ADVERTISEMENT

ഓഗസ്റ്റ് എട്ടിന് മരണത്തിന്റെ ബറ്റാലിയൻ, മാർച്ചിങ് ഓർഡർ കാത്ത് മുത്തപ്പൻ കുന്നിനു മുകളിൽ തമ്പടിച്ചിരുന്നു. പെരുമഴയിൽ നനഞ്ഞടർന്ന മൺകട്ടകൾ രാത്രി എട്ടിനു യുദ്ധ ടാങ്കറുകളെപ്പോലെ താഴേക്ക് ഉരുണ്ടിറങ്ങി. കവളപ്പാറക്കാരുടെ ആകാശവും ഭൂമിയും അളന്നെടുത്തു. എന്നിട്ടും മതിയാകാതെ, മൺതലയണ മുഖത്തമർത്തി അറുപതോളം ജീവനെ നിശ്ശബ്ദമാക്കി.

പകലുണർന്നപ്പോൾ ഒരു മൺകൂന മാത്രമായി മാറിയ 30 ഏക്കറിനെയും അതിനകത്തെവിടെയോ മറഞ്ഞ 42 വീടുകളെയും തിരയുകയായിരുന്നു കേരളം. മലപ്പുറം ജില്ലയിൽ, നിലമ്പൂരിന്റെ ഭൂപടത്തിൽനിന്നു കവളപ്പാറയെ തുടച്ചെടുത്ത ഉരുൾപൊട്ടൽ മരണത്തിലേക്കു വലിച്ചിഴച്ചിട്ടും അതിജീവനത്തിന്റെ കരയിലേക്കു കയറിവന്നത് രണ്ടേ രണ്ടുപേർ മാത്രം; വെളിയോടൻ ജയനും പൂതാനി അബ്ദുൽ കരീമും.

kavalappara

മണ്ണിലാണ്ടുപോയ കേരള മന്നന്റെ തിരിച്ചുവരവാണ് ഓണമെങ്കിൽ അതേ മണ്ണിന്റെ ഇരുളിനെ അതിജീവിച്ചെത്തിയ രണ്ടു സാധാരണ മനുഷ്യരുടെ കഥയാണ് ഇത്തവണത്തെ പൊന്നോണം. ഏതു വലിയ ദുരന്തമുഖത്തും പ്രതീക്ഷയുടെ ഇത്തിരിവെട്ടമുണ്ടാകുമെന്ന ഓണത്തിന്റെ ഓർമപ്പെടുത്തലാണ് കവളപ്പാറയിലെ ഇവരുടെ ജീവിതം. 

ശേഷം, അവർ രണ്ടുപേർ മാത്രം

സംഭവ സമയത്തു മുത്തപ്പൻ കുന്നിന്റെ ചെരുവിലെ ആ വീട്ടിൽ ജയനടക്കം 10 പേരുണ്ടായിരുന്നു. 10 സെക്കൻഡിനുള്ളിൽ വീടു തന്നെ ഇല്ലാതായി. അതിനകത്തെ ഒൻപതു പേരെ കാണാതായി. കഴുത്തോളം ചെളിയിൽ പുതഞ്ഞ് 300 മീറ്ററോളം ഒഴുകിപ്പോയിട്ടും ജയൻ മാത്രം ജീവന്റെ കരയിലേക്കു തിരിച്ചുവന്നു.

jayan
വെളിയോടൻ ജയൻ പെരുമ്പത്തൂരിലെ ബന്ധുവീട്ടിൽ. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

ജയനിൽനിന്ന് ഒരു വിളിപ്പാടകലെയായിരുന്നു അബ്ദുൽ കരീമും കുടുംബവും. വീടിനു പിന്നിലെ ശബ്ദം കേട്ട് അടുക്കളവാതിൽ തുറന്നു ഭാര്യ സക്കീന തെളിച്ച ടോർച്ച് വെട്ടത്തിൽ, ഉരുണ്ടിറങ്ങുന്ന മലയെ കരീം കൃത്യമായി കണ്ടതാണ്. ആ വെളിച്ചവും കരീമിന്റെ വീടും പൂർണമായി ഇരുളിലാഴാൻ സെക്കൻഡുകൾ പോലുമെടുത്തില്ല. ആദ്യമെത്തിയ ഒരു കല്ല് മണ്ണിന്റെ പിടിയിൽ നിന്നു കരീമിനെ മാത്രം ഇടിച്ചു തെറിപ്പിച്ചു. ഭാര്യയും കൃഷി സഹായത്തിനെത്തിയ അയൽവാസിയും മണ്ണിലെവിടെയോ അപ്രത്യക്ഷരായി. 

രക്ഷിക്കാനെത്തി; രക്ഷപ്പെട്ടെത്തി

അന്നുച്ചയ്ക്കു കവളപ്പാറത്തോട് കരകവിഞ്ഞൊഴുകിയപ്പോൾ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാൻ എത്തിയതായിരുന്നു ഭൂദാനം സ്വദേശിയായ ജയനും സുഹൃത്ത് മങ്ങാട്ടുതൊടിയിൽ അനീഷും. വീടുകളിൽ കുടുങ്ങിപ്പോയ സ്ത്രീകളെയും കുട്ടികളെയും തോടിനു കുറുകെ കയർകെട്ടി ചെമ്പുപാത്രങ്ങളിൽ ഇരുത്തിയാണ് മറുകരയെത്തിച്ചത്. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. രക്ഷാപ്രവർത്തനത്തിനു ശേഷം അൽപം ഒന്നു വിശ്രമിക്കാനാണ് മലഞ്ചെരുവിലുള്ള സൂത്രത്തിൽ വിജയന്റെ വീട്ടിലേക്ക് ഇരുവരും കയറിച്ചെന്നത്.

വിജയന്റെ മകൾ ജിഷ്ണയുടെ വിവാഹ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കെ വീടിനു പിന്നിൽനിന്ന് വലിയൊരു ശബ്ദം കേട്ടു. നോക്കിയപ്പോൾ വീടിന്റെ അടുക്കളഭാഗം പൊളിച്ചുനിരത്തിയെത്തുന്ന മലയാണു കണ്ടത്. ഒഴുകിയിറങ്ങുന്ന ഉരുളിനെ നോക്കി വിജയന്റെ കയ്യിൽ മുറുകെപ്പിടിച്ച് നിൽക്കുന്ന അനീഷിന്റെ മുഖം ജയന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. അപകട സമയത്ത് ജയന്റെ കൈയകലത്തുണ്ടായിരുന്നു അനീഷ്. പിന്നീടു കവളപ്പാറയിലെ മരണഭൂമിയിൽ നിന്ന് അനീഷിനെ കണ്ടെത്തുന്നതു ദുരന്തം നടന്നു പന്ത്രണ്ടാം ദിവസമാണ്. 20 അടി താഴ്ചയിൽ നിന്ന്! 

ചോര മണമുള്ള ചെളി; ജീവന്റെ ഒറ്റമരക്കൊമ്പ്

വീടിന്റെ പിൻഭാഗം പൊളിച്ച് ഉരുണ്ടിറങ്ങിയ മണ്ണ് ആദ്യം ജയനെ വീടിനു പുറത്തേക്കു തട്ടിത്തെറിപ്പിച്ചു. മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണു ചെന്നു വീണത്. ക്ഷണനേരം കൊണ്ടു മറ്റൊരു വീടിന്റെ ടെറസിലേക്കെത്തി. ഉരുൾപാച്ചിലിൽ പെട്ട് നിലയില്ലാതെ ഒഴുകുന്നതിനിടെയിലെപ്പൊഴോ മുഖത്തെ മണ്ണു നീങ്ങി. കണ്ണിൽ പുറംലോകം തെളിഞ്ഞൊരു നിമിഷത്തിൽ കൈനീട്ടിപ്പിടിച്ച മരക്കൊമ്പ് ജയനു ജീവനിലേക്കുള്ള പാലമായി മാറുകയായിരുന്നു. പിന്നെ അതിൽ തൂങ്ങി മുന്നോട്ടു പോയതിനാൽ‌ താഴ്ന്നു പോകാതെ രക്ഷപ്പെട്ടു. 300 മീറ്ററോളം സഞ്ചരിച്ചശേഷം ഒഴുക്ക് പെട്ടെന്നു വെട്ടിത്തിരിഞ്ഞു. ഒരു മൺതിട്ടയിൽ ജയനെ ഉപേക്ഷിച്ചു മുന്നോട്ടു പോയി. കഴുത്തോളം മണ്ണിൽ പൂണ്ടുപോയ അവസ്ഥയിലായിരുന്നു അയാളപ്പോൾ. എങ്ങനെയൊക്കയോ പുറത്തെത്തിയപ്പോൾ കാൽ നിലത്തു കുത്താനാകുന്നില്ല. എല്ലുകൾ ഒടിഞ്ഞെന്ന് ഉറപ്പായി. ശരീരത്തിന്റെ ഓരോ ഇഞ്ചിലുമുണ്ട് കൊല്ലുന്ന വേദന. ചോരയൊലിപ്പിച്ച് ഉരുണ്ടും നിരങ്ങിയും മലയടിവാരത്ത് അവശേഷിച്ച ഒരു വീട്ടിൽ അഭയം തേടി. മുറിവുകൾ വച്ചുകെട്ടി അന്നു രാത്രി അവിടെ തങ്ങി. 

പ്രതീക്ഷയുടെ 50 കൈകൾ

ഉരുൾപൊട്ടലിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതു പോലെ അവിശ്വസനീയമായിരുന്നു പിറ്റേന്ന് ആശുപത്രിയിലേക്കുള്ള ജയന്റെ യാത്ര. കരകവിഞ്ഞൊഴുകിയ ചാലിയാർ റോഡുകളെയെല്ലാം അപ്പോഴേക്കും അടച്ചുമൂടിയിരുന്നു. കാറിലും തോണിയിലുമൊക്കെയായി മാറിമാറി യാത്ര. രണ്ടാൾ പൊക്കത്തിൽ മരങ്ങൾ വന്നുമൂടിയ പനങ്കയം പാലം കടക്കാൻ പറ്റില്ലെന്നാണു കരുതിയത്. പക്ഷേ, പാലത്തിനു മുകളിൽ കാലുകുത്താനുള്ള സ്ഥലം കണ്ടെത്തി ജയന്റെ 25 സുഹൃത്തുക്കൾ നിരന്നു നിന്നു. കസേരയിലിരുത്തി ജയനെ അൻപതു കൈകൾ കൈമാറി അക്കരയെത്തിച്ചു.

22 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ജയൻ ഇപ്പോൾ നിലമ്പൂർ പെരുമ്പത്തൂരിലെ ബന്ധുവീട്ടിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ഇടതുകാൽ നിലത്തു കുത്താറായിട്ടില്ല. നടന്ന സംഭവം വിവരിക്കുമ്പോൾ ജയന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. ചാനലുകളിൽ വീണ്ടും കവളപ്പാറയുടെ ദൃശ്യം കണ്ടപ്പോൾ പറഞ്ഞതിങ്ങനെ: ‘‘രക്ഷിക്കാനെത്തിയതായിരുന്നു ഞാൻ. പക്ഷേ, ആരെയും രക്ഷിക്കാനായില്ല. അനീഷിനെപ്പോലും’’ 

ദുരന്തത്തിന്റെ ഒരുക്കം

പതിവില്ലാത്ത വിധം ചെറുകല്ലുകൾ അന്നു വൈകിട്ടു വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തിയിരുന്നു. വെള്ളംപൊങ്ങിയ കവളപ്പാറത്തോട്ടിൽ നിന്നു വന്നതാണെന്നു വിചാരിച്ചു. ചെറിയ ഇടിമുഴക്കമുണ്ടായിരുന്നു. മഴക്കാലമല്ലേ എന്നു ചിന്തിച്ചു. പശുക്കൾ അന്നു രാവിലെ മുതൽ ഒന്നും കഴിച്ചില്ല. ദഹനക്കേടായിരിക്കുമെന്നു കരുതി. മരണമുഖത്തു നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയ പൂതാനി അബ്ദുൽ കരീം ഇപ്പോൾ അറിയുന്നു, അതെല്ലാം വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പുകളായിരുന്നു എന്ന്.

അടയാളം വച്ചുപോയ ദുരന്തം

കവളപ്പാറത്തോട്ടിലെ വെള്ളമുയരുന്നുണ്ടോ എന്നറിയാൻ മുറ്റത്തെ മരത്തിലൊരു അടയാളവുമിട്ട് വീടിന്റെ ഉമ്മറത്തു തന്നെയുണ്ടായിരുന്നു അബ്ദുൽ കരീമും ഭാര്യ സക്കീനയും കൃഷി സഹായത്തിനെത്തിയ ഒടുക്കൻകുട്ടി എന്ന ചന്ദ്രനും. പക്ഷേ, ദുരന്തം അതിനു മുൻപേ അടുക്കള വാതിലിൽ അടയാളമിട്ടു പോയതു കരീം അറിഞ്ഞിരുന്നില്ല.

Kareem
പോത്തുകല്ല് കുനിപ്പാലയിലെ വാടകവീട്ടിൽ കഴിയുന്ന അബ്ദുൽ കരീം.

വെള്ളത്തെയായിരുന്നു അവർക്കു പേടി. അതിനെ അതിജീവിക്കാൻ മുന്നൊരുക്കവും നടത്തിയിരുന്നു. പ്രസവിച്ചു കിടക്കുന്ന ഇളയ മകളെയും കുഞ്ഞിനെയും നേരത്തേ തന്നെ കവളപ്പാറ റോഡിനു മുകളിലുള്ള ഉയർന്ന വീട്ടിലേക്കു മാറ്റിയിരുന്നു. പക്ഷേ, മഴയിൽ പിളർന്നെത്തിയ മല, വെള്ളത്തിനു പകരം കരീമിന്റെ ഉറ്റവളെയും ഉള്ളതിനെയും കവർന്നു. കൃഷി സഹായത്തിനു വീട്ടിലെത്തിയ കവളപ്പാറ കോളനിയിലെ ഒടുക്കൻ കുട്ടി അന്നു മടങ്ങിപ്പോയിരുന്നില്ല. വെള്ളക്കെട്ടു കാരണം വീട്ടിലേക്കുള്ള വഴിയടഞ്ഞതോടെ ഇവിടെ തങ്ങാമെന്നു കരീം തന്നെയാണ് അയാളോടു പറഞ്ഞത്. 

‘രക്ഷപ്പെട്ടെങ്കിൽ ഇതിനകം അവളെത്തിയേനേ’

വീടിനു പുറകിൽ എന്തോ വന്ന് ഇടിക്കുന്ന ശബ്ദം കേട്ട് സക്കീനയാണ് അടുക്കള ഭാഗത്തേക്കു ചെല്ലുന്നത്. വാതിൽ തുറന്ന ഉടനെ ഇരച്ചെത്തിയ മൺകൂന കരീമിന്റെ കൺമുൻപിൽ സക്കീനയെ വിഴുങ്ങി. പിന്നാലെ അയാളെയും ഇടിച്ചു തെറിപ്പിച്ചു. മണ്ണിനടിയിൽ താഴുന്നതിനിടെ വീണ്ടും ഒഴുക്കിൽപെട്ടു. അതു കരീമിനെ ഒരു മൺകൂനയ്ക്കു മുകളിലേക്കെത്തിച്ചു. അവിടെ ചാഞ്ഞു കിടന്ന കമുകിൽ പിടിച്ചാണ് ജീവിതത്തിലേക്കു തിരിച്ചു കയറിയത്. 

മണ്ണിൽപ്പുതഞ്ഞ കരീമിന്റെ നിലവിളി കേട്ട് നാട്ടുകാരാണ് റോഡിനു മുകളിലേക്ക് എത്തിച്ചത്. അപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി കരീം അറിഞ്ഞിരുന്നില്ല. താൻ രക്ഷപ്പെട്ട പോലെ ഭാര്യയും ഒടുക്കൻകുട്ടിയും രക്ഷപ്പെട്ടിരിക്കുമെന്നായിരുന്നു വിചാരം. പക്ഷേ, രാത്രി ഏറെ വൈകിയും കാണാതായതോടെ സക്കീന ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു മനസ്സിലാക്കി.

‘അവളൊരിക്കലും ഇത്ര വൈകാറില്ല, രക്ഷപ്പെട്ടിരുന്നെങ്കിൽ ഇതിനു മുൻപേ എന്റെയടുത്ത് എത്തിയേനേ’ പ്രതീക്ഷയുടെ ആശ്വാസ വാക്കുകൾ പറഞ്ഞ സുഹൃത്തുക്കളോട് കരീമിന്റെ മറുപടി ഇതായിരുന്നു. അപകടം നടന്ന് അഞ്ചാം ദിവസമാണ് അബ്ദുൽ കരീമിന്റെ ഭാര്യ സക്കീനയെ കവളപ്പാറയിൽ നിന്നു കണ്ടെത്തുന്നത്.

കർക്കടകത്തിൽ പെയ്ത കണ്ണീർമഴ ഈ ചിങ്ങത്തിലും കവളപ്പാറയിൽ തോർന്നിട്ടില്ല. മനസ്സുനിറഞ്ഞൊരു ഓണക്കാലം ഇനിയെന്നിവർ ആഘോഷിക്കുമെന്നുമറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. മരണം മെഴുകിപ്പോയ കവളപ്പാറയുടെ മുറ്റത്തു പ്രതീക്ഷയുടെ ഒറ്റ മുക്കുറ്റി പോലെ ജയന്റെയും കരീമിന്റെയും അതിജീവനം വിടർന്നു നിൽപുണ്ട്. ഒന്നും ഇവിടം കൊണ്ടു തീരില്ലെന്ന് ഓർമിപ്പിക്കാൻ, ഇതിനെയും നമ്മൾ അതിജീവിക്കുമെന്ന് ബോധ്യപ്പെടുത്താൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com