sections
MORE

അകലെ ഒരച്ഛൻ

story
SHARE

രാമനാഥന് ഇൻഷുറൻസിലാണ് ജോലി.

ജീവിതം അതുകൊണ്ടുതന്നെ, ഒരു ‘േസഫ് പോളിസി’ പോലെ അദ്ദേഹം കൊണ്ടുനടന്നു.

റിസ്ക് ഫാക്ടേഴ്സ് എല്ലാം ഒഴിവാക്കി ഏറ്റവും സുരക്ഷിതമായ ഒരു ജീവിതം അദ്ദേഹം നയിച്ചു.

ഒറ്റ മകൻ – വാസുദേവൻ

ഭാര്യ സേതുലക്ഷ്മി അയാൾക്കിഷ്ടപ്പെട്ട ആഹാരങ്ങളൊക്കെ ഉണ്ടാക്കി വൈകുന്നേരം അയാൾ ഓഫിസിൽനിന്നു വരുന്നതും കാത്തിരുന്നു.

വരുമ്പോൾ തിളപ്പിച്ചാറ്റിയ ഫിൽട്ടർ കാപ്പി. ഒപ്പം മൊരിച്ചെടുത്ത ഉഴുന്നു വട.

പിന്നെ, കുളി കഴിഞ്ഞെത്തുമ്പോൾ മൂന്ന് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും അതിനിടയിൽ ഉച്ചയ്ക്ക് കൊടുത്തയച്ച തൈര് സാദത്തിന്റെ പാത്രം കഴുകിവയ്ക്കും. രാവിലെ ഉലുവ ചേർ‌ത്ത രണ്ടു ദോശയും മറ്റൊരു ഫിൽട്ടർ കാപ്പിയും.

– ഇതെല്ലാം സേതുലക്ഷ്മിയുടെ 

ദിനചര്യയുടെ ഭാഗങ്ങളായിരുന്നു.

വാസുദേവന് കോഴിക്കോട്ടാണ് ജോലി.

ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ അച്ഛന്റെ – അമ്മയുടെ ഈ ദിനചര്യകൾക്കൊരിക്കലും വിഘ്നം വരുത്താതെ അയാൾ കഴിഞ്ഞുകൂടി.

– സ്വന്തം മുറിയിൽ, സ്വന്തം ലോകത്തിൽ സ്വന്തം ജീവിതവുമായി അയാൾ വീട്ടിൽ വന്നുപോയി.

ഓരോരുത്തരും അവരവരുടേതായ ഓരോ ലോകങ്ങളിൽ ജീവിച്ചു.

സേതുലക്ഷ്മി അടുക്കളയിൽ, രാമനാഥൻ ഇൻഷുറൻസിന്റെ കണക്കുകളിലും സുരക്ഷിതത്വത്തിലും. മകൻ വാസുദേവൻ കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വാട്‌സാപ്പിന്റെയും മറ്റൊരു ലോകത്തിൽ.

– ഈ ലോകത്തിൽ മതിലുകൾ 

തീർത്തതാരാണ്?

അങ്ങനെ വിഷു വന്നു.

വിഷുവും ഈസ്റ്ററും എല്ലാം ഒരുമിച്ചു വന്നതുകൊണ്ട് നാലഞ്ചു ദിവസം ലീവാണ്. വ്യാഴം വിഷു. ദുഃഖവെള്ളി – ശനി – പിന്നെ ഈസ്റ്റർ ഞായർ.

ബുധനാഴ്ച വന്ന വാസുദേവൻ അമ്മയോട് പറഞ്ഞു – നാലഞ്ചു ദിവസം ഒഴിവാണല്ലോ. ഞാനൊരു ടൂറു പോകുന്നു.

ഇതൊരു പതിവായതുകൊണ്ട് അമ്മയിലൂടെ അച്ഛനുമറിഞ്ഞു. എന്നും അങ്ങനെയാണ്. എല്ലാം അമ്മയോടു പറയും. അമ്മ അച്ഛനോടും.

വ്യാഴാഴ്ച ‘ബാക്ക് പാക്ക്’ സെറ്റു ചെയ്ത് വാസുദേവനിറങ്ങി. പുലരുമ്പോൾ അച്ഛനൊരുക്കിയ ‘കണി’ അവൻ കണ്ടിരുന്നു. വെറ്റിലയിൽ വച്ച അഞ്ചുരൂപയുടെ സ്വർണ നിറമുള്ള നാണയവും അവൻ കൈനീട്ടമായി എടുത്തിരുന്നു.

വെള്ളിയാഴ്ച കഴിഞ്ഞു. ശനി കഴിഞ്ഞു. ഞായറും കഴിഞ്ഞു – അവൻ ഇനിയും ഉയിർത്തെഴുന്നേറ്റില്ല!

ഇതു പതിവായതുകൊണ്ട് രാമനാഥന് ഉത്കണ്ഠയൊന്നും തോന്നിയില്ല. ഞായറാഴ്ച വൈകിട്ടും കാണാതായപ്പോൾ...

– നാളെ ജോലിക്കു പോകേണ്ടതല്ലേ?

ഒരു ഫോൺവിളി പോലും ഇതുവരെ വന്നില്ല – എത്തി, ഹോട്ടലിൽ മുറിയെടുത്തു എന്നു പറഞ്ഞ് സേതുലക്ഷ്മിയെ വിളിച്ചതല്ലാതെ.

സേതുലക്ഷ്മിക്കും ഉത്കണ്ഠ ഉണ്ടായിരുന്നു.

അവർ, അവരറിയുന്ന അവന്റെ സുഹൃത്തുക്കളെ വിളിച്ചു. ഫെയ്സ് ബുക്കിൽ, കടലിന്നരികിലെ പാറക്കെട്ടിൽ അവൻ നിൽക്കുന്ന സെൽഫി വന്നിട്ട് രണ്ടു ദിവസമായെന്നവരറിയിച്ചു.

തിങ്കളാഴ്ച രാമനാഥൻ ഓഫിസിൽ പോയി. ദിനചര്യകളിൽ ഒരു മാറ്റവും വന്നില്ല.

വൈകുന്നേരം വീട്ടിൽ വന്നപ്പോഴറിഞ്ഞു മകനെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ലെന്ന്.

അൽപമായ സുഹൃത്തുക്കളിലാരോ പറഞ്ഞു – നമുക്ക് പൊലീസിൽ ഒരു വിവരമറിയിച്ചാലോ?

– വേണോ? അതെല്ലാം..?

– വേണം...

സേതുലക്ഷ്മിയുടെ ശബ്ദം കൂടിയപ്പോൾ അയാൾ ആ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലേക്കു പോയി.

– എല്ലാം പതിവു മുറ. പോയിട്ടെത്ര നാളായി...ഇടയ്ക്ക് ഇങ്ങനെ പോകാറുണ്ടോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ?...വിവരം കിട്ടിയാൽ ഞങ്ങളറിയിക്കാം; അന്വേഷിക്കാം.

പിറ്റേന്ന് രാമനാഥന്റെ ഫോൺ ശബ്ദിച്ചു.

– സെൻട്രൽ സ്റ്റേഷനിൽ നിന്നുമാണ്.

അയാൾ ധൃതിവച്ച് സുഹൃത്തിനെയും കൂട്ടി സ്റ്റേഷനിലെത്തി.

– ഒരു സംശയമുണ്ട്. കോവളത്ത് ഒരു ബോഡി കിട്ടിയിട്ടുണ്ട്. അതാണോ എന്നന്വേഷിക്കാൻ

ഉടൻതന്നെ കോവളത്തെത്തി.

മോർച്ചറിയിലെ അർധനഗ്നമായ ശരീരം കണ്ടു.

മകനാണോ എന്നറിയിക്കാൻ തെളിവു ചോദിച്ച പൊലീസുകാരനു മുന്നിൽ അയാൾ ഒന്നു പതറി.

– ഞാനൊരിക്കലും മോനെ ഒന്നു സ്നേഹത്തോടെ തലോടിയിട്ടില്ലല്ലോ. അവനോടൊരിക്കലും സൗഹൃദത്തോടെ സംസാരിച്ചിട്ടില്ലല്ലൊ. അവന്റെ ശരീരത്തിലെ അടയാളങ്ങൾ – മറുകുകളും കാക്കപ്പുള്ളികളുമൊന്നും എനിക്കറിയില്ലല്ലോ.അവനെ നിയന്ത്രിച്ചും സംരക്ഷിച്ചും പോന്ന വെറുമൊരു ഇൻഷുറൻസച്ഛൻ മാത്രമായിരുന്നല്ലോ ഞാൻ.

നല്ല പോളിസി നോക്കി..സുരക്ഷിതത്വം നോക്കി...ജീവിതത്തെ ഇൻഷുറൻസിന്റെ ചട്ടക്കൂട്ടിൽ തളച്ചിടാൻ നോക്കിയ വിഡ്ഢി!

ഒടുവിൽ, ഏറ്റവുമൊടുവിൽ രാമനാഥനു മുന്നിൽ ഇൻഷുറൻസിന്റെ സംരക്ഷിത വലയങ്ങൾ അലിഞ്ഞലിഞ്ഞില്ലാതായി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA