sections
MORE

കഠിന ജീവിതം, മാധുര്യ സംഗീതം; തൊണ്ണൂറിന്റെ നിറവിൽ ഇന്ത്യയുടെ സ്വന്തം ‘സ്വരലത’

Lata-Mangeshkar
ലതാ മങ്കേഷ്‌കർ (വര: ബേബിഗോപാൽ)
SHARE

പ്രണയങ്ങൾക്കും വിരഹങ്ങൾക്കും പിന്നണിയിൽ ആ സ്വരമുണ്ടായിരുന്നു. തലമുറകളിൽ നിന്നു തലമുറകളിലേക്ക് സ്വപ്‌നങ്ങളുടെ, വിരഹത്തിന്റെ, ആഹ്ലാദത്തിന്റെ, ദേശസ്‌നേഹത്തിന്റെ അനുഭൂതിയും വികാരവും പകർന്നൊഴുകിയ സ്വരം. അതുകൊണ്ടു തന്നെയാകണം, ആ സ്വരത്തിനുടമ ഇന്ത്യയുടെ വാനമ്പാടിയായത്. വാനമ്പാടിക്ക്, പ്രിയഗായിക ലതാ മങ്കേഷ്‌കർക്ക് ഈ മാസം 28ന് തൊണ്ണൂറു തികയുന്നു. പക്ഷേ ആ സ്വരത്തിന് ഇന്നും മധുരപ്പതിനേഴ് ! 

തുടക്കകാലം

1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്രീയൻ കുടുംബം. ഹരിദ്കർ എന്ന പേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്ന് ദീനാനാഥ് മാറ്റുകയായിരുന്നു.

ലത, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ 5 മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ലത ചെറുപ്പത്തിലേ ദീനാനാഥിന്റെ നാടകങ്ങളിലും അഭിനയിച്ചു. തന്റെ നാടകത്തിലെ കഥാപാത്രത്തിൽ നിന്നു പ്രേരണ ഉൾക്കൊണ്ട് മകൾ ഹേമയുടെ പേര് ലതയെന്ന് അദ്ദേഹം മാറ്റിയതാണ്. ലതയ്ക്കു 13 വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം.

തുടർന്ന് തനിക്കു താഴെയുള്ള നാലു സഹോദരങ്ങൾക്കു വേണ്ടി ജീവിതം കെട്ടിപ്പടുക്കേണ്ട ചുമതല ലതയുടേതായി. ഒരുപക്ഷേ, ജീവിതത്തിൽ ഉടനീളം അവർ പുലർത്തുന്ന കാർക്കശ്യം ആ കാലഘട്ടത്തിന്റെ കാഠിന്യങ്ങളിൽ നിന്നു പിറവിയെടുത്തതാകണം. കുതിരവണ്ടിയിൽ കയറാൻപോലും പണമില്ലാതെ മുംബൈയിലൂടെ കിലോമീറ്ററുകൾ നടന്നുപോയ കാലമൊന്നും എളുപ്പം മറക്കാനാവില്ലല്ലോ.

മറാഠി സിനിമയിൽ ലത പാടിത്തുടങ്ങുന്നത് 13–ാം വയസ്സിലാണ്. പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കും മുൻപ് ഏതാനും ഹിന്ദി, മറാഠി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. രണ്ടിടത്തും ഭാഗ്യം പരീക്ഷിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ മരണശേഷം, കുടുംബസുഹൃത്തായ വിനായക് ദാമോദറാണ് ലതയെ കലാരംഗത്തു കൈപിടിച്ചുയർത്തിയത്. 1942ൽ കിതി ഹസാൽ എന്ന മറാഠി ചിത്രത്തിൽ നാച്ചുയാഗഡേ, കേലു സാരി എന്നതായിരുന്നു ആദ്യഗാനം. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ ആ പാട്ട് ഒഴിവാക്കപ്പെട്ടു. പിറ്റേവർഷം ഗജാഭാവു എന്ന ചിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ പാടി. 1945ലാണ് ലതാ മങ്കേഷ്കർ മുംബൈയിലേക്കു താമസം മാറ്റി.

വിനായകിന്റെ അപ്രതീക്ഷിത മരണം അടുത്ത ദുരന്തമായി. സംഗീത സംവിധായകൻ ഗുലാം ൈഹദറാണ് പിന്നീട് മാർഗദർശിയായി മാറിയത്. ഇതോടെ, വീണ്ടും ചെറിയ അവസരങ്ങൾ. സ്വരം മോശമാണെന്ന പേരിൽ അവസരങ്ങൾ പലവട്ടം നഷ്ടപ്പെട്ടു; ചരിത്രത്തിന്റെ തമാശകളിലൊന്നായിരിക്കണം അത്. പക്ഷേ ഹൈദറിന് ഉറപ്പുണ്ടായിരുന്നു, ഈ സ്വരം ഒരുദിനം ഇന്ത്യ കീഴടക്കുമെന്ന്. അദ്ദേഹം സംഗീതമൊരുക്കിയ മജ്ബൂർ എന്ന സിനിമയിലെ ഗാനം തന്നെ വഴിത്തിരിവായി. ലതയുടെ സ്വരം ഇന്ത്യ താൽപര്യത്തോടെ കേൾക്കാൻ തുടങ്ങിയത് അന്നുമുതലാണ്. 

എന്നാൽ, നേർത്തതും തുളച്ചുകയറുന്നതുമാണ് ശബ്ദമെന്നും അത് ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസൗന്ദര്യ സങ്കൽപവുമായി യോജിച്ചു പോകുന്നില്ലെന്നും ഇതിനിടെ വിമർശനം ഉയർന്നു. മറാഠി കലർന്ന ഹിന്ദി ഉച്ചാരണമാകട്ടെ, ഉർദുവിന്റെ കാൽപനിക സൗന്ദര്യവുമായി ഇഴ ചേർന്നിരുന്നില്ല. പക്ഷേ, നിശ്ചയദാർഢ്യത്തോടെ ഹിന്ദുസ്ഥാനിയും ഉർദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നിൽ, ആ സ്വരത്തിനു മുന്നിൽ, കാലം കീഴടങ്ങി. പിന്നീടുള്ളത് ചരിത്രമായി. ലതാ മങ്കേഷ്‌കറിന്റെ മാത്രമല്ല; ഇന്ത്യൻ സിനിമയുടെയും സിനിമാ സംഗീതത്തിന്റെയും ചരിത്രം.

കലഹകാലം

വ്യക്തിജീവിതത്തിൽ കടുംപിടുത്തക്കാരിയായിരുന്നു ലത. പല ഗായകരുമായും സംഗീത സംവിധായകരുമായും അവർ അകന്നു നിന്നിട്ടുണ്ട്; വർഷങ്ങളോളം. പിന്നീട്, ചിലർ ഇങ്ങോട്ടു വന്നു കൂട്ടുകൂടിയപ്പോൾ ചിലരോട് അങ്ങോട്ടു പോയി പിണക്കം മാറ്റി. 

Lata-Mangeshkar-and-Rafi
ലതാ മങ്കേഷ്കറും മുഹമ്മദ് റഫിയും

ഇതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പിണക്കങ്ങളിലൊന്ന് സംഗീത സംവിധായകൻ എസ്.ഡി. ബർമനുമായിട്ടായിരുന്നു. ബർമന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി തീർക്കുന്ന കാലമായിരുന്നു അത്. ഒരിക്കൽ ലത പാടിയ പാട്ട് രണ്ടാമതും പാടിച്ച ബർമന് അതിലും തൃപ്തിയില്ലാതെ ഒന്നുകൂടി പാടാൻ വരാൻ ആളെ അയച്ചു.

വിദേശയാത്രയ്‌ക്കൊരുങ്ങുകയായിരുന്നു ലത. തിരിച്ചു വന്നശേഷം ആദ്യം തന്റെ പാട്ടു പൂർത്തിയാക്കണമെന്നു ബർമൻ പറഞ്ഞു. ഉറപ്പു നൽകാനാകില്ലെന്നു ലത മറുപടിയും പറഞ്ഞു. അതോടെ ഇനി അവർ തനിക്കു വേണ്ടി പാടില്ലെന്നു ബർമൻ പ്രഖ്യാപിച്ചു. അതേ ഗാനം ലതയുടെ സഹോദരി ആശാ ഭോസ്‌ലെയെക്കൊണ്ടു പാടിച്ചു. പക്ഷേ, അതിൽ തൃപ്തി വരാതെ ലതയുടെ രണ്ടാമത്തെ സൗണ്ട് ട്രാക്ക് തന്നെ ബർമൻ സിനിമയിൽ ഉപയോഗിച്ചുവെന്നത് വേറെ കാര്യം. 

