ADVERTISEMENT
കാലവും കടലുമെടുത്ത സംസ്കാരശേഷിപ്പുകളെക്കുറിച്ചാണ് മാമല്ലപുരത്തെ കൽനിർമിതികൾ നിങ്ങളോടു പറയുക. ഏഴാം നൂറ്റാണ്ടിൽ കാഞ്ചീപുരം ഭരിച്ചിരുന്ന പല്ലവരാജവംശത്തിന്റെ തുറമുഖമായിരുന്നു മാമല്ലപുരം. ചെന്നൈയിൽനിന്ന് ഈസ്റ്റ് കോസ്റ്റ് ഹൈവേയിലൂടെ ഒരു മണിക്കൂർ സഞ്ചാരം മതി തുറന്ന കൽമ്യൂസിയം എന്നറിയപ്പെടുന്ന മഹാബലിപുരത്തെത്താൻ. മാമല്ലപുരം എന്നാണ് ഔദ്യോഗികനാമം..  അലിഖിതമായ ഒരു വഴിത്താരയുണ്ട് കടലോരത്തെ കല്ലാനകളെയും കൽശിൽപങ്ങളെയും കണ്ടറിയാൻ.

മുകളിൽനിന്നു പണിതിറക്കിയ സ്മാരകങ്ങൾ

നാലുതരം കൽനിർമാണരീതികൾ ഇവിടെ കാണാം. ഒന്ന്, കല്ലു തുരന്നുണ്ടാക്കിയത്. രണ്ട്, ഏകശിലയിൽ തീർത്തത്. മൂന്ന്, കൽപ്രതലത്തിലെ ശിൽപങ്ങൾ, നാല്, കല്ലോടു കല്ല് ചേർത്തുണ്ടാക്കിയവ. ഇനിവായിക്കുന്ന ക്രമത്തിലാണു മഹാബലിപുരം കാണേണ്ടത്.  അവസാനത്തെ നിർമിതികളൊഴിച്ച് ബാക്കിയെല്ലാം മുകളിൽനിന്നു താഴേക്കുകൊത്തിയുണ്ടാക്കിയവയാണ്. അതാണു മാമല്ലപുരത്തിന്റെ അദ്ഭുതവും. മുകളിൽ നല്ല ഫിനിഷ്. താഴെയെത്തുമ്പോൾ പണിപൂർത്തിയാകാത്ത തരത്തിൽ കൊത്തുളിയുടെ പാടുകൾ കാണാം. കൃഷ്ണന്റെ വെണ്ണയുരുള എന്ന മറിയാക്കല്ലു കണ്ടു നടത്തം തുടങ്ങാം.  പാറപ്പുറത്തെ ചെരിവിൽ ഇപ്പോൾ വീഴും എന്ന മട്ടിലാണ് കൽവെണ്ണയുരുളയുടെ നിൽപ്. ഭയം തോന്നും. സഞ്ചാരികൾ ആ പാറയുടെ തണലിൽ അഭയം തേടിയിരിക്കുന്നുണ്ട്.

തൂണേന്തിയ സിംഹങ്ങൾ

ഇനി ഗണേശ രഥം എന്നറിയപ്പെടുന്ന അത്യദ്ഭുത നിർമിതിയാണ്. പല കാലങ്ങളെയും നിർമാണരീതികളെയും ഈ ഒറ്റക്കല്ലിൽ കൊത്തിയടയാളപ്പെടുത്തിയിട്ടുണ്ട്. ഇതും മുകളിൽനിന്നു താഴോട്ടു നിർമിച്ചതാണ്. ദ്രവീഡിയൻ രീതിയാണു മധ്യഭാഗത്തിന്. റോമൻ രീതിയിൽ തൂണുകളുള്ള അടിഭാഗം മാമല്ലപുരത്തിനുണ്ടായിരുന്ന വൈദേശികബന്ധത്തെ സൂചിപ്പിക്കുന്നു.  ചുമർശിൽപങ്ങളുള്ള ഗുഹയായ വരാഹമണ്ഡപമാണ് അടുത്തത്. ഇടതുചുവരിൽ ഭൂമിദേവിയെ എടുത്തുയർത്തുന്ന വരാഹമൂർത്തിയെ കാണാം. നടുവിൽ ഗജലക്ഷ്മി. വലത്തെചുവരിൽ വാമനാവതാരം.

കല്ലുകൊണ്ടൊരു കാൻവാസ്

മഹാബലിപുരത്തിന്റെ പ്രധാന ആകർഷണം കല്ലുകൊണ്ടുള്ള കാൻവാസ് ആണ്. പാറ ഒരു പാനൽപോലെയാക്കി അതിലോരോ അണുവിലും ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രധാനം ആനകൾ തന്നെ. വലുത് രണ്ടെണ്ണം ഉൾ‍പ്പെടെ പത്ത് ആനകളുടെ രൂപങ്ങളുണ്ടിവിടെ. ഒൻപതു മീറ്റർ ഉയരമുള്ള, 27 മീറ്റർ നീളമുള്ള ഒരു വൻപാറയാണ് ഈ ശിൽപങ്ങൾക്കുള്ള കാൻവാസ്. മഹാഭാരതത്തിലെയും രാമായണത്തിലെയും പല കഥാസന്ദർഭങ്ങളും ഇവിടെ കാണാം.. പാനലിനു നടുവിലൂടെ ‘ഗംഗ’ പതിക്കുന്നു. തപസ്സുചെയ്യുന്ന അർജുനനെ അനുകരിക്കുന്ന കള്ളസന്യാസിപ്പൂച്ചയിരിപ്പുണ്ട് വലിയ ആനയുടെ കൊമ്പിനു താഴെ..
ആനക്കല്ലിനു തുടർച്ചയായി വീണ്ടും കൽഗുഹകൾ. അതിൽ കൃഷ്ണമണ്ഡപത്തിന്റെ ഉൾച്ചുമരിൽ ശ്രീകൃഷ്ണൻ ഗോവർധന പർവതം പൊക്കുന്നതു കൊത്തിവച്ചിട്ടുണ്ട്. ഇവിടെനിന്നു മണലിലൂടെ നടന്നു  നാമെത്തുന്നത് പാണ്ഡവരുടെ രഥങ്ങൾ  എന്നറിയപ്പെടുന്ന അഞ്ചു വ്യത്യസ്ത നിർമിതികൾക്കടുത്തേക്കാണ്. നന്ദി, ആന, സിംഹം തുടങ്ങിയവയുടെ ഒറ്റക്കൽശിൽപങ്ങളും പാണ്ഡവരിലോരോരുത്തരെയും പ്രതിനിധീകരിക്കുന്ന കൽകെട്ടിടങ്ങളുമാണിവിടെ. ഈ പഞ്ചരഥം കണ്ടിറങ്ങിയാൽ നേരെ കടൽക്കരയിലേക്കു നടക്കാം.

കടൽക്കരക്കോവിൽ അഥവാ പഗോഡ

കല്ലോടുകല്ലു ചേർത്തു നിർമിച്ച സ്മാരകമാണിത്. സീഷോർ ടെംപിൾ എന്നു സായ്പും കടൽക്കരൈക്കോവിൽ എന്നു തമിഴനും വിശേഷിപ്പിക്കുന്ന അമ്പലത്തോടു ചേർന്ന് അലയടിക്കുകയാണു ബംഗാൾ ഉൾക്കടൽ. ഇത്തരത്തിലുള്ള ആറു ക്ഷേത്രങ്ങൾ കടലിനടിയിലാണത്രേ. അതിൽ ശേഷിക്കുന്നതിനു മുന്നിലാണു നിങ്ങളിപ്പോൾ. അന്നത്തെ രാജാവ് നരസിംഹവർമൻ രണ്ടാമന്റെ കാലത്ത് ഈ സ്മാരകങ്ങളെ ഏഴു പഗോഡകൾ എന്നാണു വിളിച്ചിരുന്നത്. പുരാതന തുറമുഖത്തിന്റെ മുഖമുദ്രയായിരുന്നിരിക്കണം ഈ അമ്പലങ്ങൾ. ശിവനായിരുന്നു കടൽക്കരൈക്കോവിലിലെ പ്രതിഷ്ഠ.  പൂജയൊന്നുമില്ലാത്തതിനാൽ ഉള്ളിൽവരെ കയറാം. മണൽപ്പരപ്പുകളിൽ ചെറുചെടികൾ നറുപൂക്കളുമായി കാൽപാദങ്ങളെ തഴുകും. അലറുന്ന കടലിനിപ്പുറം കാറ്റാടിമരങ്ങളുടെ മർമരം.

പുരാണങ്ങളിലെ ദൈവങ്ങൾ മാമല്ലപുരത്തെ ശിൽപഭംഗിയിൽ അസൂയാലുക്കളായിരുന്നത്രേ. അതുകൊണ്ടാണ് ആറു പഗോഡകളെ കടലെടുത്തത് എന്നു കഥയുണ്ട്. പണ്ടു ബാബേൽ ഗോപുരം നിർമിച്ചപ്പോൾ ദൈവം ഇടപെട്ട കഥപോലെയൊന്ന്. കഥകളുടെ കടലിനു തീരം എല്ലായിടത്തും ഒരുപോലെയാണ്. മാമല്ലപുരത്തെ തീരത്തിനു കല്ലിന്റെ ഉറപ്പുണ്ടെന്ന വ്യത്യാസം മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com