ADVERTISEMENT

തീവണ്ടി ഒരഭിനിവേശമായി മാറിയപ്പോഴാണ് നവമിക്കു ഭ്രാന്തിളകിയത്. കുട്ടിക്കാലം മുതൽക്കേ തീവണ്ടി കാണാൻ അവൾക്ക് അത്യുത്സാഹമായിരുന്നു. തറവാട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കായൽത്തീരത്തേക്കോടി അങ്ങകലെ പാലത്തിനു മുകളിലൂടെ വണ്ടി പോകുന്നത് എത്രയോ തവണ എത്രയോ കാലം നവമി നോക്കിനിന്നിട്ടുണ്ട്. 

അതു പഥേർ പാഞ്ചാലിയിലെ ആ രംഗം അനുകരിച്ചതൊന്നുമായിരുന്നില്ല.

അതിന് ആ സത്യജിത്‌റേ പടമോ ആ ദൃശ്യമോ നവമി കണ്ടിട്ടില്ലല്ലോ.

ഭ്രമം മൂത്ത് നവമി യാത്രകളെല്ലാം നിവൃത്തിയുള്ളിടത്തോളം തീവണ്ടിയിൽ തന്നെയാക്കി. റെയിൽവേ പ്ലാറ്റ്ഫോം, പാലങ്ങൾ, വണ്ടികാത്തു നിൽക്കുന്ന ആൾക്കൂട്ടം... എല്ലാം അവൾക്കു ദേജാവു ആയി.

പ്ലാറ്റ്ഫോമുകളിൽ നിന്നവൾ അമ്പരന്നു. ‘‘ഈ സ്ഥലം ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ഞാനിവിടെ മുൻപ് വന്നിട്ടുണ്ടല്ലോ.’’

നവമി ചുറ്റും നോട്ടം പായിച്ചു, ‘‘എന്ന്... എന്ന്... ഏതായാലും ഈ ജന്മത്തിലല്ല.’’

പിന്നെ അതെല്ലാം ഓർമക്കുറവുകളിൽ തള്ളി നവമി ജീവിതം തുടർന്നു. മറ്റെന്താണ് നവമിയെപ്പോലൊരു സാധാരണ പെണ്ണിനു കഴിയുക? കടമകളും കർത്തവ്യങ്ങളും ഒഴിഞ്ഞപ്പോൾ നവമിക്കു വീണ്ടും തീവണ്ടി പാഷൻ തുടങ്ങി.

എത്രയെത്ര പുതിയ പാതകൾ, പാലങ്ങൾ, പാളങ്ങൾ. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പായുന്ന എണ്ണമറ്റ വണ്ടികൾ. ഇനി ഇതിനെ തീവണ്ടി എന്നു വിളിക്കുന്നതെന്തിന്? ഇതിൽ തീയില്ല... പുകയില്ല... ആവിയില്ല, നവമി പിറുപിറുത്തു. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾ അവൾ അറിഞ്ഞിരുന്നില്ല. സ്വയം അമ്പരപ്പിന്റെ പര്യായമായി അവൾ.

വലിയ ടിവി സ്‌ക്രീനിൽ അവൾ അന്വേഷണം തുടങ്ങി. ചട്ടക്കാരി മുതൽ പത്താം നിലയിലെ തീവണ്ടി വരെയുള്ള സിനിമകൾ അവൾ തപ്പിയെടുത്തു. ആമസോൺ, നെറ്റ്ഫ്ലിക്സ്, ഹോട് സ്റ്റാർ, യൂ ട്യൂബ്... എന്തെല്ലാം ആപ്പുകളാണ്. തീവണ്ടി പശ്ചാത്തലമുള്ള സർവ സിനിമകളും അവൾ കണ്ടുതീർത്തു. വീടും വീട്ടുകാരും അവളുടെ മാഞ്ഞുപോയ ചിന്തകളായി. ആരൊക്കെയോ എഴുതിയ തീവണ്ടിക്കഥകളും തീവണ്ടിക്ക‌വിതകളും നവമി വായിച്ചുകൂട്ടി. അതോടെ അവൾ അവളിൽനിന്നു തന്നെ ഊർന്നുപോയി.

വലിയ നിലക്കണ്ണാടിയുടെ മുന്നിൽ മുടിയഴിച്ചിട്ട് അവൾ നിന്നു. അവിടെ നവമി കണ്ട പ്രതിച്ഛായ മറ്റൊരു കരിനീലക്കണ്ണഴകിയുടേത്! ആ രൂപം നവമിയെ തുറിച്ചുനോക്കി. അവൾക്കു നേരെ വിരൽചൂണ്ടി. ഭയപ്പാടിൽ നവമി കയ്യിൽ കിട്ടിയ ചില്ലുകുപ്പിയെടുത്ത് ആ ഭീകരതയുടെ നേർക്കെറിഞ്ഞു. കണ്ണാടിയിൽ ഒരു സൂര്യൻ വിരിഞ്ഞു !

പെരുത്തുകയറിയ അസഹ്യതയിൽ അവൾ പുറത്തേക്കു പാഞ്ഞു. റെയിൽവേ പ്ലാറ്റ്ഫോമിലൂടെ പ്രജ്ഞയറ്റു ലക്ഷ്യമില്ലാതെ നടന്ന നവമിയുടെ മുന്നിൽ പെട്ടെന്നൊരാൾ. ജനിച്ചനാൾ മുതൽ അവളുടെ ബോധ–അബോധ മനസ്സുകളിൽ കൂടുകൂട്ടിയിരുന്നൊരാൾ! വെളുത്തു മെലിഞ്ഞു നീണ്ടൊരാൾ ! നീട്ടിവളർത്തിയ മുടിയും മീശയും താടിയും നരച്ചൊരാൾ !

നവമിയുടെ കണ്ണ് മിഴിഞ്ഞു... ശ്വാസം നിലച്ചു... നെഞ്ചിടിപ്പു നിന്നുപോയി... കുഴഞ്ഞുപോയ നവമിയെ അയാൾ മൃദുവായ ഒരാലിംഗനത്തിലൊതുക്കി. ആ നെഞ്ചിൽ തലചേർത്ത് ചലനമറ്റ് അവൾ നിന്നു.

അടുത്ത നിമിഷം അവളെ വിട്ട് അയാൾ മുന്നോട്ടുനടന്നു. അവൾ ഒരു മാന്ത്രിക വലയിൽ അകപ്പെട്ട പോലെ അയാളെ പിന്തുടർന്നു. അവൾ പിന്നിലുണ്ടെന്നറിഞ്ഞ് അയാൾ തിരിഞ്ഞുനിന്നു. നവമിയുടെ ഇടതുകൈപിടിച്ച് മുന്നോട്ടു നീങ്ങി, തീവണ്ടിയുടെ അറ്റം വരെ.

അവിടെ എൻജിൻ വല്ലാതെ ഇരച്ചുകൊണ്ടു നിന്നിരുന്നു. അയാൾ അവളുടെ കൈ വിട്ട് എൻജിൻ മുറിയിലേക്ക് കയറി. നവമി അവിടെ പകച്ചുനിന്നു. അയാളുടെ കണ്ണും കൈയും വിളിച്ചപ്പോൾ അവൾ ആ കൈപിടിച്ചു വലിഞ്ഞുകയറി.

കാലം ഉപ്പും കുരുമുളകും വാരിവിതറിയ അവളുടെ മുടി പാറിപ്പറന്നു ചിതറി. കറുത്ത സാരി ഉടഞ്ഞുലഞ്ഞിരുന്നു. പാകമല്ലാത്ത ചുവന്ന ബ്ലൗസ് വല്ലാതെ ചുളിഞ്ഞിരുന്നു. അയാൾ അവളുടെ മുഖത്ത് ആ പഴയ സൗന്ദര്യം തിരഞ്ഞു. അവളാകട്ടെ അന്നുവരെ കണ്ടിട്ടില്ലാത്ത ആ എൻജിൻ മുറിയിൽ മിഴികൾ എങ്ങുമുറയ്ക്കാതെ പതറിനിന്നു. എൻജിൻ അത്യുച്ചത്തിൽ ഹോൺ മുഴക്കി. നവമി നടുങ്ങിത്തെറിച്ചു വീണ്ടും അയാളെ മുറുകെപ്പിടിച്ചു. പിടിവിടുവിക്കാൻ അയാൾ ശ്രമിച്ചില്ല. ആ ദുർബലമായ ആലിംഗനം അയാൾക്കപ്പോൾ മറ്റേതു ചങ്ങലയെക്കാളും ബലമുള്ളതായി.

അവളെ അടർത്തിമാറ്റാൻ മടിച്ച് അയാൾ കൈനീട്ടി വണ്ടിയുടെ ബ്രേക്ക് റിലീസ് ചെയ്തു.

വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. നവമിയുടെ ഉടൽ വിറയ്ക്കുന്നുണ്ടായിരുന്നു. പരിഭ്രമം ലേശവുമില്ലാതെ അയാൾ അവളുടെ കുരുങ്ങി ജടപിടിച്ച മുടിയിൽ തഴുകിക്കൊണ്ടിരുന്നു.

ക്രമേണ അവൾ സ്വസ്ഥയായി.

അവളുടെ കൈകളുടെ ബലമയഞ്ഞ് അയാളെ വിട്ട് ഒരു കുട്ടിക്കൗതുകത്തോടെ അവൾ ഡ്രൈവർ ഡെസ്ക്കിലെ നോബുകളിൽ തൊടുകയും തിരിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ അവളെ അവിടെനിന്നു പിടിച്ചുമാറ്റി ചേർത്തുപിടിച്ചുകൊണ്ട് അയാൾ ട്രെയിനിന്റെ വേഗം കൂട്ടി. അവൾ ഉറയ്ക്കാത്ത പാദങ്ങളോടെ വാതിൽക്കലേക്ക് നീങ്ങി. പിന്നിലേക്കു പായുന്ന പുറംകാഴ്ചകൾക്കപ്പോൾ വേഗമേറി. അവൾ വാതിൽക്കൽത്തന്നെ നിൽക്കുന്നതു കണ്ട് അയാൾ ചെന്ന് അവളെ പിടിച്ചു. അവൾ കുതറുകയോ പിടയുകയോ ചെയ്യാതെ അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി ഒതുങ്ങിക്കൂടി.

തീവണ്ടി അപ്പോൾ നീളമേറിയ ഒരു പാലത്തിലൂടെ പായുന്നതിന്റെ ദ്രുതതാളത്തിൽ അവർ ആടിയുലഞ്ഞു. താഴെ വലിയൊരു പുഴയോ അതോ കായലോ ഭയാനകമായി പരന്നുകിടക്കുന്നു. അവൾ തലതിരിച്ചു പുഴയിലേക്ക് നോക്കി. കണ്ണുകളിൽ വന്യമായ ഒരു തിളക്കവുമായി അവൾ അയാളുടെ മെലിഞ്ഞുനീണ്ട കഴുത്തിൽ മുഖമമർത്തി. അടുത്ത നിമിഷം അവൾ അയാളെ ശക്തിയായി വലിച്ചടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവരിരുവരും പിന്നിലേക്കു മറിഞ്ഞു... വായുവിലൂടെ സ്ലോ മോഷനിൽ ജലാശയത്തിൽ ഒരു ശില്പം  പോലെ പതിച്ചു.

ഒന്നുമറിയാതെ ആ തീവണ്ടി ലക്ഷ്യത്തിലേക്കു പാഞ്ഞു.

പിറ്റേന്ന് ആ തീവണ്ടി അതേ സ്റ്റേഷനിൽ അതേ സമയത്ത് എത്തിയപ്പോൾ നവമി ഓടിപ്പാഞ്ഞു വന്നു. വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ഏതോ ഒരു കംപാർട്മെന്റിന്റെ വാതിൽക്കൽ അയാളുടെ മുഖം കണ്ടു. ഓടിവരുന്ന നവമിയെ അയാളും. അവൾ ആ വാതിൽക്കൽ എത്തിയതും അയാൾ കൈനീട്ടി. നവമി ആ കൈപിടിച്ച് വണ്ടിയിലേക്കു കയറി. അവളുടെ കിതപ്പടങ്ങുവോളം അയാൾ അവളെ ചേർത്തുപിടിച്ചു. പിന്നെ ആ തീവണ്ടി മുറിക്കുള്ളിലേക്കവർ നടന്നു, ഒരുമിച്ചിരിക്കാൻ ഒരു ഇരിപ്പിടം തേടി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com