sections
MORE

ഒരു തലയണയും കാത്ത്...

oru-thalayanayum-kaathu-story
SHARE

കുറച്ചു നാളുകളായി ഉറക്കദേവതകൾ പകലെന്നോ രാത്രിയെന്നോ വിശേഷിച്ച് വേർതിരിവു കാട്ടാതെ ശല്യപ്പെടുത്താൻ തുടങ്ങിയിട്ട്... കുറച്ചുകാലം മുൻപ്, എന്നു പറയുമ്പോ സ്കൂൾ കാലം മുതൽക്കെ, ഇപ്പോ ഒരു പത്തു മുപ്പതു വർഷമായി കാണും. വേതാളം പോലെ അവറ്റകൾ ഇന്നും വിടാതെ പിന്തുടരുകയാണ്... സ്കൂൾ കഴിഞ്ഞു വിട്ടുപോവുമെന്നു കരുതി, പോയില്ല. കോളജിലേക്കും പിന്നീടവിടുന്ന് റിയാദിലെ ജോലി സ്ഥലത്തേക്കുമൊക്കെ നാണമില്ലാതെ പിറകെ കൂടി... ഇപ്പോ ചങ്ങനാശേരിയിലെ കോഫി ഹൗസീന്ന് ഭാരിച്ച ഉച്ചഭക്ഷണവും കഴിഞ്ഞ് എൽദോയുടെ കാറിന്റെ പിൻസീറ്റിലേക്കൊന്നു ചാഞ്ഞതേയുള്ളൂ. പ്രത്യേകിച്ചു ക്ഷണക്കത്തേതുമില്ലാതെ തന്നെ അവരിങ്ങെത്തി.

ഹോണടികൾ കേട്ടാണ് എണീറ്റത്. ഒബ്റോൺ മാളിനു മുന്നിലായി ബ്ലോക്കിലാണ് വണ്ടിയിപ്പോൾ. ഇൗ വഴി വന്നത് അബദ്ധമായി... ചോറ്റാനിക്കര വഴി പോയാൽ മതീന്നു പറഞ്ഞതാ അവനോട്... സീപോർട്ട് എയർപോർട്ട് റോഡിലേക്കു നേരെ ചെന്നു ചാടാം... വാച്ചിലേക്കു നോക്കി... സമയം ആവശ്യത്തിനുണ്ട്... പക്ഷേ, ഇൗ ബ്ലോക്ക് ഒരുപാടു നീണ്ടാൽ... എൽദോ പൊടുന്നനെ വീണു കിട്ടിയ ഗ്യാപ്പിൽ സർവീസ് റോഡിലേക്ക് വണ്ടി തിരിച്ച് ബ്ലോക്കിന്റെ നിർജീവതയിൽ നിന്നു രക്ഷിച്ചു. 

ഫ്ലൈറ്റിൽ കേറുന്നേനു മുൻപ് അത്താണിക്കടുത്തുള്ള ഇന്ത്യൻ കോഫി ഹൗസീന്ന് ഫുൾടാങ്ക് അടിക്കേണ്ടുന്നതിനെപ്പറ്റി എൽദോയെ ഓർമിപ്പിച്ചു. അല്ലെങ്കിൽ ഗൾഫിലെ സമ്പാദ്യം മുഴുവനും കൂടി നെടുമ്പാശേരി വിമാനത്താവളത്തിലെ ഭക്ഷണശാലകളിൽ ഏൽപിച്ചിട്ട് പിന്നെയും ഒന്നേന്നു തുടങ്ങേണ്ടി വരും... ഹെന്റെമ്മേ... ഇൗ അത്താണി ശരിക്കുമൊരത്താണി തന്നെ...

യാത്രയാക്കാനായി എയർപോർട്ടിൽ എന്തു സംഭവിച്ചാലും വരുമെന്നു രേണുവും ഉണ്ണിക്കുട്ടനും തലേന്നേ നിർബന്ധം പിടിച്ചിരുന്നു. ആരും വരേണ്ടെന്നു ഞാനാണ് കട്ടായം പറഞ്ഞത്... വയ്യ ആ ഏർപ്പാട്... പ്രത്യേകിച്ചും ‘ആണുങ്ങൾ കരയുമോ’ എന്നു ചോദിക്കാറുള്ള ക്രൂരന്മാരായ കുറെയാളുകൾ ചുറ്റിലുമുള്ളപ്പോൾ. അതുകൊണ്ട് ഇനിയൊരു മൂന്നു വർഷത്തേക്കുള്ള ഉമ്മ മുഴുവനും ഹോൾസെയിലായി എല്ലാവർക്കും തലേന്നേ വീതിച്ചു കൊടുത്തിരുന്നു.

രാവിലെ ആറ്റിലെ കുളിയൊക്കെ കഴിഞ്ഞു മാനത്തേക്ക് ഒരുവട്ടം കൂടി പ്രതീക്ഷയോടെ നോക്കി... കാർമേഘക്കൂട്ടങ്ങളെ... തുലാവർഷം ഇത്തവണയും കാണാൻ കൂട്ടാക്കാതെ മാറിനിന്നു, ഒരു യാത്ര ചോദിക്കാൻ പോലും അവസരം തരാതെ... പിണങ്ങിയതാവും. വൈകാതെ എൽദോയുടെ കാറിൽ പുറപ്പാടാരംഭിച്ചു; സജ്ജലങ്ങളായ കുറെ മിഴികളോടു വിട പറഞ്ഞിട്ട്... കാറിങ്ങനെ ഗേറ്റ് കടന്ന്, വീടു കാണാമറയത്തായപ്പൊ, ഞാനാഗ്രഹിച്ചു, നേരത്തേ പറഞ്ഞ ആ ഉറക്കദേവതക്കൂട്ടങ്ങൾ പെട്ടെന്നൊന്നു വന്നിരുന്നുവെങ്കിലെന്ന്... എനിക്കീ ചെറിയ ചില സങ്കടങ്ങളെ മറികടക്കാൻ ഇൗശ്വരൻ കനിഞ്ഞു നൽകിയ വരദാനമാണീ ഉറക്കമെന്ന കൃപ.

ഒടുവിൽ എൽദോയെന്നെ ഇന്റർനാഷനൽ ടെർമിനലിന്റെ പില്ലർ ഒൻപതിനടുത്ത് വണ്ടിയിറക്കി... ഉടനെ പൊക്കോളാൻ പറഞ്ഞു. ഇനി ടിയാൻ തിരിച്ചെത്തുമ്പോഴേക്കും നേരം വെളുക്കും. പറ‍ഞ്ഞതാണ് പോളിനെയോ ആഗസ്തിയെയോ വല്ലോം കൂട്ടിനു വിളിക്കാമെന്ന്... കേട്ടില്ല. കാർ കൺവെട്ടത്തു നിന്നു മറയുംവരെ നോക്കിനിന്നു. ഒടുവിൽ അവനും പോയി.

രണ്ടാഴ്ച മുമ്പ് ഇവിടെ പറന്നെത്തിയ ഞാനല്ല ഇപ്പൊ... തിങ്കളാഴ്ച രാവിലെ ജോലിക്കെണീറ്റു പോകും പോലുള്ള മുഷിഞ്ഞ മനസ്സുമായി ഞാൻ... അന്ന്, രണ്ടാഴ്ച മുമ്പു നെടുമ്പാശേരിയിൽ കാലു കുത്തുമ്പോ ഹരിപ്പാട്ടെ വീട്ടുമുറ്റത്തു കാലുകുത്തിയ പോലെയായിരുന്നു തോന്നിയത്. പണ്ടൊക്കെ വീട്, നാട്, കൂട് എന്നൊക്കെ പറയുമ്പോ മനസ്സിൽ തെളിഞ്ഞു വരാറുണ്ടായിരുന്നത് പഴയ ആ തറവാട്ടുവീടും ചുറ്റുമുള്ള തൊടിയുമൊക്കെയായിരുന്നു. അല്ലെങ്കി ഏറിപ്പോയാ വീടിരിക്കുന്ന കര... അതിനപ്പുറമില്ല... പക്ഷേ, ഇപ്പോളീ പ്രവാസജീവിതം വച്ചുനീട്ടിയ അപൂർവം ചില സമ്മാനങ്ങളിലൊന്ന്, അതെന്റെയീ വീടിനെപ്പറ്റിയുള്ള ഡെഫനിഷൻ പാടേ മാറ്റിയിരിക്കുന്നു എന്നതാണ്... ഇപ്പോ എനിക്കു വീടെന്നു വച്ചാ കേരളം മുഴുവനുമാണ്. കാസറുകോട്ടെ തലപ്പാടി തൊട്ട് ഇങ്ങു തെക്ക് പാറശ്ശാല വരെ സർവം എന്റെയാണെന്ന് ഒരു തോന്നൽ.

സെക്യൂരിറ്റി ചെക്കിന് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്. അകത്തേക്ക് ഇപ്പഴേ കയറാതെ ഇവിടെയെങ്ങാനും കുറച്ചു സമയം കാത്തിരിക്കാമെന്ന് കരുതി... കാരണം ഉള്ളിലോട്ട് കേറിക്കഴിഞ്ഞാൽ അസ്ഥി തുളയ്ക്കുന്ന തണുപ്പാണ് പലപ്പോഴും. വെയ്റ്റിങ് ലൗഞ്ചിലൊരിടത്ത് പെട്ടിയൊതുക്കി ഹാൻഡ് ലഗേജീന്ന് എംടിയെ പുറത്തെടുത്തു; ഒന്നു മിണ്ടീം പറഞ്ഞുമിരിക്കാൻ... വായനയ്ക്കിടെ ചില ചിന്തകളുടെയൊക്കെ തേരേറി പോകുമ്പോഴാണ് ഒരു കാർ ഹോണൊക്കെ മുഴക്കി ഒരു വെപ്രാളത്തിൽ വന്നു നിന്നത്. അതു നിന്നതും ഒരു മനുഷ്യൻ വലിയൊരു ട്രങ്ക് വണ്ടിയിൽ നിന്നു ധൃതിയിൽ പുറത്തിറക്കി. 

അതിനുള്ളിൽ എന്തായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. വീട്ടുകാർ തങ്ങളുടെ സ്നേഹം മുഴുവൻ കുറച്ചുകാലത്തേക്കെങ്കിലും ആൾക്കു കയ്യെത്തും ദൂരത്ത് കിട്ടാനായി ചില അച്ചാറുകുപ്പികളിലും മറ്റുമായി കുടിയിരുത്തിയിരിക്കുകയാണ്. അയാളുടെ പിറകെ ഭാര്യയും മക്കളുമാണെന്നു തോന്നുന്നു. അവരുമിറങ്ങി. ഇനി കുറച്ചു നേരത്തേക്ക് ഇൗ ഭൂമിയിലേക്കും വച്ച് ഏറ്റവും ഘനമുള്ള ആ ഏർപ്പാടാണ്. വിടപറച്ചിൽ. അയാളുടെ കണ്ണൊക്കെ വക്കോളം നിറഞ്ഞിട്ടുണ്ട്. പുറത്തേക്കൊരിറ്റ് തുളുമ്പാതിരിക്കാൻ സർവശക്തിയുമെടുത്ത് അയാൾ ശ്രമിക്കുന്നുമുണ്ട്. ഒടുവിൽ പരാജയപ്പെട്ടെങ്കിലും... കൂടുതൽ കണ്ടു നിൽക്കാൻ ത്രാണിയില്ലാതെ തിരിച്ച് എംടിയുടെ വരികളിലേക്കു മിഴികൾ നട്ടു.

എനിക്കിപ്പൊ ഓർമ വന്നത് കേട്ടുമറന്ന ആ പഴയ കഥയാണ്. മണ്ടനായ മുതലയുടെയും കുരങ്ങിന്റെയും കഥ... പുഴയുടെ ഒത്ത നടുക്കെത്തിയപ്പോഴാണ് ആ സത്യം മുതല വെളിപ്പെടുത്തിയത്. ഭാര്യേടെ ദീനം മാറാൻ ഒരു കുരങ്ങന്റെ ഹൃദയം കറി വയ്ക്കണമത്രെ. അതിനാണിപ്പോ ചങ്ങാതിയെ ചുമലിലിരുത്തി എഴുന്നള്ളിച്ചോണ്ട് പോണത്... അപ്പോഴാണ് എക്കാലത്തെയും മികച്ച മാസ് ഡയലോഗുകളിലൊന്ന് നമ്മുടെ കുരങ്ങൻ വച്ചു കാച്ചിയത്:

‘‘ഓ... അതെയോ... പക്ഷേ ഇപ്പോ ചെറിയൊരു പ്രശ്നമുള്ളത്... അതായത് ഞാൻ മറന്നിരിക്കണു... എന്റെ ഹൃദയമെടുക്കാൻ. അതിപ്പൊ എന്റെ വീട്ടിൽ, പാറക്കെട്ടിനടുത്തെ ജാതിയുടെ ഏറ്റവും ഉയരത്തെ ചില്ലയിൽ വച്ചിരിക്കുന്നു... പോയെടുക്കണം.

എനിക്കപ്പോ തോന്നിപ്പോയത്, ഇൗ മനുഷ്യനും തന്റെ ചങ്ക്, ഭാര്യേം മക്കളെയും ഏൽപിച്ചിട്ട് മിച്ചം കിടക്കുന്ന ദേഹവുമായി മണലാരുണ്യത്തിലേക്കു പറക്കാൻ പോവുകയാണെന്ന്... എംടിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കുഞ്ഞുന്നാളിൽ കേട്ട ഒരു കഥ ദാ ഇവിടെ വീണ്ടും ഉയിർത്തെഴുന്നേറ്റു വന്നിരിക്കുന്നു’. ഒടുവിൽ വിമാനം എന്നെയും കൂട്ടി ചിറകടിച്ചുയർന്നു... അറബിക്കഥയിലെ അലാവുദ്ദീനെപ്പോലെ അറബിക്കടലിനു മീതെ ഞാനിപ്പോൾ... കേരളത്തിന്റെ വായുമണ്ഡലം വിട്ടതു മുതൽ നഷ്ടബോധത്തോടെ ചിന്തകളെല്ലാം കൂടി നരകത്തീപോലെ അഴിഞ്ഞിങ്ങട് വന്നു... ഉറക്കദേവതകൾ വീണ്ടും കൃത്യസമയത്തു രക്ഷയ്ക്കെത്തി...

താഴ്ചയുള്ള ഒരു എയർ പോക്കറ്റിൽ വിമാനം വീണ് ഞാൻ ഉറക്കമുണർന്നു. പിന്നെയും ഉറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത്... അതെ... ഞാൻ മറന്നിരിക്കുന്നു... എന്റെ ഹൃദയത്തെയും... 

എവിടെയാണത്?

രാവിലെ ആറ്റിലെ കുളി കഴിഞ്ഞ്, കടവിലെങ്ങാനും വച്ചിരിക്കുമോ?

അതോ കഴിഞ്ഞ ദിവസങ്ങളിൽ പഴയ കമ്പനികളൊത്തു സൊറ പറഞ്ഞിരുന്ന പാടത്തിനടുത്തെ കലുങ്കിലോ?

അതോയിനി ഉണ്ണിയെങ്ങാനും കളിപ്പാട്ടമാണെന്നു കരുതി എടുത്തിരിക്കുമോ?

ദൈവമേ... എവിടെ അത്?

ഇൗ വട്ടം ഉറക്കദേവതകളാരും വന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUNDAY
SHOW MORE
FROM ONMANORAMA