ADVERTISEMENT

ലോറി മോൺഗോമറി, നിങ്ങൾ ആരാണ്? ഇന്നും നിങ്ങൾക്ക് ഒരു കത്തുണ്ടായിരുന്നു, ഡേവിസിന്റെ. പ്രത്യേകിച്ചൊന്നുമില്ല. ‘ഹൗ ആർ യു, ഐ ആം ഗ്രേറ്റ്’ അത്രമാത്രം. എന്നെ അദ്ഭുതപ്പെടുത്തുന്നത് ഈ കത്തുകളുടെ തെറ്റാത്ത കൃത്യനിഷ്ഠ ആണ്. രണ്ടാഴ്ച കൂടുമ്പോൾ യാതൊരു മുടക്കവും കൂടാതെ അവ എത്തിയിരിക്കും.

ഈ വീട്ടിൽ താമസമാക്കിയ അന്നുമുതൽ ഏകദേശം നാലു വർഷമായി മുറ തെറ്റാതെ ഈ കത്തുകൾ എനിക്കു കിട്ടാൻ തുടങ്ങിയിട്ട്. ഈ ലോറി മോൺഗോമറി എനിക്കു മുൻപേ ഇവിടെ താമസിച്ചിരുന്ന ആരോ ആയിരിക്കണം. ഞാൻ ഇത് വാങ്ങിയത് ഹെൻറി സപ്പോട്ട എന്ന ആളോടാണ്. അപ്പോൾ ലോറി അയാളുടെ കുടുംബത്തിലെ ആരോ അല്ലെങ്കിൽ അതിനും മുമ്പേ ഇവിടെ ഉണ്ടായിരുന്ന ആളോ ആയിരുന്നിരിക്കണം.

ഈ–മെയിലിന്റെയും‌ സെൽഫോണിന്റെയും ഇക്കാലത്ത് ഇത്തരം കത്തുകൾ അയയ്ക്കുന്നതുതന്നെ എനിക്ക് അദ്ഭുതമായിരുന്നു. ആദ്യമാദ്യം ഈ കത്തുകൾ വന്നപ്പോൾ ഞാൻ അവ കൃത്യമായി ഫ്രം അഡ്രസിലേക്കു തിരികെ അയച്ചു. അതു കഴിഞ്ഞു കുറെയെണ്ണം റസിഡന്റ്സ് അസോസിയേഷൻ ഓഫിസിൽ ഏൽപ്പിച്ചു, പഴയ ഉടമസ്ഥർ ഫോർവേഡിങ് അഡ്രസ് അവിടെ ഏൽപ്പിച്ചിട്ടുണ്ടാവും എന്ന ധാരണയിൽ. അതുമല്ലെങ്കിൽ പഴയ ഉടമസ്ഥർ ആരെങ്കിലും അന്വേഷിച്ചുവന്നാലോ എന്ന പ്രതീക്ഷയിൽ. 

അങ്ങനെയും കഴിഞ്ഞു കുറേക്കാലം. ക്രമം തെറ്റാതെ, എല്ലാ രണ്ടാഴ്ച കൂടുമ്പോഴുമുള്ള കത്തുകളുടെ വരവ് അപ്പോഴും തുടർന്നുകൊണ്ടിരുന്നു. എന്റെ വീട്ടിലേക്കു വരുന്ന ഈ കത്തുകളുടെ എണ്ണം കൂടുന്തോറും ലോറി മോൺഗോമറി ആരാണെന്ന് അറിയാനുള്ള എന്റെ കൗതുകവും കൂടിക്കൂടി വന്നു. ഒരു പ്രാവശ്യം ഞാൻ മെയിൽമാനെ തടഞ്ഞുനിർത്തി ഈ മേൽവിലാസക്കാരിയെക്കുറിച്ച് അന്വേഷിച്ചു.

‘മാം, ഹൗ ഡു ഐ നോ ഹു ഈസ് ഇൻസൈഡ് ദ് ഹൗസ്? ഐ ജസ്റ്റ് ഡ്രോപ് മെയിൽ ഇൻ ദ് മെയിൽബോക്സ്’

ശരിയാണ്. അയാൾ എങ്ങനെ അറിയാനാണ്?

