sections
MORE

ഒരു നിരപരാധിയുടെ വിലാസം: തടവള പുത്തൻവീട്ടിൽ ബിജു എഫ്ഐആർ 585/2009

biju-thomas
ബിജു തോമസ് ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

2009 ജൂലൈ 22

സമയം: ഉച്ചകഴിഞ്ഞ് 3. സ്ഥലം: വർക്കല – പാരിപ്പള്ളി റോഡിൽ ചാവർകോട് ആശാൻ മുക്ക്. അന്ന് കർക്കടക വാവായിരുന്നു. ബസുകളിലെല്ലാം നല്ല തിരക്ക്. ബസിൽ ഇടം കിട്ടാത്തവർ ഓട്ടോ പിടിച്ചു വീടുകളിലേക്കു മടങ്ങുന്നു. പല സ്റ്റോപ്പുകളിൽ നിന്നായി കയറിയ 5 പേരുമായി ഒരോട്ടോ വർക്കല ചാവർകോട് ഭാഗത്തേക്കു യാത്ര തുടങ്ങി. സാമാന്യം നല്ല വേഗമുണ്ട്. മുന്നിലെ വാഹനം മറികടക്കാൻ ഓട്ടോ വലതു വശത്തേക്കു കയറി മുന്നോട്ടു കുതിച്ചു. എതിർ വശത്തുനിന്നു വന്ന സ്വകാര്യ ബസിൽ ഓട്ടോ ഇടിച്ചു. ഓട്ടോയുടെ ഡ്രൈവർ അടക്കം 6 പേർ മരിച്ചു. അപകടം നടന്നയുടൻ സ്വകാര്യ ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. 

അഞ്ചു വർഷത്തിനു ശേഷം

കഥയുടെ മറുവശത്ത്, കൊല്ലം ജില്ലയിലെ മടന്തോട് നെല്ലിമുക്ക് ഗ്രാമത്തിൽ തടവള പുത്തൻവീട്ടിൽ ബിജു തോമസ് വീണ്ടും വിദേശത്തു ജോലിക്കു പോകാൻ ശ്രമം തുടങ്ങിയിരുന്നു. വീട്ടാനുള്ള കടങ്ങളും ദൈനംദിന ചെലവുകളും വെല്ലുവിളിച്ചു രംഗത്തു വന്നതോടെയാണ്  ഇടവേളയ്ക്കു ശേഷം പ്രവാസത്തിനു പോകാൻ ബിജു തീരുമാനിച്ചത്. സുഹൃത്തുക്കളുടെ സഹായത്താൽ വീസ ലഭിച്ചു. ഒന്നല്ല നാലെണ്ണം. സൗദിയിലും ഖത്തറിലും ദുബായിലും ജോലി. ബിജുവിന്റെ ഉള്ളിൽ പ്രതീക്ഷയുടെ വെയിലുദിച്ചു. യാത്രയ്ക്കു തയാറെടുപ്പു നടക്കുന്നതിനിടെ സൗദി എംബസിയുടെ ഇ മെയിൽ ലഭിച്ചു, വീസ നിഷേധിച്ചിരിക്കുന്നു. 

വിദേശത്തു ജോലിക്കു ശ്രമിക്കുന്നവർ നേരിടുന്ന സ്ഥിരം പ്രശ്നമായതിനാൽ ബിജു കാര്യമായെടുത്തില്ല. േവറെയും വീസ റെഡിയാണല്ലോ. എന്നാൽ, ഖത്തർ, ദുബായ് എംബസികളും വീസ നിഷേധിച്ചതോടെ ബിജു തകർന്നു. 11 വർഷം സൗദിയിലും ഖത്തറിലും ജോലി ചെയ്ത ആളാണ് ബിജു. ഇത്രയും നാളില്ലാത്ത എന്തു പ്രശ്നമാണിപ്പോൾ. ആകെ മനഃപ്രയാസം. 

വിദേശത്തു ജോലിയൊന്നും ശരിയാകാതെ വന്നപ്പോൾ കൊച്ചിയിൽ ഊബർ ടാക്സി ഡ്രൈവറാകാൻ ശ്രമിച്ചു. എല്ലാ നടപടികളും പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷം അവരും ജോലി നിഷേധിച്ചു. എന്തുകൊണ്ട് ജോലി നിഷേധിച്ചു എന്നവർ മറുപടിക്കത്തിൽ വ്യക്തമാക്കി. ബസ് ഇടിപ്പിച്ച് 6 പേരെ കൊന്ന താങ്കളെ ഞങ്ങളെങ്ങനെ ടാക്സി ഡ്രൈവറാക്കും? 

