ADVERTISEMENT

∙ പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത വിമാനത്താവളങ്ങൾ നിർമിച്ച് അവിടെനിന്ന് എയർടാക്സി സർവീസ് 

അംബരചുംബികൾക്കിടയിലൂടെ തുമ്പികളെപ്പോലെ പാറിപ്പറക്കുന്ന ചെറുവിമാനങ്ങൾ. താഴെ കണ്ണെത്താവുന്ന ദൂരത്ത് ഒഴുകി നീങ്ങുന്ന വാഹനനിര. ഒട്ടേറെ ഹോളിവുഡ് സിനിമകളിൽ ഗ്രാഫിക്സിന്റെ അനന്തസാധ്യതകളിൽ കണ്ടിട്ടുള്ള ഈ ദൃശ്യങ്ങൾ യാഥാർഥ്യത്തിന്റെ ചിറകുവിരിച്ചു പറക്കാൻ പോവുകയാണ്.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചെറുവിമാനങ്ങൾ ഇനി നഗരങ്ങളിലൂടെ യാത്രക്കാരുമായി പറക്കും. നീണ്ടുകിടക്കുന്ന വാഹനവ്യൂഹത്തിൽനിന്നു പുറത്തുകടക്കാൻ കാത്തുകെട്ടിക്കിടക്കേണ്ട.  

 പ്രശസ്ത ഓൺലൈൻ ടാക്സി സർവീസായ ഊബർ നടപ്പാക്കുന്ന എയർ ടാക്സികളാണ് യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നത്. ഒരുതവണ ചാർജ് ചെയ്തുകഴിഞ്ഞാൽ 240 കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിയുന്നവയാണ് ഈ വിമാനങ്ങൾ. 2023 ൽ തുടക്കം കുറിക്കാൻ കഴിയുംവിധമാണ് കാര്യങ്ങൾ മുന്നേറുന്നത്. അടുത്ത വർഷം മുതൽ പരീക്ഷണപ്പറക്കലുകൾ തുടങ്ങും.  

ഊബർ എലിവേറ്റ് എന്നാണ് പുതിയ സംരംഭത്തിനു പേര്. ലോകമെമ്പാടുമുള്ള വിദഗ്ധരെയും സംരംഭകരെയും വിളിച്ചു ചേർത്ത് ഈയിടെ യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽ നടത്തിയ ഉച്ചകോടിയിൽ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. 

നഗരയാത്രയുടെ നരകയാതനകളെ ഒറ്റയടിക്ക് ഒഴിവാക്കാൻ എയർടാക്സികളുടെ വരവോടെ കഴിയും എന്നാണ് ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായം.

uber-airtaxi2

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നഗരങ്ങളിൽ വാഹനപ്പെരുപ്പവും അതുവഴിയുള്ള ഗതാഗതക്കുരുക്കും തലവേദനയാണ്. വൈദ്യുതിയിൽ പറക്കുന്നതായതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്നവുമില്ല.

ഇവ ഷെയർ ടാക്സിയായി   സർവീസ് നടത്താനാണ് തീരുമാനം.  ലൊസാഞ്ചലസ്, ഡാലസ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന എയർടാക്സി, യുഎസിനു പുറത്ത് ആദ്യം ആരംഭിക്കുന്ന നഗരം ഓസ്ട്രേലിയയിലെ മെൽബണാണ്. 

eVITOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്) എന്നറിയപ്പെടുന്ന വിമാനങ്ങൾ ലോകോത്തര വിമാന നിർമാണ കമ്പനികളായ ഒറോറ (ബോയിങ്), എംബ്രയർ, കരേം എയർക്രാഫ്റ്റ്, പിപിസ്ട്രെൽ വെർട്ടിക്കൽ സൊല്യൂഷൻസ്, പ്രമുഖ ഹെലികോപ്റ്റർ നിർമാതാക്കളായ ബെൽ എന്നിവയാണു നിർമിക്കുക.  നാലുപേർക്കിരിക്കാവുന്നവയാണ് വിമാനങ്ങൾ. മുൻപിൽ പൈലറ്റ്. 

നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പ്രത്യേക രീതിയിൽ രൂപകൽപനചെയ്ത വിമാനത്താവളങ്ങൾ (സ്കൈപോർട്) നിർമിച്ച് അവിടെനിന്നാണ് എയർടാക്സി പ്രവർത്തിപ്പിക്കുക. 

ഷോപ്പിങ് മാളുകളും ഫുഡ്കോർട്ടുകളും അടങ്ങിയ കെട്ടിടസമുച്ചയത്തിന്റെ ടെറസിലാണ് വിമാനങ്ങൾ പറന്നിറങ്ങുക. ഒട്ടേറെ ചെറു‌ വിമാനങ്ങൾക്ക് പറന്നിറങ്ങാനും പാർക്ക് ചെയ്യാനും ബാറ്ററി റീചാർജ് ചെയ്യാനും സൗകര്യമുണ്ടാകും.  

ഊബർ എലിവേറ്റിന്റെ സ്കൈപോർട് ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കായി സിഗ്നേച്ചർ എന്ന കമ്പനിയുമായി കരാറൊപ്പിട്ടു കഴിഞ്ഞു.

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, യുഎസ് സൈന്യത്തിന്റെ റിസർച്ച് ആൻഡ് എൻജിനീയറിങ് കമാൻഡ് തുടങ്ങിയ സ്ഥാപനങ്ങളുമായും ഊബർ കരാറിലേർപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com