sections
MORE

മഴമനസ്സ്

story
SHARE

പുറത്ത് കാലവർഷം ആടിത്തിമിർക്കുകയാണ്.

ജനാലകളിൽകൂടി വൃദ്ധൻ ദൂരേക്ക് നോക്കി. അകലെ വലിച്ചുകെട്ടിയ തറപ്പാളയ്ക്കു കീഴെ ഒരു ഇരുമ്പ് കുഴൽ. ആ കുഴലിൽ കൂടി കറുത്ത പുക മുകളിലേക്കുയരുന്നു. കുഴലിനു താഴെ ഒരു ഇരുമ്പ് പെട്ടി. ആ പെട്ടിക്കുള്ളിൽ തന്റെ ജീവന്റെ പാതി കത്തി അമരുകയാണ്!?

ഓർമകൾ വൃദ്ധനെ കണ്ണീരണിയിച്ചു.

ഇതുപോലൊരു കാലവർഷമഴയത്താണ്, ഏതാണ്ട് നാൽപത് വർഷങ്ങൾക്ക് മുമ്പ്, ഒരു കുടക്കീഴിൽ ഗായത്രിയെയും ചേർത്തുപിടിച്ച് ഈ വാടകവീട്ടിലേക്കു കയറിവന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം വീട്ടുടമ വീടും പറമ്പും വിൽക്കാൻ തീരുമാനിച്ചപ്പോൾ അവ സ്വന്തമാക്കി. അപ്പോൾ ഈ വീട്ടിൽ രണ്ടു കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു.

കുട്ടികൾ വളർന്നു. അവരോടൊപ്പം ഞങ്ങളുടെ പ്രായവും.

കാലവർഷങ്ങൾ പലത് ഒഴുകിപ്പോയി...

ഗായത്രിയുടെ ഫോട്ടോയ്ക്കു മുന്നിലിരുന്ന് വൃദ്ധൻ വിതുമ്പുകയാണ്. മകളും മകനും അടുത്തുവന്നു.

‘‘അച്ഛനിങ്ങനെ ഏതുനേരോം അമ്മേടെ ഫോട്ടോയ്ക്കു മുന്നിൽ ചടഞ്ഞുകൂടി ഇരുന്നാൽ പറ്റില്ല...? പുറത്തേക്കൊക്കെ ഇറങ്ങി നടക്കണം... കൂട്ടുകാരെ കാണണം. എന്നാലേ വിഷമം മാറൂ...?’’

റോഡിലൂടെ, മഴയിലൂടെ നടക്കുകയാണ് വൃദ്ധൻ. പരിചയക്കാർ പലരേം കണ്ടു. പുഞ്ചിരിക്കാൻ ശ്രമിച്ചു.

പതിവു ദൂരം നടന്നിട്ടു തിരിച്ചുവരികയാണയാൾ. അവി‍ടെ അതാ ബസ്‌സ്റ്റോപ്പിൽ ഒരു പെൺകുട്ടി നിൽക്കുന്നു. തനിയെ!?

തൊട്ടടുത്തെത്തിയപ്പോൾ പെൺകുട്ടി വിളിച്ചു. ‘സാറേ...?’’

‘‘എന്താ...?’’ അയാൾ സൗമ്യമായി ചോദിച്ചു.

‘‘സാറേ ഞാൻ കുടയെടുക്കാൻ മറന്നു... ഞാനുംകൂടി കേറിക്കോട്ടെ സാറിന്റെ കുടക്കീഴിൽ...?’’

‘‘എങ്ങോട്ടു പോകാനാ കുട്ടിക്ക്...?’’

‘‘സാറ് പോകുന്ന വഴിയാ എന്റെ വീട്...’’

‘‘എങ്കി കേറിക്കോളൂ...’’

അവൾ കുടക്കീഴിൽ കയറി. ചുമലിലൊരു ബാഗുണ്ട്.

‘‘എന്താ പേര്?’’

‘‘ഗായത്രി...’’

‘‘അച്ഛന്റെ പേര്...?’’

‘‘ഗൗതമൻ...’’

‘‘ഗൗതമൻ മുതലാളി...?’’

‘‘അതെ... സാറിന്റച്ഛനും എന്റച്ഛനും ശത്രുക്കളാ...’’

‘‘എനിക്കറിയാം... ഗായത്രി എന്തു ചെയ്യുന്നു...?’’

‘‘ജില്ലാ ആശുപത്രിയിൽ നഴ്സാ...’’

‘‘എന്റെ പേര്...’’

‘‘എനിക്കറിയാം പേര്. ജില്ലാ സഹകരണ ബാങ്കിലെ ഓഫിസറാണെന്നും അറിയാം...’’

ആദ്യം അൽപം അകന്നുനടന്ന ഗായത്രി മഴ കൂടിയപ്പോൾ ചേർന്നു നടക്കാൻ തുടങ്ങി. ഗായത്രിയുടെ വീടിനു മുന്നിലെത്തിയപ്പോൾ അയാൾ നിന്നു.

‘‘ഞാൻ കൊണ്ടാക്കാം...?’’

‘‘വേണ്ട സാർ. ഞാൻ ഓടിപ്പോയ്ക്കോളാം...’’ അതുപറഞ്ഞ് അവൾ വശ്യമായി ചിരിച്ചു.

ആ പരിചയം വളർന്നു പന്തലിച്ചു.

ഇരുവീട്ടുകാരുടെയും എതിർപ്പുകൾ മറികടന്ന്, കുറെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ, ആ വിവാഹം നടന്നു...

വീട്ടിലെത്തി. കുട മടക്കി ചാരിവച്ചു.

‘‘ഗായത്രീ...?’’ അയാൾ നീട്ടി വിളിക്കുകയാണ്.

അകത്തുനിന്നും മകൾ ഇറങ്ങിവന്നു.

‘‘അച്ഛനാരെയാ വിളിച്ചേ...?’’

‘‘ഓ... ​ഞാനത് മറന്നു...’’ വൃദ്ധൻ വീടിനുള്ളിലേക്കു കയറി. വസ്ത്രം മാറി. വല്ലാത്ത വിശപ്പ്...?

‘‘ഗായത്രീ... വിശക്കുന്നു...?’’ ഡൈനിംഗ് ഹാളിൽ ഇരുന്നുകൊണ്ടയാൾ വിളിച്ചുപറഞ്ഞു.

‘‘അച്ഛനെന്താ ഇങ്ങനെ...? മകൾ ചപ്പാത്തിയും കറിയും മുന്നിൽ നിരത്തിവച്ചു ചോദിച്ചു.

‘‘എങ്ങനെ..?’’

‘‘അല്ലാ. അച്ഛനെപ്പോഴും അമ്മയെ വിളിക്കുന്നു...? അതുകൊണ്ട് ചോദിച്ചതാ...’’

അയാൾ മറുപടിയൊന്നും പറഞ്ഞില്ല...

വൃദ്ധൻ ബെഡ് റൂമിലെത്തി. ക്ലോക്കിലേക്കു നോക്കി. മണി പത്തു കഴിഞ്ഞിരിക്കുന്നു!? പുറത്ത് അപ്പോഴും മഴ തകർക്കുകയാണ്.

‘‘ഗായത്രീ... കിടക്കുന്നില്ലേ...? മണി പത്തു കഴിഞ്ഞു...?’’

അയാൾ അടുക്കളയിലേക്കു വിളിച്ചുപറഞ്ഞു.

‘‘അച്ഛൻ വിളിച്ചോ...?’’ മകളാണ്...?!

‘ഏയ്... ഇല്ല... മോക്ക് തോന്നിയതാകും...?’’

അയാൾ കിടന്നു. ലൈറ്റണച്ചു...

‘‘സാറുറങ്ങിയോ...?’’ ഗായത്രിയുടെ സ്വരം...?

അവരുടെ ആദ്യരാത്രി...

‘‘ഏയ്... ഇല്ല... ഞാൻ വെറുതെ ഓരോന്നാലോചിച്ചു കിടന്നതാ...’’

അവൾ കട്ടിലിനു സമീപം നിൽക്കുകയാണ്.

‘‘നമ്മുടെ ആദ്യരാത്രിയാ ഇന്ന്, കിടക്കാം...?’’

‘‘വേണ്ട... ഞാനിവിടെ നിന്നോളാം...’’

‘‘അതു പറ്റില്ല...’’ അയാളവളെ പിടിച്ചുവലിച്ച് തന്നോടൊപ്പം കിടത്തി. ആ രാത്രി അവർ ഉറങ്ങാതെ ഉറങ്ങി...

നേരം വെളുത്തു. തൊട്ടടുത്തു കിടന്നിരുന്ന ഗായത്രിയെ കാണുന്നില്ല?!

അവൾ നേരത്തേ ഉണർന്ന് അടുക്കളയിൽ പോയതാവാം?

‘‘അച്ഛാ ചായ...?’’ മകൾ ചായയുമായെത്തി.

‘‘അച്ഛാ ഞാനിന്ന് തിരിച്ച് പോകുകാ... വന്നിട്ട് ഒരുമാസം കഴിഞ്ഞില്ലേ...?

അവിടെ ചേട്ടനും പിള്ളാരും തനിച്ചല്ലേ...? അതുകൊണ്ടാ...’’

‘‘ശരി... മോള് പൊയ്ക്കോ...’’

