ADVERTISEMENT

ഒന്ന്: അച്ഛൻ

വീടുണർന്നിട്ട് പല മണിക്കൂറുകൾ കഴിഞ്ഞിട്ടും അച്ഛനുണരാതെ വന്നപ്പോഴാണ് അയാൾ അച്ഛനെ മുറിയിൽ തിരഞ്ഞത്. ഞായറാഴ്ച. ഒഴിവുദിനം. കുട്ടികൾ ഉറക്കത്തിൽ. ഭാര്യ അടുക്കളയിൽ അവധി ദിനത്തിന്റെ ആലസ്യത്തിൽ യന്ത്രങ്ങളോടും പാത്രങ്ങളോടും പതം പറഞ്ഞും പരിഭവിച്ചും.

‘‘അച്ഛനെവിടെ?’’

അയാളുടെ ചോദ്യം കേട്ടാണ് അവൾ മുഖമുയർത്തിയത്.

‘‘എന്റെ ഒക്കത്തില്ല. നേരം വെളുത്തതും തെണ്ടാനിറങ്ങീരിക്കും.’’

അവരിരുവരും രാവിലെ ജോലി സ്ഥലങ്ങളിലേക്കു പോയാൽ വീടുകാവലിന് അച്ഛൻ. അവർ വരുമ്പോഴേക്കും ഒരുവിധം ജോലികളെല്ലാം, വീടു വൃത്തിയാക്കലുൾപ്പെടെ അച്ഛൻ ചെയ്യും. എന്നാലും അവളെപ്പോഴും കുറ്റപ്പെടുത്തും, അയാൾ കേട്ടും കേൾക്കാതെയും.

വെറുതെ തിന്നുമുടിക്കാനല്ലാതെ എന്തിനു കൊള്ളും! പാഴ്‌വസ്തു...

വേവലാതിയോടെയുള്ള തിരച്ചിലിനൊടുവിൽ അയാൾക്ക് അച്ഛന്റേതല്ലാത്ത, എന്നാലും അച്ഛനായി അവൾ അനുവദിച്ചു നൽകിയ മുറിയിൽ നിന്നു ചില തെളിവുകൾ കിട്ടി. കാലാവധി പൂർത്തിയായ ചെറിയ തുകയുടെ എൽഐസി ബോണ്ട്. പത്തുപതിനഞ്ച് സെന്റിന്റെ ഒരാധാരം.

പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടിന്റെ പാസ് ബുക്ക്. പിന്നെ ഒരു ചെറുകുറിപ്പ്: അച്ഛൻ ഒരു ദീർഘയാത്രയ്ക്കിറങ്ങുകയാ. തിരഞ്ഞ് ബുദ്ധിമുട്ടേണ്ട. കണ്ടെത്താനാവില്ല.

ഇതത്രയും അവളുടെ മുൻപിൽ വച്ചുകൊണ്ട് അയാൾ പറഞ്ഞു:

‘‘സ്വയം തിരിച്ചറിവുണ്ടാകുമ്പോൾ പാഴ്‌വസ്തുക്കളും പ്രതികരിക്കും.’’

അപ്പോൾ തന്റെ ശബ്ദം ഇടറാതിരിക്കാൻ അയാൾ ആവതും ശ്രമിക്കുന്നുണ്ടായിരുന്നു.

രണ്ട്: പ്രണയം

story4

ഒരു കവിയരങ്ങിൽ വച്ചാണ് അവൾ പരിചയപ്പെടാനെത്തിയത്. ഇങ്ങോട്ടു വന്ന സ്ഥിതിക്ക് അയാൾ ഉദാരമായി പരിചയപ്പെടുക തന്നെ ചെയ്തു. കവിത്വം വാരിക്കോരി കിട്ടിയിരിക്കുന്ന ആളെന്നല്ലേ എഫ്ബി നിരൂപകരും സഹകളിക്കാരുമൊക്കെ പറയുന്നത്. ആ നിലയ്ക്ക് എന്തിനു ലുബ്ധ് കാണിക്കണം.

പിന്നെയും പല തവണ പലയിടങ്ങളിൽ വച്ചും കണ്ടു. സംസാരിച്ചു. അനന്തരം ഒരുനാൾ ടൗൺഹാളിൽ കണ്ടുമുട്ടിയപ്പോൾ അയാൾ ഒരു കുറിപ്പ്, നാലഞ്ചു പേജിലുള്ളത്, അവൾക്കു നേരെ നീട്ടി.

‘‘എന്താ ഇത്?’’

‘‘എന്റെ ഉള്ളിലുള്ള പ്രണയമത്രയും ഇതിലുണ്ട്. ഫോണിലൂടെ പറഞ്ഞാലൊന്നും പൂർണമാവില്ല.’’

‘‘അയ്യോ, ഇതൊക്കെ വായിക്കാനെവിടെ സമയം! വല്ലപ്പോഴും വാട്സാപ്പിലോ മറ്റോ വന്നാ പ്രണയം പറഞ്ഞു കളിക്കാം.’’

അവൾ ചിരിച്ചു.

‘‘അപ്പോൾ ഇയാളുടെ പ്രണയം!’’

‘‘ച്ഛെ! അതത്ര ഭയങ്കരമൊന്നുമല്ല. മറ്റു പലതും പോലെ ഒരു നേരംപോക്ക്.’’

‘‘ഞാൻ കരുതി...’’ കവി വാക്കുമുട്ടി നിശ്വസിച്ചു.

‘‘കവിതയും കഥയുമൊക്കെ എഴുതി വല്ലവന്റേം കൊലക്കത്തിക്കിരയാകാൻ പോകുന്ന ഒരാളെ പ്രണയിക്കുക, കല്യാണം കഴിക്കുക എന്നൊക്കെ പറഞ്ഞാൽ! വല്ല സർക്കാർ ജോലിയുമുണ്ടെങ്കിൽ ഒരുകൈ നോക്കാമായിരുന്നു. ആള് ചത്താൽ അങ്ങനെയെങ്കിലും– ’’ ഇത്തവണ അവൾ ഉദാരമായി ചിരിച്ചു.

നെഞ്ചിൽ ഒരു പ്രണയ കവിത കഴുത്തറ്റ് നിലവിളിക്കുന്നത് അപ്പോൾ കവി ശരിക്കും അറിയുകയായിരുന്നു.

മൂന്ന്: മകൻ വരുന്നു

story1

ദുബായിൽ നിന്നു വരുന്നവഴി ഭാര്യവീട്ടിലിറങ്ങി അവളെയും കൂട്ടിയാണ് മകനെത്തിയത്. അച്ഛന്റെയും അമ്മയുടെയും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പടികയറിയ അവരെക്കണ്ട് അച്ഛൻ പുഞ്ചിരിച്ചു.

‘‘അച്ഛാ സുഖമല്ലേ,’’ മകൻ എല്ലാ സുഖാന്വേഷണങ്ങളും ആ ഒരു ചോദ്യത്തിലൊതുക്കി. മകന്റെ ഭാര്യ അമ്മയെ നോക്കി ഒരു പുഞ്ചിരി. അവിടെ അവളും ഒതുങ്ങി.

‘‘ഒരു വർഷത്തിനു ശേഷം വീണ്ടും കാണുകയല്ലേ അവർ. വീട്ടിലവർക്കെന്തൊക്കെയോ അസൗകര്യങ്ങളുള്ളതു പോലെ. അവർക്കു മിണ്ടീം പറഞ്ഞും കഴിയാൻ നമ്മള് തടസ്സാകുന്നുണ്ടോ?’’

രണ്ടു നാളുകൾക്കു ശേഷം ഭാര്യ ചോദിച്ചപ്പോൾ അയാൾക്കാദ്യം ചിരിവന്നു. ഇവളെന്തൊക്കെയാണ് ആലോചിച്ചു കൂട്ടുന്നത്! മകനും ഭാര്യയ്ക്കും ചിരിച്ചും പറഞ്ഞും വീട്ടിൽ കഴിയാൻ അച്ഛനുമമ്മയും എങ്ങനെ ബുദ്ധിമുട്ടാകും. മകന്റെയും ഭാര്യയുടെയും പെരുമാറ്റങ്ങളും പിറുപിറുപ്പുകളും കാണുകയും കേൾക്കുകയും ചെയ്യേ, പിന്നെ അയാൾക്കും തോന്നി ശരിയാണല്ലോ അവൾ പറയുന്നത്! വീട്ടിലെ അസൗകര്യങ്ങളിൽ അവർ വീർപ്പുമുട്ടുന്നതു പോലെ.

അനന്തരം അയാൾ ഭാര്യയുമായി സംസാരിച്ച് ആ ഒരു തീരുമാനം എടുത്തത് വളരെ തിടുക്കപ്പെട്ടായിരുന്നു. അടുത്ത ദിവസം രാവിലെ മകനുണർന്നെത്തിയത് എങ്ങോട്ടോ യാത്ര പോകാനൊരുങ്ങി നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുൻപിൽ.

‘‘ഞങ്ങളൊരു യാത്ര പുറപ്പെടുകയാ... നീ ലീവ് കഴിഞ്ഞു പോകുന്നതിനു തലേന്നോ മറ്റോ ഞങ്ങളെത്താം. അതുവരെ വീടും പുരയിടോം ശ്രദ്ധിക്ക്.’’ അയാൾ പറഞ്ഞു.

മകനൊന്നു ഞെട്ടിയോ എന്ന് അയാൾ സംശയിച്ചു.

പക്ഷേ, അതു വെറുതെയായിരുന്നു. മകൻ അവന്റെ ഭാര്യയ്ക്കു നേരെ നോക്കുകയും എന്തോ ഒരു സന്ദേശം കൈമാറുകയും ചെയ്യുന്നത് ഒരു ഒളിനോട്ടത്തിലൂടെ അച്ഛൻ കണ്ടു.

നാല്: ഓരോ വിളിയിലും

story2

തീവണ്ടിക്ക് ഒരു ഒളിഞ്ഞു നോട്ടക്കാരന്റെ വെറിയും സ്വകാര്യമായ അഹന്തയുമുണ്ടെന്ന് അപ്പോൾ എന്തുകൊണ്ടോ അവൾക്കു തോന്നി. അയാളുടെ മടിയിൽ തലയും വച്ച് കിടക്കുകയായിരുന്നു അവൾ. അവളുടെ മൃദുലതകളിൽ തലോടിയും സ്വകാര്യതകളിൽ ഉമ്മവച്ചും കംപാർട്ടുമെന്റിൽ തീവണ്ടിയെന്ന ഒളിഞ്ഞുനോട്ടക്കാരന്റെ വെറി വളർത്തിക്കൊണ്ട് അയാൾ ഒരോട്ടക്കാരനെപ്പോലെ കിതയ്ക്കുമ്പോൾ അവൾക്ക് ആശങ്കകളായിരുന്നു.

തീവണ്ടി കാഴ്ചയുടെ കഥകൾ ആരോടൊക്കെ പറയും?

കഥയറിയുന്ന ആരൊക്കെയായിരിക്കും ഫോണിൽ വിളിക്കുക. അല്ലെങ്കിലും ഈയിടെയായുള്ള ഓരോ വിളിയിലും ആധി വളരുകയാണ്. തന്റെ പ്രണയകാലങ്ങളിലൂടെയുള്ള യാത്രയുടെ കഥയറിഞ്ഞ് ഒടുവിൽ വിദേശത്തുനിന്നു താലിബന്ധത്തിന്റെ വിളി വരിക എപ്പോഴാണെന്ന് ആർക്കറിയാം.

‘‘അടങ്ങിയിരിക്ക്.’’ അതിനിടെ ആ ആർത്തികിതപ്പുകാരനോട് പറഞ്ഞു.

അവനെന്നിട്ടും അനുസരണയില്ലാതെ അവളിലങ്ങനെ പരതിക്കൊണ്ടിരുന്നു. വഷളൻ, ഒരുവേള അവൾ വിചാരിച്ചു.

ഇനിയിപ്പോൾ ഏതെങ്കിലും ഒരു സ്റ്റേഷനിൽ വണ്ടി നിൽക്കും. അവരിറങ്ങും. അയാൾ മറ്റൊരുവളുടെ ഭർത്താവ്. അവൾ ഒരുവന്റെ ഭാര്യ. എന്നാലിപ്പോൾ അവർ അപരസുഖങ്ങൾ തേടിയിറങ്ങിയിരിക്കുന്ന പ്രണയികൾ. ട്രെയിനിൽ നിന്നു പുറത്തിറങ്ങി ഒരു പക്ഷേ അവർ കൈകോർത്തു പിടിച്ച് ഒരു ലോഡ്ജ് മുറി തേടി നീങ്ങും.

ആർക്കറിയാം, റൂമിൽ പ്രണയസുഖാസക്തികളുടെ അടയാളങ്ങൾ അവളുടെ ഉടലിൽ ചിട്ടപ്പെടുത്താൻ അയാളൊരുങ്ങുമ്പോഴായിരിക്കും ഭാര്യയുടെ വിളി കിട്ടുക: ‘‘ഏട്ടനെവിടെ...’’

‘‘ജോലി സംബന്ധമായി പുറത്തൊരിടത്താ മോളേ. നീയുറങ്ങ്. ഏട്ടൻ നാളെ അങ്ങെത്തില്ലേ.’’ ‘എന്നാ ഏട്ടാ’ എന്ന് ഉമ്മ നൽകി അയാളുടെ ഭാര്യ ഫോൺ കട്ടാക്കും.

അപ്പോൾത്തന്നെയായിരിക്കും പ്രണയകഥയിലെ അവളെത്തേടി ദൂരെ ദൂരെ കടലിനക്കരെ നിന്ന് അയാളുടെ അന്വേഷണമെത്തുക. ഒരുനിമിഷം കിതച്ചും സങ്കടപ്പെട്ടും അവൾ പറയും.

‘‘പാതിരാവായിട്ടും ഏട്ടനുറങ്ങണ്ടേ. ഏട്ടന്റെ ആയുരാരോഗ്യത്തിനു വേണ്ടി ഞാനിവിടെ ഒരുപാട് ഭാരം താങ്ങി പ്രാർഥിച്ച് കിടക്കുകയല്ലേ, ഏട്ടാ!’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com