ബിജു ലൈസൻസ് എടുത്തിട്ട് അധികമായിട്ടില്ല. ഹെവി ലൈസൻസില്ല. ബസിൽ യാത്ര ചെയ്തിട്ടുണ്ടെന്നല്ലാതെ ഇന്നുവരെ ഒരു ബസിന്റെ ഡ്രൈവർസീറ്റിൽ ഇരുന്നിട്ടില്ല. പിന്നിതെങ്ങനെ? ഊബർ വെറുതെ പറഞ്ഞതല്ല, കേസിന്റെ നമ്പർ സഹിതമാണ് മറുപടി. വർക്കല പൊലീസ് സ്റ്റേഷൻ എഫ്ഐആർ നമ്പർ 585/2009. നഷ്ടപരിഹാരം നൽകേണ്ട കേസിൽ ഇതുവരെ അതു ചെയ്തിട്ടില്ലത്രേ!

ചങ്കിടിപ്പിനു വേഗം കൂടി. ശരീരം തളർന്നു. ഊബറിന്റെ മറുപടിക്കത്തു വായിക്കുന്നതിനിടെ ബോധം മറയും പോലെ. ഒരിക്കൽക്കൂടെ വായിച്ചു. ആ കേസിൽ പറയുന്ന ബിജു എന്തായാലും താനല്ല. പിന്നെങ്ങനെ തന്റെ പേരു വന്നു? എഫ്ഐആറിലെ വിലാസം ഒരിക്കൽ കൂടി വായിച്ചു, തടവിള പുത്തൻവീട്ടിൽ ബിജു, മുഖത്തല പിഒ, നെടുമ്പന, കൊല്ലം. ഇതാരാണ്? 

അന്വേഷണം എത്തിയത് വർക്കല പൊലീസ് സ്റ്റേഷനിൽ

ആ അന്വേഷണം ചെന്നു നിന്നത് 2009ലെ വർക്കല ബസ് അപകടത്തിലാണ്. 6 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബസ് ഓടിച്ചിരുന്നത് ഒരു ബിജുവാണ്, തടവള പുത്തൻവീട്ടിൽ ബിജു. കൊല്ലം ജില്ലക്കാരനാണ്. പോസ്റ്റ് ഓഫിസ് മാത്രം വേറെയാണ്. ബാക്കിയെല്ലാം ഒന്നുതന്നെ. അപകടം നടക്കുന്ന സമയം കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും വർക്കലയിലോ തിരുവനന്തപുരം ജില്ലയിലോ ബിജു പോയിട്ടില്ല.

എന്നിട്ടും പ്രതിയായി. ആ പ്രതി താനല്ലെന്നു തെളിയിക്കാൻ ബിജു തിരുവനന്തപുരം റൂറൽ എസ്പിയെ നേരിൽക്കണ്ടു. പരാതി രേഖാമൂലം നൽകി. ബിജുവിന്റെ നിരപരാധിത്വം ബോധ്യമായ പൊലീസ് ബിജുവിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഈ ബിജു പ്രതിയല്ലെന്ന് വർക്കല സർക്കിൾ ഇൻസ്പെക്ടർ എഴുതി ഒപ്പിട്ടു നൽകി. 

ഒന്നും അവസാനിച്ചില്ല, എല്ലാം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

നിരപരാധിയാണെന്നു ബോധ്യപ്പെട്ടെങ്കിലും ബിജു അപേക്ഷിക്കുന്ന ജോലികളെല്ലാം നിഷേധിക്കപ്പെട്ടു. കൊലപാതകിയും പ്രതിയുമായി ചിത്രീകരിക്കപ്പെട്ടു കൊണ്ടേയിരുന്നു. പൊലീസ് എഫ്ഐആറിൽ പറയുന്ന വിലാസത്തിൽ ഒരു ബിജു മുഖത്തലയിൽ ഇല്ലെന്നതാണ് മറ്റൊരു കൗതുകം. ബസിന്റെ ഉടമ ഡ്രൈവറുടെ വിലാസം നൽകിയപ്പോൾ ഉണ്ടായ പിശകാണ് എഫ്ഐആറിലേത്. (യഥാർഥ പ്രതിയുടെ വീട്ടുപേരു ശരിയാണെങ്കിലും തപാൽ വിലാസം വേറെയാണ്). ഇല്ലാത്ത വിലാസത്തിലേക്ക് അയച്ച സമൻസുകളെല്ലാം മടങ്ങി. ഇതോടെ കോടതി ഇടപെട്ടു. തടവള പുത്തൻ വീട്ടിൽ ബിജുവിന്റെ എല്ലാ ഇടപാടുകളും വിലക്കി കോടതി ഉത്തരവിട്ടു. ഇത് ഔദ്യോഗിക രേഖയായി മാറി. ഈ ഉത്തരവിനു പിന്നാലെയാണ് ബിജു തോമസിന്റെ കഷ്ടകാലം തുടങ്ങുന്നത്.  

