ADVERTISEMENT

അമ്മു ഇൗ വലിയ ഫ്ലാറ്റിൽ തനിച്ചാണ്. ഇന്നു സ്കൂളിൽ പോകണ്ടായെന്ന് അമ്മ പറഞ്ഞിരുന്നു. അമ്മ ഇപ്പോൾ കോടതിയിലേക്കു പോയിരിക്കുകയാണ്. എന്തിനാണെന്ന് അമ്മു പിന്നെ പറയാം. ബാൽക്കണിയിലിരുന്ന്, തൊട്ടടുത്ത റെയിൽപ്പാതയുടെ അപ്പുറത്ത് താമസിക്കുന്ന നാടോടി കുടുംബത്തിലേക്കു കണ്ണുംനട്ടിരിക്കുകയാണ്. ഉറക്കം തൂങ്ങി മരത്തിന്റെ ചില്ലയിൽ കെട്ടിയ തുണി ഉൗഞ്ഞാലിൽ കുഞ്ഞിനെ ആട്ടുന്ന അച്ഛൻ. മറ്റൊരു മരച്ചുവട്ടിൽ അമ്മുവിന്റെ പ്രായത്തിലുള്ള കുട്ടിയുടെ തലമുടിയിൽ കയ്യോടിക്കുന്ന അമ്മ. അടുപ്പിലെന്തോ തിളയ്ക്കുന്നുമുണ്ട്. കുറച്ചകലെയായി ചുരുണ്ടുകൂടി ഉറങ്ങുന്ന നായ്, ഇടയ്ക്കിടെ തലയുയർത്തി നോക്കുകയും വാലാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ന്, അമ്മുവിനെ കോടതിവളപ്പിൽ അച്ഛന്റെ കൂടെ രണ്ടു മണിക്കൂർ കഴിയാനനുവദിച്ചിട്ടുള്ളതാണ്.

പക്ഷേ, അമ്മ അമ്മുവിനെ കൊണ്ടുപോയില്ല. സ്കൂളിൽ പോകാനനുവദിച്ചുമില്ല. കഴിഞ്ഞതവണ അച്ഛനെ കാണാൻ പോയപ്പോഴുള്ള രംഗം അമ്മുവിന് ഓർമയുണ്ട്. പോകുന്നതിനു മുൻപ് അച്ഛനോട് സംസാരിക്കരുതെന്നും ചിരിക്കരുതെന്നും കർശനമായി അമ്മ പറഞ്ഞിരുന്നു. അച്ഛന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ അമ്മു പേടിച്ചിരിക്കുമ്പോൾ അടുത്തുനിന്ന് കണ്ണു തുടച്ചിരുന്ന അച്ഛമ്മയേയും ഓർക്കുന്നു. അച്ഛൻ കൊണ്ടുവന്ന ഉടുപ്പുകളും കളിപ്പാട്ടങ്ങളുും കാണണമെന്നുണ്ടായിരുന്നെങ്കിലും അടുത്തു തന്നെ തുറിച്ചു നോക്കുന്ന അമ്മയുള്ളതുകൊണ്ട് ഒന്നും വാങ്ങാൻ കഴിഞ്ഞില്ല. കുറച്ചകലെയായി ഒരു ബഞ്ചിൽ കല്ലുപോലിരിക്കുന്ന ഒരു ചേച്ചിയെയും അച്ഛനെയും കണ്ടുവെങ്കിലും അമ്മയെ അവിടെങ്ങും കണ്ടില്ല. അമ്മമാരെന്തേയിങ്ങനെയെന്ന് അമ്മുവിന് മനസ്സിലായില്ല.

അമ്മുവിന്റെ വീട്ടിലെ ജീവിതം ഇങ്ങനെയായിരുന്നില്ല. ഓഫീസിൽ പോകുന്ന അമ്മ, സ്നേഹം പ്രകടിപ്പിക്കാൻ ഇത്തിരി പിശുക്ക് കാട്ടിയിരുന്നെങ്കിലും, അച്ഛൻ അതിന്റെ കുറവ് നികത്തിയിരുന്നു. അച്ഛനും അമ്മയും അമ്മുവും അടുത്ത ഫ്ലാറ്റിലെ രശ്മി ആന്റിയും ഗോപു അങ്കിളും പലപ്പോഴും വിനോദയാത്രയും മറ്റും പോകുമായിരുന്നു. എപ്പോഴും ചിരിക്കുന്ന രശ്മി ആന്റിയെ എല്ലാവരും ഇഷ്ടപ്പെട്ടുവെങ്കിലും അടുത്തിടെയായി അമ്മുവിന്റെ അമ്മയ്ക്ക് ആന്റിയുടെ വരവിൽ വലിയ തൃപ്തിയുണ്ടായിരുന്നില്ല. ഗൾഫിലേക്ക് ഗോപു അങ്കിൾ പോയതിനുശേഷം രശ്മി ആന്റിയുടെ വീട്ടിലേക്കുള്ള വരവ് പതിവിലും കൂടുതലായത് അമ്മുവിന് ഇഷ്ടമായിരുന്നു. രശ്മി ആന്റി ഉപയോഗിക്കുന്ന പെർഫ്യൂമിന്റെ മണം എപ്പോഴും ആസ്വദിക്കാമല്ലോ.

ഒരുദിവസം അച്ഛൻ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മു അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. അമ്മേ അച്ഛന് രശ്മി ആന്റിയുടെ മണം. അതുകേട്ടപ്പോൾ അച്ഛന്റെ മുഖം വിളറിയതും അമ്മ പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു. എന്തേ ഇൗ ഭാവമാറ്റത്തിന് കാരണമെന്ന് അമ്മുവിന് മനസ്സിലായില്ല. പെർഫ്യൂം കൈ തട്ടി വീണപ്പോൾ എന്റെ ഷർട്ടിലും പറ്റിയതാണ്. അത് കേൾക്കാൻ നിൽക്കാതെ അമ്മ നിലത്ത് ഉറക്കെച്ചവിട്ടി നടന്നുപോയി. അതിനുശേഷം അച്ഛനും അമ്മയും തമ്മിൽ സംസാരിക്കുന്നത് അപൂർവമായി. പക്ഷേ ഒരുദിവസം രണ്ടുപേരും കൂടി കതകടച്ച് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു.

ഉൗ‍ഞ്ഞാലിൽ ആടിക്കൊണ്ടിരുന്ന കുഞ്ഞ് ഉച്ചത്തിൽ കരയുന്നുവെന്നു തോന്നി, അമ്മ മോളെ മാറ്റിനിർത്തിയിട്ട് ഓടിപ്പോയി കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുപ്പിക്കുന്നത് കണ്ടു. അമ്മ പോയതിൽ പരിഭവമുണ്ടായിട്ടും അച്ഛനോടൊപ്പം കുട്ടി അടുപ്പിലെ തീയൂതുന്നതിൽ സഹായിക്കാൻ തുടങ്ങി, തലയുയർത്തി നോക്കിയ നായ വാലാട്ടിയിട്ട് പിന്നെയും ചുരുണ്ടുകിടന്നു. അമ്മു വിചാരിക്കുകയായിരുന്നു: പഴന്തുണി തുന്നിച്ചേർത്തുണ്ടാക്കിയ ഒരു കൂടാരം, ഒന്നു രണ്ടു തുണിക്കെട്ടുകൾ, ഏതാനും പാത്രങ്ങൾ. ഒരു വീടാണെന്ന് പറയാനൊന്നുമില്ല, എങ്കിലും എത്ര സന്തോഷത്തിലും സ്നേഹത്തിലുമാണവർ കഴിയുന്നത്.

അമ്മുവിന്റെ മനോഹരമായ ഫ്ലാറ്റിലെ മൂന്നു മുറിയിലാണ് അമ്മയും അച്ഛനും അമ്മുവും കിടന്നുറങ്ങിയിരുന്നത്. അമ്മുവിനു പേടിയാണെങ്കിലും കുട്ടികൾ പ്രത്യേകം മുറിയിൽ കിടക്കുന്നതാണ് നല്ലതെന്ന് അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ. കൂട്ടിന് ബാറ്റ്മാനും സ്പൈഡർമാനും ടെഡിയും ബാർബിയും ഉണ്ടെങ്കിലും അച്ഛന്റേയും അമ്മയുടേയും നടുവിലുറങ്ങിയിരുന്നത് അമ്മു മറന്നിട്ടില്ല. അച്ഛൻ വീടുവിട്ട് പോയിട്ട് കുറേ ദിവസങ്ങളായി. ചെറിയ കാര്യങ്ങളിൽ തുടങ്ങി വലിയ വഴക്കാകുമ്പോഴും അമ്മുവിനൊന്നും മനസ്സിലാകുന്നില്ല. അമ്മ പതിവുപോലെ അമ്മുവിനെ സ്കൂളിലാക്കിയിട്ട് ഓഫീസിൽ പോകുന്നു. പ്രത്യേകിച്ചൊന്നും സംഭവിച്ചതായി അമ്മയെ കണ്ടാൽ തോന്നില്ല. അല്ലേലും അമ്മ പണ്ടേ അധികം ചിരിക്കാറും സ്നേഹം പ്രകടിപ്പിക്കാറുമില്ല.

പക്ഷേ, അച്ഛൻ അങ്ങനെയല്ല. എപ്പോഴും തമാശ പറയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അച്ഛൻ കോടതി വളപ്പിൽ നിശബ്ദനായി നിൽക്കുന്നത് കണ്ടപ്പോൾ അമ്മുവിനും കണ്ണു നിറഞ്ഞതാണ്. അടുപ്പിലെ ഭക്ഷണം പാകമായിട്ടുണ്ടാവണം. അച്ഛനും അമ്മയും മോളുംകൂടി മരച്ചുവട്ടിലിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ അമ്മുവിന് വീട്ടിലെ ഡൈനിങ് ടേബിളാണ് ഓർമവന്നത്. അമ്മുവിന് ഭക്ഷണമെടുത്ത് വച്ചിട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റുപോകുന്ന അമ്മ. അമ്മുവിനെ അമ്മ ഒന്നിനും വഴക്കു പറയാറില്ല. ഒന്ന് സ്നേഹത്തോടെ സംസാരിക്കാറുമില്ല. ആകെ ചോദിക്കുന്നത് സ്കൂളിലെ വിഷയമാണ്. ഒരു ദിവസം അച്ഛൻ സ്കൂളിൽ വന്നിട്ട് അമ്മുവിനെ കാണിക്കാൻ ടീച്ചർ തയാറായില്ല. കോടതിയിൽനിന്ന് അതിനു പ്രത്യേക അനുമതി വാങ്ങിയിട്ടില്ലെന്നാണ് ടീച്ചർ പറഞ്ഞത്.

ഇപ്പോൾ അമ്മ കോടതിയിലാണ്. കുഞ്ഞിനെ കൊണ്ടുവരാത്തതെന്തെന്ന് ചോദിക്കുമ്പോൾ, അമ്മുവിനു പനിയാണെന്ന് പറഞ്ഞിട്ടുണ്ടാവും. പാവം അച്ഛൻ കോടതിയിലെ റജിസ്റ്ററിൽ ഒപ്പിട്ടിട്ട് പോയിരിക്കും. ഒരിക്കൽകൂടി വിജയിച്ചതിന്റെ ആഹ്ലാദത്തിൽ അമ്മ ഇപ്പോൾ കടന്നുവരും അമ്മുവിനു മതിയായി ഇൗ ജീവിതം. ആ നാടോടി കുടുംബത്തിലേക്കു പോയാലോയെന്നാലോചിച്ചുവെങ്കിലും, ആ പാവങ്ങൾക്ക് പൊലീസിന്റെ ഇടി വാങ്ങിക്കൊടുക്കാനാവില്ലല്ലോ.

പിന്നെ, എന്താണ് വഴിയെന്നാലോചിച്ചപ്പോൾ അമ്മുവിന് ഒരു ബുദ്ധി തോന്നി. ഇവിടെനിന്നുമിറങ്ങി എങ്ങോട്ടെങ്കിലും പോയാലോ? അപ്പോൾ അമ്മുവിനെ തേടി അച്ഛനും അമ്മയും ഒരുമിച്ചിറങ്ങുമായിരിക്കും. അമ്മയുടെ കാര്യത്തിൽ അമ്മുവിനു വലിയ ഉറപ്പില്ല. ഫെയ്സ്ബുക്കിലൂടെയും പൊലീസിന്റേയും സഹായത്താൽ അമ്മുവിനെ കണ്ടെത്തുമ്പോൾ, അമ്മു പറയും അച്ഛനും അമ്മയുംകൂടി ഒരുമിച്ച് താമസിക്കാമെങ്കിൽ, അമ്മുവിനു വീട്ടിലേക്കു വരാൻ സമ്മതമാണെന്ന്. ഫ്ലാറ്റിൽനിന്ന് ഇറങ്ങിയ അമ്മു അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ റെയിൽപ്പാത മുറിച്ചു കടന്നപ്പോൾ ചീറിപ്പാഞ്ഞുവന്ന തീവണ്ടിയുടെ ശബ്ദം കേട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com