ADVERTISEMENT

ചേക്കുട്ടിപ്പാവ എന്ന ആശയം ആദ്യം പിറന്നതു സംരംഭകയും ഡിസൈനറുമായ ലക്ഷ്മി മേനോന്റെ മനസ്സിലാണ്. ചേന്ദമംഗലത്തെ പ്രളയഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ സുഹൃത്ത് ഗോപിനാഥ് പാറയിലാണ് കൈത്തറിത്തൊഴിലാളികളുടെ ദുരിതം ലക്ഷ്മി മേനോനോടു പറഞ്ഞത്. 

ചേന്ദമംഗലത്തെത്തി കരിമ്പാടം സഹകരണ സംഘത്തിൽനിന്നു ചേറിൽ പുതഞ്ഞ 3 സാരികൾ വാങ്ങുമ്പോഴും എന്തു ചെയ്യണമെന്നു ലക്ഷ്മി മേനോനു ധാരണയുണ്ടായിരുന്നില്ല. സ്വന്തം സ്ഥാപനത്തിൽ തിരിച്ചെത്തി സാരി മുറിച്ചും ചേർത്തും വച്ചു.

ചേക്കുട്ടിയുടെ ആദ്യ രൂപം പിറന്നു.  2018 സെപ്റ്റംബർ ഒൻപതിനു ചേക്കുട്ടിപ്പാവ ഔദ്യോഗികമായി ‘പിറന്നു’. പനമ്പിള്ളി നഗറിലായിരുന്നു ആദ്യ വിൽപന. 

സംഭവം വാർത്തയായതോടെ പ്രളയം ബാധിച്ച ചേന്ദമംഗലം കൈത്തറിക്കുടുംബങ്ങളിലെ അംഗങ്ങളും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളുമൊക്കെയടങ്ങുന്ന കൂട്ടായ്മകൾ ചേക്കുട്ടിപ്പാവകളുണ്ടാക്കി. 

നിശ്ചയിച്ചതിന്റെ പലമടങ്ങ് വില നൽകിയാണ് വിദേശങ്ങളിലുള്ളവർ ചേക്കുട്ടിയെ വാങ്ങിയത്.  വരുമാനമെല്ലാം ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾക്കായിരുന്നു. 

ചേക്കുട്ടിപ്പാവ ലോകമെങ്ങും ഉയിർത്തെഴുന്നേൽപിന്റെ പ്രതീകമാകാൻ അധികം സമയമെടുത്തില്ല. രാജ്യാന്തര സമ്മേളനങ്ങളിൽ ‘ചേക്കുട്ടി’ സമ്മാനമായി. 

1200 രൂപയുടെ സാരിയിൽ നിന്ന് 9000 രൂപയുടെ ചേക്കുട്ടിപ്പാവകൾ വരെ പിറന്നു.  43 ലക്ഷം രൂപയാണ് ചേക്കുട്ടിപ്പാവകളിലൂടെ ലഭിച്ചത്. ഒന്നരലക്ഷത്തോളം പാവകൾ ഇതുവരെ വിറ്റതായി ലക്ഷ്മി  പറഞ്ഞു. 

കടലാസ് വഞ്ചി

പ്രളയജലത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്കു വേണ്ടി FRIEND-SHIP എന്ന പേരിൽ ഇൻഷുറൻസ് പദ്ധതിയെന്ന ലക്ഷ്മി മേനോന്റെ ആശയം ആദ്യഘട്ടം വിജയകരമായി പിന്നിട്ടു.

24 രൂപ അടച്ച്, ഒരു മത്സ്യത്തൊഴിലാളിക്ക് ഒരു ലക്ഷം രൂപയുടെ വാർഷിക ഇൻഷുറൻസ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ഇതിനകം പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്കുള്ള തുക മറ്റുള്ളവർ അടച്ചു കഴിഞ്ഞു. 

 www.makefriendship.org എന്ന വെബ്സൈറ്റിലൂടെയാണ് ഇത് ഏകോപിപ്പിച്ചത്. ‌ 

ചേറിൽ നിന്നുയർന്ന പൂമരം

ചേറിൽ നിന്നു നെയ്തെടുത്ത പൊന്നാടകളുമായി ഓണത്തെ വരവേൽക്കുകയാണ് ചേന്ദമംഗലം കൈത്തറി.

പത്രവാർത്തകളിലൂടെ വിവരമറിഞ്ഞാണ് ഓഗസ്റ്റ് അവസാനവാരം കൊച്ചിയിലെ ഡിസൈനർ ശാലിനി ജയിംസ് ചേന്ദമംഗലത്തെത്തിയത്.

അപ്പോഴേക്കും പ്രളയജലമിറങ്ങിയിരുന്നു. കുടുസു മുറികളിൽ അട്ടിയിട്ട തുണികൾ നനഞ്ഞു കുതിർന്നിരുന്നു. 

‘തുണി പുറത്തെടുത്തു ഡ്രൈക്ലീൻ ചെയ്തെടുത്താൽ വസ്ത്രങ്ങളുണ്ടാക്കാൻ കഴിയുമെന്നു തോന്നി.  സഹകരണ സംഘമായതിനാൽ പണമടയ്ക്കാതെ തുണി പുറത്തു കൊണ്ടുപോകാൻ കഴിയില്ല. 

 സെപ്റ്റംബർ ഒന്നിനു ശാലിനി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. സമൂഹമാധ്യമങ്ങൾ അതേറ്റെടുത്തു.  നശിച്ചുപോകുമായിരുന്ന തുണി വാങ്ങാൻ വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെത്തി. 

ശാലിനിയുടെ നേതൃത്വത്തിൽ തുണികൾ ഡ്രൈക്ലീൻ ചെയ്തു നൽകി.  10 ദിവസത്തിനകം വിറ്റുപോയത് 40 ലക്ഷം രൂപയുടെ നനഞ്ഞ തുണികൾ!

വൻകിട കമ്പനികൾ സാമൂഹികസുരക്ഷാ പദ്ധതികളുടെ ഭാഗമായി സഹായവുമായെത്തി.  

ബജാജ് ഇലക്ട്രിക്കൽസ് തറികൾ പുനർനിർമിക്കാനായി 20 ലക്ഷം രൂപയും സംഘത്തിന്റെ ഷോറൂം നവീകരണത്തിന് 7 ലക്ഷം രൂപയും നൽകി. 

 ജനുവരിയോടെ  ഉൽപാദനം തുടങ്ങി.  ഇത്തവണ 55  ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് ഓണത്തിനു വേണ്ടി സംഘം തയാറാക്കിയിരിക്കുന്നത്. ഇതല്ലേ ചേന്ദമംഗലത്തിന്റെ പൊന്നോണം?  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com