sections
MORE

ആറന്മുള പൂരം

aranmula-pic-1
വള്ളസദ്യയ്ക്കെത്തിയ കരക്കാർ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ വഞ്ചിപ്പാട്ട് പാടുന്നു.
SHARE

പമ്പയുടെ സാഹിത്യ സമൃദ്ധമായ ഓളങ്ങളാണ് ആറന്മുളക്കാരെ കവികളാക്കിയത്. സദ്യയ്ക്കു കറി വിളമ്പണമെങ്കിലും അതു പാട്ടുപാടി ചോദിക്കും. പാട്ടുപാടി ചോദിക്കുന്ന കറി ചോദിക്കുന്നത്രയും വിളമ്പാൻ പാചകപ്പുരയിൽ കരുതുകയും വേണം. പാടിയൊരു കദളിക്കുല ചോദിച്ചാൽ, ഒരു പടല പഴം കൊടുത്താൽ പോരാ. കുല തന്നെ കിട്ടുന്നതുവരെ ഇമ്പമായി വരികളെത്തും. ഇലയിടുന്നതു മുതൽ കൈ കഴുകുന്നതുവരെ പന്തിയിൽ പാട്ടു കേൾക്കാം, വിഭവങ്ങൾക്കായി. പുറത്തുനിന്നു വരുന്നൊരാൾക്കു തോന്നും, ഇതെങ്ങനെയാകും ഒന്ന് ഒത്തുതീർക്കുകയെന്ന്....

കഴിഞ്ഞ പ്രളയം ആറന്മുളയെ മുക്കിത്താഴ്ത്തിയെങ്കിലും പമ്പാനദിക്കരയിലെ മണൽമുനകളിൽ ഉടക്കിക്കിടന്ന വഞ്ചിപ്പാട്ടിന്റെ വരികൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. വഞ്ചിപ്പാട്ടിന്റെ താളത്തിലാണ് ആറന്മുളയിലെ 52 കരക്കാരും ഇപ്പോൾ. ഇൗ നാടിന്റെ ശരീരവും മനസ്സും ശബ്ദവുമെല്ലാം വഞ്ചിപ്പാട്ടിന്റെ സ്വരത്തിലേക്ക് ഇൗ സമയത്ത് വഴങ്ങിവരും. കൊച്ചുകുട്ടികളുടെ ചുണ്ടുകളിൽ പോലും വഞ്ചിപ്പാട്ടിന്റെ ഇൗണമുണ്ട്.

ഐതിഹ്യങ്ങളുടെ പുഴ

അർജുനന്റെ തേരാളിയായ ശ്രീകൃഷ്ണനാണ് ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠ. പമ്പയുടെ തീരത്തുള്ള ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെ ഓർമ പുതുക്കലാണ് ഉത്തൃട്ടാതി വള്ളംകളി. പ്രതിഷ്ഠാദിനം പ്രമാണിച്ച് പള്ളിയോടങ്ങൾക്കുള്ള ഭക്തരുടെ സമർപ്പണമാണ് വള്ളസദ്യ. തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണി കൊള്ളയടിക്കപ്പെട്ടതു മുതൽ അകമ്പടിയായി രൂപംകൊണ്ടതാണ് പള്ളിയോടങ്ങൾ (ചുണ്ടൻവള്ളം) എന്ന് ഐതിഹ്യം.

ആറന്മുള വള്ളംകളിയും അതിനോട് അനുബന്ധിച്ചു നടക്കുന്ന വള്ളസദ്യയും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദി ഉത്സവത്തിന്റെ ഭാഗമാണ്. മുൻപ് 80 ദിവസം നീണ്ടുനിന്നിരുന്ന വള്ളസദ്യക്കാലം റിവർ ഫെസ്റ്റിവൽ എന്ന വിഭാഗത്തിൽ ലിംകബുക്ക് ഓഫ് റെക്കോർഡ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

aranmula-pic-3
ഇല നിറഞ്ഞ്, മനം നിറഞ്ഞ്... ആറന്മുള സദ്യയിലെ വിഭവങ്ങൾ.

ആറന്മുള വള്ളസദ്യ

ഭഗവാൻ പാർഥസാരഥിയുടെ ഇഷ്ടവഴിപാടാണ് ആറന്മുള വള്ളസദ്യ. സന്താനസൗഭാഗ്യത്തിനും ആയുരാരോഗ്യത്തിനും രോഗശാന്തിക്കും മറ്റ് ഇഷ്ടകാര്യ സിദ്ധിക്കുമുള്ള നേർച്ചയായാണ് വഴിപാട് നടത്തുക. പാർഥസാരഥിക്ക് അന്നദാനപ്രഭുവെന്നും പേരുള്ളതിനാൽ വിഭവങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുതെന്നും വള്ളസദ്യ അങ്ങനെയാണ് വഴിപാടായതെന്നും ഐതിഹ്യം.

പള്ളിയോടങ്ങളിൽ (ചുണ്ടൻവള്ളം) പാർഥസാരഥിയായ മഹാവിഷ്ണു സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ പള്ളിയോടങ്ങളിൽ എത്തുന്നവരിൽ ഒരാൾ ഭഗവാനാണെന്നും സങ്കൽപം. അതാരാണെന്ന് അറിയാൻ മാർഗവുമില്ല. അതുകൊണ്ടാണ് വരുന്ന എല്ലാവർക്കും സമൃദ്ധമായി ഭക്ഷണം വിളമ്പുന്നത്. അവർക്കു നൽകുന്ന സൽക്കാരമാണ് വള്ളസദ്യ. ആദ്യകാലങ്ങളിൽ അവൽപ്പൊതിയും മറ്റുമായിരുന്നു നൽകിയിരുന്നത്; അഷ്ടമിരോഹിണിക്ക് അന്നദാനവും. പിന്നീടു വള്ളസദ്യയായി മാറി വിഭവങ്ങൾ കൂടിക്കൂടി വന്നു. അഷ്ടമിരോഹിണി ദിവസം വള്ളസദ്യ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം സൗജന്യമായി ലഭിക്കുകയും ചെയ്യും.  ദേവസ്വംബോർഡും പള്ളിയോട സേവാസംഘവും സഹകരിച്ചാണ് വള്ളസദ്യ നടത്തുന്നത്. 

64 കറികൾ

64 കറികളുള്ള വലിയ വള്ളസദ്യയിലേക്ക് എങ്ങനെ എത്തിയെന്നും ഏതൊക്കെ കാലത്താണ് കറികളുടെ എണ്ണത്തിൽ വർധനയുണ്ടായതെന്നും ചോദിച്ചാൽ കൃത്യമായ ഉത്തരം പഴമക്കാർക്കുമില്ല. ഭഗവാനെ സൽക്കരിക്കാൻ ഓരോരുത്തരും വിഭവങ്ങൾ ചേർത്തുവച്ചു. പള്ളിയോടം എവിടെയാണോ ഉള്ളത് അതിൽ പാർഥസാരഥിയുമുണ്ടെന്നാണ് വിശ്വാസം. അതിനാൽ അതതു പള്ളിയോടങ്ങളെ പ്രതിനിധീകരിക്കുന്ന കരകളിലാണ് മുൻപു വള്ളസദ്യ വഴിപാടുകൾ നടത്തിയിരുന്നത്. രണ്ടു ദശാബ്ദമായി വള്ളസദ്യ വഴിപാടുകൾ ക്ഷേത്രത്തിലെ ഊട്ടുപുരയിലും സമീപത്തുള്ള ഹാളുകളുടെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് നടത്തുന്നത്. കരക്കാരുടെ മൽസര വീറ് കറിയിലും വരുമെന്നും എണ്ണം 64 ലും അധികമാകുമെന്നും വന്നപ്പോഴാണ് പള്ളിയോട സേവാസംഘം കറികൾ 64ൽ നിജപ്പെടുത്തിയത്. 

aranmula-pic-5
വള്ളസദ്യയിൽ പങ്കെടുക്കാൻ പമ്പാനദിയിലൂടെ ആറന്മുളയിലേക്ക് പള്ളിയോടത്തിൽ എത്തുന്നവർ. ചിത്രം: നിഖിൽരാജ് ∙ മനോരമ

വള്ളസദ്യ വഴിപാട്

വഴിപാടു നടത്തുന്നവരുടെ എണ്ണം ഇപ്പോൾ ഓരോ വർഷവും 500 ലേറെ വരും. ദിവസവും 15 ലേറെ വള്ളസദ്യകളാണ് ഇൗ കാലയളവിൽ നടക്കുക. ആർക്കും വള്ളസദ്യ വഴിപാടായി നൽകാം. 52 കരകളിൽ ഏതെങ്കിലും ഒരു കരയുടെ പങ്കാളിത്തം വേണമെന്നു നിർബന്ധം. ദൂരെ നാടുകളിൽനിന്നും വിദേശത്തുനിന്നും വരെ വള്ളസദ്യ ബുക്ക് ചെയ്യുന്നവർ പള്ളിയോട സേവാസംഘം പ്രതിനിധികളെ സമീപിക്കുകയും അവർ വഴിയാണ് തുടർ നടപടിക്രമങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നത്. ഇപ്പോൾ വള്ളസദ്യയ്ക്ക് ചെലവാകുക 65,000 രൂപയാണ്. 250 പേർക്കുവേണ്ടിയാണ് ഒരു വള്ള സദ്യയൊരുക്കുക. കരയിൽനിന്നു പള്ളിയോടത്തിലേറിയാണ് എല്ലാവരും സദ്യയ്ക്ക് എത്തേണ്ടതും. ആറന്മുളയിൽ അല്ലാതെ ലോകത്ത് ഒരിടത്തും ഇത്രയധികം ആളുകൾ ഒരു ദിവസം ഇത്രയേറെ വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നില്ലെന്നാണു കേൾവി. ലോകത്ത് ഇത്രയും ആസ്വദിച്ച് സദ്യകഴിക്കുന്നവരെ മറ്റെങ്ങും കാണാനും കഴിയില്ലത്രേ. 

പള്ളിയോടം വരവേൽപ്

വള്ളസദ്യയ്ക്കു പള്ളിയോടങ്ങളിലെത്തുന്നവർക്ക് താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽനിന്നു സ്വീകരണമുണ്ട്. ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തിയ കുചേലനെ എതിരേൽക്കുന്ന കുചേലവൃത്തം വഞ്ചിപ്പാട്ട് ഉറക്കെച്ചൊല്ലിയാണ് ക്ഷേത്രക്കടവിലെ പ്രൗഢമായ സ്വീകരണച്ചടങ്ങുകൾ.

aranmula-pic
വള്ളസദ്യയ്ക്കെത്തിയ പള്ളിയോട കരക്കാരെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിച്ചാനയിക്കുന്നു.

‘വെറ്റ–പോല’ (വെറ്റില – പുകയില) സമർപ്പണമെന്നാണ് ചടങ്ങിനു പേര്. രാവിലെ തന്നെ ക്ഷേത്രത്തിൽ രണ്ടു പറയിട്ട് പൂജിച്ചു പള്ളിയോടം പുറപ്പെടുന്ന കരയുടെ നാഥനെ പള്ളിയോടത്തിൽ ചാർത്താൻ മാല ഏൽപിക്കും. മാല ചാർത്തിയാണ് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തുന്നത്. അഷ്ടമംഗല്യം, താലത്തിൽ ആറന്മുളക്കണ്ണാടി, താലപ്പൊലി, മുത്തുക്കുട, നാഗസ്വരം, തവിൽ ഉൾപ്പെടെയുള്ള വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കും. തുടർന്ന് ക്ഷേത്ര കൊടിമരച്ചുവട്ടിൽ വഞ്ചിപ്പാട്ടു പാടിയശേഷം ക്ഷേത്ര പ്രസാദം നൽകിയാണ് സദ്യ കഴിക്കാൻ ക്ഷണിക്കുന്നത്. 

രുചിയുടെ 64 കൂട്ടുകൾ

നാടൻ ഭക്ഷണത്തിന്റെ പെരുമയാണ് ആറന്മുള വള്ളസദ്യ. സസ്യാഹാരങ്ങളിൽ 64 വിഭവങ്ങളുടെ സമ്മേളനം. വിഭവങ്ങളുടെ എണ്ണത്തിൽ മാത്രമല്ല കാര്യം; വള്ളസദ്യയുടെ വിഭവങ്ങൾ പാട്ടിലൂടെ ചോദിക്കുന്ന ശ്ലോകങ്ങളും വരികളുമാണ്. സാഹിത്യത്തിന്റെ സൗന്ദര്യമുള്ള സദ്യ. മറ്റൊന്ന് സദ്യയുടെ വൈവിധ്യമാണ്. പന്തലിൽ കരക്കാർ പാടുന്ന ക്രമം അനുസരിച്ച് നെയ്‌വിളക്കു കൊളുത്തി വിഭവങ്ങൾ വിളമ്പിവയ്ക്കണം. ഉണ്ണാൻ ഇല ആവശ്യപ്പെടുന്നതു മുതൽ സദ്യാവസാനമുള്ള കറി വരെ ചോദിക്കുന്നത് പാട്ടിലൂടെയാണ്.

ചുട്ട പപ്പടം മുതൽ ഉടയാത്ത കൊട്ടത്തേങ്ങ വരെ കൊണ്ടുവരാൻ വഞ്ചിപ്പാട്ടായി ശ്ലോകങ്ങളെത്തും. ഹനുമാൻസ്വാമിയുടെ വടമാല കൊണ്ടുവാ... എന്ന പാട്ടുകേട്ടാൽ ഉഴുന്നുവടകൊണ്ടുള്ള മാല നൽകണം. ഇതൊക്കെ പ്രതീക്ഷിച്ച് പാചകപ്പുരക്കാർ റെഡിയായി ഇരിപ്പുണ്ടാകും. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ക്രമവും വള്ളസദ്യയ്ക്കുണ്ട്. ക്ഷേത്രത്തിൽ ഉച്ചയ്ക്കു വെള്ളനിവേദ്യത്തിൽ ചേർത്തു നേദിക്കുന്നത് വഴുതനങ്ങയും ഉപ്പുമാങ്ങയുമാണെന്ന പ്രത്യേകതയും ആറന്മുളയ്ക്കുണ്ട്. 

aranmula-pic-2
ആറന്മുള വള്ളസദ്യയ്ക്കിടെ പാട്ടുപാടി ചോദിച്ച വിഭവങ്ങൾ കരക്കാർക്ക് വിളമ്പുന്ന ഭക്തർ.

പാട്ടുസദ്യ

‘‘വൃത്രാരി പുത്രതനയനുടെ മാതൃനാമം

ദീർഘം കളഞ്ഞ് നടുവിലൊരു ക യുമിട്ട് 

അതിൽ നിന്നുളവായൊരു തരുതന്നുടെ 

പത്രമിപ്പോൾ

തോരനാക്കി ചമച്ചിങ്ങ് 

തരുവോർക്കൊരു പൈതലുണ്ടാകാം’’

എന്ന് കടങ്കഥാ രൂപത്തിൽ ചോദ്യവും പ്രാർഥനയും ഒരുപോലെ നടത്തുന്നു. 

വൃത്രാരിപുത്ര തനയൻ അംഗദനാണ്. അംഗദന്റെ അമ്മ താര. ആ പേരിന്റെ ദീർഘം കളഞ്ഞ് നടുവിലൊരു ‘ക’ ഇട്ടാൽ തകര. തകരയിലകൊണ്ടുള്ള തോരൻ. 

തകരയിലകൊണ്ടുള്ള തോരൻ പണ്ട് നാട്ടിൻപുറത്തു സാധാരണ വിഭവമായിരുന്നു. അത് ആവശ്യപ്പെടുന്നത് ഒരു കടങ്കഥാ രൂപത്തിലാണെന്നു മാത്രം. കുഞ്ഞുണ്ടാകാൻ പ്രാർഥിക്കുന്നവർക്ക് ഇത് ഗുണമാണെന്നുമാണ് ഇതിന്റെ അവസാനം പറയുന്നത്.

‘‘വിരിഞ്ഞൊരഞ്ചും പതിനഞ്ചുമഞ്ചും 

കഴിഞ്ഞ നാളിൽ കയറിപ്പറിച്ച് അരിഞ്ഞു 

കൊണ്ട് ഉപ്പുരസത്തിലിട്ടാൽ ആ ചിരട്ട മാങ്ങയ്ക്കെതിരൊന്നുമില്ല.’’

എന്ന പാട്ടുകേട്ട് മാങ്ങ കൊടുക്കാമെന്നു കരുതിയാൽ തെറ്റി. ചോദിച്ചത് അമ്പഴങ്ങയാണ്.

അമ്പഴങ്ങയെ ‘ചിരട്ടമാങ്ങ’യെന്നാണ് മുൻപ് പഴയ മധ്യതിരുവിതാംകൂറിൽ വിളിച്ചിരുന്നതത്രേ. പച്ചമാങ്ങയുടെ പുളിയുള്ളതും അതേസമയം വിളഞ്ഞുപോയാൽ ചിരട്ടപോലെ കട്ടിയുള്ള ഭാഗം തൊലിക്കടിയിലുള്ള അമ്പഴങ്ങ സാധാരണ ലഭ്യമല്ലാത്ത ഒന്നാണ്. വിളയാത്ത അമ്പഴങ്ങ ഉപ്പിലിട്ടതാണ് പാട്ടിലൂടെ സദ്യക്കാർ ചോദിക്കുന്നത്.

സദ്യയ്ക്കു ശേഷം ക്ഷേത്ര കൊടിമരച്ചുവട്ടിൽ നിറപറയുടെയും നിലവിളക്കിന്റെയും മുന്നിൽ വഞ്ചിപ്പാട്ട് പാടി ആറന്മുള ഭഗവാനെ സ്തുതിച്ച് ആയുരാരോഗ്യ ധനധാന്യ സന്തതി സൗഭാഗ്യങ്ങൾക്കായുള്ള പ്രാർഥന ഭക്തിസാന്ദ്രമാണ്. ദേവനോടു യാത്രചോദിച്ച് സന്ദർഭോചിതമായി വഞ്ചിപ്പാട്ട് ഇൗരടികൾക്കൊപ്പം വഴിപാട് അർപ്പിച്ചാണ് മടക്കയാത്ര. 

ആറന്മുള വള്ളംകളി

ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും അർജുനന്റെ ജന്മനാളുമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിൽ എല്ലാ വർഷവും നടന്നുവരുന്നതാണ് ആറന്മുള വള്ളംകളി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്നും ആറന്മുളയോട് ചേർന്നുകിടക്കുന്ന 52 കരകളിൽനിന്നും പള്ളിയോടങ്ങൾ (ചുണ്ടൻവള്ളം) പങ്കെടുക്കും. വള്ളംകളിയുടെയും പള്ളിയോടങ്ങളുടെയും ഉൽപത്തിക്ക് ഐതിഹ്യത്തിൽ വ്യക്തതയില്ല; 700 ൽപരം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വാസം. മറ്റു വള്ളംകളി മൽസരങ്ങളെപ്പോലെ ഇവിടെ വേഗത്തിനല്ല സ്ഥാനം. വേഷവിധാനം, വഞ്ചിപ്പാട്ട്, ചമയം, തുഴച്ചിൽ ശൈലി, അച്ചടക്കം എന്നീ 5 കാര്യങ്ങളാണു വിജയത്തിനുള്ള മാനദണ്ഡം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA