ADVERTISEMENT

പുതിയ കാലത്ത് ഒരു പാട്ട് ജനിക്കുന്നതെങ്ങനെ? ഗായകൻ വാട്സാപ്പിൽ പാടി അയയ്ക്കുന്ന ഗാനം ഒരു ലാപ്ടോപ്പിൽ ആധുനിക സംഗീതമാകുന്ന കഥയിതാ...

പഴയകാലം

പാട്ടിന്റെ വരികൾ എഴുതി അതു സംവിധായകനും നിർമാതാവും അംഗീകരിച്ചുകഴിഞ്ഞാൽ സംഗീതസംവിധായകൻ ഈണം സൃഷ്ടിക്കുന്നു. അതും അംഗീകരിക്കപ്പെട്ടുകഴി‍ഞ്ഞാ‍ൽ ഓർക്കസ്ട്ര വിദഗ്ധന്റെ സഹായത്തോടെ പാട്ട് റിക്കോർഡ് ചെയ്യുന്നു.

പിൽക്കാലം

ആദ്യം ഈണം തയാറാക്കി അത് അംഗീകരിച്ചശേഷം ഈണത്തിലേക്ക് പദങ്ങൾ എഴുതിച്ചേർക്കുന്നു. ഇതും ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ ഓർക്കസ്ട്ര വിദഗ്ധന്റെ സഹായത്തോടെ റിക്കോർഡിങ്.

പുതിയകാലം

ഇപ്പോൾ സംഗീതസംവിധാന പ്രക്രിയയുടെ പേര് പ്രോഗ്രാമിങ് എന്നാണ്. ഇവിടെ സംഗീതസംവിധായകൻ ഒരു സാങ്കേതിക വിദഗ്ധൻ കൂടിയാവുന്നു. അല്ലെങ്കിൽ ഒരു സാങ്കേതിക വിദഗ്ധന്റെ സഹായം അയാൾ തേടുന്നു. സമ്പൂർണസംഗീതമാണ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇപ്പോൾ തയാറാക്കുന്നത്. എല്ലാ സംഗീതോപകരണവും അതിന്റെ കൃത്യമായ പിച്ചും ഇഫക്ട്സുമെല്ലാം ഒരു ലാപ്ടോപ്പിൽ റെഡിയാക്കുന്നു. ഒരു കീബോർഡിന്റെ സഹായം മാത്രം മതി.

തബലയോ ഗിറ്റാറോ ഡ്രംസോ വയലിനോ വീണയോ അങ്ങനെ എന്തും നിമിഷനേരംകൊണ്ട് ലാപ്ടോപ്പിൽ തയാർ. കൃത്രിമമായ ഈ ശബ്ദത്തെ വിഎസ്‌ടി (വെർച്വൽ സ്റ്റുഡിയോ ടെക്നോളജി) ഇൻസ്ട്രുമെന്റ് എന്നാണ് ഇതിനു പറയുക. ഈ വിഎസ്ടികളെ സംഗീതസംവിധായകന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് സോഫ്റ്റ്‌വെയറിൽ സംയോജിപ്പിക്കുന്നു. ഫ്രൂട്ടിലൂപ്സ്, പ്രോടൂൾസ്, ലോജിക്, ക്യുബേസ് എന്നിവയൊക്കെയാണ് പ്രചാരണത്തിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ. പതിനായിരം മുതൽ ഒന്നരലക്ഷം വരെയാണ് വില. കാശൊന്നും കൊടുക്കേണ്ടാത്ത വ്യാജന്മാരും ലഭ്യമാണ്. എങ്കിലും പ്രഫഷനലുകൾ വ്യാജൻ ഉപയോഗിക്കാറില്ല.

പാട്ടുകാരന് വരികളും ഈണവും വാട്സാപ്പ് ചെയ്താൽ അയാൾ അടുത്ത മെസേജിൽ അതു പാടി അയച്ചുതരും. ആ ശബ്ദത്തിലും ഏതുതരത്തിലുള്ള മാറ്റവും സോഫ്റ്റ്‌വെയറിൽ വരുത്താം. അങ്ങനെ പാട്ട് റെഡി. ഇങ്ങനെ ഏതാണ്ട് പൂർണമായ പാട്ടാണ് ഒരു സംഗീതസംവിധായകൻ ഇപ്പോൾ സംവിധായകനെയും നിർമാതാവിനെയുമൊക്കെ കേൾപ്പിച്ചുകൊടുക്കുന്നത്. അംഗീകരിക്കപ്പെട്ടാൽ, ഗായകന്റെ വോയ്സ് ട്രാക്ക് മാത്രം സ്റ്റുഡിയോയിൽ എടുത്ത് മിക്സ് ചെയ്തു സിനിമയിൽ ഉപയോഗിക്കാം.

