ADVERTISEMENT

മ്മള് ഇവിടെ ചെറിയൊരു കഥ പറയാൻ വന്നതാണിഷ്ടാ... അപ്പോ എങ്ങനാ? തുടങ്ങിക്കളയാല്ലേ?

എന്റെ പേര് വാസുദേവൻ, എന്തേ നല്ല ഇജഗുണ്ട് പേരല്ലേ ഗഡിയേ... നാട്ടാരൊക്കെ മ്മെ വാസൂട്ടൻ എന്നാ വിളിക്കാ. അതല്ലേലും തൃശൂര് ഗഡികളങ്ങനാ... ആ പറയട്ടെ... ഞാൻ ഇവിടെ കോട്ടയം മെഡിക്കൽ കോളജിൽ ഉണ്ടിട്ടോ.

ഇപ്പം കിടാങ്ങളാലോചിക്കുന്നുണ്ടാകും, മ്മടെ തൃശൂര് ആശുപത്രിയില്ലാഞ്ഞിട്ടാണോ മ്മ ഇവിടെ വന്നു കിടക്കണേന്ന്. മ്മ ഒരു ഓട്ടോ ഡ്രൈവറായിരുന്നു ഇഷ്ടാ.. എല്ലാ തൃശൂര് ഗഡ്യോളേം പോലെ മ്മടെ നെഞ്ചിനകത്തും ഫ്രാൻസിസ് പുണ്യാളനും വടക്കുംനാഥനും മാത്രമേ ഉള്ളൂട്ടോ..

കൂടപ്പിറപ്പായിട്ടാരൂല്ലാ. മുകളിൽ ആകാശോം, താഴെ ഭൂമീന്നും പറഞ്ഞാണു മ്മടെ നടപ്പ്... ആയ് കഥ ഇത് എങ്ങട്ടാ പോണേ... കോട്ടയത്ത് ഞാനെവിടാണെന്ന് ങ്ങക്ക് അറിയണ്ടേ... വരിൻ മ്മ കാണിച്ചുതരാല്ലോ.

കോളജിന്റെ ഉള്ളിൽ കേറീട്ട് ഡിസക്‌ഷൻ ഹാൾ എവിടെയാണെന്നു ചോദിക്കിഷ്ടാ...

ആരും പറഞ്ഞുതരും ആ അനക്കമില്ലാത്ത വലിയ മുറിയെപ്പറ്റി... ഇപ്പോൾ ങ്ങക്ക് തോന്നിക്കാണും ഏയ് ഈ ബോറൻ എന്തൂട്ട് കുന്താ പറയണേന്ന്. പേടിയുണ്ടോ? ഞാ‍ൻ ഇന്നു ജീവിച്ചിരിപ്പില്ല. അങ്ങനെ തന്നെയാണു ഗഡിയെ മ്മ കോട്ടയത്തെത്ത്യതും.

ഒരു റോഡപകടത്തിൽ മ്മളെ ദൈവം അങ്ങട് വിളിച്ചൂട്ടോ... പക്ഷേ, മ്മടെ നിയോഗം ഇവിടെ വരാനാരുന്നെന്ന് ആരറിഞ്ഞു. നേരത്തേ പറഞ്ഞൂലോ മ്മക്ക് അങ്ങനെ പറയാനും മാത്രം ആരൂല്ലാന്ന്.. അതുകൊണ്ടുതന്നെ എന്റെ ശരീരം വാങ്ങാൻ ആരും വന്നില്ല.

ഞാനാരേം പ്രതീക്ഷിച്ചതുമില്ല... മരണാനന്തരമുള്ള ഒരു ജീവിതത്തെപ്പറ്റി ഞാനൊരിക്കലും ആലോചിച്ചിട്ടില്ല. എന്നാൽ അതിനൊരവസരം ദാ എന്റെ മുന്നിലങ്ങനെ കിടക്കാണിഷ്ടാ. അപ്പോ വേണ്ടാന്ന് പറയണത് എന്തൂട്ട് പരിപാട്യാ...

എന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ, ദാ അവിടെ വേറെ കുറേ ആളോളും ഉണ്ടാരുന്നു. പാലാക്കാരൻ തോമച്ചായൻ, ഏറ്റുമാനൂരെ രേവമ്മ, പിന്നെ കുറേ ഡോക്ടർമാരും. പക്ഷേ, നമുക്കിടയിൽ ജീവിച്ചിരുന്ന കാലത്തെപ്പോലെ വ്യത്യാസങ്ങളില്ലാട്ടോ.

ഞങ്ങൾ പത്തുപേരും അങ്ങനെ പത്തു മേശകളിലായി കിടക്കും. ഞങ്ങളെ കൂടാതെ വേറെ കുറേ ഗഡ്യേള് ഉള്ളിലെ മുറികളിൽ കിടക്ക്ണണ്ട് ട്ടോ... പക്ഷേ, അവർക്ക് മ്മടേത്രം ഭാഗ്യീല്ല... തോമച്ചായനാണു പറഞ്ഞത് ഇങ്ങനെ മേശമേൽ കിടക്കണേൽ ഒരു യോഗം വേണന്ന്. അങ്ങനെ എന്നെ എന്റെ 6–ാം മേശമേൽ കൊണ്ടു കിടത്തിയപ്പോൾ മ്മടെ സന്തോഷം വേറെ ലെവൽ ആയിരുന്നിഷ്ടാ...

മ്മടെ ടേബിളിൽ 11 പെൺകുട്ട്യോളും നാല് ആൺ കുട്ട്യോളും ഉണ്ട്. ഈ 11 പെൺകുട്ട്യോളുടെ ഇടയിൽ കെടക്കുമ്പോൾ മ്മടെ പഴയ യൗവ്വനകാലം തരളിതമാകൂഷ്ടാ... ആൺകുട്ട്യോളെ മ്മ നോക്കാറേയില്ല... ഹൈയ് ഈ പകുതിപേരും വികൃതി മാറാത്ത ഗഡിയോളാണ്.. ഈ കിടാങ്ങള് കാണിക്കുന്ന കൂത്തു കണ്ടാൽ മ്മടെ കണ്ണുതള്ളി നിൽക്കൂട്ടോ.

ആദ്യം ഞാനവരെ കണ്ട ദിവസം ഇന്നും ഓർക്കുന്നു. അന്നവിടെ നടന്നതു കണ്ടിട്ട് മ്മടെ തൃശൂർ പൂരം ഓർത്തുപോയീട്ടോ.. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും കുടമാറ്റം പോലെ എന്റെ ഈ രണ്ടു വശത്തുമായി കിടാങ്ങള് മൽസരിക്കയാണ്.

പൂരത്തിന്റെ ചെണ്ടമേളം മുറുകുംപോലെ.. അത് ഒരു തൃശൂർക്കാരനു മാത്രമേ മനസ്സിലാവൂട്ടോ.. കിടാങ്ങടെ കൈയിലെ ആയുധങ്ങള് കൂട്ടിമുട്ടി, ആ പൂരത്തിന്റെ താളം മ്മടെ മനസ്സിൽ അലയടിക്കും... അതൊരസ്സാ...

മ്മടെ ടേബിളിലെ കുട്ട്യോള് പതിയെ പഠിച്ചു വരണേയുള്ളൂ.. അപ്പുറത്തെ കേശവൻ ഡോക്ടറുമായി ഇടയ്ക്കു ഞാൻ തർക്കിക്കും. എന്റെ കുട്ട്യോളാ നല്ലേന്ന് പറഞ്ഞ്.. ഈ കുട്ട്യോള്.... ആദ്യത്തെ ദിവസങ്ങളിൽ എന്തൊരാവേശാരുന്നു. ഇപ്പോഴോ... ദേ കിടക്ക്ണൂ എല്ലാം... ആവേശമെന്തോന്നറിയണേൽ ഇവരെ തൃശൂർ പൂരം കാണിക്കണം.... അല്ലേ ഗഡ്യോളേ... പതിയെ മ്മ മ്മടെ തറവാട്ടിൽ അതായത് ഡിസക്‌ഷൻ

ഹാളിൽ വന്ന കുട്ട്യോളി‍ൽ തൃശൂർലെ കിടാങ്ങളുണ്ടോന്ന് നോക്കീട്ടോ.. മ്മടെ നാട്ടിലെ കുഞ്ഞുമക്കളെ കാണുമ്പോൾ മനസ്സിലൊരു സുഖം തന്നാട്ടോ...

ങ്ങള് വിചാരിക്കുന്നുണ്ടാകും ഹൈയ് ഈ നിശ്ശബ്ദമായ, രൂക്ഷഗന്ധമുള്ള മുറിയെ എങ്ങനെ മ്മ തറവാടെന്നൊക്കെ വിളിക്കുണൂന്ന്... അതിനൊക്കെ ഒരു യോഗം വേണിഷ്ടാ...

ഈ റൂമിൽ വച്ചിട്ടാണ് മ്മക്ക് രക്തബന്ധമില്ലാത്ത കുറേ കൂടപ്പിറപ്പോളെ കിട്ടിയത്. രാത്രിയായാൽ നമ്മളെല്ലാരുംകൂടി അങ്ങു സംസാരം തുടങ്ങും.

എല്ലാവർക്കും പറയാൻ കാണും ഓരോരോ കഥകള്... ചില രാത്രികൾ സന്തോഷത്താൽ ആർത്തുല്ലസിക്കുമെങ്കിലും മറ്റു ചില രാത്രികളിൽ ദുഃഖം തളംകെട്ടി നിൽക്കും.

അങ്ങനെയിരിക്കെ മ്മടെ ടേബിളിലെ ഒരു ആൺകുട്ടി അവൻ കണ്ട ഏതോ സിനിമേടെ കഥ പറയാണ് ട്ടോ... ഏതോ ഇംഗ്ലിഷ് സിനിമയാണ്. നൈറ്റ് അറ്റ് ദ് മ്യൂസിയം..

രാത്രിയാവുമ്പോൾ ജീവൻവയ്ക്കുന്ന മ്യൂസിയം... അതുകേട്ട് മ്മക്ക് മ്മടെ കാര്യം ഓർമ വന്നിഷ്ടാ... 

മ്മടെ അതേപോലെ തന്നെ...

മ്മടെ ടേബിളിലെ ആൺകുട്ട്യോള് പെൺകുട്ട്യോളെ ചിരിപ്പിക്കാൻ പറയണ തമാശ കേട്ടാൽ തൃശൂ‍ർ പൂരത്തിന് അമിട്ട് പൊട്ടണ മാതിര്യാണ്. ഈ കള്ള ഗഡ്യോള് ഓരോന്നു പറഞ്ഞ് ന്റെ പെൺകുട്ട്യോളെ വഴിതെറ്റിക്കുന്നുണ്ടോന്ന് എനിക്കു സംശയമുണ്ടിഷ്ടാ...

വെള്ളിയാഴ്ച മ്മക്ക് ഇഷ്ടമില്ലാത്ത ദിവസാണിഷ്ടാ.... മ്മടെ കിടാങ്ങള് പിന്നെ രണ്ടീസത്തേക്കു കാണാൻ വരില്ല്യ... അന്നേ ദിവസം തന്നെ മ്മെ രൂക്ഷഗന്ധമുള്ള ഒരു ലായനിയിൽ കൊണ്ടിടും, ഈടത്തെ ഗഡാഗഡിമൻമാര്. പിന്നെ കുട്ട്യോളെ കാണണേൽ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

തിങ്കളാഴ്ചയാണേൽ എന്റെ ശരീരത്തിൽ നിന്നുള്ള രൂക്ഷഗന്ധമടിച്ച് ന്റെ പെൺകുട്ട്യോള് കരയൂട്ടോ... അതു കണ്ടാ.. എന്റെ സറേ ചങ്ക് തകർന്നുപോകൂട്ടോ...

ദാ ഇപ്പോൾ കുട്ട്യോള് എന്റെ തലയാ ചെയ്യണെ.. അതിനു മുമ്പുതന്നെ അവര് മ്മടെ കൈയും കാലും അറുത്തുമാറ്റിയിരുന്നു. ഞാൻ പറഞ്ഞൂല്ലോ... മ്മള് മരിച്ചത് ഒരു അപകടത്തിലാണെന്ന്. അതോണ്ട് ന്റെ തലേലൊക്കെ ചോര കട്ടപിടിച്ചിരിക്കാണ്... കിടാങ്ങ്ള് അതോണ്ട് നന്നായി ബുദ്ധിമുട്ട്ണുണ്ട്...

ഇനി പതിയെ എന്റെ ശരീരം മുഴുവൻ ന്റെ പഞ്ചാരക്കുട്ട്യോള് മുറിച്ചുമാറ്റൂട്ടോ... അതിലുമ്മക്ക് വിഷമീല്ലാ... എനിക്ക് ഒരു എല്ലിൻകഷണമായിട്ടെങ്കിലും ഈ മുറിയിൽ കഴിഞ്ഞാൽ മതി.

എന്റെ കുട്ട്യോള് ഒന്നാംവർഷം പഠിച്ചിറങ്ങുമ്പോൾ അവർക്കു പിന്നാലെ പുതിയ ക്ടാങ്ങള് വരുംഷ്ടാ... അപ്പോൾ അവരുടെ മാഷായി, ഇവിടെ കിടക്കാൻ മ്മടെ ഒരു പിൻഗാമി തീർച്ചയായും കാത്തിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com