ADVERTISEMENT

വിൽക്കാനുള്ള ഇഞ്ചി വളരെ കുറച്ചേയുള്ളൂ; ഒരു ചെറിയ ചാക്കിലാക്കിയത് – ചുമലിലിട്ട് താഴെയുള്ള റോഡിലേക്ക് ഇറങ്ങിയിറങ്ങിപ്പോകുന്ന സാബുവിന്റെ മെല്ലിച്ച രൂപം വരയ്ക്കാനാണ് ജയലാൽ ആദ്യം വിചാരിച്ചത്. കഥയിൽ ആ രംഗമുണ്ട്. മുകളിലെ ഷെഡുപോലെ തട്ടിക്കൂട്ടിയുണ്ടാക്കിയ തകരംമേഞ്ഞ കിടപ്പാടത്തിനു മുന്നിൽ അയാളുടെ പോക്കു നോക്കി നിൽക്കുന്ന ഭാര്യ ഷീലയെയും വരയ്ക്കാമെന്നുവച്ചു. ഷീല തുണി വിരിച്ചുണക്കാൻ പിഴിഞ്ഞുകൊണ്ടുനിൽക്കുന്നതായിട്ട്. സാബുവിനു നേർക്കുള്ള അവളുടെ നോട്ടത്തിൽ അരിശവും സങ്കടവും ആകാം. ഒന്നിനുമൊക്കാത്തൊരു ഇഞ്ചിക്കച്ചവടം എന്ന ആ പുച്ഛവും വരണം. അതു കൃത്യമായിത്തന്നെ വരയിൽ കൊണ്ടുവരാവുന്നതേയുളളൂ എന്ന് അയാൾക്കു തോന്നുകയും ചെയ്തു.

ഇതൊക്കെ മനസ്സിൽവച്ച് ജയലാൽ പേപ്പറിൽ സ്കെച്ചിടാൻ പോയതാണ്. പക്ഷേ, ഇഞ്ചിച്ചാക്കും ചുമന്നിറങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്ന സാബുവിന്റെ ഇടതുവശം മുഴുവനും ഇപ്പോൾ ചുവന്ന കല്ലും കട്ടയും ഇടിഞ്ഞിറങ്ങിക്കിടക്കുന്ന വിശാലമായൊരു തുറസ്സാണ് എന്നു കഥയിലുണ്ട്. ചെമ്മണ്ണു മൂടിയൊരു ശവപ്പറമ്പ്. വീടിന്റെ വലതുവശത്ത് വിധി ബാക്കിവച്ച ഇത്തിരിയിടത്തു വിളഞ്ഞ ലേശം ഇഞ്ചിയും കൊണ്ട് അയാൾ പോകുമ്പോൾ, ദുരന്തം ഉഴുതുമറിച്ചിട്ട് ഒരു പുല്ലുപോലും മുളയ്ക്കാത്ത, ഒന്നിനുംകൊള്ളാത്ത പാഴ്പ്പറമ്പാക്കി മാറ്റിയ ആ വെളിയിടത്തിന്റെ ഉള്ളറകളിൽ നിന്നു നിലവിളി ഉയരുന്നു. ഒന്നല്ല, ഒരുപാട്. അവ സാബുവിന്റെ ഇരുകാതുകളിലും വന്നലയ്ക്കുകയാണ്.

ഓരോ നിലവിളിയും അയാൾക്കു തിരിച്ചറിയാം – കുരുത്തംകെട്ടവനേ, എത്ര കെഞ്ചിയിട്ടാണ് ലേശം പൊടിവാങ്ങാൻ നീ പോയത്. അതിങ്ങു നേരത്തേ കൊണ്ടുവന്നിരുന്നേ, അവസാനമായിട്ടാണെങ്കിലും ഒന്നു വലിച്ചിട്ടു പോകായിരുന്നല്ലോ, എന്ന് അപ്പൻ.. അതിനായിട്ട് അവൻ പോയതുകൊണ്ട് അവനെങ്കിലും ബാക്കിയായല്ലോ, എന്ന് അമ്മ... കടേ പോവാ‍ൻ എന്നേംകൊണ്ടു പോന്ന് പറഞ്ഞിട്ടു കൊണ്ടോയില്ലല്ലോ ചാച്ചാ, എന്ന് ചിന്നു മോള്..

സാബുച്ചായാ ചന്തേലെങ്ങാനും ഞങ്ങടെ ചാച്ചനെ കാണുവാണേ ഞങ്ങളിവിടെയൊണ്ടെന്ന് ഒന്നു പറയണേ, എന്നു കിഴക്കേലെ (ഇപ്പഴെന്ത് കിഴക്കും പടിഞ്ഞാറും!) മോളിക്കുട്ടിയും മക്കളും.

വീശിയടിക്കുന്ന കാറ്റ് ഓരോ നിലവിളിയും വേർതിരിച്ച് അയാളുടെ കാതുകളിലേക്ക് അടിച്ചു കയറ്റുകയാണ്.

അതു വരയ്ക്കണം. അതാണു വരയ്ക്കേണ്ടത്. ജയലാലിനു തോന്നി. പക്ഷേ, നിലവിളികളെ എങ്ങനെ വരയ്ക്കാനാവും?

എത്രയാലോചിച്ചിട്ടും മുന്നിലെ കളർ പാലറ്റിലെ ചായങ്ങളിൽ സാബുവിന്റെ ഉറ്റവരുടെ കണ്ണീരു ചാലിക്കാൻ ജയലാലിനു കഴിയുന്നില്ല. അതു പറഞ്ഞിരുന്നിട്ടു കാര്യമില്ല.  ആഴ്ചപ്പതിപ്പാണ്. ചിന്തിച്ചുകളയാൻ നേരമെവിടെ!

‘‘ജയേട്ടാ എന്തായി?’’

ലേ ഔട്ടിൽനിന്നു ജോജി തിടുക്കത്തിൽ വന്നു ചോദിക്കുന്നു.

വെള്ളിയാഴ്ചയാണ്. എഡിറ്ററുടെ മൂക്കു പതിവുപോലെ രാവിലെ തന്നെ ചുവന്നു തുടുത്തിട്ടുണ്ട്. അതിനർഥം ഇന്നു കലി കൂടുമെന്നാണ്. തൊട്ടതിനു പിടിച്ചതിനും ചീത്ത ഉറപ്പാണ്. ഉച്ചയ്ക്കു മുമ്പ് കഥയുടെ പേജ് സെറ്റു ചെയ്തില്ലെങ്കിൽ ചെവി പൊട്ടിക്കുന്ന ചീത്ത ഉറപ്പാണെന്നു ജോജിക്കറിയാം. 

പക്ഷേ, ജയലാൽ ഇപ്പോഴും ചിന്തയിലാണ്. പെട്ടെന്ന് അയാളുടെ മൊബൈൽ പ്രകാശിച്ചു. മീരയുടെ മെസേജാണ്. ജയലാലിന് അത് ഓപ്പൺ ചെയ്യാൻ തോന്നിയില്ല. കന്നിപ്രസവത്തിനു നാളെ അവളെ അഡ്മിറ്റ് ചെയ്യണമെന്ന കാര്യം ഓർമിപ്പിക്കുകയാണവൾ. പോക്കറ്റിൽ നയാ പൈസയില്ല. സാലറി പെൻഡിങ്ങിലായിട്ട് മാസം നാലായി. ഇതുവരെയുള്ള കുടുംബച്ചെലവിനു വാങ്ങിയ കടം വീട്ടാതെങ്ങനെ –

ജീവനക്കാർക്കു കൊടുക്കാൻ കാശില്ലെങ്കിലും വീക്ക്‌ലിയുടെ മുതലാളി ധീരജ് ഭണ്ഡാരിക്ക് വൻ നഗരങ്ങളിലെ മാളുകൾക്ക് ഇറക്കാൻ പണമുണ്ട്.

‘‘എനിക്കീ വീക്ക്‌ലി നടത്തിക്കൊണ്ടു പോകണമെന്ന് ഒരു ആഗ്രഹവുമില്ല. നിങ്ങൾ ചെറുപ്പക്കാർ പണി പഠിക്കട്ടെ. അല്ലെങ്കിൽ നിങ്ങൾക്കൊരു ടൈംപാസാകട്ടെ എന്നു കരുതിമാത്രം തുറന്നിട്ടിരിക്കുന്നു. പിന്നെ ഓരോ സ്റ്റേറ്റിലും എനിക്ക് ഇതുപോലെ എന്തെങ്കിലും വേണമെന്നേയുള്ളൂ. നിൽക്കണോ പോകണോ എന്നു നിങ്ങൾക്കു തീരുമാനിക്കാം.’’