ചിലർ ഈ സംഗീതത്തിലെ ഇലക്ട്രോണിക് മ്യൂസിക് മാറ്റി ഒറിജിനൽ‍ ഉപകരണങ്ങൾ ചേർക്കും. എത്ര ഉപകരണങ്ങൾ ഇങ്ങനെ യഥാർഥത്തിൽ ചേർക്കുന്നുവെന്നത് പാട്ടിന്റെ ബജറ്റ്, സംവിധായകന്റെയും നിർമാതാവിന്റെയും താൽപര്യം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു ഉപകരണം പോലും ഒറിജിനലായി വായിക്കാതെയും ഇന്ന് പാട്ടുകൾ ഉണ്ടാകുന്നുവെന്നു സാരം. പരസ്യങ്ങളിൽ ഇന്നു കേൾക്കുന്ന മിക്ക വാദ്യങ്ങളും ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കുന്നവയാണ്. സാങ്കേതികവിദ്യയുടെ മികവും അതിലെ സംഗീതസംവിധായകന്റെ കഴിവും കൂടുന്നതനുസരിച്ച് ഇത് ഒറിജിനലായിത്തന്നെ ആസ്വാദകന് തോന്നുന്നു.

ഗുണങ്ങൾ

∙ ഓരോ ഉപകരണവും റിക്കോർഡ് ചെയ്തെടുക്കാനുള്ള കാലതാമസം ഒഴിവാകുന്നു. പാട്ട് പെട്ടെന്നു തയാറാവുന്നു.
∙ മ്യൂസിക് ഡയറക്ടറുടെ മനസ്സിലുള്ളതു മറ്റൊരു ആർട്ടിസ്റ്റിനോട് പറഞ്ഞ് വായിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന കമ്യൂണിക്കേഷൻ ഗ്യാപ്പ് ഇല്ലാതാവുന്നു. മ്യൂസിക് ഡയറക്ടർക്ക് തന്റെ മനസ്സിലുള്ളത് അതുപോലെ സൃഷ്ടിക്കാൻ കഴിയുന്നു.
∙ ആർട്ടിസ്റ്റ്, സ്റ്റുഡിയോ എന്നിവ കുറയുന്നതിലൂടെ പണച്ചെലവ് വലിയ തോതിൽ കുറയുന്നു.
∙ നിർമാതാവിനും സംവിധായകനും തന്റെ പാട്ടിന്റെ ‘ഫൈനൽ വേർഷൻ’ എങ്ങനെയിരിക്കുമെന്ന് ഏതാണ്ട് ആദ്യംതന്നെ മനസ്സിലാകുന്നു. ഏത് ഈണം വേണമെന്ന തിരഞ്ഞെടുപ്പ് എളുപ്പമാവുന്നു.

പുതിയ സംഗീതജ്ഞർ പുതിയ പാട്ടിനെപ്പറ്റി:

സ്റ്റീഫൻ ദേവസ്സി

Stephen Devassy

ടെക്നോളജി ഇല്ലാതെ ഇന്നു മ്യൂസിക് ചെയ്യാൻ കഴിയില്ല. നാംതന്നെ അറിയുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രോഗ്രാമിങ് അറിയാവുന്ന മറ്റൊരാളെ ആശ്രയിക്കേണ്ടി വരും. ഒരു പാട്ടുകാരൻ ‘ബെയ്സ് കൂട്ടണം’ എന്നു പറഞ്ഞാൽ ഫ്രീക്വൻസിയിൽ എന്തു മാറ്റമാണ് വരുത്തേണ്ടതെന്ന് മ്യൂസിക് ഡയറക്ടർ അറിയണം.

സ്മാർട്‌ഫോണിൽനിന്ന് ഇന്ന് സംഗീതസംവിധാനം ആരംഭിക്കാം. ശില്പിയുടെ കയ്യിൽ കിട്ടിയ കളിമണ്ണു പോലെയാണ് ടെക്നോളജി അറിയാവുന്ന ഒരാളുടെ കയ്യിൽ കിട്ടിയ സംഗീതം. അതിൽ നമുക്ക് എന്തും ചെയ്യാം. പിച്ച് കറക്ട് ചെയ്യാം, ലെയേഴ്സ് ഇടാം, എഡിറ്റ് ചെയ്യാം, ഫ്രീക്വൻസി മാറ്റാം... അങ്ങനെ അനന്തസാധ്യതകൾ. കീബോർഡും ലാപ്ടോപ്പും മ്യൂസിക് ഡയറക്ടറുടെ അടിസ്ഥാന പണിആയുധങ്ങളാണ്.

പഴയകാലത്തെ അപേക്ഷിച്ച് ഇപ്പോൾ സംഗീതം ചെയ്യാൻ എളുപ്പമാണ്. ഏതു കാര്യവും എളുപ്പമാവുമ്പോഴാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടത്. ട്യൂൺ ലൈബ്രറി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിക്കഴിഞ്ഞു. ഓരോ വികാരത്തിനും വേണ്ട നൂറുകണക്കിനു ട്യൂണുകൾ മുൻകൂട്ടി സംഗീതജ്ഞർ ചെയ്തുവച്ചിട്ടുണ്ടാവും. സംവിധായകന് അതിൽ ഇഷ്ടപ്പെട്ടതു തിരഞ്ഞെടുക്കാം. മലയാളത്തിലും അങ്ങനൊരു കാലം വരാൻപോവുകയാണ്.

ലൈവ് നല്ലതുതന്നെയാണ്. പക്ഷേ, ചിലപ്പോൾ ഒരു പാട്ടിന് 50,000 രൂപയായിരിക്കും ബജറ്റ്. അപ്പോൾ ലൈവൊന്നും നടക്കില്ല. പ്രോഗ്രാമിങ് മാത്രമാണ് ആശ്രയം. പിന്നെ എത്ര ടെക്നോളജി അറിഞ്ഞാലും സംഗീതത്തിലെ അറിവുകൊണ്ടേ നമുക്ക് മാസ്റ്ററാകാൻ കഴിയൂ.

സുഷിൻ ശ്യാം

Sushin Shyam

എനിക്ക് ലൈവ് ശബ്ദമാണ് ഇഷ്ടം. പക്ഷേ, സംവിധായകന്റെ ഇഷ്ടം, നിർമാതാവിന്റെ പോക്കറ്റിന്റെ കനം, സിറ്റുവേഷൻ എന്നിവ അനുസരിച്ചാവും പാട്ടിന്റെ വിധി. ‘കുമ്പളങ്ങി നൈറ്റ്സി’ൽ ഞാൻ കുറെ ലൈവ് ഉപയോഗിച്ചിട്ടുണ്ട്. അതൊരു ഫ്ലോട്ടിങ് സിനിമയാണ്. അതുകൊണ്ട് അതിൽ ലൈവ് വായിക്കുമ്പോൾ വരുന്ന ഹ്യൂമൻ എററുകൾ ഒരു സൗന്ദര്യമാണ്. ‘ചെരാതുകൾ...’ എന്ന പാട്ട് ഗിറ്റാറിൽ വായിച്ചാണ് ഞാൻ പ്രോഗ്രാം ചെയ്തത്. പക്ഷേ, വയലിൻ ലൈവ് വായിച്ചു.

അവസാനം ചെയ്ത ‘വൈറസ്’ സിനിമയിലും കോംപസിഷൻ പ്രോഗ്രാമിങ് ആണ്, പിന്നീട് ലൈവ് വായിച്ചു ചേർത്തു. ഇപ്പോഴത്തെ വിഎസ്ടികളുടെ ക്വാളിറ്റി കേട്ടാൽ ഇതു ലൈവാണോ കംപ്യൂട്ടർ ആണോ എന്നു സാധാരണക്കാരൻ തിരിച്ചറിയണമെന്നില്ല. പക്ഷേ, ഹ്യൂമൻ എററിന് ഒരു സൗന്ദര്യമുണ്ട്. അത് ആസ്വദിക്കുന്നയാളാണ് ഞാൻ. പഴയകാലത്ത് ഓർക്കസ്ട്ര കേൾക്കാതെ ഈണം മാത്രം കേട്ടാണ് തീരുമാനം എടുത്തിരുന്നത്. കേൾക്കുന്നയാളുടെ മ്യൂസിക് സെൻസിനും ഭാവന ചെയ്യാനുള്ള കഴിവിനും അനുസരിച്ചാണ് അന്നത്തെ ജഡ്‌ജ്മെന്റ്. ഇപ്പോൾ നമുക്ക് ആദ്യംതന്നെ ഗായകന്റെ ശബ്ദമടക്കം പാട്ട് കേൾപ്പിക്കാൻ കഴിയും.

രഞ്ജിൻ രാജ്

Ranjin Raj

ഞാൻ രണ്ടു രീതിയും ഫോളോ ചെയ്യാറുണ്ട്. ‘ജോസഫി’ലെ പൂമുത്തോളേ..., കരിനീലക്കണ്ണുള്ള..., പണ്ടു പാടവരമ്പത്തിലൂടെ എന്നിവയിൽ ലൈവ് സൗണ്ട് ഉണ്ട്. പക്ഷേ, മറ്റു രണ്ടെണ്ണം പ്രോഗ്രാം ചെയ്തതാണ്. പാട്ടിന്റെ കൾച്ചറിന് ആവശ്യമാണ് എന്നു തോന്നിയാൽ ഞാൻ ലൈവ് ചെയ്യും. നിർമാതാവിന് അതിനു ബജറ്റ് ഇല്ലെങ്കിലും ഞാൻ എന്റെ കയ്യിൽനിന്നു മുടക്കി ചെയ്യും. ഇപ്പോൾ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് എന്റെ തീരുമാനം. സാമ്പത്തികലാഭം മാത്രം നോക്കുന്നതു തുടക്കക്കാർക്ക് ഗുണം ചെയ്തെന്നു വരില്ല.

പ്രോഗ്രാമിങ്ങാണു നമുക്കു സൗകര്യം. സംവിധായകനെയും നിർമാതാവിനെയും ഡമ്മി കേൾപ്പിക്കുമ്പോൾ അവർക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് പ്രോഗ്രാം മ്യൂസിക് ആണ്. പക്ഷേ, ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നത് ലൈവ് സോങ്സ് ആണ്. ജോൺസൺ മാഷിന്റെ പവിഴം പോൽ..., ദേവാങ്കണങ്ങൾ..., പാതിമെയ് മറഞ്ഞതെന്തേ.... തുടങ്ങിയവയാണ് എന്റെ പ്രിയ പാട്ടുകൾ. സംതൃപ്തി എപ്പോഴും ഓർഗാനിക് സോങ്ങിലാണ്. പക്ഷേ, നമ്മുടെ സാഹചര്യങ്ങൾ ഇന്ന് ഒരുപാടു മാറിയിരിക്കുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിൽ മൂന്നു പാട്ട് പ്രോഗ്രാമിങ്ങും ഒരെണ്ണം ലൈവുമാണ്. പ്രോഗ്രാമിങ്ങിൽ എനിക്കു ഗുരുവില്ല. യൂട്യൂബ് നോക്കി പഠിച്ചെടുത്തതാണ് എല്ലാം.

കൈലാസ് ജി. മേനോൻ

Kailas Menon

നിർമാതാക്കളെയും സംവിധായകരെയും കേൾപ്പിക്കാനായി ഞാൻ പ്രോഗ്രാമിങ് ഉപയോഗിക്കാറുണ്ടെങ്കിലും സിനിമയിൽ ഇന്നുവരെ പൂർണമായി പ്രോഗ്രാം മ്യൂസിക് ഉപയോഗിച്ചിട്ടില്ല. പക്ഷേ, പരസ്യങ്ങളിൽ ചെയ്തിട്ടുണ്ട്. ‘തീവണ്ടി’യിലെ ‘ജീവാംശമായി...’ എന്ന ഗാനത്തിൽ ഫ്ലൂട്ട്, വീണ, ഗിറ്റാർ എന്നിവയെല്ലാം ലൈവ് ചെയ്തതാണ്. ‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ...’ എന്ന ഗാനത്തിന്റെ റിക്കോർഡിങ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പത്തു വയലിൻ ലൈവായി വായിക്കുകയാണ്.’

ഇൻസ്ട്രുമെന്റ്സ് എല്ലാം ലൈവ് വായിക്കാനുള്ള ബജറ്റ് ഇപ്പോൾ പല പടത്തിനും മ്യൂസിക് ഡയറക്ടർക്ക് കിട്ടുന്നില്ലെന്നതു സത്യമാണ്. പക്ഷേ, ഞാൻ അതു നോക്കുന്നില്ല. എനിക്ക് ലൈവ് വേണമെന്നു തോന്നുന്നത് ഞാൻ എന്റെ കയ്യിൽനിന്നു പണമെടുത്താണെങ്കിലും ചെയ്യുന്നു. ഫീൽഡിൽ പുതിയ ആളെന്ന നിലയിൽ നമ്മുടെ സംതൃപ്തിയും അഭിപ്രായമുണ്ടാക്കലും വളരെ പ്രധാനമാണ്.

പ്രോഗ്രാമിങ്ങിനെ ഒരു വിപ്ലവമെന്നൊന്നും വിശേഷിപ്പിക്കാൻ ഞാൻ തയാറല്ല. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ എല്ലാ കാലത്തും സംഗീതത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ അതു സോഫ്റ്റ്‌വെയറുകളിലേക്കും ലാപ്ടോപ്പിലേക്കുമൊക്കെ എത്തിയിരിക്കുന്നു. അതിനനുസരിച്ച് വോയ്സ് ക്വാളിറ്റി വളരെ കൂടിയിട്ടുണ്ട് നമ്മുടെ പാട്ടുകളിൽ.

നമ്മുടെ മനസ്സിലെ പാട്ട് എന്താണെന്ന് ഓർക്കസ്ട്രയുടെ അകമ്പടിയോടെ മറ്റൊരാളെ കേൾപ്പിച്ചുകൊടുക്കാൻ പ്രോഗ്രാമിങ് വലിയ സഹായമാണ് ചെയ്യുന്നത്. നമുക്ക് തന്നെ ഒന്നു പാടി വോയ്സ് ട്രാക്ക് കൂടി ചേർത്തും ഉപയോഗിക്കാം.

സിതാര കൃഷ്ണകുമാർ

Sithara Krishnakumar

ഇന്നു പാട്ടുകാർ പോലും സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ പഠിക്കുന്നു. ഒരു മിനി സ്റ്റുഡിയോ തന്നെ പലർക്കുമുണ്ട്. സിനിമയെ കടന്നുനിൽക്കുന്ന പാട്ടുകൾ ഇന്നു കുറവാണ്. ലോകസിനിമയിലെ സംഗീതം അങ്ങനെയാണ്. പ്ലേ ബാക്ക് സിങ്ങിങ് എന്നാൽ വോക്കൽ ആക്ടിങ് ആണ്. അത് അങ്ങനെയേ പാടുള്ളൂ എന്നും സിനിമയ്ക്ക് അതാണു വേണ്ടതെന്നുമാണ് എന്റെ വിശ്വാസം.

സാങ്കേതികവിദ്യ വികസിച്ചതുകൊണ്ട് സിനിമയ്ക്കു പുറത്തു നമുക്ക് ധാരാളം നല്ല പാട്ടുകൾക്ക് അവസരമുണ്ട്. ഇൻഡിപെൻഡന്റ് മ്യൂസിക് ആണ് ഇന്നത്തെ ട്രെൻഡ്. നിങ്ങൾക്ക് സംതൃപ്തി തരുന്ന പാട്ട് നിങ്ങൾക്കുതന്നെ സൃഷ്ടിക്കാം. അതിനുവേണ്ട ഓർക്കസ്ട്ര ഒരു മുറിയിലിരുന്നു ചെയ്യാം. എന്തെങ്കിലും ലൈവ് വേണമെന്നു തോന്നിയാൽ അതുമാത്രം ഒരു സ്റ്റുഡിയോയിൽ പോയി എടുത്തുവരാം. അത് എങ്ങനെയും മിക്സ് ചെയ്യാം.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാം. വേണമെങ്കിൽ വീണ്ടും മാറ്റാം. ലോകത്ത് യഥാർഥ മ്യൂസിക് സിനിമയ്ക്കു പുറത്താണ്. നമ്മളും ആ നിലവാരത്തിലേക്ക് എത്തുന്നു എന്നാണ് പുതിയ ട്രെൻഡിനെപ്പറ്റി ഞാൻ വിലയിരുത്തുന്നത്. സിനിമയിൽ അവസരം കിട്ടുന്നതിനെപ്പറ്റി ആകുലപ്പെട്ടിരിക്കേണ്ട ആവശ്യം ഇന്ന് ഭാഗ്യവശാൽ ഒരു സംഗീതജ്ഞനുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com