ADVERTISEMENT

നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയതിന്റെ 26–ാം ദിവസമാണ് ഇന്ത്യ ബഹിരാകാശ ഗവേഷണകേന്ദ്രത്തിനു (ഇസ്‌റോ) തുടക്കമിട്ടത്; 1969 ഓഗസ്റ്റ് 15ന്. 50 വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണദൗത്യമായ ‘ചന്ദ്രയാൻ 2’ ചന്ദ്രനിലേയ്ക്കുള്ള യാത്രയിലാണ്.

അരനൂറ്റാണ്ടിനിടെ ബഹിരാകാശ ഗവേഷണരംഗം ആകാശത്തോളം വലുതായി.  എന്നിട്ടും യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികൾ ഇന്ത്യൻ ചാന്ദ്രദൗത്യത്തെ വിശേഷിപ്പിക്കുന്നത് വിസ്മയം എന്നാണ്.

കാരണം, ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ബഹിരാകാശദൗത്യങ്ങൾ നടത്തുന്നത് ഇസ്‌റോയാണ്. മറ്റു രാജ്യങ്ങൾക്കൊന്നും സങ്കൽപിക്കാൻ പോലും കഴിയാത്ത വെല്ലുവിളി.  

തുടക്കം ഇൻകോസ്പാർ 

1957ൽ റഷ്യ സ്പുട്നിക് 1 വിക്ഷേപിച്ചതോടെ ഈ മേഖലയിലെ ഭാവി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായിരുന്നു 1962ൽ രൂപം നൽകിയ ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച് (ഇൻകോസ്പാർ).

വിക്രം സാരാഭായ് ആദ്യ ചെയർമാൻ. മലയാളികളായ വൈനു ബാപ്പുവും എം.ജി.കെ.മേനോനും പി.ആർ.പിഷാരടിയും കമ്മിറ്റി അംഗങ്ങൾ. അതേവർഷം തന്നെ യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരണ കരാർ ഒപ്പിട്ടു.

നാസ 4 റോക്കറ്റുകളും വിക്ഷേപണ ഉപകരണങ്ങളും പരിശീലനവും നൽകും. വിക്ഷേപണത്തിനുള്ള സ്ഥലവും വിദഗ്ധരെയും റോക്കറ്റിൽ ഘടിപ്പിക്കാനുള്ള പേലോഡും ഇന്ത്യ നൽകണമെന്നായിരുന്നു വ്യവസ്ഥ.   

വിസ്മയത്തുമ്പ

തെക്കൻ തീരമാണ് റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് ഏറ്റവും യോജ്യമെന്ന് വിക്രം സാരാഭായ് തിരിച്ചറിഞ്ഞിടത്താണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് കേരളത്തിന്റെ ചരിത്രം തുടങ്ങുന്നത്.  

തിരുവനന്തപുരം ജില്ലയിലെ തുമ്പയിൽ അങ്ങനെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയർന്നു. 1963 നവംബർ 21ന് വൈകിട്ട് 6.25ന് തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) നിന്ന് നൈക്ക് അപ്പാച്ചെ റോക്കറ്റ്  കുതിച്ചുയർന്നു.

ഇന്ത്യയുടെ ബഹിരാകാശ പര്യവക്ഷേണത്തിന്റെ തുടക്കം. 180 കിലോമീറ്റർ ഉയരത്തിൽ ഫ്രഞ്ച് നിർമിത സോഡിയം പേലോഡ് വിന്യസിച്ചു.

കാറ്റിന്റെ ദിശ, വേഗം, വ്യാപനം, മർദം എന്നിവ കണ്ടുപിടിക്കാനായിരുന്നു ആ ദൗത്യം. 

പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായ ഡോ: എ.പി.ജെ.അബ്ദുൽ കലാം ഉൾപ്പെടെയുള്ളവരാണ് ആദ്യവിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ചത്. 

പിന്നീട് ഇതുവരെ മൂവായിരത്തിലേറെ റോക്കറ്റുകൾ തുമ്പയിൽനിന്ന് വിക്ഷേപിച്ചു. 

ഇസ‌്റോയുടെ പിറവി

സ്വന്തമായി ചെറിയ റോക്കറ്റും ഇന്ധനവും നിർമിക്കാനുള്ള ശേഷി കൈവരിച്ചു കഴിഞ്ഞതോടെ മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തമായി വിക്ഷേപണം നടത്താനുള്ള ഒരുക്കങ്ങൾ ഇന്ത്യ തുടങ്ങി.

അനുദിനം വളരുന്ന ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇൻകോസ്പാർ മതിയാകുന്നില്ലെന്നു കണ്ടതോടെയാണ് 1969ൽ അണുശക്തിവകുപ്പിനു കീഴിൽ ഇന്ത്യൻ ബഹിരാകാശ സംഘടന(ഇസ്റോ)യ്ക്ക് രൂപം നൽകിയത്. സാരാഭായ് തന്നെയായിരുന്നു ആദ്യ ചെയർമാൻ. 

ശ്രീഹരിക്കോട്ടയിൽ ഉപഗ്രഹ ടെലിമെട്രി സ്റ്റേഷൻ സ്ഥാപിക്കാനായി ശ്രമിച്ചപ്പോൾ ആവശ്യത്തിനു പണമില്ല.

അതിനിടെ ഓസ്ട്രേലിയയിൽ പഴയ ടെലിമെട്രി സ്റ്റേഷൻ പൊളിച്ചുവിൽക്കാൻ പോകുന്നുവെന്നു സാരാഭായ് അറിഞ്ഞു. 90 ശതമാനം വില കുറച്ച് അതുവാങ്ങിയാണ് ശ്രീഹരിക്കോട്ടയിൽ സ്ഥാപിച്ചത്.  

സൂര്യനും ശുക്രനും വ്യാഴവും 

ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാവുന്ന ഉപഗ്രങ്ങളെക്കുറിച്ചായിരുന്നു ഇസ്റോയുടെ ആദ്യ കാൽ നൂറ്റാണ്ടുകാലത്തെ ചിന്ത.

ജിഎസ്എൽവി റോക്കറ്റ് പൂർണസജ്ജമായതോടെ ഇനി വേണമെങ്കിൽ ചന്ദ്രനിലും പോകാം എന്ന ചിന്ത ആയിടെയാണ് രൂപംകൊണ്ടത്. 2003ൽ ഇന്ത്യ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചു. സോമയാൻ എന്നായിരുന്നു ആദ്യപേര്. 2008 ഒക്ടോബർ 22 ന് പിഎസ്എൽവി സി 2 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. നവംബർ 14ന് ചന്ദ്രയാനിലെ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ ഇടിച്ചിറക്കി. ലോകം കയ്യടിച്ചു. 

2000 രൂപയുടെ നോട്ടിൽ അച്ചടിച്ച ഇന്ത്യൻ അഭിമാനത്തിന്റെ പ്രതീകമാണ് മംഗൾയാൻ.  2013 നവംബർ 5നു വിക്ഷേപിച്ചു. 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇപ്പോഴും വിവരങ്ങൾ കൈമാറി അവിടെത്തന്നെ തുടരുന്നു.

പേടകം തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണവും അന്തരീക്ഷവായു ഇന്ധനമാക്കുന്ന റോക്കറ്റിന്റെ ചെറുപതിപ്പിന്റെ പരീക്ഷണവും പൂർത്തിയായി.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവും സൂര്യപര്യവേക്ഷണത്തിനുള്ള ആദിത്യയും ശുക്രപര്യവേക്ഷണത്തിനുള്ള വീനസും അണിയറയിൽ ഒരുങ്ങുന്നു. 

ബഹിരാകാശ ഗവേഷണത്തിന് അതിരുകളില്ല. ഇന്ത്യയുടെ കുതിപ്പും കരുത്തും ലോകം കാണാനിരിക്കുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com