ADVERTISEMENT

1942 ഒക്ടോബർ 12. കോഴിക്കോട് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതി. 

‘‘നിങ്ങൾക്കു വല്ലതും പറയാനുണ്ടോ?’’ – മജിസ്ട്രേട്ട് ചോദിച്ചു. 

ആ ചെറുപ്പക്കാരൻ തലയുയർത്തി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

‘‘ഞാൻ സ്വതന്ത്ര ഇന്ത്യയിലെ ഒരു പൗരനാണ്. എനിക്ക് ഈ ഗവൺമെന്റിലോ അതിന്റെ ന്യായത്തിന്റെ പ്രഹസനം നടത്തുന്ന ഈ കോടതിയിലോ വിശ്വാസമില്ല. അതുകൊണ്ട് ഞാൻ ഈ കോടതിയെ എതിർക്കുകയാണ്.

ഒരിന്ത്യക്കാരനായ താങ്കൾ ബ്രിട്ടിഷ് ഗവൺമെന്റിന്റെ മൂടുതാങ്ങുന്ന ഈ ഉദ്യോഗം രാജിവച്ച് ഇറങ്ങി വന്നു ഞങ്ങളോടൊപ്പം ചേർന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുവാൻ ഞാൻ താങ്കളോട് അഭ്യർഥിക്കുന്നു’’. 

ആത്മാഭിമാനം പണയം വയ്ക്കാത്ത ഒരു സ്വാതന്ത്ര്യ സമരഭടന്റെ വാക്കുകളായിരുന്നു അത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തമായ കാലത്തു ബ്രിട്ടിഷുകാരുടെ കോടതിയിൽവച്ച് ഇങ്ങനെ തലയുയർത്തി വിളിച്ചുപറഞ്ഞതു കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ നടുവിലക്കണ്ടി ദാമോദരൻനായരായിരുന്നു.

1942ലെ ഓഗസ്റ്റ് സമരത്തിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ അട്ടിമറി കേസായിരുന്ന ഉള്ള്യേരി പാലംപൊളി കേസിലെ ഒന്നാം പ്രതി. കർണാടക ബെള്ളാരിയിലെ ആലിപുരം ജയിലിൽ അഞ്ചുവർഷത്തെ പീഡനത്തിനിരയായ സ്വാതന്ത്ര്യ സമരഭടൻ. 

അധ്യാപകനായിരുന്ന ദാമോദരൻനായർക്ക്  സാമ്രാജ്യത്വത്തെ എതിർക്കാൻ ധൈര്യം കിട്ടിയതു ഗാന്ധിജിയുടെ ഒരു ആഹ്വാനത്തിൽനിന്നാണ്: ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’. 

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിലെ സാധാരണക്കാർ നടത്തിയ ത്യാഗോജ്വല പോരാട്ടങ്ങളിലേക്കു വെളിച്ചം പകരുന്നതാണ് ദാമോദരൻനായരുടെ ഡയറിക്കുറിപ്പുകൾ.

ദീർഘകാലം വിസ്മൃതിയിലായിരുന്ന ഡയറിക്കുറിപ്പുകൾ പുറത്തുവന്നതു കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറും ചരിത്ര ഗവേഷകനുമായ ഡോ. പി. ശിവദാസന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിന്റെ ഫലമായാണ്.

ദാമോദരൻനായരുടെ ഇളയ മകൻ സേതുമാധവൻ നായരാണ് ഡയറി സൂക്ഷിച്ചിരുന്നത്. 

1913 മാർച്ച് 18ന് ആയിരുന്നു ദാമോദരൻനായരുടെ ജനനം. മൊടക്കല്ലൂർ എൽപി സ്കൂളിൽ അധ്യാപകനായിരുന്ന കാലത്താണ് സ്വാതന്ത്ര്യസമരത്തിന് ഇറങ്ങിയത്. 

1942 ഓഗസ്റ്റ് 8നു ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കി.

ഗാന്ധിജി അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. കോൺഗ്രസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം നേതൃത്വം ഏറ്റെടുത്തതു ജയപ്രകാശ് നാരായൺ ആയിരുന്നു. 

ശേഷം ദാമോദരൻ നായരുടെ ഡയറിക്കുറിപ്പിൽ നിന്ന്: 

‘‘പൊലീസിനു പിടികൊടുക്കാതെ ഒളിവിലിരുന്നു പ്രവർത്തിക്കുക. നാടൊട്ടുക്കും കൂടുതൽ നശീകരണ പ്രവർത്തനം നടത്തുക– ഇതായിരുന്നു ജയപ്രകാശ് നാരായണന്റെ നയം.  

സമരപ്രഖ്യാപന സമയത്തു കേരളത്തിലെ നേതാക്കളെല്ലാം ബോംബെയിലായിരുന്നു. കെ. കേളപ്പൻ, കെ. മാധവൻനായർ, ഇ. മൊയ്തുമൗലവി, എ.വി. കുട്ടിമാളുവമ്മ തുടങ്ങിയവരെല്ലാം അറസ്റ്റിലായി. 

sundayletter1
ദാമോദരൻ നായരുടെ ഡയറിക്കുറിപ്പിൽനിന്ന്

വിവരമറിഞ്ഞ ഉടൻ ഞാൻ സ്കൂളിൽനിന്ന് ഇറങ്ങിപ്പോന്നു. ഇനി ബ്രിട്ടിഷ് ഇന്ത്യയിൽ നിൽക്കുന്നത് അപകടമാണെന്നു മനസ്സിലാക്കി ഐ.കെ. കുമാരൻ മാസ്റ്ററെ കാണാൻ മയ്യഴിയിലേക്കു പുറപ്പെട്ടു.

റെയിൽവലി, കമ്പിമുറി, തീവയ്പ്, പാലംപൊളി മുതലായവ നടത്തണമെന്നു പറയുന്ന ലഘുലേഖ കുമാരൻമാസ്റ്റർ കാട്ടിത്തന്നു. ഗവൺമെന്റ് ഓഫിസുകൾക്കു തീവയ്ക്കാൻ പെട്രോൾ വേണം.

യുദ്ധകാലമായതിനാൽ പെട്രോളിനു റേഷനാണ്. കണ്ണൂരിലെ കായത്ത് ദാമുവിനെ സമീപിച്ചപ്പോൾ നാലു ഗാലൻ പെട്രോൾ ലഭിച്ചു.

പാലത്തിന്റെ ബോൾട്ട് ഇളക്കാൻ കുമാരൻ മാസ്റ്റർ ഒരു വലിയ സ്പാനറും തന്നു.  കൊയിലാണ്ടിയിലെത്തി റെയിലിന്റെ സ്‍ലീപ്പർ കത്തിക്കാൻ ഒരു ഗാലൻ പെട്രോൾ പ്രവർത്തകർക്കു നൽകി. ചേമഞ്ചേരി റജിസ്ട്രാപ്പീസും റെയിൽവേ സ്റ്റേഷനും കത്തിക്കാൻ രണ്ടു ഗാലൻ പെട്രോൾ നൽകി.

അത്തോളിയിലെ പ്രവർത്തകർക്ക് ഒരു ഗാലൻ പെട്രോളും നൽകി. കുന്നത്തറ സർക്കാർ ആലയും ഉള്ള്യേരിയിലെ അംശക്കച്ചേരിയും കോക്കല്ലൂരിലെ അംശക്കച്ചേരിയും കത്തിക്കാൻ ഏർപ്പാടാക്കി.

∙ ഉള്ള്യേരി പാലം പൊളി

വടകരയിലെ മുട്ടുകൽ ഗേറ്റിനടുത്തുള്ള റെയിൽ വലിക്കാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യാൻ വി.പി. കുഞ്ഞിരാമക്കുറുപ്പും കൊയിലാണ്ടിയിലെ ചേമഞ്ചേരി, കുന്നത്തറ, വെള്ളൂർ, ഉപ്പുതറ, ഉള്ള്യേരി എന്നിവയുടെ ഏർപ്പാട് ചെയ്യാൻ ഞാനുമാണ് ചുമതലയേറ്റത്.

19നു വൈകുന്നേരം ഞാൻ ചേമഞ്ചേരിയിലെത്തി പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. വെള്ളൂർ, കുന്നത്തറ വഴി ഉള്ള്യേരിയിലെത്തിയപ്പോഴേക്കും സന്ധ്യയാകാറായിരുന്നു. പ്രവർത്തകരെല്ലാം ഉഷാറോടെ പാലത്തിൽ കയറി കാത്തുനിൽപുണ്ട്. ഉ‌ടനെ പാലംപൊളിക്കാൻ തുടങ്ങി.

ഏതാണ്ട് രണ്ടുമണിക്കൂർ കൊണ്ടു പാലം പൊളിച്ചുനീക്കി. പാലംപൊളിയിൽ ഞാൻ, കെ. ശങ്കരൻ നായർ, എം. മാധവൻ നമ്പ്യാർ, എം. നാരായണൻ നമ്പ്യാർ, കെ. അച്യുതൻ നായർ, എം. അപ്പുക്കുട്ടി നമ്പ്യാർ എന്നിവരാണു സജീവമായി പങ്കെടുത്തത്. 

പാലംപൊളിച്ചു കഴിഞ്ഞ് ഞങ്ങൾ  സ്ഥലംവിടുന്നതിനു മുൻപായി കപ്പക്കിഴങ്ങും കയറ്റി ഒരു കാളവണ്ടി വന്നു. ഉടമ വണ്ടിയിൽ നിന്നിറങ്ങി വന്നു നോക്കിയപ്പോൾ പാലം കാണാനില്ല. അയാൾ നെഞ്ചത്തടിച്ചു നിലവിളിച്ചു.

പറമ്പ് പണയപ്പെടുത്തി വാങ്ങിയ പണം കൊണ്ടാണ് കപ്പ വാങ്ങിയത്. അതു കൊയിലാണ്ടിയിൽ കൊണ്ടുപോയി വിറ്റു കാശാക്കണം. ദിവസം കഴിഞ്ഞാൽ കപ്പ നീലിച്ച് കേടാകും. വാങ്ങാനാളില്ലാതെ മുഴുവൻ നഷ്ടമാകും എന്നു പറഞ്ഞു കൊണ്ടാണ് അയാൾ കരയുന്നത്.

ഞങ്ങൾ പാലത്തിന്റെ പൊളിച്ച പലകകൾ നിരത്തി വണ്ടി അക്കരെ കടത്തിവിട്ട ശേഷം മുഴുവൻ പലകകളും കൊത്തിനുറുക്കി ഒഴുക്കി വിട്ടു. ഒട്ടേറെ വാഹനങ്ങൾ പാലത്തിന്റെ ഇരുവശത്തും വന്നു മടങ്ങിപ്പോയി.

സുമാർ 9 മണിക്ക് ഞങ്ങൾ ഉള്ള്യേരി അംശക്കച്ചേരിയിലേക്കു പോയി. അവിടെ അന്നേരം താലൂക്ക് ഡപ്യൂട്ടി സർവേയറും അംശം മേനവനും റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ എന്തോ ജോലി ചെയ്യുകയാണ്.

സഹപ്രവർത്തകരെ വഴിയിൽ നിർത്തി ഞാൻ കച്ചേരിയിലേക്കു കടന്നുചെന്ന് ഞങ്ങൾ പാലംപൊളിച്ചു വരികയാണെന്നും അംശക്കച്ചേരി കത്തിക്കാൻ പോകുകയാണെന്നും പറഞ്ഞു.

സമീപത്തൊന്നും പരിചയമുള്ള വീടില്ലെന്നും രക്ഷപ്പെടാൻ വഴിയില്ലെന്നും അവർ പറഞ്ഞപ്പോൾ, ഞങ്ങൾ കോക്കല്ലൂർ അംശക്കച്ചേരി കത്തിച്ചു മടങ്ങിവരുമ്പോഴേക്കും രക്ഷപ്പെട്ടോളണമെന്നു പറഞ്ഞ് ഞങ്ങൾ മടങ്ങി.

കോക്കല്ലൂർ അംശക്കച്ചേരിയിൽ ചെന്നു നാലുമൂലയ്ക്കും തീവച്ചു. എല്ലാം കത്തിച്ചാമ്പലായ ശേഷം ഞങ്ങൾ സ്ഥലംവിട്ടു. മടങ്ങിയെത്തിയപ്പോഴും ഉള്ള്യേരിയിലുള്ള സർവേയർ പോയിരുന്നില്ല.

രക്ഷപ്പെടാൻ വഴിയില്ലെന്നും ഒരുദിവസത്തേക്കു മാറ്റിവയ്ക്കണമെന്നും അവർ കാലുപിടിച്ചു കരഞ്ഞപ്പോൾ ഞങ്ങൾ സമ്മതിച്ചു. എല്ലാവരും മടങ്ങിപ്പോകാൻ തീരുമാനിച്ചു.

സ്വന്തം വീട്ടിൽ പോകരുതെന്നും എംഎസ്പിക്കാർ* തിരഞ്ഞു വരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു കൊടുത്തു. എന്റെ വീട്ടിലേക്കു പോകാതെ വഴിയിലെ ഒരു വീട്ടിൽ കിടന്നു.

പുലർച്ചെ എംഎസ്പിക്കാർ എന്റെ വീട്ടിലേക്കു പോകുന്നതും മടങ്ങിപ്പോകുന്നതും വാഴയുടെ മറവിൽനിന്നു കൊണ്ടു കണ്ടു.

ഒളിവിലിരുന്നുകൊണ്ടു കൂടുതൽ പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു. 

∙ ഒടുവിൽ അറസ്റ്റ്

കരുവള്ളൂരിലെ എന്റെ ഇളയച്ഛന്റെ പുത്തലത്ത് എന്ന വീടിന്റെ മാളികയിൽ ഒളിവിൽ കഴിയുമ്പോൾ ഒരുദിവസം രാവിലെ അച്ഛന്റെ അമ്മ അവിടെ വന്നു. അവർ എല്ലാ മുറികളിലും പോയി നോക്കും.

ഒടുവിൽ ഞാൻ കിടക്കുന്ന മുറിയിലും വന്നു. മുത്തശ്ശിയെ കണ്ടപ്പോൾ തന്നെ കാര്യം അവതാളത്തിലായെന്നു മനസ്സിലായി. എന്നെ കണ്ടത് ആരോടും പറയരുതെന്നു പറഞ്ഞു. ഉച്ചയൂണു കഴിഞ്ഞ് മുത്തശ്ശി തിരിച്ചു പോയി.

അന്നു രാത്രി എന്റെ സഹോദരീ ഭർത്താവും കുറച്ചാളുകളും പുത്തലത്തെത്തി. വയസ്സുകാലത്ത് അച്ഛനമ്മമാരെ കഷ്ടത്തിലാക്കാതെ ഉടൻ പൊലീസിൽ ഹാജരാകാൻ അച്ഛൻ പറഞ്ഞതായി അദ്ദേഹം അറിയിച്ചു.

കീഴടങ്ങുന്ന പ്രശ്നമില്ല. ഞാൻ നാളെ തറവാടായ നടുവിലെക്കണ്ടിയിലേക്കു പോകുന്നുണ്ട്. അവർ വന്ന് അറസ്റ്റ് ചെയ്തു കൊള്ളട്ടെ എന്നും പറ‍ഞ്ഞു. പിറ്റേ ദിവസം രാവിലെ ഞാൻ നടുവിലെക്കണ്ടിയിലെത്തി.

പ്രവർത്തകരെയെല്ലാം കണ്ട് വിവരം പറഞ്ഞ് ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ ഏൽപിച്ചു. രാത്രി 10നു കൊയിലാണ്ടി പൊലീസ് വന്ന് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. 

എനിക്കും എന്നോടൊപ്പം സ്റ്റേറ്റ്മെന്റ് കൊടുത്തവർക്കും അഞ്ചുകൊല്ലത്തെ ഡിഫൻസ് ഓഫ് ഇന്ത്യ പ്രകാരവും 6 മാസത്തെ സിപിസി പ്രകാരവും ശിക്ഷ വിധിച്ചു.  

∙ ജയിൽ ജീവിതം 

ഞങ്ങൾ എത്തുന്നതിനു രണ്ടു ദിവസം മുൻപാണ് ബെല്ലാരി ആലിപുരം ജയിലിൽ ഭയങ്കരമായ ലാത്തിച്ചാർജ് ഉണ്ടായത്.  അന്നത്തെ ജയിൽ സൂപ്രണ്ട് ഒരു ബ്രിട്ടിഷുകാരനായിരുന്നു. കോൺഗ്രസുകാരോട് ഭയങ്കര പകയും വിദ്വേഷവുമായിരുന്നു അദ്ദേഹത്തിന്. 

ഞങ്ങൾ ചെല്ലുമ്പോൾ ജയിലിലെ ചുമരിലെല്ലാം രക്തം കട്ടപിടിച്ചിരുന്നു. ആറു പേർക്കു കാലുകളില്ല. നമ്മുടെ ഐ.കെ. കുമാരൻ മാസ്റ്റർക്ക് മുഖത്തു ലാത്തിത്തല്ലുകൊണ്ട് മൂക്കിന്റെ എല്ലു പൊട്ടി മൂക്കു വളഞ്ഞു പോയി.

ആകെക്കൂടി ജയിൽ അന്തരീക്ഷം ഭയാനകമായിരുന്നു. കാരണമില്ലാതെ മുൻകൂട്ടി ആസൂത്രണം ചെയ്ത ലാത്തിച്ചാർജ് ആയിരുന്നു അത്. അതോടെ ജയിൽ വാർഡർമാർ തിളച്ചുമറിയുകയായിരുന്നു. 

 1944നു ശേഷം സംസ്ഥാനത്തിലെ എല്ലാവിധ രാഷ്ട്രീയ തടവുകാരെയും ബെല്ലാരി ആലിപുരം ജയിലിലേക്കു കൊണ്ടുവന്നു. അവരിൽ കുറെ കമ്യൂണിസ്റ്റ് തടവുകാരുമുണ്ടായിരുന്നു.

മൊറാഴ കൊലക്കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട്, മഹാത്മാഗാന്ധി ഇടപെട്ടതിനാൽ വധശിക്ഷ ജീവപര്യന്തമായി  മാറ്റിക്കിട്ടിയ കെ.പി.ആർ. ഗോപാലനും കെ.പി.ആർ. രയരപ്പനും ഉണ്ടായിരുന്നു.

ഉപ്പ് ഡിപ്പോ മാനേജരായിരുന്ന സായിപ്പിനെ വെട്ടിക്കൊന്ന തമിഴ്നാട്ടിലെ വധശിക്ഷ ഒഴിവാക്കിക്കിട്ടിയ കാശിരാജനെന്ന ക്വിറ്റ് ഇന്ത്യാ സമരഭടനുമുണ്ടായിരുന്നു. 

ക്വിറ്റ് ഇന്ത്യാ സമരക്കാരായ തടവുകാർ കമ്യൂണിസ്റ്റ് തടവുകാരെ ആക്രമിക്കാൻ പദ്ധതിയിട്ടു.  മലയാളി കമ്യൂണിസ്റ്റുകാരെ മറ്റാരും ആക്രമിക്കരുതെന്നും മലയാളികളായ ഞങ്ങൾ തന്നെ മർദിച്ചുകൊള്ളാമെന്നും പറ‍ഞ്ഞു.

ഓരോ ഭാഷക്കാരും അതതു ഭാഷക്കാരെ മർദനവിധേയരാക്കാൻ തീരുമാനിച്ചു. അതുപ്രകാരം തെലുങ്കർ തെലുങ്ക് കമ്യൂണിസ്റ്റുകാരെയും തമിഴർ തമിഴ് കമ്യൂണിസ്റ്റുകാരെയും ആക്രമിച്ചു. മലയാളികൾ മാത്രം മലയാളി കമ്യൂണിസ്റ്റുകാരെ ഒന്നും ചെയ്തില്ല’’.  

1947 മാർച്ച് 3ന് ആണ് ദാമോദരൻ നായർ ജയിൽ മോചിതനായത്. സ്വാതന്ത്ര്യാനന്തരം അധ്യാപക ജോലിയിൽ തിരിച്ചുകയറി. 1994 മാർച്ച് 16ന് മരിച്ചു.

* എംഎസ്‌പി: മലബാർ  സ്പെഷൽ പൊലീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com