പിന്നെ വീട്ടിലുള്ളത് മകനും മരുമോളും അവരുടെ മക്കളും. രണ്ടുപേർക്കും ജോലിയുണ്ട്.

അങ്ങനെ പകൽ മുഴുവൻ വൃദ്ധൻ ഒറ്റയ്ക്കായി. കൂട്ടിനു ഗായത്രിയുടെ മരിക്കാത്ത കുറേ ഓർമകളും.

അന്ന് ഉച്ചയ്ക്കുശേഷം മഴയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പൂമുഖത്ത് അങ്ങനെ ഇരിക്കുമ്പോൾ മഴയ്ക്കിടയിലൂടെ കുട ചൂടി ഒരു രൂപം നടന്നുവരുന്നു!? സൂക്ഷിച്ചുനോക്കി. ഗായത്രിയാണ്!

‘‘അല്ലാ എന്താ ഇന്നു നേരത്തെ പോന്നേ...? വല്ലാത്ത ക്ഷീണമുണ്ടല്ലോ മുഖത്ത്...?’’

‘‘ഏയ്... ഒന്നുമില്ല... ആശുപത്രിയിൽവച്ച് പെട്ടെന്നൊരു തലവേദന... ലീവെടുത്തു പോന്നു...’’

അയാൾ ഭാര്യയുടെ നെറ്റിയിൽ കൈവച്ചുനോക്കി. ചൂടൊന്നുമില്ല. പിന്നെന്താ...?’’

‘‘ഞാനൊന്നു കിടക്കട്ടെ...’’

ഗായത്രി കിടന്നു. ഉറങ്ങിപ്പോയി.

രാത്രിയായി. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ‘‘സാറേ... എനിക്കു വയ്യ... നെഞ്ചിനു വല്ലാത്ത വേദന...?’’ അവൾ ഞരങ്ങി.

അടുത്തുള്ള ഓട്ടോക്കാരനെ വിളിച്ചു. ആശുപത്രിയിലെത്തിച്ചു.

ടെസ്റ്റുകൾ പലതു നടത്തി. ഡോക്ടർ പറഞ്ഞു: ‘‘ഹാർട്ട് വീക്കാ.. റെസ്റ്റെടുക്കണം...’’

മഴയിലൂടെ കുടയും ചൂടി നടക്കുകയാണയാൾ.

ബസ് സ്റ്റോപ്പിൽ അതാ ഗായത്രി നിൽക്കുന്നു!!

‘‘സാറേ... ഞാനും കൂടി...?’’

‘‘കേറിക്കോ...’’

പറ്റിച്ചേർന്നു നടക്കുമ്പോൾ അവൾ ചോദിച്ചു... ‘‘സാറെന്താ ഈയിടെ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ...? കൃത്യമായി ആഹാരമൊന്നും കഴിക്കുന്നില്ലേ?’’

‘‘വിശപ്പില്ല ഗായത്രീ... അതുകൊണ്ടാ...’’ അയാൾ കള്ളം പറഞ്ഞു.

‘‘സത്യം എനിക്കറിയാം... ഞാനില്ലാത്തകൊണ്ട് കൃത്യമായി ആഹാരം കിട്ടുന്നില്ല അല്ലേ...?’’

‘‘ഏയ്... അങ്ങനൊന്നുമില്ല...’’ വീണ്ടും കള്ളം പറഞ്ഞു.

തിരിഞ്ഞുനോക്കുമ്പോൾ ഗായത്രിയെ കാണാനില്ല!?

അന്നുരാത്രി മുഴുവൻ ശക്തിയായ മഴയായിരുന്നു. കാലവർഷം തുടങ്ങിയശേഷം ആദ്യത്തെ കനത്ത മഴ. നല്ല തണുപ്പും.

ആ തണുപ്പിൽ കിടന്ന് സുഖമായി ഉറങ്ങുമ്പോൾ ആരോ വിളിച്ചപോലെ?

‘‘സാറേ... ഇത് ഞാനാ... ഗായത്രി...’’

വൃദ്ധൻ മെല്ലെ കണ്ണ് തുറന്നു. മുന്നിൽ ഗായത്രി! വിശാലമായി നിന്നു ചിരിക്കുന്നു!?

‘‘എന്താ ഗായത്രീ...?’’

‘‘സാറേ... ഇന്നു നമുക്കൊരു പുതിയ സ്ഥലത്ത് പോണം...’’

‘‘എവിടെ?... പുറത്ത് നല്ല മഴയാണല്ലോ?

‘‘അത് സാരമില്ല... സാറിന് കുടയുണ്ടല്ലോ...?’’

കുട തുറന്ന് അവർ ആർത്തലച്ചു പെയ്യുന്ന ആ മഴയിലേക്കിറങ്ങി...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA