ADVERTISEMENT

ആ പാട്ടു പാടിത്തുടങ്ങുമ്പോൾ, ഈണം തെറ്റിയ ജീവിതത്തിൽ റാണു മണ്ഡലിനു കൂട്ടുണ്ടായിരുന്നത് ഇടറാത്ത സ്വരം മാത്രം. എന്നാൽ കഷ്ടിച്ച് ഒരു മിനിറ്റു

നീണ്ട പാട്ടു തീർന്നപ്പോൾ റാണുവിന്റെ ജീവിതം മേഘമൽഹാർ രാഗം പെയ്ത പ്രകൃതി പോലെയായി. അംഗീകാരത്തിന്റെ പൂക്കളും ആരാധനയുടെ പൂമ്പാറ്റകളും..പല്ലവിയിൽ ദാരിദ്ര്യവും കഷ്ടപ്പാടും ചേർന്ന ജീവിതത്തിന്റെ അനുപല്ലവിയിൽ അങ്ങനെ പ്രോൽസാഹനങ്ങളും പ്രശസ്തിയും ശ്രുതി മീട്ടി..

റാണുവിനെ അറിയില്ലേ..? കൊൽക്കത്തയിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിൽ ലതാ മങ്കേഷ്കറുടെ ‘ഏക് പ്യാർ ക നഗ്‌മാ ഹേ..’ എന്ന പാട്ട് ലയിച്ചു പാടിയ ഗായികയെ. ട്രെയിനിൽ പാട്ടു പാടി ജീവിക്കുന്ന സാധാരണക്കാരിലൊരാൾ. പക്ഷേ എന്നും പാടിയ പാട്ടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു കഴിഞ്ഞ ജൂലൈ 21ന് റാണു പാടിയ പാട്ട്.

അതീന്ദ്ര ചക്രവർത്തി എന്ന യുവ എൻജിനീയർ തന്റെ മൊബൈലിൽ പകർത്തി അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ‘ഷോർ’ എന്ന സിനിമയിൽ ആ പാട്ടു പാടിയ ലതാ മങ്കേഷ്കറോ പ്ലാറ്റ്ഫോമിൽ പാടിയ റാണുവോ അതു പകർത്തിയ അതീന്ദ്രയോ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് പിന്നീടു സംഭവിച്ചത്.

ലതയെ അനുസ്മരിപ്പിക്കുന്ന റാണുവിന്റെ മധുരശബ്ദം കേട്ടവരെയെല്ലാം ആകർഷിച്ചു. മൊബൈലിൽ നിന്ന് മൊബൈലുകളിലേക്കു പടർന്ന് പാട്ട് വൈറലായി.

റാണാഘട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നു റാണുവിന്റെ പാട്ട് അതോടെ ബോളിവുഡ് സ്റ്റുഡിയോകളിലേക്കും റിയാലിറ്റി ഷോകളിലേക്കും മനോഹരമായ ഒരു ഈണം പോലെ പടർന്നു.

ranu
റാണു ടെലിവിഷൻ പരിപാടിക്കിടെ

‘സൂപ്പർ സ്റ്റാർ സിങ്ങർ’ എന്ന ഷോയിൽ റാണുവിന്റെ പാട്ടു കേട്ട സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ റാണുവിനെ മുംബൈയിലേക്കു ക്ഷണിച്ചു.

റിലീസ് ചെയ്യാനിരിക്കുന്ന ‘ഹാപ്പി ഹാർഡി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ ഹിമേഷ് ഈണം നൽകി ചിട്ടപ്പെടുത്തിയ ‘തേരി മേരി കഹാനി..’ എന്ന ഗാനം റാണു പാടി. വിശപ്പകറ്റാൻ പാടിയ പാട്ടുകളിലൊന്ന് വൈറലായതോടെ അങ്ങനെ റാണുവിന്റെ ജീവിതവും സൂപ്പർ ഹിറ്റായി!

ദൈവത്തിന്റെ ‘മൊബൈൽ’

‘ദൈവം പല രൂപത്തിൽ വരും– മൊബൈലുമായി ഒരു യുവാവിന്റെ രൂപത്തിലും’ എന്നാണ് റാണുവിന്റെ പാട്ട് പകർത്തിയ അതീന്ദ്ര ചക്രവർത്തിയെക്കുറിച്ച്

atheenthra
അതീന്ദ്ര ചക്രവർത്തി

ഇപ്പോൾ കൂട്ടുകാർ പറയുന്നത്. ജീവിതം ഒരു പാട്ടാണെങ്കിൽ‌ അതിലെ ഏറ്റവും സുന്ദരമായ ‘നോട്ട്’ ആയിരുന്നു റാണുവിന്റെ പാട്ട് മൊബൈലിൽ റെക്കോർഡ് ചെയ്യാനും ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യാനും അതീന്ദ്രയ്ക്കു തോന്നിയ നിമിഷം.

‘‘ആറാം നമ്പർ പ്ലാറ്റ്ഫോമിൽ കൂട്ടുകാരോടൊപ്പം നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് റേഡിയോയിലൂടെ മുഹമ്മദ് റാഫിയുടെ ഒരു പാട്ട് കേട്ടത്.

പ്ലാറ്റ്ഫോമിന്റെ തറയിലിരുന്ന് അതിനൊപ്പിച്ചു മൂളുന്ന ഒരു സ്ത്രീയെയും കണ്ടു. കീറിപ്പറിഞ്ഞ സാരി ധരിച്ച, പാറിപ്പറക്കുന്ന മുടിയുള്ള അൻപതു കഴിഞ്ഞ ഒരു സ്ത്രീ. ഞങ്ങൾക്കു വേണ്ടി ഒരു പാട്ടു പാടാമോ എന്ന് അവരോടു ചോദിച്ചു.

അവർ പാടി. ഞാൻ അതു മൊബൈലിൽ പകർത്തി..’’– അതീന്ദ്ര പറയുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷമാണ് അതീന്ദ്ര വിഡിയോ ഫെയ്‌സ്ബുക്കിലൂടെ ഷെയർ ചെയ്തത്. ശേഷം..!!

കൊൽക്കത്തയിലെ ‘ലത’

പാട്ട് വൈറലായതോടെ ‘കൊൽക്കത്തയിലെ ലത’യെ തേടിയുള്ള അന്വേഷണമായി പിന്നെ. റാണുവിനെ കാണാനും കേൾക്കാനുമായി സംഗീതപ്രേമികളും മാധ്യമപ്രവർത്തകരും കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റാണാഘട്ടിലെത്തി. എന്നാൽ ലതാജിയുടെ ഹിറ്റ് പാട്ടുകൾ ഓർക്കുന്ന പോലെ സ്വന്തം ജീവിതം ഓർത്തെടുക്കാനാവുന്നില്ല റാണുവിന്.

ranu1
റെക്കോർഡിങ്ങിനു വേണ്ടിയുള്ള കാത്തിരിപ്പ്

പ്രാദേശിക സംഗീതസദസ്സുകളിൽ ഭർത്താവ് ബബ്‌ലു മണ്ഡലിനൊപ്പം പാടിയിരുന്ന നല്ല കാലം മാത്രം റാണുവിന്റെ ഓർമകളിലുണ്ട്. ‘‘വലിയ പാട്ടുകാരെല്ലാം അന്നു വൈകിയേ എത്തൂ. അതുവരെ പാട്ടു പാടി ഞാൻ കാണികളെ രസിപ്പിക്കും. എന്റെ ഭർത്താവ് ഡ്രം വായിക്കും.’’

എന്നാൽ താൻ രണ്ടു വിവാഹം കഴിച്ചതും അതിൽ നാലു കുട്ടികളുള്ളതും റാണുവിന്റെ മനസ്സിൽ അവ്യക്തമായ ഓർമച്ചിത്രങ്ങൾ മാത്രം. മക്കളെല്ലാം വിട്ടു പോയതിനാൽ ഭർത്താവ് മരിച്ചതിനു ശേഷം റാണു തെരുവിലായി. ബെഗോപോറ എന്ന സ്ഥലത്ത് റാണു താമസിക്കുന്ന വീടും സ്വന്തമല്ല.

ആരോ ഒഴിഞ്ഞു പോയ ഒരിടം മാത്രം. റാണുവിന്റെ ജീവിതത്തെക്കുറിച്ച് അയൽവാസികൾക്കു കുറച്ചു കാര്യങ്ങളറിയാം. ആദ്യ വിവാഹം നടന്നത് നാദിയ ജില്ലയുടെ ആസ്ഥാനമായ കൃഷ്നഗറിലെ ഒരു പള്ളിയിലാണെന്നതും മറ്റും. എന്നാൽ ബാക്കി വരികളില്ലാത്ത ഒരു പാട്ടിന്റെ മൂളൽ പോലെ..!

ബോളിവുഡിലേക്ക്...

കൊൽക്കത്തയിൽ നിന്നുള്ള സംഗീത സംവിധായകൻ ബിജോയ് സിൽ ആണ് ‘റാണുവിന്റെ ശബ്ദ’ത്തെ ആദ്യം സ്റ്റുഡിയോയിലേക്കു സ്വീകരിച്ചത്. ബിജോയ് റെക്കോർഡ് ചെയ്ത റാണുവിന്റെ ഒരു പാട്ട് അടുത്ത ദുർഗാപൂജ വേളയിൽ റിലീസ് ചെയ്യും. ‘എന്തൊരു മധുരശബ്ദമാണ് അവരുടേത്.

പാട്ട് റെക്കോർ‌ഡ് ചെയ്തപ്പോൾ ഞാൻ‌ ചിന്തിച്ചത് ചെറുപ്പത്തിൽ അവർ ഇതിലും നന്നായി പാടിയിട്ടുണ്ടാകുമല്ലോ എന്നാണ്. സൂപ്പർ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലേക്കും റാണുവിനു ക്ഷണം കിട്ടി. അതിൽ വിധികർത്താവായിരുന്നു ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ. റാണുവിന്റെ ശബ്ദത്തിനു മുന്നിൽ വീണു പോയ ഹിമേഷ് അവരെ മുംബൈയിലേക്കു ക്ഷണിച്ചു.

ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിരുന്ന റാണു ഹിമേഷിന്റെ ക്ഷണം സ്വീകരിച്ച് വിമാനത്തിൽ കയറിയാണ് മുംബൈയിലെത്തിയത്.

കൂട്ടിന് അതീന്ദ്രയും. സ്റ്റുഡിയോയിൽ റാണു പാടുന്നതും അതിനൊപ്പം ഹിമേഷിന്റെ ഭാവപ്രകടനങ്ങളും വൈറലായിക്കഴിഞ്ഞു. ‘നടൻ സൽമാൻ ഖാന്റെ പിതാവ് സലിം ഭായ് ഒരിക്കൽ എന്നോടു പറഞ്ഞു: ദൈവസ്പർശമുള്ള കഴിവുള്ള ഒരാളെ നിങ്ങൾ കണ്ടു മുട്ടിയാൽ അവരെ നിങ്ങൾ വിട്ടു കളയരുത്.

ചേർത്തു പിടിക്കണം..’– ഹിമേഷിന്റെ വാക്കുകൾ. സിനിമയും പാട്ടും ഇറങ്ങുന്നതിനു കാത്തിരിക്കുകയാണ് ‘റാണു ഫാൻസ്’ ഇപ്പോൾ. വിശ്രമം ജീവിതം നയിക്കുന്ന ലതാ മങ്കേഷ്കറുടെ ശബ്ദം അവരിപ്പോൾ ഓർത്തെടുക്കുന്നത് റാണുവിലൂടെയാണ്.

ആ പാട്ടിലൂടെ റാണുവിനു തിരിച്ചു കിട്ടിയത് മകൾ സ്വാതിയെ കൂടിയാണ്. പാട്ടിലൂടെ പ്രശസ്തയായതോടെ സ്വാതി അമ്മയെ തേടിയെത്തി. കുറെക്കാലമായി അമ്മയെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നെന്ന് സ്വാതി പറയുന്നു. അമ്മയും മകളും കെട്ടിപ്പുണർന്നു നിൽക്കുന്ന ദൃശ്യവും പ്രചരിക്കുന്നു ഇപ്പോൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com