ADVERTISEMENT

ദിവസേന കുറഞ്ഞത് നാലു കളികൾ. കുറഞ്ഞതു മാത്രമാണ്. മോർണിങ് ഷോ എണീറ്റാൽ ഉടൻ. മാറ്റിനി കലാലയത്തിലെ മുഷിഞ്ഞ ചുമരുകൾക്കുള്ളിൽ. നൂൺ ഷോ ഊണും കഴിഞ്ഞ്. പിന്നീടുള്ളത് ഏതു സമയത്തും പ്രദർശിപ്പിക്കാം.

ടിക്കറ്റ് ഇല്ല. സിനിമയ്ക്കു സവിശേഷമായ മുഖമുണ്ട്. തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങിയ തലപൊക്കൻ ഇടങ്ങൾ മുതൽ ചായവിതരണം നടത്തുന്ന ടീ ബോയ് വരെ ഇടം കയ്യാളുന്നത് ഒരാൾ തന്നെ. കാമുകൻ.

ഇരുപത്തിരണ്ടാം വയസ്സിന്റെ അന്ത്യയാമത്തിലെ മലബാർ കാറ്റിലാണ് പ്രണയം എന്ന സിനിമ നിർമിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2016 നവംബർ മാസത്തിൽ. ഏകദേശമൊരു പതിനൊന്നര മണി പ്രഭാതം. അക്കേഷ്യ മരങ്ങൾക്കിടയിലെ തണലിൽ നനുത്ത മണ്ണിൽ സൊറപറഞ്ഞിരിക്കുന്ന കരിയിലകളെ സാക്ഷിനിർത്തി പടം റിലീസ് ചെയ്തു.

യൗവനതീക്ഷ്ണതയേറിയ അവൾക്കും അവനും ഇടയിൽ പരന്ന ദീർഘവായുവിൽ സിനിമ ടൈറ്റിൽ വരഞ്ഞു പതിഞ്ഞു. പ്രണയം. പിന്നീടങ്ങോട്ട് പടം അവന്റെ ഉള്ളിൽ ബോക്സ് ഓഫിസ് ഹിറ്റായി പരിണമിച്ചുകൊണ്ടിരുന്നു. 2019 ഓഗസ്റ്റ് 31 വരെ ഇരുകസേരകൾ ഉള്ള അവനിലെ പ്രദർശനശാലയിൽ രണ്ടിലും മാറിമാറി ഇരുന്ന് അവൻ ഹൗസ്ഫുൾ ബോർഡ് സ്ഥാപിച്ചു.

പടത്തിന്റെ മാന്ത്രികതയാണ് എടുത്തുപറയേണ്ടത്. ആദ്യദിനങ്ങളിലെ സീനുകളല്ല പിന്നീടുള്ള ദിവസങ്ങളിൽ. അവനൊരുക്കിയ തിരക്കഥയുടെ മാന്ത്രികതയാണ് അത്. ഭാവി കാണാനുള്ള ഒരു ഏഴാം ഇന്ദ്രിയം കൂടിയുണ്ട് സിനിമയിൽ.

യൗവനത്തിലെ പ്രണയവും പിന്നീടുള്ള വൈവാഹിക ജീവിതവും അതിനുശേഷമുള്ള ബുള്ളറ്റ് യാത്രകളും ഏകാന്ത വഴിയോരങ്ങളിലെ കട്ടൻചായ പങ്കുവയ്ക്കലും ഹിമാലയ താഴ്‌വരയിൽ പെയ്യുന്ന മഞ്ഞിൽ കമ്പിളിക്കുള്ളിൽ ശരീരം പങ്കിട്ടു ചൂടു സൃഷ്ടിക്കുന്നതും കുസൃതിക്കുരുന്നിന്റെ ജനനവും വളർച്ചയും വളർച്ചയിലെ ആകസ്മകതകളും ഒക്കെയായി കാമുകനായ വിഡ്ഢി പ്രണയചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കി.

സിനിമയുടെ മധ്യേ കൃത്യമായൊരു ഇടവേളയില്ല. ഇടവേളയിലും സിനിമയുടെ സീനിലേക്കാണ് ഓടുന്നതെങ്കിൽ പിന്നെ ഇടവേളയ്ക്കെന്തു പ്രസക്തി?

കലാലയത്തോടു ചേർന്നുള്ള വശ്യമായ ഗ്രൗണ്ടിലെ കോൺക്രീറ്റ് പടികളിൽ കനത്ത മഴയിലും വെയിലിലും അവർ ചേർന്നിരുന്നിട്ടുണ്ട്. പടിക്കെട്ടിൽ നരബാധിച്ച പാഴ്പ്പായലുകൾ ഇന്നും വിഹരിക്കുന്നുണ്ടാകണം.

അവരോടൊന്ന് അഭ്യർഥിച്ചാൽ സിനിമയിൽ കാണാത്ത പ്രേമത്തിന്റെ ഇടങ്ങൾ കാട്ടിത്തരും. സത്യം. പ്രണയിക്കാൻ താൽപര്യമില്ലാത്ത (അറിയില്ല എന്നു കള്ളം പറയുന്ന) പ്രണയത്തെ പ്രാപിക്കാൻ തുനിഞ്ഞിറങ്ങിയ പെണ്ണൊരുവളുടെ കദനകഥയും സിനിമയിലുണ്ട്. ഇടക്കാലാശ്വാസമായി മാറുന്ന പ്രേമത്തിന്റെ കഥയല്ല കാമുകന്റേത്. ഊണിലും ഉറക്കത്തിലും അതിനിടയിലെ ശുഷ്ക്കമായ നേരങ്ങളിലും അവൻ കണ്ടുകൂട്ടിയ സ്വപ്നങ്ങളുടെ ഭാണ്ഡമായിരുന്നു അത്. തീർച്ച.

‘‘എനിക്കൊത്തിരി ഇഷ്ടമാണെടി കൊച്ചേ നിന്നെ.’’ 

പലനാൾ പലനേരങ്ങളിൽ കാമുകൻ ആവർത്തിച്ച സംഭാഷണം. കാമുകിക്കും ഉണ്ട് ‘‘ഉം’’ എന്നൊരു മറുപടി.

‘‘നമുക്കൊന്നിച്ചു ജീവിക്കണം. യാത്രകൾ പോണം. തിരുവനന്തപുരത്തെ പാതിരാത്രികളിൽ മ്യൂസിയം കവടിയാർ വിജനവഴികളിലൂടെ ബുള്ളറ്റിൽ ഹൃദയമിടിപ്പു ശബ്ദത്തിൽ സഞ്ചരിക്കണം. തമ്പാനൂരിലെ ചൂടൻ കട്ടൻ ചായ പങ്കിടണം’’ എന്നു കാമുകൻ പലവട്ടം. ‘‘ഉം’’ എന്ന് കാമുകിയും പലവട്ടം. അങ്ങനെ പലവട്ടങ്ങൾ ആവർത്തിച്ചാവർത്തിച്ചു ഛർദ്ദിച്ചു.

ഹോസ്റ്റൽ സായാഹ്നങ്ങളിൽ ഒരിക്കൽ വാട്സാപ് സ്റ്റാറ്റസ് ആയി ഉയർത്തിയ ചിത്രം കണ്ട് കാമുകൻ അലറി. ‘‘നാണമില്ലേ നിനക്ക്? ഇത്തരം ഡ്രസ്സിൽ ഇരിക്കുന്ന ചിത്രങ്ങൾ നാട്ടുകാരെ കാണിക്കാൻ... മേലിൽ ഇതാവർത്തിക്കരുത്.’’

ഉടനെ മറുപടി ‘‘നിങ്ങൾ ചെയ്യുന്ന വൃത്തികേടൊന്നും ഞാൻ എന്തായാലും ചെയ്തിട്ടില്ല.’’ കാമുകൻ വീണ്ടും പെണ്ണായി പരിണമിച്ചു മുട്ടുകുത്തി. ദിവസങ്ങൾ കടന്നു. ഇതിനിടയിൽ ‘‘നിങ്ങളെപ്പോലെ വൃത്തികെട്ടവനല്ല അവർ, നിങ്ങൾ എന്തു മനുഷ്യനാണ്? നിങ്ങൾ ആഗ്രഹിക്കുന്നപോലെ പെരുമാറാൻ എനിക്കു കഴിയില്ല, നിങ്ങളെന്തൊക്കെയാണ് ചിന്തിക്കുന്നത്? നിങ്ങൾ കാരണം എന്റെ വീട്ടുകാരുംകൂടി...? നിങ്ങൾ വേറേതോ ലോകത്താണ്.

എപ്പോളും നമ്മളെപ്പറ്റി മാത്രമാണല്ലോ സംസാരിക്കുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ട്?’’ തുടങ്ങിയ ‘നിങ്ങൾ’ ഉദ്ധരണികൾ തിരകൾപോലെ വന്നടുത്തു. പടത്തിന്റെ ആദ്യത്തെ പ്രദർശന ദിനത്തിലെ ‘യു’ സർട്ടിഫിക്കറ്റ് പിന്നീടെപ്പോഴോ കാമുകി റീ സെൻസർ ചെയ്യാനായി തട്ടിയെടുത്തു. സിനിമയിൽ ടാഗ്‌ലൈനിലെ ലഹരി ബോധവൽക്കരണത്തിനു കീഴെ പുതിയ നിബന്ധനകൾ കൊരുത്തു.

‘ചിത്രത്തിൽ പ്രേമം പാടില്ല (പ്രത്യേകിച്ചു പൈങ്കിളി), സങ്കൽപചിന്തകളും സ്വപ്നാഖ്യാനങ്ങളും പാടില്ല, മറ്റുള്ള കാമുകന്മാരെ മാതൃകയാക്കണം’ എന്നൊക്കെ നിര നീണ്ടു.

രണ്ടു വർഷത്തെ സ്വപ്നപ്രതീക്ഷകൾ പ്രദർശനശാലയുടെ മൂത്രപ്പുരയ്ക്കരികിലെ ചവറ്റുകൊട്ടയിൽ വീണുപിടഞ്ഞു. ഇടയ്ക്കിടെ അതിൽനിന്ന് ഒരു കുഞ്ഞു കരഞ്ഞു. കാമുകനതു കേൾക്കാത്ത മട്ടിൽ സിനിമ വീണ്ടും കാണുവാനിരുന്നു. ആദ്യദിനത്തിലെ മാസ്മരികത ഇന്നു സിനിമയ്ക്കില്ല തന്നെ. ജലം നീരാവിയായി ഉയർന്ന് വിള്ളൽ സൃഷ്ടിച്ച വരണ്ട വയൽ പോലെ വിരസമായിരുന്നു അത്.

അങ്ങനെ ആദ്യമായി ഇടവേളയ്ക്കു മുൻപ് അവനുറങ്ങി. പതിവുപോലെ പടം ചോദ്യചിഹ്നമി‌ട്ട് അവസാനിച്ചത് ഉറക്കത്തിലായതിനാൽ അവനറിഞ്ഞില്ല... അവൻ പിന്നെ ഉണർന്നതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com