അഞ്ചു വർഷത്തോളം നീണ്ടുനിന്ന പിണക്കം ലതയ്ക്കു നഷ്ടമായി മാറിയെങ്കിലും സഹോദരി ആശാ ഭോസ്‌ലേയ്ക്കു ഗുണകരമായി. ബർമന്റെ നല്ല ഈണങ്ങളൊക്കെയും അവർ പാടി. തരംഗമായി. അഞ്ചു വർഷത്തിനു ശേഷം ബർമന്റെ മകൻ ആർ.ഡി. ബർമൻ മുൻകൈയെടുത്താണ് പിരിഞ്ഞ ബന്ധം വിളക്കിച്ചേർത്തത്. അതിനുശേഷം ഇരുവരും ചേർന്ന് ഹിന്ദിയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു. 

സൗമ്യവ്യക്തിത്വമായിരുന്ന ഗായകൻ മുഹമ്മദ് റഫിയുമായുള്ള കലഹമാണ് മറ്റൊന്ന്; റോയൽറ്റി വിഷയത്തിൽ. പാടിക്കഴിഞ്ഞാൽ ഗായകർക്ക് പിന്നെ അതിൽ അവകാശമില്ലെന്നായിരുന്നു റഫിയുടെ വാദം. റോയൽറ്റി വേണമെന്ന വാദത്തിൽ ലതയും ഉറച്ചു നിന്നു. എന്തായാലും ഇതു വ്യക്തിതലത്തിൽ എത്തിയതോടെ അന്നത്തെ ഹിന്ദി സിനിമാശാഖയിലെ ഏറ്റവും ഭാവസാന്ദ്രമായ യുഗ‌്മഗാന ജോഡി വേർപിരിഞ്ഞു. നാലു വർഷത്തിനു ശേഷം ഒരു സംഗീതനിശയിൽ വീണ്ടും യുഗ‌്മഗാനം പാടി അവരൊന്നിച്ചു. 

ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി. നയ്യാരുമായുള്ള ലതയുടെ പിണക്കം അവരൊരിക്കലും ഒന്നിക്കാത്ത പാട്ടുകളുടെ പേരിലാകും അറിയപ്പെടുക. ലതയെക്കൊണ്ടു പാടിക്കാൻ സ്റ്റുഡിയോ ഒരുക്കി മൂന്നു ദിവസം കാത്തിരുന്നിട്ടും ലതയ്ക്കു തിരക്കു കാരണം എത്താനായില്ല. കണിശക്കാരനായ നയ്യാർ, ലതയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി നിർമാതാവിനെ അറിയിച്ചു. പിന്നീട് ഒരിക്കലും നയ്യാർ ലതയെ അടുപ്പിച്ചില്ല. അതും നേട്ടമായത് സഹോദരി ആശാ ഭോസ്‌ലേയ്ക്ക്. ലതാ മങ്കേഷ്‌കർ മഹാമേരുവായി നിന്ന ഒരു കാലത്ത് ലതയില്ലാതെ അനശ്വര ഗാനങ്ങൾ തീർത്ത മനുഷ്യനായി നയ്യാർ. 

ലതയുമായി ഉടക്കിയ രണ്ടുപേരുടെ കഥ കൂടിയുണ്ട്. സംഗീത സംവിധായകനായ സി. രാമചന്ദ്രയും ഗായകനായിരുന്ന ജി.എം. ദുറാനിയും. ഒരു പ്രണയാധിഷ്ഠിത കലഹമായിരുന്നു രാമചന്ദ്രയെ ലതയിൽ നിന്ന് അകറ്റിയതെങ്കിൽ റിക്കോർഡിങ്ങിനെത്തിയ വേളയിൽ കളിയാക്കിയതാണ് ദുറാനിയുമായുള്ള കലഹത്തിനു കാരണമായത്. സഹോദരി ആശാ ഭോസ്‌ലേയുടെ വളർച്ചയ്ക്കു പോലും ലത തടയിട്ടെന്ന ആരോപണമുയർന്നിരുന്നു. ലതയും ആശയുമടക്കമുള്ള മറ്റു സഹോദരങ്ങളുടെ കുടുംബങ്ങളും മുംബൈ പെഡ്ഡർ റോഡിൽ ഒരേ സമുച്ചയത്തിലെ വിവിധ ഫ്‌ളാറ്റുകളിലാണ് ഇന്നും താമസം എന്നതു വേറെ കാര്യം.

പ്രണയകാലം

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ പലരോടൊപ്പം ലതയുടെ പേര് ചേർത്തു കഥകളുണ്ടായി. മുൻ ക്രിക്കറ്റർ രാജ് സിങ് ദുംഗാർപുരുമായുള്ള പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുകാർ എതിർത്തതോടെ ഇരുവരും വിവാഹസ്വപ്നങ്ങൾ ഉപേക്ഷിച്ചു. തകർക്കപ്പെടാതെ അവരുടെ പ്രണയം പിന്നെയുമൊഴുകി. ഗായകൻ ഭൂപൻ ഹസാരികയുമായി ലതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് ആരോപിച്ചത് ഭൂപന്റെ ഭാര്യ തന്നെയാണ്. വിവാഹാഭ്യർഥന നിരസിച്ചതാണ് സി. രാമചന്ദ്രയുമായുള്ള ബന്ധം വഷളായതിനു കാരണം.

ഇങ്ങനെ, പ്രണയത്തിന്റെ നാൾവഴികളിൽ പല പേരുകൾ ചേർക്കപ്പെട്ടെങ്കിലും നിതാന്തപ്രണയം സംഗീതവുമായി മാത്രം. ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതം; അതിൽ അവർ ഒരു മഹാമേരുവായി നിലകൊണ്ടു. കലഹങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ. എല്ലാറ്റിനുമൊടുവിൽ ബാക്കിയാവുന്നത് ലതയുടെ മധുരശബ്ദം മാത്രം. അതിൽ ലയിക്കാനാവുന്നതാണ് ഈ കാലഘട്ടത്തിന്റെ മഹാഭാഗ്യം.

കദളി കൺകദളി ചെങ്കദളി...

പ്രമുഖ ഇന്ത്യൻ ഭാഷകളിലെല്ലാം പാടിയിട്ടുള്ള ലത മങ്കേഷ്കർ മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആലപിച്ചിട്ടുള്ളത്. വയലാർ എഴുതി സലിൽ ചൗധരി ഇൗണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ... ’ (ചിത്രം : നെല്ല്). 

സജീവ സംഗീതലോകത്ത് നിന്നു ലത പിൻ‍മാറിയിട്ട് വർഷങ്ങളായി. ഇതുവരെ പാടിക്കഴിഞ്ഞതിനപ്പുറം എന്തെങ്കിലും ആകർഷകമായി തോന്നിയാൽ മാത്രമേ മൈക്ക് കയ്യിലെടുക്കൂ. വീട്ടിലിരുന്ന് സംഗീതം ആസ്വദിക്കും, ടിവിയിൽ ക്രിക്കറ്റ് കാണും; പാട്ടു കഴിഞ്ഞാൽ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. പിന്നെ, പുസ്തകങ്ങൾ വായിക്കും. ഇതാണ് ഇപ്പോൾ രീതി. ഫൊട്ടോഗ്രഫി മറ്റൊരു ഇഷ്ടവിനോദമായിരുന്നു.

അറുപതുകളിൽ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച ലത ഒരിക്കൽ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിർമിച്ചു. 1948നും 1974നും മധ്യേ ലത 25,000 ഗാനങ്ങൾ പാടിയതായും ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചയാളാണെന്നും ഗിന്നസ് ബുക് ഓഫ് റെക്കോർ‍‍ഡ്സ് രേഖപ്പെടുത്തിയെങ്കിലും അതിലേറെ ഗാനങ്ങൾ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദം പിന്നാലെ ഉയർന്നു. പിന്നീട് പല കണക്കുകളും ഉയർന്നുവന്നെങ്കിലും പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താൻ സൂക്ഷിച്ചിട്ടില്ലെന്ന് ലതാ മങ്കേഷ്കർ തന്നെ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA