ADVERTISEMENT

അതിഗുരുതര അർബുദം വന്ന് കാലുമുറിച്ചു മാറ്റപ്പെട്ട കുരുന്നിന്റെ കഥ മാത്രമല്ല ഇത്. ആരും  വീണുപോകുന്ന വേദനയ്ക്കിടയിലും പട്ടാളക്കാരനാവാൻ  മോഹിച്ച, ഏഴാം വയസ്സിൽ ഇന്ത്യൻ  കരസേനയുടെ യൂണിഫോം  സ്വന്തമാക്കിയ അദ്ഭുതബാലന്റെ ജീവിതമാണിത്. സങ്കടങ്ങളിലേക്ക് വീണുപോയ കുഞ്ഞുങ്ങൾക്കും അവരുടെ അച്ഛനമ്മമാർക്കും ആത്മവിശ്വാസം പകരുന്ന അസാധാരണ ജീവിതകഥ. 

ഇതൊരു ഏഴുവയസ്സുകാരന്റെ ജീവിതമാണ്. ഏതുപ്രായക്കാരനും വീണുപോകുന്ന വേദനയ്ക്കിടയിലും ഉയരങ്ങളിലേക്കു നോക്കുന്ന ഡൽഹിക്കാരൻ അഥർവിന്റെ കഥ.  

അഥർവിനെക്കുറിച്ചു പറയാം: ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ആരാധകനാണ്. പട്ടാള സിനിമകൾ കണ്ടുകണ്ടു തോന്നിയ ഇഷ്ടം. രാജ്യത്തിനായി പോരടിക്കുന്ന പട്ടാളക്കാരന്റെ രൂപം അവനും മനസ്സിൽ ചേർത്തുവച്ചു. വലുതാവുമ്പോൾ പട്ടാളക്കാരനാവാൻ മോഹിച്ചു.

സാധാരണമെന്നു തോന്നുന്ന ആ സ്വപ്നം അസാധാരണമാകുന്നിടത്താണ് അഥർവ് അദ്ഭുതമാകുന്നത്. ഏഴാം വയസ്സിൽ അഥർവ് പട്ടാളക്കാരനായി, ഇന്ത്യൻ കരസേനയുടെ യൂണിഫോം അണിഞ്ഞു ! 

അതെങ്ങനെ എന്നറിയും മുൻപ് അഥർവിനെ ഒന്നു കാണണം. പകുതി മുറിച്ചുമാറ്റിയ ഇടതു കാലിനോടു പിണങ്ങി പിന്നിലേക്കു മുഖം തിരിച്ചുകളഞ്ഞ പാദം, അപ്പോഴും മുന്നോട്ടു നടക്കാൻ ശ്രമിക്കുന്ന അഥർവ്. ഒരു വർഷം മുൻപു വരെ അവൻ ഇങ്ങനെയായിരുന്നില്ല.  

ഡോക്ടർ ദമ്പതികളുടെ മകനാണ്. 2012ൽ ജനിച്ചു. മിടുമിടുക്കനായ കുട്ടി. സ്കൂളിൽ പോയി വന്നാൽ, കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് ബാറ്റെടുത്തിറങ്ങും. വീടിനടുത്തു തന്നെ തയ്ക്വാൻഡോ പരിശീലനത്തിനു പോകും. 

എന്തു തന്നെയായാലും ആർക്കും പ്രശ്നമുണ്ടാക്കാതെ പട്ടാളച്ചിട്ടയോടെ സ്വയം ചെയ്യാൻ അഞ്ചുവയസ്സാകുമ്പോഴേക്ക് അവൻ പഠിച്ചു. അതായിരുന്നു ദന്തഡോക്ടറായ അച്ഛൻ മനീഷ് തിവാരിയുടെയും ഹോമിയോപ്പതി ഡോക്ടറായ അമ്മ നിഷ ദുബെയുടെയും ആത്മവിശ്വാസം.  

ഒരുദിവസം തയ്ക്വാൻഡോ ക്ലാസിനു പോയി വന്ന അഥർവ് കാലിനു വേദനയുണ്ടെന്നു പറ‍ഞ്ഞു. പരിശീലനത്തിനിടെ പറ്റിയതാവും എന്നു കരുതിയെങ്കിലും വേദനയുടെ കടുപ്പം പറഞ്ഞപ്പോൾ ക്ലിനിക്കിലേക്കു കൊണ്ടുപോയി.

പ്രത്യേകിച്ചൊന്നും ഉണ്ടാവില്ലെന്നു കരുതി വേദന ശമിക്കാൻ ചില്ലറ മരുന്നു നൽകി ഡോക്ടർ അവനെ മടക്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ പിന്നെയും വേദന. ഇടയ്ക്കിടെ അതാവർത്തിച്ചപ്പോഴൊക്കെയും ചെറുമരുന്നുകൾ നൽകി.

 വേദന എല്ലാവർക്കും 

നിഷ രണ്ടാമതൊരു കുട്ടിക്കു ജന്മം നൽകി അധികമായിട്ടില്ല. തനിക്കു താഴെ ഒരാൾ വന്നെത്തിയതിന്റെ സന്തോഷമായിരുന്നു അഥർവിന്. ഇടയ്ക്കു കാലിനെ പിടികൂടുന്ന വേദന അവൻ മറക്കുന്നതും അനിയത്തിക്കുട്ടിയെക്കുറിച്ച് അമ്മയോട് ഓരോന്നു ചോദിച്ചാണ്. പക്ഷേ, ദിവസവും രാത്രി അവന്റെ വേദന അതികഠിനമാവും. അതിനിടയിലും സങ്കടം പുറത്തുകാട്ടാതിരിക്കാൻ അവനൊരു പ്രത്യേക വിദ്യ കൈവശമുണ്ട്. 

സ്കൂളായിരുന്നു അവന് ഏറ്റവും പ്രിയപ്പെട്ട ഇടം. പഠിക്കാൻ മുന്നിൽ. നൃത്തത്തിലും വരയിലുമെല്ലാം ആ ഇളംപ്രായത്തിൽ തന്നെ അഥർവ് മിടുക്കുകാട്ടി.

adharv2
മാതാപിതാക്കൾക്കും അനിയത്തി അധിരയ്ക്കുമൊപ്പം അഥർവ്. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ആ ഇഷ്ടങ്ങൾ കൊണ്ടുകൂടിയാവണം ദിവസവും വേദനയ്ക്കുള്ള മരുന്നു ചോദിച്ചു വാങ്ങിക്കഴിച്ചു സ്കൂളിലേക്കു പോകും. ഒരു ക്ലാസുപോലും മുടക്കിയില്ല. ആഴ്ചകൾ ഇടവിട്ടെത്തിയിരുന്ന വേദന പതിവായതോടെ അവൻ അമ്മയെ സമീപിച്ചു. ആദ്യ പരിശോധനകളിലൊന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. 

വേദന കൂടുതൽ ഭാഗത്തേക്കു വ്യാപിച്ചതോടെ അവർ അഥർവിനെ സാകേതിലെ മാക്സ് ആശുപത്രിയിലെത്തിച്ചു. അവിടെ നടന്ന പരിശോധനയിലാണ് അവന്റെയും കുടുംബത്തിന്റെയും ജീവിതം മാറുന്നത്. എംആർഐ സ്കാനിങ്ങും ബയോപ്സിയും നടത്തിയതോടെ വില്ലനെ തിരിച്ചറിഞ്ഞു.

ഓസ്റ്റിയോസർക്കോമ എന്ന കാൻസറാണ് പ്രശ്നം. അസ്ഥികളെ ബാധിക്കുന്ന കാൻസർ. പ്രത്യേകിച്ചും കുട്ടികളെ. തുടയസ്ഥി മുതൽ നീണ്ടുപടരുന്നതരം വേദനയും മുഴയും. ഇടുപ്പെല്ലിൽ നിന്നു താഴേക്ക് 9 സെന്റിമീറ്റർ നീളമുള്ള മുഴ വളരുന്നുവെന്നായിരുന്നു പരിശോധനകളിലെ ഫലം.

ആശുപത്രികൾ പലതും പല പരീക്ഷണങ്ങളും നിർദേശിച്ചു. പക്ഷേ, അതിനൊന്നും വിട്ടുകൊടുക്കാൻ ആ അച്ഛന്റെയും അമ്മയുടെയും മനസ്സ് അനുവദിച്ചില്ല. 

ചെറിയ കുട്ടിയായതിനാൽ കാലുമുറിച്ചുമാറ്റി കമ്പിയിടുന്നതു പോലുള്ള പരിഹാരങ്ങൾ അപ്രായോഗികമായിരുന്നു. മുതിർന്നവരിൽ വൈകല്യം പരിഹരിക്കാൻ വയ്ക്കുന്നതു പോലെ നിസ്സാരമല്ല അത്.

കുട്ടി വളരുംതോറും കമ്പിയും മാറേണ്ടി വരും. അതിന് ഓരോ തവണയും ശസ്ത്രക്രിയയും. തടസ്സങ്ങൾ പലതു മുന്നിൽ വന്നതോടെ സ്നേഹം കൊണ്ടു ചികിൽസിക്കുന്നൊരു ഡോക്ടർ പറഞ്ഞത് അവർക്ക് അനുസരിക്കേണ്ടി വന്നു.

റൊട്ടേഷൻ പ്ലാസ്റ്റി ടൈപ്പ് 2 എന്ന അപൂർവ ശസ്ത്രക്രിയ. ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ആദ്യം. ശസ്ത്രക്രിയയ്ക്കു മുൻപ് ആ ചെറിയ ശരീരത്തിലേക്കു തുടർച്ചയായി 3 മാസം കീമോ തെറപ്പി. ചെറിയ കുട്ടിയല്ലേ, അതിന്റെ മാറ്റങ്ങൾ അവനിലും അവനെ കണ്ടുനിന്നവരിലും വേദന പടർത്തി. 

 ഡോക്ടർ പേടിക്കേണ്ട 

അഥർവിന് അന്ന് അ‍ഞ്ചുവയസ്സ്. അവനെ കാണുമ്പോൾ ഡോക്ടർക്കു പോലും സങ്കടം. അവനോടു പറഞ്ഞശേഷമേ ശസ്ത്രക്രിയ നടത്തൂവെന്നു ഡോക്ടർ. അതിനായി ആശുപത്രിയിലെ പ്രത്യേക കൗൺസലറെ വിളിപ്പിച്ചു. പക്ഷേ, നിഷ്കളങ്കമായ അവന്റെ മുഖത്തേക്കു നോക്കി ആശ്വാസവാക്കുകൾ പറയാൻ അവർക്കു കഴിഞ്ഞില്ല.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ അമ്മ നിഷ തന്നെ ആ ദൗത്യവും ഏറ്റെടുത്തു. ധൈര്യം പകരാൻ ഓരോന്നു പറയുമ്പോൾ, തിരിച്ച് അമ്മയെ ആശ്വസിപ്പിക്കുകയായിരുന്നു അവൻ.  ശസ്ത്രക്രിയ സമയത്ത് ഡോക്ടർ അവനോടു പറഞ്ഞു, നതിങ് ടു വറി അഥർവ്. ഡോക്ടറങ്കിൾ ബീ കൂൾ, അയാം ഹാപ്പി എന്നെല്ലാമായിരുന്നു അഥർവിന്റെ മറുപടിയെന്നു നിഷ. 

 പക്ഷേ, പേടിക്കണം 

സത്യത്തിൽ ശസ്ത്രക്രിയ വിജയമെന്നു പറയുക വയ്യ. തുടയസ്ഥിയിലെ കാൻസർ ശരീരത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കുകയാണെന്നു രണ്ടുമാസത്തിനുള്ളിൽ തന്നെ തിരിച്ചറിഞ്ഞു. പ്രത്യേകിച്ചും ശ്വാസകോശത്തിൽ. മാസത്തിലൊരിക്കൽ വലിയ പരിശോധനയ്ക്കു വിധേയനാവുന്നു. കീമോയും ശസ്ത്രക്രിയയുമെല്ലാം ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും താങ്ങാവുന്നതിലേറെ അവൻ സഹിച്ചു.

ഇനിയും വേദനിപ്പിക്കാൻ മനീഷിനും നിഷയ്ക്കും മനസ്സില്ല. ഫിസിയോതെറപ്പി തുടരുന്നതിന്റെ ആശ്വാസമുണ്ട് അവനും ശരീരത്തിനും.

ആ കാലം എങ്ങനെ കടന്നുപോയെന്നു ചോദിച്ചാൽ വീണ്ടും അവരുടെ കണ്ണുകളിൽ സങ്കടം നിറയും. മാനസികമായി മാത്രമല്ല, ഡോക്ടർ ദമ്പതികളായിട്ടു കൂടി സാമ്പത്തികമായും തളർന്നുപോയ ദിവസങ്ങളായിരുന്നു അത്. സ്വന്തം വീടുപോയി. ജോലിക്കു കൃത്യമായി പോകാനാകുന്നില്ല. എല്ലാം തകിടം മറിഞ്ഞ കാലത്തും അവർ അഥർവിന്റെ കൈപിടിച്ചു മുന്നോട്ടുനടക്കുകയാണ്. 

 വരച്ചിട്ട സ്വപ്നങ്ങൾ 

ശസ്ത്രക്രിയയ്ക്കു ശേഷവും മാസങ്ങളോളം തുടരെ കീമോ തെറപ്പി. ആശുപത്രി കിടക്കയിലിരുന്ന് അഥർവ് ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ.

വരയ്ക്കാൻ കടലാസും കളർപെൻസിലുകളും. വിഷാദത്തിന്റെ മാത്രം നിറമുള്ള ആശുപത്രി കട്ടിലിലിരുന്നു നൂറിലേറെ ചിത്രങ്ങളാണ് അവൻ വരച്ചുതീർത്തത്. അതിലൊരു ചിത്രത്തിൽ രണ്ടു മനുഷ്യർ.

അതിലേക്കു ചൂണ്ടി അഥർവ് ചോദിച്ചു: ഇതാരാണെന്നു പറയാമോ? ഉത്തരം ഊഹിച്ചെങ്കിലും പറയാൻ മടിച്ചു. ചിത്രമനുഷ്യന്റെ കാലിലേക്കു സൂക്ഷിച്ചു നോക്കാൻ നിർദേശം. അത് അഥർവ് തന്നെയായിരുന്നു. അവന്റെ അരക്കാലും പിന്നിലേക്കു നോക്കിയിരിക്കുന്ന പാദവും അവൻ വരച്ചു നിറം കൊടുത്തിരിക്കുന്നു.

തീർന്നില്ല, അവന്റെ മുന്നിലൊരു പുഴ. അതിനക്കരെ ഒരു പെൺകുട്ടി. അതാരെന്നു ചോദിച്ചപ്പോൾ കണ്ണിലൊരു തിളക്കം. ‘അതെന്റെ സാറ’ – അവൻ പറഞ്ഞു. അനിയത്തിക്കുട്ടി അധിരയെ അവൻ വിളിക്കുന്നതു സാറയെന്നാണ്. വര മാത്രമല്ല, പാട്ടു പാടും, നൃത്തമാടും. രോഗം വീഴ്ത്തും മുൻപ് അവൻ ഒന്നാന്തരമായി ചെയ്തിരുന്നതു പലതും പുതിയ ആവേശത്തോടെ അവൻ തുടരുന്നു.  

 അക്ഷയ് കുമാർ വരുന്നു 

ഏറ്റവും ഇഷ്ടപ്പെട്ട സിനിമയേതെന്നു ചോദിച്ചാൽ അക്ഷയ് കുമാറിന്റെ ബോർഡർ എന്നാവും അഥർവിന്റെ മറുപടി. പറഞ്ഞല്ലോ, അഥർവിന്റെ പട്ടാള ഇഷ്ടം തുടങ്ങുന്നത് അക്ഷയ് കുമാറിൽ നിന്നാണ്. താങ്ങാവുന്നതിലേറെ വലിയ ചികിൽസാഭാരം താങ്ങുന്ന അഥർവിനെ സന്തോഷിപ്പിക്കുകയാണ് വേണ്ടതെന്നു നിഷ ഉറപ്പിച്ചു.

അതിന് അവനു പരമാവധി പ്രചോദനം കൊടുക്കണം; അവൻ ഇഷ്ടപ്പെടുന്നവരെ മുന്നിലെത്തിക്കണം. അക്ഷയ് കുമാറിന്റെ സെക്രട്ടറിമാരിലൊരാൾ നിഷയുടെ പേഷ്യന്റിന്റെ സുഹൃത്താണ്. അതുവഴി നമ്പർ സംഘടിപ്പിച്ച് അഥർവിനെക്കുറിച്ചു പറഞ്ഞു വാട്സാപ്പ് സന്ദേശമയച്ചു.

ഒട്ടും വൈകിയില്ല, അക്ഷയ് കുമാർ തന്നെ നേരിട്ടുവന്നു. അഥർവിനെ കണ്ടു, സംസാരിച്ചു. അവൻ ഏറെ സന്തോഷിച്ചെന്ന് നിഷ. തീർന്നില്ല, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെ സെക്രട്ടറിമാരിൽ ഒരാൾക്കയച്ച സന്ദേശത്തിനും മറുപടി വന്നു: ധൈര്യമായിരിക്കാനും ഞങ്ങളെല്ലാം കൂടെയുണ്ടെന്നും അഥർവ് ക്രിക്കറ്റ് കളിക്കുന്ന വിഡിയോ അയച്ചു തരണമെന്നുമെല്ലാം പറ‍ഞ്ഞു ലണ്ടനിൽ നിന്നു കോലിയുടെ വിഡിയോ സന്ദേശം.

കോലിയുടെ വാക്കിന്റെ മാത്രം ധൈര്യത്തിൽ ആശുപത്രിയിൽ നിന്നിറങ്ങി ദിവസങ്ങൾക്കുള്ളിൽ അവൻ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തു. അതുകണ്ടതോടെ, ഒരിക്കൽ നേരിൽവന്നു കാണുമെന്നു കോലിയുടെ ഉറപ്പും കിട്ടി.  ‌ 

 അഥർവ് പട്ടാളത്തിൽ 

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോഴും അഥർവ് കണ്ടത് ഏറെയും പട്ടാളസിനിമകളായിരുന്നു. വരച്ച ചിത്രങ്ങളിലൊന്നിൽ എനിക്ക് ഇന്ത്യൻ ആർമിയിൽ ചേരണം എന്ന സ്വപ്നവും എഴുതിവച്ചു.

അവന്റെ പട്ടാള മോഹത്തിനു നിറം പകരുന്നതു രോഗാവസ്ഥയിൽ ഗുണം ചെയ്യുമെന്ന തിരിച്ചറിവിലാണ് നിഷ ഒരു ആർമി ഉദ്യോഗസ്ഥനു സന്ദേശമയച്ചത്. ഏതെങ്കിലുമൊരു സൈനിക ക്യാംപ് സന്ദർശിക്കാനുള്ള അനുവാദമായിരുന്നു ആവശ്യം.

എന്നാൽ, അഥർവിന്റെ കഥ കേട്ടതോടെ സേനയുടെ ക്ഷണം വന്നു. രജ്‌പുത്താന റജിമെന്റിലെ സ്പെഷൽ പരേഡുകളിലൊന്നിൽ വച്ച്‌ അവനു യൂണിഫോമും നെയിം ബാഡ്ജും നൽകി. സേന ഡൽഹിയിൽ നടത്തിയ മാരത്തണിലടക്കം അഥർവ് ഓടി.

ക്യാംപിലേക്കു ക്ഷണിച്ചെങ്കിലും രോഗാവസ്ഥ പ്രശ്നമായി. എപ്പോൾ ആരോഗ്യം അനുവദിക്കുമോ അപ്പോൾ വേണ്ട പരിശീലനം നൽകാൻ തയാറാണെന്ന ഉറപ്പാണ് രജ്‌പുത്താന റജിമെന്റ് നൽകിയിരിക്കുന്നത്. ഒപ്പം, യൂണിഫോമിൽ അണിയാൻ ചില അടയാള ചിഹ്നങ്ങളും. അതവൻ നിരസിച്ചു പറഞ്ഞു: എനിക്കു വെറുതേ വേണ്ട, ഒരിക്കൽ ഞാനിതു സ്വന്തമാക്കും! 

 നക്ഷത്രങ്ങൾ തെളിക്കുന്നു 

ആദ്യം ലോകം അവനു തുണ വന്നെങ്കിൽ, ഇപ്പോൾ അഥർവ് ലോകത്തിനു തുണ പോകുന്നു; അതും പലതരം കാൻസറുകളോടു പൊരുതുന്ന കുരുന്നുകൾക്കരികിൽ. അച്ഛനെയും അമ്മയേയും അവൻ നിർബന്ധിക്കുന്നത് ആ ഒരു കാര്യത്തിനു മാത്രമാണ്.

അവർക്കരികിലാണ് അവന്റെ ആഴ്ച അവസാനങ്ങൾ. പല വർണങ്ങളിൽ ‘സ്റ്റേ സ്ട്രോങ്’ എന്ന് സ്വയം എഴുതി സ്വയമുണ്ടാക്കിയ കാർഡുകൾ അവൻ സമ്മാനിക്കുന്നു. അവൻ അവർക്കുവേണ്ടി പാടും, അവർ തിരിച്ചും.

പാട്ടുപാടുന്നൊരു മിടുക്കിക്കു സ്വന്തം ബ്യൂഗിൾ അഥർവ് സമ്മാനിച്ചു; കൊതിച്ചിരുന്നതു കിട്ടിയ സന്തോഷം അവൾക്ക്. അങ്ങനെ, രോഗം മറന്ന് എത്രയോ കുട്ടികൾ അഥർവിനു ചുറ്റും പുഞ്ചിരിക്കുന്നു.

സ്കൂളിലും അങ്ങനെ തന്നെ. വേദന കാൽ ഞെരിച്ച കാലത്തുപോലും ക്ലാസ് മുടക്കാതിരുന്ന അഥർവിന് ഇപ്പോൾ ആഴ്ചയിൽ 2 മണിക്കൂർ മാത്രമേ സ്കൂളിലെത്താൻ കഴിയാറുള്ളൂ. അതും രക്ഷിതാക്കളിലാരെങ്കിലും കൂടെ നിൽക്കണം. എന്നാൽ, അഥർവ് എത്തുന്ന ആ 2 മണിക്കൂർ മതി, ഒപ്പമിരുന്നു പഠിക്കുന്നവർക്ക് ഒരായുസ്സിലേക്കുള്ള പ്രചോദനം കിട്ടാനെന്ന് അധ്യാപകരുടെ സാക്ഷ്യം. 

ഡൽഹി വസുന്ധര എൻക്ലേവിലെ സോമർവിൽ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് അഥർവ്. അധികൃതരും കൂട്ടുകാരും കൈപിടിച്ച് ഒപ്പം തന്നെയുണ്ട്. നിങ്ങളുടെ പ്രാർഥന കൂടി വേണം... അഥർവിന്റെ അമ്മ നിഷയുടെ ഇ മെയിൽ വിലാസം: drnishadubey@gmail.com 

തടസ്സങ്ങളെ ജീവിതത്തിൽ നിന്നു തന്നെ മുറിച്ചുമാറ്റി, ധൈര്യത്തോടെ അവൻ ലോകത്തെ കാണുന്നു. കടന്നുവന്ന വഴികളിൽ അങ്കലാപ്പോടെ നിൽക്കുന്ന നൂറുനൂറു കുഞ്ഞുങ്ങളുടെയും അവരുടെ അച്ഛനമ്മമാരുടെയും കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിരി തെളിക്കുന്നു. എല്ലാം അവസാനിക്കുമെന്നു തോന്നുന്നിടത്തു ദൈവം തെളിക്കുന്ന ഒരു കെടാത്തിരിയുടെ പേരായി മാറുന്നു അഥർവ്. 

 സത്യത്തിൽ, നിനക്കു ഞങ്ങളാണു സല്യൂട്ട് നൽകേണ്ടത്; ആത്മവിശ്വാസത്തിന്റെ മറുപേരായതിന്, നിനക്കു സല്യൂട്ട്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com