– വർഷത്തിലൊരിക്കലുള്ള വിസിറ്റിനിടയിൽ ഒരിക്കൽ എഡിറ്ററുടെ അനുമതിയോടെ ധീരജ് ഭണ്ഡാരിയെ നേരിൽകണ്ടു ഗതികേടുകൾ പറഞ്ഞപ്പോൾ ജയലാലിനു കിട്ടിയ മറുപടിയാണ്. തിരികെവന്നു ബാൽക്കണിയിൽ നിന്നു താഴെ ഇരമ്പുന്ന നഗരത്തിലേക്കു നോക്കി പുക വലിച്ചു തള്ളുമ്പോൾ എഡിറ്റർ പിന്നിൽ വന്നു ചമലിൽ തട്ടി:

‘‘ശമ്പളം പെൻഡിങ്ങാണെങ്കിലും അത് എന്നെങ്കിലും കിട്ടിയെന്നുവരും. അങ്ങനെയല്ലേ പതിവ്. എന്നാൽ, കൃത്യമായി കിട്ടുന്നില്ലെന്നു കരുതി വർക്ക് ഉഴപ്പുന്നവരുണ്ടിവിടെ. വൈകിയാണെങ്കിലും ശമ്പളം കിട്ടുമ്പോ ഈ ഉഴപ്പിയതിന്റെ കാശ് ആ ഭണ്ഡാരിക്കു മടക്കിക്കൊടുക്കുമോ ഇവർ? ഇല്ലല്ലോ – അല്ല, ജയലാൽ അക്കൂട്ടത്തിൽ പെടുന്നയാളല്ലെന്ന് എനിക്കറിയാം. പിന്നെ ജേണലിസോം കഴിഞ്ഞ് ഇഷ്ടംപോലെ പിള്ളേർ  ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. വല്ല ചില്ലറേം കാണിച്ച് അവരെ പിടിച്ച് ട്രെയ്നീസാക്കി എന്നോടിതു ഉന്തിക്കൊണ്ടുപോകാൻ പറയും. അന്നേരം നിങ്ങള് പുറത്താവും.അതുവേണോ?’’

നര വീണ താടി തടവിക്കൊണ്ട് എഡിറ്റർ ചിരിച്ചു. അവിടം മുതലാണ് ഓരോ കഥയ്ക്കും കവിതയ്ക്കും പരമാവധി നന്നായി വരയ്ക്കാൻ ജയലാൽ അങ്ങേയറ്റം ശ്രമിച്ചുതുടങ്ങിയത്. പ്രതിഷേധത്തിലും ഒരു കലയുണ്ടെന്ന് അയാൾ കരുതി. ഓരോ ചിത്രവും മനസ്സിനു തൃപ്തി വരുന്നവിധം വരച്ചു കഴിയുമ്പോൾ അതു ധീരജ് ഭണ്ഡാരിയുടെ മുഖത്തുതന്നെ ഒട്ടിച്ചുവച്ച ഒരു സന്തോഷം അയാൾക്കുണ്ടാകാറുണ്ട്. അയാളുടെ ആ ഉണ്ടമുഖത്ത് ഒട്ടിക്കാൻ പറ്റിയ ഒരു പടത്തിനായി ജയലാൽ കഥയിൽ മറ്റൊരു മുഹൂർത്തം തിരഞ്ഞു.

ചായക്കടയിൽവച്ചു ലോക്കൽ നേതാവിന്റെ മരുമകളുടെ അച്ഛന് – അയാൾക്ക് കൃഷിയിടം പോയിട്ട് മറ്റത്തൊരു മൂടു ചീനി പോലുമില്ലാഞ്ഞിട്ടും – നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപ ചാർത്തിക്കിട്ടിയത് അറിഞ്ഞു കുടിച്ച ചായ ഇറക്കാനാവാതെ സാബു നിൽക്കുന്നതു ജയലാൽ വിട്ടു.

പകരം കംപ്യൂട്ടർ ആശ്രയിച്ചുള്ള കണക്കെടുപ്പിൽ ചില അനർഹരും കയറിപ്പറ്റിയിരിക്കുമെന്നും നഷ്ടപരിഹാരത്തിന്റെ അടുത്ത ഗഡു വിതരണത്തിൽ തീർച്ചയായും സാബുവിനെ ഉൾപ്പെടുത്തിയിരിക്കുമെന്നും ബ്രാഞ്ച് സെക്രട്ടറി വറുഗീസ് ഉപ്പുതറ ഉറപ്പുനൽകുന്ന രംഗം വരയ്ക്കാമെന്നുറപ്പിച്ചു. വര തുടങ്ങുകയും ചെയ്തു.

പക്ഷേ, എങ്ങനെ വരച്ചിട്ടും ബ്രാഞ്ചു സെക്രട്ടറിയുടെ രൂപം ശരിയാവുന്നില്ല. അൽപം പരുക്കനായ ഒരു മുഖഭാവമാണു വേണ്ടത്, കർക്കശ സ്വഭാവവും തോന്നിക്കാം.

രക്തംചിന്തിയ ഒരുപാടു സമരങ്ങളുടെ തീക്ഷ്ണമായ അനുഭവങ്ങൾ വടുക്കളായി അങ്ങിങ്ങ് അവശേഷിക്കുന്ന മുഖം. ഇതേ രൂപഭാവങ്ങളുള്ള പല പാർട്ടി നേതാക്കൻമാരെയും ജയലാലിനറിയാം. പക്ഷേ, വരച്ചു വരുമ്പോൾ മുഖം കൊഴുത്തുരുണ്ടതാകുന്നു. കണ്ണുകൾ സുഖലഹരിയുടെ ആലസ്യത്തിൽ പാതി തുറന്നതാകുന്നു. ശരീരം തടിച്ചുരുണ്ടു ചാടിയ വയറോടെ വല്ലാതെ സ്ഥൂലിച്ചു പോകുന്നു. പലതവണ മാറ്റി വരച്ചിട്ടും അതങ്ങനെതന്നെയായതോടെ അതും വിട്ടു.

അപ്പോൾ കഥയിൽ നിന്നുയർന്ന ഒരു പരുക്കൻ ചോദ്യം ജയലാൽ കേട്ടു; ‘‘നിങ്ങൾക്കവിടെ വീടും ഇഞ്ചികൃഷിയുമുണ്ടായിരുന്നു എന്നതിനു തെളിവുണ്ടോ? കരമടച്ച റസീറ്റുണ്ടോ?’’

ശുഷ്കമായ നഷ്ടപരിഹാരത്തിനെതിരേ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിനു മുന്നിൽ സാബു അമ്പരന്നു നിൽക്കുന്നു.

‘‘ശരിയാ...’’ കോടയിറങ്ങി  മെല്ലെ മെല്ലെ മൂടിപ്പോകുന്ന ആ ശവപ്പറമ്പിലേക്കു നോക്കി സാബു പിറുപിറുക്കുന്നു – 

‘‘ഞാ‍ൻ തന്നെ ഇപ്പം ഉണ്ടോ? എന്നതാ തെളിവ്?’’

ഇടിഞ്ഞിറങ്ങിയ മലയുടെ എതി‍ർവശത്ത് വർഷങ്ങളായി കെട്ടി ഉയർത്തിയിരിക്കുന്ന ഒരു തടയണയുണ്ട്. വലിയൊരു കരിങ്കൽ ക്വാറിയും. ഒരിക്കൽ അതു രണ്ടും അവിടെ നിന്നു നീക്കാനുള്ള നിവേദനത്തിൽ ഒപ്പിട്ടതിന് ഷീലയുടെ ചാച്ചൻ ദേഷ്യപ്പെടുന്നുണ്ട്. അയാൾക്കു വേണ്ടപ്പെട്ടവരുടേതാണ് അതൊക്കെ. അതിലൊക്കെ ഇടപെട്ട് അവരുടെയൊക്കെ ശത്രുവാകുന്നതിലും നല്ലത് ഇവിടുന്നേ മാറാനുള്ള വഴിനോക്കു മനുഷ്യാ എന്നു ഷീലയും കയർക്കുന്നുണ്ട്.

വാ പിളർത്തി നിൽക്കുന്നൊരു ക്വാറി വരയ്ക്കാമെന്നു ജയലാൽ വിചാരിച്ചു. അതിന് എതിർവശത്തായി സാബുവിന്റേതായി അവശേഷിക്കുന്ന ഒരു തുണ്ടു മണ്ണും അതിലെ വീടും. അതിനൊരുങ്ങുന്നതിനിടെ ജയലാലിന്റെ മനസ്സ് കഥയുടെ മറ്റൊരു വഴിത്തിരവിൽ ഉടക്കി.

ഇഞ്ചിച്ചാക്കുമായി ആഴ്ചച്ചന്തയിലേക്ക് എന്തെങ്കിലും കിട്ടിയാലായി എന്നു കരുതി നീങ്ങുന്ന സാബു ഒരു വളവിൽവച്ചു കുറച്ചു ചെറുപ്പക്കാർക്കിടയിലേക്കു ചെന്നു കയറുന്നു. അവരിൽ ഒരാൾ സസന്തോഷം സാബുവിന്റെ ചുമലിൽ നിന്നാ ചാക്ക് പിടിച്ചിറക്കുന്നു. മൊബൈൽ ക്യാമറകൾ ഓണാകുന്നു. വിഡിയോ എടുത്തുകൊണ്ട് ഒരു ചെറുപ്പക്കാരൻ ഉറക്കെ പറയുന്നു:

‘‘ഇതാ ദുരന്തഭൂമിയുടെ അവശിഷ്ടം അപ്പാടെ സംഭാവനയർപ്പിക്കുകയാണ് ഇതേ മഹാ ദുരന്തത്തിനിരയായ, സ്വന്തം അപ്പനും അമ്മയും മകളും നഷ്ടപ്പെട്ട നമ്മുടെ സാബുച്ചായൻ എന്ന യുവ കർഷകൻ – ഇതാണു മനുഷ്യത്വം. അനശ്വരമായ നൻമ, ലോകമേ കാണുക.’’

ജീപ്പിനു പിന്നിലെ  കൂട്ടിയിട്ടിരിക്കുന്ന കാർഷിക വസ്തുക്കൾക്കിടയിലേക്കു തന്റെ ഇഞ്ചിച്ചാക്കും നിക്ഷേപിക്കപ്പെടുന്നതു സാബു അറിയുന്നില്ലെന്നതും അയാൾ ഓർക്കുന്നത് വരുമാനമില്ലാത്ത ഒരു ഭർത്താവിനെ തള്ളാനും കൊള്ളാനും കഴിയാത്തൊരു ഭാര്യയുടെ ധർമ്മസങ്കടത്തെക്കുറിച്ചാണെന്നും കഥയിൽ പറയുന്നു.

ജയലാൽ വല്ലാത്തൊരു കയ്പോടെ സീറ്റിലേക്കു ചാരി. ഇതൊന്നുമല്ലാ.. ഇതൊന്നുമല്ലാ വരയ്ക്കേണ്ടതെന്നു മനസ്സു പറയുന്നു. എന്നാൽ എന്താണതെന്ന് തിരിഞ്ഞു കിട്ടുന്നുമില്ല. സമയം അതിവേഗം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. സിഗരറ്റു പിടിച്ച വിരലുകളിൽ വിറ പടരുന്നു. വരച്ചേ പറ്റൂ, എന്തെങ്കിലും. കഥയിലേക്ക് അയാൾ വീണ്ടും കടന്നു.

ദുരന്തനിവാരണ സഹായധനത്തിന് ഓഫിസുകൾ കയറിയിറങ്ങി ഒന്നും കിട്ടാതെ സാബു തളർന്നുവന്നു വീടിന്റെ ഇറയത്തിരുന്നു കൈവിരൽ ഞൊടിക്കുന്നു. തലമുടിയിലൂടെ വെറുതെ വിരലുകളോടിക്കുന്നു. ആരോടെന്നില്ലാതെ എന്തൊക്കെയോ പിറുപിറുക്കുന്നു. ചെമ്മണ്ണിനടിയിലെ ചത്ത വീടുകളിൽ നിന്നുയരുന്ന അലമുറകൾക്കു മേലേ ഇപ്പോൾ സാബുവിനു കേൾക്കാം, ഷീലയുടെ പ്രാക്കുകൾ...

‘‘നല്ലപ്പഴേ ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ, ഈ കാട്ടുമുക്കീന്നു പോകാം പോകാ–ന്ന്. കേട്ടോ? എന്റെ കുഞ്ഞിനേം സ്വന്തം തന്തേം തള്ളേം കുഴിച്ചുമൂടാൻ കൊടുത്തേച്ച് ഇരിക്കുവാണ് ദുഷ്ടൻ. കാലനാണ് നിങ്ങള് കാലൻ–..’’

അവളുടെ കണ്ണുകളിലെ ആളിക്കൊണ്ടിരിക്കുന്ന തീയാണ് വരയ്ക്കേണ്ടതെന്നു ജയലാലിനു തോന്നി. ഇടിഞ്ഞിറങ്ങിക്കിടക്കുന്ന ചെമ്മൺ കുന്നിന്റെ മുകളിൽ സന്ധ്യാപ്രകാശത്തിലേക്കു പടർന്നു കയറുന്ന മുടിയിഴകളോടെ അവൾ ചുടല മണ്ണു വാരി ശപിക്കാനോങ്ങി നിൽക്കുന്നു.

അബോധത്തിലെന്നവണ്ണം അയാൾ വരയ്ക്കാൻ തുടങ്ങി. ഏതാണ്, എന്താണ് വരയ്ക്കുന്നതെന്ന് അയാൾക്കു നിശ്ചയമില്ല. അയാളുടെ ഉള്ളു പൊട്ടിയിരിക്കുന്നു. പൊട്ടിയൊലിച്ച് കുത്തിയൊഴുകി ഇളകിമറിഞ്ഞ് എല്ലാം തകർത്തുകൊണ്ടു വിരലുകളിലൂടെ ബ്രഷിലൂടെ വെളുത്ത കടലാസിലേക്കതു പ്രവഹിക്കുന്നു. ഇഹവും പരവും മറന്നുള്ള നിമിഷങ്ങൾ. അതിന്റെ അന്ത്യത്തിൽ എന്തൊക്കെയോ ചോർന്നു പോയപോലെ ജയലാൽ സീറ്റിലേക്കു ചാരിക്കിടന്നു കണ്ണുകളടച്ചു. പിന്നെ മെല്ലെ കണ്ണു തുറന്ന് വരച്ചതിലേക്കു നോക്കി.

പക്ഷേ, കഥയിൽ ഇല്ലാത്ത ഒരു മുഹൂർത്തമാണ് വരച്ചിരിക്കുന്നത്‌!

സാബു ഒരു വലിയ നേതാവിൽ നിന്നു മികച്ച കർഷകനുള്ള പരമോന്നതമായ അവാർഡ് വാങ്ങുകയാണ്. കൈ നീട്ടി നിൽക്കുന്ന സാബുവിനു പക്ഷേ, ശിരസ്സില്ല. കബന്ധം മാത്രം. സാബുവിന്റെ നീട്ടിയ കൈയിലേക്കു നേതാവ് ഒരു തളികയിൽ വച്ചുകൊടുക്കുന്ന അവാർഡ് ശിൽപം അയാളുടെതന്നെ ചോരയിറ്റുന്ന ശിരസ്സാണ്.

രണ്ടാമതൊന്നു നോക്കാതെ ജയലാൽ മുന്നിൽ അക്ഷമനായി നിൽക്കുന്ന ജോജിക്കു ചിത്രം കൈമാറി.

രാത്രി. നിറവയറോടെ തെല്ലു ചരിഞ്ഞു കിടന്ന മീരയുടെ അരികിൽ കിടന്ന്, നീർദോഷം കൊണ്ടു തെല്ലു മങ്ങിയ അവളുടെ കവിളുകളിൽ നിന്നും ചുരുണ്ട മുടിയിഴകൾ മെല്ലെ മാറ്റിക്കൊണ്ട് ഇരുളിലേക്കു നോക്കി ജയലാൽ മന്ത്രിച്ചു:

ഞാനിന്നൊരു നേതാവിനെ വരച്ചു. പക്ഷേ, ഇപ്പോഴാണ് ഓർക്കുന്നത് – അയാളുടെ മുഖം നമ്മുടെ ധീരജ് ഭണ്ഡാരിയുടേതാണ്.’’

പാതിമയക്കത്തിൽ അവളൊന്നു മൂളി. പറയേണ്ടിയിരുന്നില്ലെന്ന് അയാൾക്കു തോന്നി. ധീരജ് ഭണ്ഡാരി ഒരു വലിയ ചെമ്മൺ ഭൂതമായി ഇടിഞ്ഞിറങ്ങി വന്ന് തങ്ങളെയാകെ മണ്ണിനടിയിലാക്കി മൂടിക്കൊണ്ടു പോകുന്നൊരു പേക്കിനാവിൽ അവൾ ഞെട്ടിത്തെറിക്കുമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com