ബിജുവിന്റെ പാസ്പോർട്ടിലെ പേര് ബിജു തടവള പുത്തൻവീട്ടിൽ എന്നാണ്. ബിജു അപേക്ഷിക്കുന്ന ജോലികളിൽ പാസ്പോർട്ടിലെ പേര് ടൈപ്പ് ചെയ്യുമ്പോൾ തന്നെ കോടതിയുടെ വിലക്കിന്റെ വിവരം തെളിയും. യഥാർഥ പ്രതി ആരാണെന്നു പൊലീസിനും സർക്കാരിനും ബിജുവിനും അറിയാം. എന്നാൽ, കോടതി ഉത്തരവിലെ വിലാസം മാറ്റാത്തതിനാൽ പ്രശ്നങ്ങൾ ഒന്നിനു പുറകെ ഒന്നായി തല പൊക്കുകയാണ്. അതേസമയം, അന്നു ബസ് ഓടിച്ചിരുന്ന ബിജു ഇപ്പോൾ ഗൾഫിൽ ജോലിയിലാണ്. ഇയാൾ ഇടയ്ക്കു നാട്ടിലെത്തി മടങ്ങുകയും ചെയ്തു. അപ്പോഴും നാട്ടിലെ ബിജുവിന്റെ യാത്രയും ജോലിയും വർക്കല അപകടം മുടക്കിക്കൊണ്ടേയിരിക്കുന്നു. 

മുഖ്യമന്ത്രിയെ കണ്ടു, നോർക്ക റൂട്സ് സഹായം ഉറപ്പാക്കി

ജീവിതം വഴിമുട്ടിയ ബിജു മുഖ്യമന്ത്രിയെ രണ്ടു തവണ കണ്ടു. ആദ്യം തനിച്ചും രണ്ടാമത് ഐഷാ പോറ്റി എംഎൽഎയുടെ ഒപ്പവും. സംഭവം നോർക്ക റൂട്സിലെത്തി. 6 തവണ നോർക്കയിൽ പോയി. നിരപരാധിത്വം അവർക്കും ബോധ്യപ്പെട്ടു. ഇനിയൊരു പ്രശ്നം ഉണ്ടായാൽ എംബസിക്കു നേരിട്ടു വിശദീകരണം നൽകാമെന്ന് നോർക്ക ഉറപ്പുനൽകി. എന്നാൽ, ഭാവിയിൽ വിലക്കുണ്ടാകില്ലെന്ന് ഉറപ്പു നൽകാൻ അവർക്കും കഴിയുന്നില്ല. 4 തവണ വീസ നിഷേധിക്കപ്പെട്ട ബിജുവിന് വീണ്ടും വീസ ആവശ്യപ്പെടാൻ ധൈര്യമില്ല. നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിലേ ഇനി സുഹൃത്തുക്കളുടെ സഹായം തേടാൻ കഴിയൂ. എൻ.കെ.പ്രേമചന്ദ്രൻ എംപിയെ വീട്ടിൽ പോയിക്കണ്ട് പരാതി പറഞ്ഞു. കോടതി ഉത്തരവ് കോടതി വഴി മാത്രമേ മാറ്റാൻ കഴിയൂ എന്ന് എംപി അറിയിച്ചു. കേസ് നൽകാൻ ബിജുവിനോടു നിർദേശിച്ചു. 

പ്രതീക്ഷകൾക്കു മേൽ കടവും ബാധ്യതയും

കേസിനു പിന്നാലെ നടന്നു മാനസികമായി തകർന്നു. ഓരോ തിരുവനന്തപുരം യാത്രയ്ക്കും പണച്ചെലവുണ്ട്. ഇനി കോടതിയിൽ പോകണമെങ്കിൽ വക്കീൽ ഫീസിന് അടക്കം പണം കണ്ടെത്തണം.  സുഹൃത്തുക്കളും ബന്ധുക്കളും സഹോദരങ്ങളും സഹായിക്കുന്നതു കൊണ്ടു പട്ടിണിയില്ലെന്നു മാത്രമേയുള്ളൂ. ജീവിതം ഒട്ടും സുരക്ഷിതമല്ല. 

ജോലിയില്ലാതെ ജീവിക്കുന്ന പ്രവാസിയോടു നാട്ടിലുള്ള ചിലരുടെ പ്രതികരണം സഹിക്കാവുന്നതിന് അപ്പുറമാണ്. സമ്പാദ്യമെല്ലാം തീർന്നു. തന്റെ കുഴപ്പംകൊണ്ടു സംഭവിച്ച പ്രശ്നങ്ങളാണിതെങ്കിൽ ബിജു സഹിക്കാൻ തയാറാണ്. പക്ഷേ, മനസാ വാചാ അറിയാത്ത കാര്യത്തിന് ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നത് എന്തു പരീക്ഷണമാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. 

എല്ലാവർക്കും ബോധ്യമുള്ള നിരപരാധിത്വം ഇനി രേഖകളിൽ തെളിയുന്നതു വരെ കാത്തിരിക്കുകയാണ് ബിജു. ആരുടെയും ഔദാര്യത്തിനു വേണ്ടിയല്ല ബിജു ഓടുന്നത്, സ്വന്തം നിരപരാധിത്വം തെളിയിക്കാനും ജോലി ചെയ്തു ജീവിക്കാനും മാത്രമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA