sections
MORE

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് അരനൂറ്റാണ്ട്; നിക്സൻ ഉപേക്ഷിച്ച ആ പ്രസംഗത്തിനും!

space centre
ഹൂസ്റ്റണിലെ സ്പേസ് സെന്ററിനുള്ളിലെ കാഴ്ച.
SHARE

നുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നിമിഷം ഭൂമിയിലെ മനുഷ്യർ തത്സമയം കണ്ട സ്ക്രീനാണു മുന്നിൽ... ദൈവമേ, അന്ന് ഈ സ്ക്രീനിൽ... ചന്ദ്രനിൽ മനുഷ്യനിറങ്ങിയതു കണ്ടപ്പോൾ ഈ  മുറിയിൽ എന്തൊരു ആരവമായിരുന്നിരിക്കണം. 

ഗൈഡിന്റെ ശബ്ദം കേട്ടപ്പോൾ ഞെട്ടി. ‘‘ജന്റിൽമാൻ, നിങ്ങളിരിക്കുന്ന ഇതേ കസേരയിലാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് നിക്സൻ ആ മഹാസംഭവത്തിന് സാക്ഷ്യംവഹിക്കാനെത്തിയപ്പോൾ ഇരുന്നത്...’’

മനസ്സ് റോക്കറ്റു പോലെ 50  വർഷങ്ങൾ പിന്നിലേക്കു കുതിച്ചു അന്നു പ്രസിഡന്റ് റിച്ചഡ് നിക്സൻ ഈ കസേരയിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ രണ്ടു പ്രസംഗങ്ങളുണ്ടായിരുന്നുവത്രേ. അതിലൊന്ന് ഇങ്ങനെ... 

‘‘ സമാധാനപൂർവം പര്യവേക്ഷണം നടത്താൻ ചന്ദ്രനിലേക്ക് പോയവർ, ചന്ദ്രന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളട്ടെയെന്ന് വിധി നിശ്ചയിച്ചിരിക്കുന്നു.

ധീരരായ ഇവർക്ക് – (നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ)  അറിയാം ജീവിതത്തെ സംബന്ധിച്ച് പ്രതീക്ഷകൾ അസ്തമിച്ചെന്ന്.  ഒപ്പം ഈ ബലിദാനത്തിലൂടെ മനുഷ്യരാശിക്കു പ്രതീക്ഷകൾ നൽകാനുണ്ടെന്നും.

മാനവകുലത്തിന്റെ ഏറ്റവും മഹനീയ  ലക്ഷ്യത്തിനു വേണ്ടിയാണ് ഈ രണ്ടുപേരും ജീവത്യാഗം ചെയ്യുന്നത് – സത്യത്തിനും അറിവിനും വേണ്ടിയുള്ള അന്വേഷണം. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ഈ രാജ്യമുണ്ട്, ലോകം മുഴുവനുമുണ്ട്. അജ്ഞാതമായ ഒരു രാജ്യത്തേക്ക് അവരെ അയയ്ക്കാൻ ധൈര്യം കാട്ടിയ ഭൂമിയുണ്ട്. 

ഇവർക്കു പിന്നാലെ ഇനിയും പര്യവേക്ഷകർ യാത്രചെയ്യും, പക്ഷേ അവരെല്ലാം വീടണയുകതന്നെ ചെയ്യും.’’ 

1969 ജൂലൈയിൽ ‘അപ്പോളോ 11’ മിഷൻ പരാജയപ്പെടുകയും നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും തിരിച്ച് ഭൂമിയിൽ എത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ ലോകജനതയെ അഭിസംബോധന ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് നിക്സൻ കരുതിവച്ചിരുന്ന പാഴായിപ്പോയ ആ പ്രസംഗമാണിത്. ഒരുപക്ഷേ, സന്തോഷത്തോടെ ഉപേക്ഷിക്കപ്പെട്ട ഒരേയൊരു പ്രസംഗം.

1969 ജൂലൈ, അപ്പോളോ 11.

നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ഇന്നേവരെ മനുഷ്യരാശിയിൽ ആരും ചെയ്യാൻ ഒരുമ്പെടാത്ത ഒരു മഹായജ്ഞത്തിനു തയാറാകുമ്പോൾ അവർ തിരിച്ചുവരുമെന്നു ഭൂമിയിൽ ആർക്കും ഉറപ്പുണ്ടായിരുന്നില്ല; ഒരുപക്ഷേ ചന്ദ്രനും.

spacesuits
ബഹിരാകാശ സഞ്ചാരികൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്പേസ് സ്യൂട്ട്.

ഒരുവേള, തിരിച്ചുവരില്ലെന്നു തന്നെ കരുതിയിരുന്നിരിക്കണം ശാസ്ത്രമനസ്സ്. അതിനുള്ള എല്ലാ തയാറെടുപ്പുകളും അമേരിക്കൻ സർക്കാർ നടത്തിയിരുന്നു.

പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്  ആദ്യമായി നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി, പിന്നാലെ ആൽഡ്രിനും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ആ മഹാസംഭവത്തിന് 50 വർഷം പൂർത്തിയാവുകയാണ്. 

കോളിൻസ്, ലോകമറിയാത്ത മൂന്നാമൻ

സമ്പൂർണ ചന്ദ്രയാത്ര എന്ന നിലയിൽ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. രണ്ടു യാത്രികരെയും ലോകമറിഞ്ഞു.

അറിയാത്തൊരാൾ കൂടി ആ യാത്രയിലുണ്ടായിരുന്നു. കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത മൈക്കൽ കോളിൻസ്. ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽനിന്നു തിരിച്ചു വരുന്നതുവരെ കോളിൻ ചന്ദ്രനു ചുറ്റും കമാൻഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.

തൊട്ടറിയാം; നാനൂറെണ്ണം

ഹൂസ്റ്റണിലെ നാസ സ്പേസ് സെന്ററിലും വാഷിങ്ടനിലെ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലും ആ സാഹസിക ചന്ദ്രയാത്രകളുടെ തിരുശേഷിപ്പുകൾ ലോകത്തിനു തൊട്ടറിയാനായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ചന്ദ്രോപരിതലത്തിൽനിന്നു മനുഷ്യൻ കൊണ്ടുവന്ന പാറയിൽ തൊട്ടുനോക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ രണ്ടേരണ്ടു സ്ഥലങ്ങളാണിവ. 

ബഹിരാകാശത്തുനിന്നു മനുഷ്യൻ സ്വന്തമാക്കിയ നാനൂറോളം  വസ്തുക്കളും, പേടകങ്ങളുമാണ് ഹൂസ്റ്റണിലെ സ്പേസ് സെന്ററിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത്.  

റോക്കറ്റ് ഭീമൻ–‘സാറ്റേൺ 5’ ; 30 നില കെട്ടിടത്തിന്റെ ഉയരം

കഠിനമായ പത്തു പരീക്ഷണ ദൗത്യങ്ങളാണ്  ചന്ദ്രനിൽ കാലുകുത്തുകയെന്ന സ്വപ്നതുല്യമായ നേട്ടത്തിന് യുഎസ്എയെ പര്യാപ്തമാക്കിയത്. ഇതിനായി ചരിത്രത്തിൽ അന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തിയും വലുപ്പവുമുള്ള ഭീമൻ റോക്കറ്റിനു നാസ രൂപംനൽകി.

‘സാറ്റേൺ 5’ എന്ന ഈ ഭീമൻ റോക്കറ്റിന് 110.6 മീറ്റർ നീളവും 2700 ടൺ ഭാരവുമുണ്ടായിരുന്നു. 30 നില കെട്ടിടത്തിന്റെ ഉയരമുള്ളൊരു റോക്കറ്റ്.

ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ റോക്കറ്റ് പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ആ റോക്കറ്റിനു മുന്നിൽ നിൽക്കുമ്പോൾ  ആകാശം മുട്ടുന്നൊരു മരം കടപുഴകി കിടക്കുന്നതുപോലെ തോന്നി. ആ അദ്ഭുതമരത്തിന്റെ ചില്ലകളിലൂടെയാണല്ലോ മനുഷ്യൻ അമ്പിളിമാമനിലേക്കു പിടിച്ചുകയറിയത്! 

പത്തു ചാട്ടം, പിന്നെ വിജയം

അറുപതുകളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും (ഇപ്പോൾ റഷ്യ) തമ്മിലുള്ള  ശാസ്ത്രമൽസരമായിരുന്നു അമേരിക്കയുടെ ചാന്ദ്ര ദൗത്യത്തിന്റെ അടിസ്ഥാനം. അന്നുവരെ എല്ലാ ബഹിരാകാശ നേട്ടങ്ങളും റഷ്യയുടെ പേരിലാണു കുറിക്കപ്പെട്ടിരുന്നത്. 

mission control
അപ്പോളോ 11 ദൗത്യങ്ങൾ ഭൂമിയിലിരുന്ന് നിയന്ത്രിച്ചിരുന്ന ഹൂസ്റ്റണിലെ മിഷൻ കൺട്രോൾ റൂം

ഒന്നിനു പിറകെ ഒന്നായി അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങൾ പരാജയപ്പെട്ടു. ആ മൽസരകാലത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കണ്ണുകൾ ആകാശത്തേക്കുയർന്നു: റഷ്യയ്ക്ക് ഒരു മറുപടി വേണം, മനുഷ്യനു സങ്കൽപിക്കാവുന്നതിനും അപ്പുറമുള്ള മറുപടി. 

പ്രസിഡന്റ്  പ്രഖ്യാപിച്ചു: ‘‘ചന്ദ്രനിൽ ആളെ ഇറക്കുകയും തിരികെ ഭൂമിയിൽ എത്തിക്കുകയും ചെയ്യുന്ന ആദ്യ രാജ്യം അമേരിക്കയായിരിക്കും. ’’ 

പ്രസിഡന്റ് പറഞ്ഞെങ്കിലും നാസയ്ക്കായി ജോലി. ഒന്നല്ല, ചന്ദ്രനിലേക്കു നടത്തിയത് പത്തിലേറെ ചാട്ടങ്ങൾ; വിജയിക്കും വരെ. 

  • ആദ്യശ്രമം (അപ്പോളോ 1) പിഴച്ചു.   ആദ്യ അപ്പോളോ പേടകം യാത്രയ്ക്കു മൂന്നാഴ്ച മുൻപ് പരീക്ഷണത്തിനിടയിൽ  അഗ്നിക്കിരയായി. മൂന്നു ബഹിരാകാശയാത്രികരും വെന്തുമരിച്ചു.
  • ∙ ഇരുപതു മാസങ്ങൾക്കു ശേഷം വീണ്ടും ശ്രമം. അപ്പോളോ 6 വരെയുള്ള  ദൗത്യങ്ങൾ ആളില്ലാതെയുള്ള പരീക്ഷണപ്പറക്കലുകളായിരുന്നു. 
  • ഏഴും എട്ടും ദൗത്യങ്ങളിൽ മനുഷ്യനെ ഉൾപ്പെടുത്തി.
  • അപ്പോളോ 8 ലെ സഞ്ചാരികൾ മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു, തിരിച്ചിറക്കി. 
  • പത്താമത്തെ ദൗത്യത്തോടെ ചന്ദ്രനിൽ ഇറങ്ങുന്നതൊഴിച്ച് ബാക്കി എല്ലാ ഘട്ടങ്ങളുടെയും പരിശീലനം പൂർത്തിയാക്കി. 

അപ്പോളോ 10, ‘ഇന്ധനക്ഷാമം’

ചന്ദ്രോപരിതലത്തിന് ഏതാനും കിലോമീറ്റർ അടുത്തുവരെ എത്തിയ അപ്പോളോ 10 ആണ്  ചാന്ദ്രദൗത്യം യാഥാർഥ്യമാകുമെന്ന  വിശ്വാസത്തിന് ആക്കം കൂട്ടിയത്.

ശരിക്കുമൊരു ഡ്രസ് റിഹേഴ്സലായിരുന്നു ഇത്. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ എത്തിയ ഇവർ ചന്ദ്രനിൽ കാലുകുത്തിയിരുന്നുവെങ്കിൽ തിരിച്ചുവരാൻ കഴിയില്ലായിരുന്നുവത്രേ!.. 

rocket park
ഹൂസ്റ്റണിലെ ഇന്റർനാഷനൽ സ്പേസ് സെന്റർ വളപ്പിലെ റോക്കറ്റ് പാർക്ക്.

ദൗത്യം രൂപകൽപ്പന ചെയ്തവർ കരുതിക്കൂട്ടി ഇന്ധനം കുറച്ച ലൂണാർ മൊഡ്യൂളാണ് അപ്പോളോ 10 ൽ വിക്ഷേപിച്ചതെന്നാണു ചരിത്രക്കുറിപ്പ്. ഒന്നിറങ്ങിയാലോ എന്ന് ആഗ്രഹിച്ചുപോകുന്ന അകലം.

എന്നാൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി കമാൻഡ് മൊഡ്യൂളിൽനിന്നു വിട്ട് കുറച്ചുനേരം അതിനൊപ്പം പറക്കുക, ചന്ദ്രന്റെ പ്രതലത്തിനു തൊട്ടടുത്തെത്തി ഇറങ്ങാതെ തിരിച്ചു പറക്കുക എന്നതായിരുന്നു അവരുടെ ചുമതല. ദൗത്യം അതല്ലാത്തതിനാൽ ഇറങ്ങാതെ മടങ്ങാനായിരുന്നു അവരുടെ വിധി.

അമ്പമ്പോ, അമ്പിളി!

പതിനൊന്നാം ശ്രമം. – 1969 ജൂലൈ 16ന് അമേരിക്കൻ സമയം രാവിലെ 9.32ന് ഫ്ലോറിഡ ഐലൻഡിൽനിന്ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മൈക്കൽ കോളിൻസും യാത്ര തിരിച്ചു.  എല്ലാം കരുതിവച്ചിരുന്നു; ചന്ദ്രനിൽ നടന്നു തിരിച്ചെത്താനുള്ള ധൈര്യവും മനസ്സും. 10 ലക്ഷത്തോളം പേർ യാത്രപറയാനെത്തിയെന്നു ചരിത്രം. 

തങ്ങൾ തിരിച്ചു വരുന്നതുവരെ ചന്ദ്രനെ വലംവയ്ക്കാൻ കോളിൻസിനെ മാതൃപേടകത്തിൽ ഇരുത്തിയിട്ട് ആംസ്ട്രോങ്ങും ആൽഡ്രിനും ചരിത്രത്തിലേക്കു കാൽവച്ചു. അമേരിക്കൻ പതാക ചന്ദ്രനിൽ ഉയർന്നു.

‘മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മാനവരാശിക്ക് ഒരു വമ്പൻ കുതിപ്പ്’ – ഇതാണ് അവർ ചന്ദ്രനിൽ ആദ്യം മുഴക്കിയ ശബ്ദം.

ആംസ്ട്രോങ് ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി. 20 മിനിറ്റ് കഴിഞ്ഞ് എഡ്വിൻ ആൽഡ്രിനും. രണ്ടര മണിക്കൂർ അവർ അവിടെ  ചെലവഴിച്ചു. പരീക്ഷണ–ഗവേഷണ ഉപകരണങ്ങൾ സ്ഥാപിച്ചു. 

മണ്ണും പാറയുമടക്കം 22 കിലോ വസ്തുക്കൾ ശേഖരിച്ചു. പിന്നെ ഈഗിൾ എന്ന ആ പേടകത്തിൽ കയറി റോക്കറ്റ് പ്രവർത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്. പിന്നെ, മൈക്കൽ കോളിൻസ് നയിക്കുന്ന മാതൃപേടകത്തിലേക്ക്...തിരികെ ഭൂമിയിലേക്ക്.

കെന്ന‍ഡിയുടെ പ്രഖ്യാപനം യാഥാർഥ്യമാകുമ്പോൾ പക്ഷേ പ്രസിഡന്റിന്റെ കസേരയിൽ റിച്ചഡ് നിക്സൻ ആയിരുന്നുവെന്നു മാത്രം.  ഡിജിറ്റൽ സ്ക്രീനിൽ പ്രസിഡന്റ് കണ്ട ആ ദൃശ്യം  ലോകമാകമാനം 53 കോടി ആളുകൾ ടെലിവിഷനിലൂടെ നേരിട്ടുകണ്ടു.

കരുതിവച്ചിരുന്ന  രണ്ടാം പ്രസംഗം ചുരുട്ടിക്കളഞ്ഞ് റിച്ചഡ് നിക്സൻ കയ്യടിയോടെ ഈ കസേരയിൽ നിന്ന് എഴുന്നേറ്റുനിന്ന ആ ദൃശ്യം ഓർമയുടെ സ്ക്രീനിൽ തെളിഞ്ഞു. 

വീണ്ടും വിളിച്ച ചന്ദ്രൻ

അപ്പോളോ 11 ഒരു തുടക്കം മാത്രമായിരുന്നു. അപ്പോളോ 20 വരെയുള്ള മിഷൻ നാസ പ്രഖ്യാപിച്ചു. അപ്പോളോ 13 ഒഴികെ ആറു ദൗത്യങ്ങൾ വിജയകരമായി. പത്തോളം പേർ ചന്ദ്രനിൽ ഇറങ്ങി. 

ബഹുദൂരം നടക്കുന്നതുമുതൽ കിലോമീറ്ററുകളോളം വാഹനമോടിക്കുന്നതുവരെയെത്തി കാര്യങ്ങൾ. ചന്ദ്രനിൽ ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടന്നു; ശാസ്ത്രനിലയങ്ങൾ സ്ഥാപിക്കപ്പെട്ടു. 

400 കിലോയോളം വസ്തുക്കൾ ചന്ദ്രോപരിതലത്തിൽനിന്നു ഭൂമിയിലേക്ക് കൊണ്ടുവന്നു. 

ഇതെല്ലാം ഹൂസ്റ്റണിലെ നാസ ജോൺസൺ സ്പേസ് സെന്ററിൽ സൂക്ഷിച്ചിട്ടുണ്ട്. ദൗത്യങ്ങൾ പിന്നെയും ഉണ്ടായിരുന്നെങ്കിലും കടുത്ത സാമ്പത്തികച്ചെലവ് ഒഴിവാക്കാൻ നാസ അപ്പോളോ 17 ൽ ദൗത്യം അവസാനിപ്പിച്ചു.

പിന്നിൽ 3.5 ലക്ഷം പേർ

moon rock
ചന്ദ്രനിൽ നിന്നു കൊണ്ടുവന്ന പാറക്കഷണങ്ങൾ

ചന്ദ്രനിൽ കാലുകുത്തിയ രണ്ടുപേരെക്കുറിച്ചു ചരിത്രം പറയുമ്പോൾ അതിനു പിന്നിലുള്ള ശ്രമങ്ങൾ കാണാതെ പോകരുത്. 

1966 മുതൽ ഏതാണ്ട് മൂന്നു ലക്ഷത്തി അൻപതിനായിരം ആളുകൾ നേരിട്ടും അല്ലാതെയും ഈ പദ്ധതിയിൽ പങ്കാളികളായി. 

യാത്രയ്ക്കു വേണ്ടിവന്ന ഇന്ധനം ഉപയോഗിച്ച് ഒരു കാർ ഓടിച്ചാൽ ഭൂമിക്കുചുറ്റും 400 തവണ വലംവയ്ക്കാൻ കഴിയുമായിരുന്നത്രേ.  24.4ബില്യൻ അമേരിക്കൻ ഡോളറാണ് (16.81 ലക്ഷംകോടി രൂപ) 1961 മുതൽ 1973 വരെയുള്ള കാലയളവിൽ ചെലവായത്.

ആ പേടകമുണ്ട്, കയ്യെത്തും ദൂരെ

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 മിഷനുശേഷം മൂവരും തിരിച്ചെത്തിയ പേടകം വാഷിങ്ടനിലെ നാഷനൽ എയ്റോസ്പേസ് മ്യൂസിയത്തിലുണ്ട്. 

(റൈറ്റ് സഹോദരന്മാർ ആദ്യം പറത്തിയ വിമാനവും ഇവിടെയുണ്ട്).

അപ്പോളോ 11  ദൗത്യം കഴിഞ്ഞു തിരികെ ഭൂമിയിലേക്കെത്തിയ സംഘം ഈ പേടകത്തിനുള്ളിലാണു ശാന്തസമുദ്രത്തിലേക്കു വന്നു പതിച്ചത്. 

colambia
വാഷിങ്ടനിലെ നാഷനൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ‘അപ്പേളോ 11’ കമാൻഡ് മൊഡ്യൂൾ 'കൊളംബിയ'. ഈ പേടകത്തിലാണ് നീൽ ആംസ്‌ട്രോങ്ങും സംഘവും ചന്ദ്രനിലേക്ക് യാത്ര ചെയ്തതും ഭൂമിയിൽ തിരിച്ചിറങ്ങിയതും.

വെറും പതിനൊന്നു സെക്കൻഡ് കൂടി പ്രവർത്തിക്കാനുള്ള ഇന്ധനം മാത്രമേ അപ്പോൾ പേടകത്തിൽ അവശേഷിച്ചിരുന്നുള്ളുവത്രേ. ഒന്നരയാൾ പൊക്കവും അടിഭാഗത്തിന് ഒരു കാറിന്റെ ഏകദേശ വിസ്തീർണവുമുള്ള ഒരു ചെറുപേടകം. 

അതിനരികിൽ നിന്ന് സെൽഫിക്കു പോസ് ചെയ്യുമ്പോൾ, ഫ്രെയിമിൽ ചന്ദ്രൻ വന്ന് എത്തിനോക്കുന്നതുപോലെ...

(ചന്ദ്രനിൽ ഇറങ്ങിയ സമയം നാസ വെബ്‌സൈറ്റിൽ ഉള്ളതനുസരിച്ച് ഈസ്റ്റേൺ ഡേ ലൈറ്റ് ടൈമിൽ. യൂണിവേഴ്സൽ സമയ പ്രകാരം ചന്ദ്രനിൽ ഇറങ്ങിയത് 21 ജൂലൈ 02.56.15ന്)  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA