sections
MORE

വീടുവിട്ടു പോകാത്ത അച്ഛൻ

campus-kadha-image
SHARE

പലവ്യജ്ഞനക്കട അടച്ചു. ഇനി തേയിലപ്പൊടിക്ക് എന്താ വഴി? പുലർച്ചെ അപ്പൂപ്പനു സുലൈമാനി കിട്ടിയേ തീരൂ.

വീടിന്റെ വടക്കേമൂലയിലെ വിളക്കു തെളിച്ച് അപ്പൂപ്പൻ, ദേ നോക്കിനിൽക്കുന്നു.

കുട്ടൂസാ... അപ്പൂപ്പൻ നീട്ടി വിളിച്ചു.

എന്നെ അപ്പൂപ്പൻ അങ്ങനെയേ വിളിക്കൂ.

അച്ഛൻ അപകടത്തിൽപെട്ടു മരിച്ചതിൽ പിന്നെ അമ്മയും ഞാനും അപ്പൂപ്പന്റെ വീട്ടിലാണ്. അച്ഛൻ വീട്ടുകാർ വിളിച്ചെങ്കിലും അപ്പൂപ്പൻ വിട്ടില്ല.

ഇങ്ങോട്ടു വന്നതിൽ അമ്മയ്ക്കു നല്ല സങ്കടമുണ്ട്. അച്ഛന്റെ ചിതയിൽ ചാടാൻ അമ്മ തുനിഞ്ഞതാണ് എല്ലാറ്റിനും കാരണം.

തീപ്പൂക്കൾ വിരിഞ്ഞു വിലസിയ അച്ഛന്റെ ചിത. അമ്മ ആരും കാണാതെ പുരയുടെ പുറകിലുള്ള വാതിൽ തുറന്നു ചിതയുടെ വക്കത്തെത്തി. റാക്ക് കുടിച്ചു മയങ്ങിക്കിടന്ന ദേഹണ്ണക്കാരൻ ഉണർന്നതു ഭാഗ്യം. അല്ലെങ്കിൽ എനിക്ക് അമ്മയും ഇല്ലാണ്ടായേനെ.

ആ രാത്രിയിൽ എല്ലാവരും പേടിച്ചു വിറച്ചു. അമ്മ സുബോധം കൈവിട്ട മാതിരിയായിരുന്നു.

വകയിലമ്മാവൻ അപ്പൂപ്പനോടു കട്ടായം പിടിച്ചു. മച്ചമ്പി, സാവിത്രിയെ ഇനിയൊട്ടും ഇവിടെ നിർത്തണ്ട. അയാള് മരിച്ചൂന്നേയുള്ളൂ. ഇവിടം വിട്ടു പോയിട്ടില്ല. ഇനി പോകാനും പോണില്ല.

വകയിലമ്മാവന് ഇത്തിരിയേതാണ്ടെല്ലാം തന്ത്രവും മന്ത്രവും വശമുണ്ട്. 

കർമങ്ങൾ കഴിഞ്ഞ് ആൾക്കാർ പിരിഞ്ഞെങ്കിലും അപ്പൂപ്പനു ഞങ്ങളെ വിട്ടുപോകാൻ വയ്യ. അച്ഛന്റെ വിചാരങ്ങൾ നിറഞ്ഞ വീടുവിട്ടു വരാൻ അമ്മ മടിച്ചു.

ചില നേരങ്ങളിൽ അമ്മ ഓരോന്നു ചെയ്യുന്നതു കണ്ടാൽ അച്ഛൻ ചെയ്യുന്നതു പോലെ തോന്നും.

എനിക്ക് ഉള്ളിൽ പേടി തോന്നി. ഞാ‍ൻ പതുക്കെ അപ്പൂപ്പനോടു ചേർന്നു കിടക്കും.

അപ്പൂപ്പൻ നീണ്ടുനിവർന്നു മലർന്നു കിടന്നാണ് ഉറങ്ങുന്നത്. ചെരിഞ്ഞോ മറിഞ്ഞോ അപ്പൂപ്പൻ കിടക്കില്ല.

ഒറ്റ കിടത്തയും ഒറ്റ ഉറക്കവും.

പേടി വരുമ്പോൾ അപ്പൂപ്പനെ കെട്ടിപ്പിടിക്കാമെന്നു തോന്നിയാലും രക്ഷയില്ല. കെട്ടിപ്പിടിക്കുന്നത് അപ്പൂപ്പന് ഇഷ്ടമല്ല.

ഞാൻ അപ്പൂപ്പനോടു ചേർന്നു കിടക്കുമ്പോൾ അപ്പൂപ്പൻ നീണ്ട വിരലുകളുള്ള കൈത്തലം കൊണ്ട് എന്റെ നെറ്റിക്കു തടവും. അപ്പൂപ്പൻ ഒന്നു തടവാത്ത താമസം എന്റെ കണ്ണുകളിൽ ഉറക്കം വന്നു നിറയും.

ഉറക്കംപിടിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ കാഴ്ചകളുടെ മായാലോകത്താണ്. അപ്പൂപ്പന്റരികിൽ നിന്ന് അച്ഛൻ എന്നെ എടുത്തു രോമക്കാടു നിറഞ്ഞ അച്ഛന്റെ നെഞ്ചിൻമേൽ കിടത്തും. വൈക്കോലിൽ ചുരുണ്ടുകൂടുന്ന പൂച്ചയെക്കണക്കെ ഞാൻ ചൂടുപറ്റി അച്ഛനോടു ചേരും. അമ്മ തലവഴി പുതച്ചുമൂടിയാണ് ഉറങ്ങുന്നത്. കണ്ണുതുറന്നു പിന്നെയും കുറച്ചുനേരം കൂടി കഴിയുമ്പോൾ സൂര്യനാളം ഉള്ളു തുളച്ചിറങ്ങും. ഇങ്ങനെ പുലർച്ചകൾ തരുന്ന ശൂന്യത എന്റെ ബാല്യത്തിനു കൂട്ടായി.

എന്നെ ഒന്നും തളർത്തിയില്ല.

അച്ഛന്റെ പേര്? അച്ഛന്റെ ജോലി?

പതറാതെ ഉത്തരം കൊടുത്തു കൊണ്ടിരിക്കുന്നു.

അച്ഛനെവിടെയാണ്?

ആദ്യം ഒന്നു പതറിയെങ്കിലും വേഗം ഉത്തരത്തിലേക്കു തിരിച്ചുവന്നു.

അച്ഛൻ വീട്ടിലുണ്ട്.

അപ്പൂപ്പൻ എന്നെയും അമ്മയെയും കൂട്ടി അച്ഛന്റെ വീടു പൂട്ടിയിറങ്ങാൻ തുനിഞ്ഞതു മറക്കാൻ കഴിയില്ല. വീടിന്റെ ജനലും വാതിലുകളും അടച്ചു. അവസാനം മുൻവാതിൽ പൂട്ടാനായി എത്ര ശ്രമിച്ചിട്ടും കതകു ചേർന്നുവന്നില്ല. ഒടുവിൽ വാതിൽ പൂട്ടാതെ വെറുതെ ചാരിയിട്ട് ഞങ്ങൾ അപ്പൂപ്പന്റെ വീട്ടിലേക്കു താമസത്തിനു പോയി.

അപ്പൂപ്പൻ എന്നെ എങ്ങോട്ടും വിട്ടില്ല. എന്റെ വളർച്ചയ്ക്കൊപ്പം അച്ഛൻവീട് വെളിച്ചം വീശി. അപ്പൂപ്പനും യാത്രയായതിനു ശേഷം അമ്മ എന്നെ നോക്കി കണ്ണീരൊഴുക്കും. വിളർച്ച രോഗമുള്ള അമ്മയുടെ കണ്ണുകളിൽ ഞാൻ കാണുന്നതെപ്പോഴും അച്ഛൻ വീടാണ്.

ആണ്ടു തോറും കർക്കടക വാവിനു ഞാൻ ബലിയിടാൻ പോകും. അമ്മ അരികിൽ നിന്ന് എല്ലാം കാണും. അന്നു ബലിയിട്ട് മുങ്ങിനിവർന്നു കയറിവന്ന എന്നോടായി അമ്മ പറഞ്ഞു.

മോനേ, നമുക്ക് അച്ഛൻവീട്ടിലൊന്നു പോകാം.

വർഷങ്ങൾക്കു മുൻപു വാതിൽ പൂട്ടാൻ കഴിയാതെ കതകു ചാരിയിറങ്ങി നടന്ന അച്ഛൻ വീടിന്റെ മൂന്നാമത്തെ പടി കയറി ഞങ്ങൾ പൂമുഖത്തെത്തി.

അന്നു ചാരിയ കതക് അങ്ങനെ തന്നെയിരിക്കുന്നു.

എന്റെ കണ്ണുകൾ ഞാനറിയാതെ അടഞ്ഞു. ഉള്ളിൽ കാലവും അച്ഛനും തിരയില്ലാതെ തിങ്ങി.

ബലം കുറഞ്ഞ കൈകൊണ്ട് അമ്മ എന്നെ തടവി. മോനെ വാ, അമ്മ വാതിലിൽ തൊടാനാഞ്ഞതും അകത്തു നിന്ന് ആരോ തുറക്കും പോലെ കതകു തുറന്നു.

കുഴഞ്ഞുവീഴാൻ തുനിഞ്ഞ അമ്മയെ നെഞ്ചിലേറ്റി ഞാൻ പടികൾ തിരിച്ചിറങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA