sections
MORE

കുറ്റം ഒരു അപേക്ഷ, ശിക്ഷ 15 ദിവസം ജയിൽ; അവർ റപ്പായിയോട് ചെയ്തത്

rappayi-sunday
റപ്പായി. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

ഇത് റപ്പായി

2016 ഒക്ടോബറിൽ വിവരാവകാശ നിയമപ്രകാരം ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ നൽകിയെന്ന ‘കുറ്റ’ത്തിന് പാടൂക്കാട് സബ് ജയിലിൽ 15 ദിവസം കിടക്കേണ്ടി വന്ന ഹതഭാഗ്യൻ. റപ്പായിയെ ‘കുടുക്കിയ’ സകലരും സ്വതന്ത്രരായി കൈവീശി നടക്കുമ്പോൾ നീതി നടപ്പാക്കിക്കിട്ടാൻ റപ്പായിയും നടപ്പ് തുടരുകയാണ്. ഈ മുഖത്തുകൂടി ഒലിച്ചിറങ്ങുന്ന
കണ്ണീർ പറയും ആ കഥ ...

സൈക്കിൾ ചവിട്ടാൻ പോലും വശമില്ലാത്തയാളാണ് റപ്പായി. പക്ഷേ, രണ്ടര വർഷം മുൻപു ഡിസംബർ മാസത്തിൽ 15 ദിവസം അയാൾ ജയിലിൽ കിടന്നു. കാറോടിച്ച് ഒരാളെ ഇടിച്ചു വീഴ്ത്തി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഒല്ലൂർ പള്ളിയിലെ റപ്പായേൽ മാലാഖയ്ക്കു മുന്നിൽ ദിവസവും മുട്ടുക‍ുത്തി പ്രാർഥിച്ചു ശീലിച്ച റപ്പായി, നീതിയുടെ മാലാഖ രക്ഷയ്ക്കെത്തുന്നതും കാത്ത് പാടൂക്കാട് സബ്ജയിലിൽ 15 ദിവസം കഴിച്ചുകൂട്ടി. പീഡാനുഭവങ്ങളുടെ നാളുകൾ പിന്നിട്ടു പുറത്തിറങ്ങിയപ്പോഴാണ് ഒരുകാര്യം മനസിലായത്. പോരാടുന്നവനൊപ്പമാണ് നീതി. നിഷേധിക്കപ്പെട്ട നീതിക്കു വേണ്ടി റപ്പായി നടത്തുന്ന പോരാട്ടം രണ്ടര വർഷം പിന്നിട്ടിരിക്കുന്നു. ഇതിനകം സംഭവിച്ച മൂന്നു കാര്യങ്ങളിങ്ങനെ:

1. റപ്പായിക്കെതിരെ ചുമത്തപ്പെട്ടത് കള്ളപ്പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് ആയിരുന്നുവെന്നും മേൽനടപടികൾ ഒഴിവാക്കണമെന്നും കാട്ടി ഒല്ലൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

2. മുൻവൈരം തീർക്കാൻ റപ്പായിക്കെതിരെ കള്ളക്കേസ് ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടിക്കു ശുപാർശ ചെയ്ത് ‍‍ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപി റിപ്പോർട്ട് നൽകി.

3. കേസന്വേഷണത്തിൽ ഗുരുതര വീഴ്ച സംഭവിച്ച‍ുവെന്നു കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റപ്പായിക്ക് നഷ്ടപരിഹാരം നൽകാനും മനുഷ്യാവകാശ കമ്മിഷൻ വിധിച്ചു.

റപ്പായി നിരപരാധിയാണെന്നു തെളിഞ്ഞെങ്കിലും പൊലീസ് വകുപ്പും മനുഷ്യാവകാശ കമ്മിഷനുമൊക്കെ കുറ്റവാളികളെന്നു കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യമോ? അവർ ഇപ്പോഴും നീതിക്കു കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത അകലത്തിൽ സുരക്ഷിതരായി ജോലി ചെയ്യുന്നു. നിയമം നടപ്പാക്കിക്കിട്ടാൻ റപ്പായി നടപ്പു തുടരുന്നു.

വിവരാവകാശ ശത്രുത

2016 ഒക്ടോബറിൽ വിവരാവകാശ നിയമപ്രകാരം ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ ഫയൽ ചെയ്തതിൽ നിന്നാണ് ഒല്ലൂർ കോനിക്കര ദേവസിയുടെ മകൻ റപ്പായിയുടെ (56) തലവര തെറ്റിയത്. ഒല്ലൂർ പള്ളിയിലെ വികാരിയെ സ്ഥലംമാറ്റാൻ സജീവ ശ്രമം നടത്തിയ പ്രാദേശിക നേതാവിന്റെ പേരിൽ എത്ര ക്രിമിനൽ കേസ് ഉണ്ടെന്ന് ആരാഞ്ഞു കൊണ്ടായിരുന്നു റപ്പായിയുടെ അപേക്ഷ. വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെ സ്റ്റേഷൻ ഹൗസ് ഓഫിസർ അപേക്ഷ നിരസിച്ചു. റപ്പായി മുഖ്യവിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകി. എസ്ഐയോട് 5000 രൂപ പിഴയൊടുക്കാൻ കമ്മിഷണർ ഉത്തരവിട്ടു.

റപ്പായിക്കു മേൽ വൈരാഗ്യത്തിന്റെ പുകപടലം വന്നു മൂടുന്നത് ഇങ്ങനെ. ആരോപണ വിധേയനായ പ്രാദേശിക നേതാവ് പിന്നീടു നവംബർ ആറിന് ഒല്ലൂർ പൊലീസിനു പരാതി നൽകി. പള്ളിയിൽ നിന്നു നടന്നു പോകുകയായിരുന്ന തന്നെ റപ്പായി കാറോടിച്ചെത്തി മനഃപൂർവം ഇടിപ്പിച്ചുവീഴ്ത്തി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പരാതി. റപ്പായിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞ സംഭവങ്ങളുടെ തുടക്കമായിരുന്ന‍ു അത്.

അസഭ്യം, ഭീഷണി, ജയിൽ

നവംബർ 28നു രാവിലെ ഒല്ലൂർ സെന്റ് ആന്റണീസ് പള്ളിക്കു മുന്നിലെ കപ്പേളയിൽ പ്രാർഥിച്ചുകൊണ്ടു നിന്ന റപ്പായിയുടെ അരികിൽ പൊലീസ് ജീപ്പ്. എസ്ഐയും സംഘവും വണ്ടിയിൽ നിന്നിറങ്ങി. ചോദ്യമോ ഉത്തരമോ കൂട‍ാതെ ഉടുപ്പിൽ പിടിത്തമിട്ടു ജീപ്പിൽ കയറ്റി. ‘കാറിടിപ്പിച്ച് ആളെക്കൊല്ലാൻ ശ്രമിക്കുന്ന ആളാണല്ലേ നീ’ എന്നു ജീപ്പിനുള്ളിലിരിക്കുമ്പോൾ ആദ്യ ചോദ്യമെത്തിയെങ്കിലും റപ്പായിക്കു കാര്യം പിടികിട്ടിയില്ല. ലോക്കപ്പ് മുറിയിൽ കുത്തിയിരിക്കുമ്പോഴാണ് താൻ പെട്ടുപോയ ഏടാകൂടത്തിന്റെ ഭീകരത റപ്പായിക്കു തിരിഞ്ഞുകിട്ടിയത്.
നിലയ്ക്കാത്ത അസഭ്യം വിളികളും ഭീഷണിയും ലോക്കപ്പിൽ മ‍ുഴങ്ങി. ഒരു വാഹനവും ഓടിക്കാൻ അറിയാത്ത ആള‍ാണ് താനെന്നും പരാതിക്കാരൻ പറയുന്ന സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നും റപ്പായി ആവുന്നത്ര വട്ടം പറഞ്ഞു. വിലപ്പോയില്ല. ഹൃദ്രോഗവും രക്തസമ്മർദവുമുള്ള ആളാണെന്ന പരിഗണനയും ലഭിച്ചില്ല. രാത്രിയിൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. പാടൂക്കാട് ജയിലിന്റെ പടികടന്നപ്പോഴും ഉടൻ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല.

വെളിച്ചത്ത് ഉറക്കം, പ്രതീക്ഷ ഇരുട്ടിൽ

തലയണ വയ്ക്കാതെ റപ്പായി ഉറങ്ങാറില്ല. വെളിച്ചത്തു കിടന്നാൽ ഉറക്കം വരികയുമില്ല. ഈ രണ്ടു ശീലങ്ങളും ജയിലിലെ റിമാൻഡ് കാലത്തെ ഭീകരാനുഭവമാക്കി. വെളിച്ചത്തിൽ മുങ്ങിയ സെൽമുറിയിൽ ദിവസങ്ങളോളം ഉറങ്ങാനാകാതെ റപ്പായി തളർന്നു. ഓരോ ദിവസവും രാവിലെ ജയിലിൽ ഭാര്യ കാണാനെത്തും. റപ്പായിയെ കണ്ടശേഷം ജയിലിനു പുറത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ സന്ധ്യമയങ്ങുന്നതു വരെ തളർന്നിരിക്കും. പിറ്റേന്നു രാവിലെ തിരികെ എത്താനായി വീട്ടിലേക്കു പോകും.

15 ദിവസത്തെ റിമാൻഡിനു ശേഷം ഡിസംബർ 15നു വൈകിട്ടാണ് റപ്പായി വീട്ടിൽ മടങ്ങിയെത്തുന്നത്. കുളിച്ചു പള്ളിയിൽ പോയി പ്രാർഥിച്ച ശേഷം കിടന്നുറങ്ങി. പിറ്റേന്നു രാവിലെ നേരെ പോയതു തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലേക്കാണ്. എംഎൽമാർ അടങ്ങുന്ന പെറ്റിഷൻ കമ്മിറ്റിക്കു പരാതി നൽകി. പിന്നെ ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും. കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെട്ട് തൃശൂർ റേഞ്ച് ഐജി വഴി കമ്മിഷണർക്കു ഡിജിപി നിർദേശം നൽകി. ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിക്കായിരുന്നു അന്വേഷണ ചുമതല.

എസിപി പറഞ്ഞു, നിരപരാധി

റപ്പായിക്കെതിരെ ചുമത്തപ്പെട്ട കേസിനെക്കുറിച്ച് അന്വേഷിച്ച് എസിപി കമ്മിഷണർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളിങ്ങനെ:

‘‘വിവരാവകാശ നിയമപ്രകാരം റപ്പായി നൽകിയ പരാതിയിൽ യഥാവിധി നടപടി സ്വീകരിക്കാതിരുന്നതിനാൽ ഒല്ലൂർ എസ്എച്ച്ഒയിൽ നിന്ന് 5000 രൂപ പിഴയീടാക്കാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയ്ക്കാണ് ഇത്തരത്തിൽ ടിയാനെതിരെ കേസെടുത്തത്. ഈ സാഹചര്യത്തിൽ കേസുകൾ തെറ്റായി റജിസ്റ്റർ ചെയ്തു റപ്പായിയെ അറസ്റ്റ് ചെയ്യുകയും 15 ദിവസത്തേക്കു റിമാൻഡിലാക്കുകയും ചെയ്തതിന് ഒല്ലൂർ എസ്എച്ച്ഒയ്ക്ക് എതിരെയും തുടർനടപടി സ്വീകരിച്ച അഡീഷനൽ എസ്ഐക്കെതിരെയും കർശന വകുപ്പുതല നടപടി സ്വീകരിക്കണം.’’

ഈ റിപ്പോർട്ട് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര ഐജിക്കു കൈമാറിയിട്ട് നാലുമാസം കഴിഞ്ഞു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയൊന്നുമായിട്ടില്ല. ഇതിനിടെ കുറ്റാരോപിതനായ എസ്ഐ എറണാകുളം ജില്ലയിലേക്കു സ്ഥലംമാറി പോയി. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ഒല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ റപ്പായി ഒരുമാസം ഉപവാസമിരുന്നു. ഫലമുണ്ടായില്ല.

മനുഷ്യാവകാശവും നിരസിച്ചു

റപ്പായിക്കു നീതി ഉറപ്പാക്കി കഴിഞ്ഞ വർഷം മേയ് 31നു മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നതിങ്ങനെ:

‘‘കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. കാറിടിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തു റപ്പായി ഉണ്ടായിരുന്നതിനെ സംബന്ധിച്ചോ സാക്ഷികളെ സംബന്ധിച്ചോ ഒരു വ്യക്തതയും ലഭിക്കാതെയാണ് പരാതിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇങ്ങനെയൊരു കേസിൽ 15 ദിവസം പരാതിക്കാരൻ റിമാൻഡിൽ കഴിയേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര പെരുമാറ്റ ദൂഷ്യവും അധികാര ദുർവിനിയോഗവുമാണെന്നു കരുതാവുന്നതാണ്.

കേസിന്റെ പുനരന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. അന്നത്തെ എസിപിയുടെ വാക്കുകൾ ധിക്കരിച്ചാണ് ഒല്ലൂർ എസ്ഐ പരാതിക്കാരനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. പരാതിക്കാരനു നേരിടേണ്ടിവന്ന മാനനഷ്ടം, വരുമാന നഷ്ടം എന്നിവയ്ക്കു പരിഹാരവും സമാശ്വാസവും നൽകാൻ സർക്കാരിനും എതിർകക്ഷികൾക്കും ചുമതലയുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കമ്മിഷണർക്ക് നിർദേശം നൽകുന്നു.’’

ജയിൽവാസം കഴിഞ്ഞ് രണ്ടരവർഷം പിന്നിട്ടിരിക്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്നു. റപ്പായിയുടെ ജീവിത രീതികളിൽ ഇപ്പോഴും മാറ്റമില്ല. ദ‍ിവസവും പള്ളിയിൽ പോകും, മുട്ടിന്മേൽ നിന്നു പ്രാർഥിക്കും. പതിവിൽ നിന്നു വ്യത്യസ്തമായി പുതിയൊരു പ്രാർഥന കൂടി ഇപ്പോൾ ഉരുവിടാറുണ്ട്, ‘അശരണരായ എല്ലാവർക്കും നീതി നടപ്പാക്കിക്കൊടുക്കേണമേ...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA