sections
MORE

ഓർമകളിലും സുൽത്താൻ

basheer
ബേപ്പൂർ വൈലാലിൽ വീട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മുറി. ചിത്രം: റസൽ ഷാഹുൽ ∙ മനോരമ
SHARE

വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ജൂലൈ 5ന് കാൽനൂറ്റാണ്ട്; ബേപ്പൂർ വൈലാലിൽ വീട്ടിലെ വടക്കുകിഴക്കേ മൂലയിലുള്ള മുറിയിലിപ്പോഴും സന്ദർശകരുടെ തിരക്ക്....

പോയ്മറഞ്ഞത് 25 വർഷങ്ങളാണ്. ഈ ഭൂമി, ഈ മരങ്ങൾ, ഈ ജീവജാലങ്ങൾ. അവയ്ക്കു നടുവിൽ ഒരു ചാരുകസേര മാത്രം. ആ കസേരയിലെ ശൂന്യതയിലേക്കുനോക്കി നിശ്ചലമായി നിൽക്കുകയാണ് ഈ ഭൂമിയുടെ അവകാശികൾ. 

ബേപ്പൂരിലെ വൈലാലിൽ വീട്ടിലെ വടക്കുകിഴക്കേ മൂലയിലുള്ള മുറി 25 വർഷമായി നിശ്ശബ്ദമാണ്. ചാരുകസേരയുടെ ഓരത്ത് പകുതി പാടിനിർത്തിയൊരു ഗ്രാമഫോൺ. അതിൽ ‘ബീസ് സാൽ ബാദ്’ എന്ന ചിത്രത്തിന്റെ റെക്കോർഡ് ‘ബേക്കരാറ് കർകേ ഹമേ യൂന ജായിയേ...’ പാടി മുഴുമിപ്പിക്കാതെ നിശ്ചലമായി നിൽക്കുന്നു. 

മുന്നിലെ കുഞ്ഞുസ്റ്റൂളിൽ വച്ചെഴുതാനുള്ള ബോർഡിൽ നാലഞ്ചു ഫുൾസ്കാപ് കടലാസുകൾ നിശ്ചലമായിരിക്കുന്നു. പഴക്കത്തിന്റെ മഞ്ഞപ്പുകലർന്ന കടലാസുകളിലൊന്നിൽ മഷിപ്പേനയിൽനിന്ന്  ഒഴുകിവീണ അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു..‘ അനന്തമായ പ്രാർഥന’ എന്ന തലക്കെട്ടിനു കീഴിൽ കരുണാമയനെക്കുറിച്ചുള്ള നാലഞ്ചു വരികൾ. കടലാസുകൾക്കു മുകളിൽ കാലുനീട്ടി വിശ്രമിക്കുന്ന കട്ടിക്കണ്ണട.

കസേരയുടെ ഇടതുവശത്ത് നിലത്തൊരു സ്റ്റീൽ ഫ്ലാസ്ക്. എച്ച്എംവിയുടെ മറ്റൊരു റെക്കോർഡ് പ്ലെയർ ഇനി പാടാൻ കഴിയില്ലല്ലോ എന്ന  സങ്കടത്തിൽ നിൽക്കുന്നു. മേശയ്ക്കടിയിൽ  പഴമയുടെ ഗന്ധം പേറുന്ന അനേകമനേകം പുസ്തകങ്ങൾ. മലയാള നോവൽ ചരിത്രവും ശബ്ദതാരാവലിയുമൊക്കെയുണ്ട് അതിൽ. 

basheer mangstin
ബഷീറിന്റെ കഥകളിൽ പരാമർശിക്കപ്പെട്ട മാങ്കോസ്റ്റിൻ മരം ഇപ്പോൾ.

കസേരയുടെ വലതുവശത്തെ മേശയ്ക്കടിയിൽ പഴയകാല ചലച്ചിത്രങ്ങളുടെയും ഗസലുകളുടെയും വിനൈൽ റെക്കോർഡുകൾ അട്ടിയിട്ടുവച്ചിരിക്കുന്നു. മേശപ്പുറത്ത് 25 വർഷം മുൻപ് ഒരു ജൂലൈ 5ന് പുറത്തിറങ്ങിയ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളുടെ ആദ്യ  പേജുകൾ‍ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്നു. ആ ദിവസമാണ് ഈ മുറിയിൽ അഗാധമായ നിശ്ശബ്ദത വന്നു നിറഞ്ഞത്.

ജനലിനപ്പുറം മുറ്റത്തിനോടു ചേർന്ന് ഒരു മാങ്കോസ്റ്റിൻ മരം ആകാശത്തേക്കു ചെന്നു തൊടുന്നു. അന്ന് മാങ്കോസ്റ്റിന് ഇത്രയും വലുപ്പമില്ലായിരുന്നു. ഇന്ന് മരച്ചുവട്ടിൽ ആരും കസേരയിട്ട് വന്നിരിക്കാനില്ല. രണ്ടേക്കർ പറമ്പിലെ തെങ്ങുകളും പ്ലാവുകളും മാവുകളും തലപ്പൊക്കത്തോടെ നിൽക്കുന്നു. ആ പഴയ കിണറിൽ ഇപ്പോഴും വെള്ളമുണ്ട്.

മുറ്റത്തേക്കുള്ള ചവിട്ടുപടിയിലേക്കു നോക്കി ചുമരിൽ ഒരു ഛായാചിത്രമുണ്ട്. അതിനു താഴെ കാലത്തിന്റെ കുത്തൊഴുക്കുമായി ഒരു കുഞ്ഞു ക്ലോക്ക്. ഈയിടെ മുറ്റത്തു പാകിയ കല്ലുകൾക്കിടയിൽ മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നു. മുറ്റത്തിന് അതിരിടുന്ന ചെമ്പരത്തിക്കൊമ്പുകളിൽനിന്ന് ചുവന്ന പൂവുകൾ എത്തിനോക്കുന്നു. 

വീടിനുചുറ്റുമുള്ള ലോകത്തു കിളികളുണ്ട്, പ്രാണികളുണ്ട്, പൂമ്പാറ്റകളുണ്ട്... ഈ ഭൂമിയുടെ അവകാശികളായി ഇന്നുമുള്ളവർ. പക്ഷേ, അവരുടെ നാഥനാണ് 25 വർഷം മുൻപ് ഒരു ജൂലൈ 5ന് ഓർമയിലേക്കു നടന്നുപോയത്.  അദ്ദേഹത്തിന്റെ പേരാണ് വൈക്കം മുഹമ്മദ് ബഷീർ...

അദ്ദേഹത്തെ സ്നേഹിക്കുന്ന, ആദരിക്കുന്ന എത്രയെത്ര ആളുകളാണ് ഓരോ ദിവസവും ഈ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒരു തീർഥാടനം പോലെ വന്ന് അദ്ദേഹത്തിന്റെ ശേഷിപ്പുകൾ കണ്ട് തിരികെപ്പോവുകയാണ്. ഈ സന്ദർശകർക്കിടയിലാണ് ഞങ്ങളുടെ ജീവിതം. അതാണ് ഈ ജൻമം ഞങ്ങൾക്കു നൽകുന്ന സന്തോഷം.

∙ അനീസ് ബഷീർ 

(ബഷീറിന്റെ മകൻ, വൈലാലിൽ 

വീട്ടിലെ ഇപ്പോഴത്തെ ഗൃഹനാഥൻ)അദ്ദേഹത്തെ സ്നേഹിക്കുന്ന, ആദരിക്കുന്ന എത്രയെത്ര ആളുകളാണ് ഓരോ ദിവസവും ഈ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒരു തീർഥാടനം പോലെ വന്ന് അദ്ദേഹത്തിന്റെ ശേഷിപ്പുകൾ കണ്ട് തിരികെപ്പോവുകയാണ്. ഈ സന്ദർശകർക്കിടയിലാണ് ഞങ്ങളുടെ ജീവിതം. അതാണ് ഈ ജൻമം ഞങ്ങൾക്കു നൽകുന്ന സന്തോഷം.

∙ അനീസ് ബഷീർ  (ബഷീറിന്റെ മകൻ, വൈലാലിൽ വീട്ടിലെ ഇപ്പോഴത്തെ ഗൃഹനാഥൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA