക്ക് ഉദാരമായി സംഭാവന നൽകി. കേസ് വാദത്തിനായുള്ള തയാറെടുപ്പുകളും രീതിയുമൊക്കെ ശ്രദ്ധേയമായിരുന്നു. വളരെ ഹ്രസ്വമായ ക്രോസ് വിസ്താരം. വിധി തന്റെ കക്ഷിക്ക് അനുകൂലമാക്കാൻ അതു തന്നെ ധാരാളം. അതിസങ്കീർണമായ കേസുകളിൽ വാദം കഴിഞ്ഞ് ശ്രീമൂലം ക്ലബ്ബിൽ പോയി ടെന്നിസ് കളിച്ചും തിയറ്ററിൽ സിനിമ കണ്ടും രാത്രി കഥകളി ആസ്വദിച്ചും പ്രായമേറും തോറും ഊർജസ്വലനായി മാറുന്ന മള്ളൂർ എന്ന പ്രതിഭാസം അടുത്തറിയാവുന്നവർക്കെല്ലാം ഒരത്ഭുതമായിരുന്നു.

∙ആത്മകഥ വയ്യ

1878 ൽ കോട്ടയം കോടിമതയിൽ നെടുമങ്ങാട്ടു നീലകണ്ഠപ്പിള്ളയുടെയും കൊച്ചു പാർവതിയമ്മയുടെയും മകനായാണു മള്ളൂരിന്റെ ജനനം. ഹൈസ്കൂൾ അധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം കഠിനാധ്വാനത്തിലൂടെയാണു പ്രഗൽഭനായ ക്രിമിനൽ വക്കീലാകുകയെന്ന സ്വപ്നം കയ്യെത്തിപ്പിടിച്ചത്. ക്രിമിനൽ വക്കീലായി മാത്രമല്ല, സാഹിത്യകാരനായും നായർ സമുദായ നേതാവായും പേരെടുത്ത അദ്ദേഹം സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്നു. 1969 ജൂൺ 20ന് അന്തരിച്ചു.

ക്രിമിനൽ വക്കീലിനെക്കൊണ്ട് ആത്മകഥയെഴുതിക്കാനും സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കീഴിൽ അതു പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. സ്തോഭജനകമായ അനേകരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്ന മള്ളൂർ പക്ഷേ അതിനു തയാറാകാതെ ഒഴിഞ്ഞുമാറി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com