സ്നോ മാറ്റാൻ വരാറുള്ള ആഫ്രിക്കൻ വംശജനോടും ലോൺ വൃത്തിയാക്കുന്ന മെക്സിക്കനോടും ഞാൻ ചോദിച്ചു. ‘ഡു യു നോ ലോറി മോൺഗോമറി?’ അടുത്ത വീടുകളിലെ താമസക്കാരോടും തിരക്കി. അയൽക്കാരുമായി ആഴമേറിയതല്ലെങ്കിലും കുഴപ്പമില്ലാത്ത സൗഹൃദം എനിക്കുണ്ടായിരുന്നു. ഞാൻ അവരോടൊക്കെ ചോദിച്ചു.

ലോറിയോ? അങ്ങനെ ഒരാൾ അവിടെ ഉണ്ടായിരുന്നോ? ഞാൻ കണ്ടിട്ടില്ല... 

എനിക്കറിയില്ല...

അവർക്കാർക്കും അങ്ങനെ ഒരു പേരോ, പേരുകാരിയെയോ അറിയില്ലായിരുന്നു. ചോദിച്ചാൽ എല്ലാവരും അറിയില്ല എന്നു പറഞ്ഞപ്പോൾ ഞാൻ അന്വേഷണങ്ങൾ നിർത്തി. എന്നാലും ആ മേൽവിലാസത്തിൽ വന്ന കത്തുകൾ ഞാൻ കളഞ്ഞില്ല, അവ സൂക്ഷിച്ചുവച്ചു. എനിക്കെന്തോ അവയോട് ഒരു പ്രത്യേക താൽപര്യം തോന്നി.

ഏറെ രസം, കത്തുകൾ എന്നു പറയാൻ തക്കവണ്ണം ഒന്നുമില്ല എന്നതാണ്. ഒറ്റവരിയിൽ ഒതുങ്ങുന്ന സൗഖ്യാന്വേഷണങ്ങൾ ആണ് മിക്കതും. ദൂരയാത്രകൾക്കിടയിൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ നിന്നും പ്രിയപ്പെട്ടവർക്കായി അയയ്ക്കാറുള്ള പോസ്റ്റ്കാർഡുകളിൽ കാണാറുള്ള തരം ഹ്രസ്വമായ സൗഹൃദക്കുറിപ്പുകൾ... എല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത് ഇവിടെനിന്ന് അത്ര അകലെയല്ലാത്ത നഗരത്തിൽ നിന്നും ഡേവിസ് അയച്ചത്...

‘ലോറി, ഞാൻ ആസ്വദിക്കുകയാണ്, ഈ വസന്തകാലം. നീയും സന്തോഷവതി എന്നു കരുതുന്നു.’

‘ഹായ് ലോറി നിനക്ക് സുഖമല്ലേ? ഇവിടെ ആപ്പിൾ മരം പൂത്തു.’

‘മഗ്നോളിയ നിറയെ പൂത്തു. കൊഴിഞ്ഞുവീണ പൂവിതളുകൾ തോട്ടത്തിൽ നിന്നു മാറ്റി ഞാൻ സഹികെട്ടു.’ ഇതൊക്കെയാണ് കത്തുകളിലെ വിശേഷങ്ങൾ.

വ്യക്തിപരമായ പരാമർശങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത ഒരുപിടി കത്തുകൾ. എങ്കിലും എനിക്ക് ആ കത്തുകളോടു വല്ലാത്ത അടുപ്പം തോന്നി. അത് ആരായിരിക്കും എഴുതിയത്? എന്താണ് ലോറിയും ഡേവിസും തമ്മിലുള്ള ബന്ധം? കമിതാക്കൾ? എന്നിട്ടെന്തേ വ്യക്തിപരമായ ഒരു വരി പോലും ഇവയിൽ ഇല്ലാത്തത്? സഹോദരങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ – ഇവരിൽ ആരുതന്നെ ആയാലും വ്യക്തിപരമായ എന്തെങ്കിലും ഒന്ന് ഉണ്ടാവേണ്ടതല്ലേ? ലോറി ഈ കത്തുകൾക്കു മറുപടി അയച്ചിരുന്നില്ലേ? അവയും ഒറ്റവരിയിലുള്ളവ ആയിരുന്നോ? എന്തിനാണ് ഇങ്ങനെ ഈ ഹ്രസ്വമായ കത്തുകൾ വഴിപാടു പോലെ ഇത്ര കൃത്യനിഷ്ഠയോടെ അയയ്ക്കുന്നത്?

നാളുകൾ കഴിയുന്തോറും എന്റെ ഉദ്വേഗം വർധിച്ചുവന്നു. ആരാണ് ലോറി? എനിക്കു മുൻപേ ഇവിടെ ഉണ്ടായിരുന്ന അവരുടെ അദൃശ്യസാന്നിധ്യം ഞാൻ ഓരോ മുക്കിലും മൂലയിലും അനുഭവിച്ചുതുടങ്ങി. അവർ എങ്ങനെയാണ് ഈ വീട് ഒരുക്കിയിരുന്നത്? ഇപ്പോൾ എന്റേതായ ഈ മുറികൾ അവർ എങ്ങനെയാണ് അലങ്കരിച്ചിരുന്നത്? ആ കത്തുകൾ എന്റെ ജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയത് എന്നുമുതലാണെന്ന് എനിക്ക് അറിഞ്ഞുകൂട. പക്ഷേ അവ എന്റെ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഞാൻ മനസ്സിലാക്കി.

‘എന്റെ ജനൽപ്പടിയിലെ പെറ്റുനിയാ പൂത്തു... നിന്റെയോ? ആ കത്തുവന്ന അന്ന് ഞാൻ ഒരു വിൻഡോ ബോക്സ് വാങ്ങി പെറ്റുനിയാ നട്ടു.

‘പ്രിയപ്പെട്ടവളേ, ഈ വേനൽ നിന്നെ തളർത്തുന്നുവോ? പുറത്തെ കത്തിയെരിയുന്ന വെയിലിനെ സൂക്ഷിക്കണം. അതു നിന്റെ ശക്തി ചോർത്തിക്കളയും’ അതു വായിച്ചതിനുശേഷം പുറത്തുപോകുമ്പോൾ ഒക്കെയും കയ്യിൽ വെള്ളം കരുതാൻ തുടങ്ങി.

‘വെള്ളികലർന്ന നീലവാനമാണ് ഇന്ന്. ആകാശ നീലിമ എന്റെ മുറിയുടെ ഭിത്തികളിലേക്കും വ്യാപിച്ചിരിക്കുന്നു.’ ഒട്ടും താമസിയാതെ ഞാൻ എന്റെ കിടപ്പുമുറിയുടെ ഭിത്തികൾക്കു നീലച്ചായമടിച്ചു.

ഇങ്ങനെ എന്റെ ജീവിതത്തിന്റെ എല്ലാ തുറകളെയും ലോറി സ്വാധീനിച്ചു തുടങ്ങിയപ്പോൾ ഈ കത്തുകളുടെ ഉറവിടം തേടിപ്പിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ആ കത്തുകൾ അയയ്ക്കുന്ന ആളിന്റെ വിലാസം ഞാൻ ഗൂഗിൾ ചെയ്തുനോക്കിയത്. അത് ഒരു വൃദ്ധസദനം ആണെന്നു കണ്ടപ്പോൾ എനിക്കു വല്ലായ്മ തോന്നി. അവിടെ, വാർധക്യത്തിന്റെ ഏകാന്തതയിൽ അനാരോഗ്യത്തിന്റെ അസ്വസ്ഥതകളോടു മല്ലിടുന്ന ഒരു വയോധികൻ അയയ്ക്കുന്ന കുറിമാനങ്ങൾ ആണോ അവ? മുമ്പേ ഉണ്ടാക്കിയ ലിസ്റ്റിലേക്ക് മറ്റു ചില ബന്ധങ്ങൾ കൂടി ഞാൻ എഴുതിച്ചേർത്തു. ലോറി അയാളുടെ മകൾ ആണോ? കൊച്ചുമകൾ? അനന്തരവൾ? വാർധക്യത്തിന്റെ അസ്വസ്ഥതകൾ ശല്യക്കാരനാക്കിയ പിതാവിനെ അല്ലെങ്കിൽ മുത്തശ്ശനെ വൃദ്ധസദനത്തിലാക്കി മാറിക്കളഞ്ഞവൾ? ആ വൃദ്ധഹൃദയത്തിൽ പക്ഷേ ഇപ്പോഴും വാത്സല്യം മാത്രം... അതുകൊണ്ടല്ലേ മുറതെറ്റാതെയുള്ള ഈ കുറിമാനങ്ങൾ... എനിക്കു ദുഃഖം തോന്നി.

കയ്യക്ഷരം കണ്ടിട്ട് പ്രായാധിക്യത്തിന്റെ വലിയ ക്ഷീണമൊന്നും തോന്നുന്നില്ല. ഇപ്പോഴും എഴുതാൻ കഴിയുന്നുണ്ടല്ലോ... വിരലുകൾ വഴങ്ങുന്നുണ്ടല്ലോ. ആപ്പിൾമരം പൂക്കുന്നതു കാണാനും പൊഴിഞ്ഞുവീണ മഗ്നോളിയയുടെ ഇതളുകൾ തൂത്തുമാറ്റാനും കഴിയുന്നുണ്ടല്ലോ. അപ്പോൾ പിന്നെ ഏന്തേ ലോറിയുടെ മറുപടികൾ കാണാത്തപ്പോൾ അന്വേഷിച്ചു വരാത്തത്? അതോ അവർ തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും കരടുകൾ? എങ്കിൽ ആ കരടുകൾ മാറ്റാനുള്ള ശ്രമം ആണോ ഈ കത്തുകൾ? ലോറിക്ക് ഇവ കിട്ടുന്നില്ല എന്നു പാവം അറിയുന്നുണ്ടാവില്ല.

ദിവസങ്ങൾ കഴിയുന്തോറും എന്റെ മനസ്സിൽ ആ വിചാരം മാത്രമായി. പ്രിയപ്പെട്ട ലോറിക്കുള്ള ആ സാധുവിന്റെ കത്തുകൾ ഇവിടെ ഇങ്ങനെ എന്റെ കൈവശമാണ് എത്തിച്ചേരുന്നതെന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ എന്നൊരു തോന്നൽ. ഒരു സാധുവൃദ്ധനോട് അത്രയെങ്കിലും സഹാനുഭൂതി ഞാൻ കാണിക്കേണ്ടേ?

ലോറിയെക്കുറിച്ചുള്ള ചിന്തകൾ എനിക്ക് ഇരിക്കപ്പൊറുതി തരാതെയായി. ലോറി ആരെന്ന് അറിയാതെ, അവരെക്കുറിച്ചു കൂടുതൽ അറിയാതെ എനിക്ക് സമാധാനം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ഒരു അവധി ദിവസം ഞാൻ ആ മേൽവിലാസത്തിലെ വൃദ്ധമന്ദിരത്തിലേക്കു ചെന്നു. ഡേവിസിനെ കാണാനാണെന്നു പറഞ്ഞപ്പോൾ റിസപ്ഷനിസ്റ്റ് എന്നെ സംശയത്തോടെ നോക്കി.

‘ഡേവിസ്? ഇങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തുകൾ കാണിച്ചപ്പോൾ അവർ അകത്തേക്കു പോയി മാനേജരെ കൂട്ടിക്കൊണ്ടുവന്നു. അറ്റ്ലാസ്റ്റ് നിങ്ങൾ വന്നല്ലോ. ഇന്നലെയുംകൂടി അദ്ദേഹം ‘അവൾ വരും’ എന്ന് പറഞ്ഞിരുന്നു.’ എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ അവർ പറഞ്ഞു.

അവരുടെ ശബ്ദത്തിലെ ആശ്വാസവും സന്തോഷവും ആ മനുഷ്യനോടുള്ള സഹാനുഭൂതിയും എന്നെ ആഴത്തിൽ സ്പർശിച്ചു. ആ സ്ഥാപനത്തിലെ ഒരു അന്തേവാസിയുടെ കാര്യത്തിൽ അവർക്കുള്ള താൽപര്യവും ശുഷ്കാന്തിയും കണ്ടപ്പോൾ, ഞാൻ ലോറി മോൺഗോമറി അല്ലെന്നും വിലാസം തെറ്റി വന്ന കത്തുകൾ കൈപ്പറ്റിയത് തിരിച്ചേൽപ്പിക്കാൻ വന്നതാണെന്നും പറയാൻ വന്നതു വേണ്ടെന്നുവച്ചു.

അവർ അത്യുൽസാഹത്തോടെ എന്നെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. നീളൻ ഇടനാഴികൾ കടന്ന് ഞങ്ങൾ ആ മുറിയിലെത്തി. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മെഡിക്കൽ ബെഡിൽ ഓക്സിജൻ മാസ്കിനുള്ളിലൂടെ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഡേവിസിനെ ഞാൻ കണ്ടു. മാനേജർ ഡേവിസിന്റെ ആരോഗ്യനിലയെക്കുറിച്ച് ഒരു ചെറിയ വിവരണം അതിനോടകം എനിക്കു നൽകിയിരുന്നു. അക്കൂട്ടത്തിൽ, എനിക്ക് അറിയേണ്ടിയിരുന്നതും ഞാൻ ചോദിക്കാതെതന്നെ അവരുടെ സംസാരത്തിൽനിന്ന് എനിക്ക് മനസ്സിലായി.

കഴിഞ്ഞ കുറെ വർഷങ്ങളായി, അതായത് അദ്ദേഹത്തിന് എഴുതാൻ ആവാതായതിനുശേഷം, ഈ കത്തുകൾ അയയ്ക്കുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ നഴ്സ് ആണ്. മറ്റെല്ലാം മറന്നിട്ടും അദ്ദേഹം ലോറിക്കു കത്തെഴുതാൻ ആ നഴ്സിനെ ഓർമിപ്പിക്കും. വർഷങ്ങളായിട്ടും, ഒരു മറുപടി പോലും വരാഞ്ഞിട്ടും ഞങ്ങൾ ആ കത്തുകൾ അയച്ചുകൊണ്ടിരുന്നത് ആ നിർബന്ധംമൂലമാണ്. ഏതായാലും നിങ്ങൾ വന്നല്ലോ... മാനേജർ പറഞ്ഞുകൊണ്ടേയിരുന്നു.

ഞാൻ ആ കിടക്കയ്ക്കരികിലേക്കു ചെന്ന് അയാളുടെ കൈയിൽ തൊട്ടു. മാനേജർ അടുത്തുണ്ടായിരുന്ന കസേര എനിക്കിരിക്കാൻ ആ കിടക്കയ്ക്കരികിലേക്ക് ഉപചാരപൂർവം നീക്കിയിട്ടുതന്നു. ​ഞാൻ അവിടെ ഇരുന്നു. എനിക്ക് ഒരു ബന്ധവും ഇല്ലാത്ത, തികച്ചും അപരിചിതനായ ആ വൃദ്ധന്റെ മെലിഞ്ഞുനേർത്ത കൈകൾ എന്റെ കൈപ്പത്തിക്കുള്ളിലാക്കി ആ കൈയിൽ തലോടിക്കൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടോ എനിക്കു കരച്ചിൽ വന്നു. വേണ്ടുവോളം നുകരാൻ കഴിയുംമുമ്പേ തൂവിപ്പോയ വാത്സല്യത്തിന്റെ നറുംതേൻ ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് നോക്കിയിരുന്നപ്പോൾ എന്റെ ഉള്ളിൽ ഉറവപൊട്ടുന്നത് ഞാൻ അറിഞ്ഞു. അന്നു കുറെ നേരം ഞാൻ അവിടെ ഇരുന്നു. അടുത്ത അവധി ദിവസവും ഞാൻ അവിടേക്കു ചെന്നു. പിന്നെപ്പിന്നെ അതൊരു പതിവായി. അവധി ദിവസങ്ങളിൽ ഞാൻ ചെല്ലുമെന്ന് ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും പ്രതീക്ഷച്ചുതുടങ്ങിയെന്ന് എനിക്ക് തോന്നി.

അവിടെ ചെന്ന് ആ ശോഷിച്ച കയ്യിൽ തലോടിക്കൊണ്ട് പിന്നാമ്പുറത്തെ ആപ്പിൾമരം പൂത്തതിനെക്കുറിച്ചും ജനാലപ്പടിയിൽ പൂച്ചട്ടി സ്ഥാപിച്ചതിനെക്കുറിച്ചും കിടപ്പുമുറിക്കു നീലാകാശത്തിന്റെ നീലനിറം പൂശിയതും വിശദമായി പറഞ്ഞുകേൾപ്പിച്ചു. പറയുന്നത് എന്തെങ്കിലും അയാൾ കേൾക്കുന്നുവെന്ന് ഒരുറപ്പും ഇല്ലാതിരുന്നിട്ടും ഞാൻ വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. എന്റെ സ്വപ്നങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും അതിലുപരി എന്റെ നെഞ്ചിലെ വിങ്ങലുകളും ഞാൻ അയാളോട് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, തികച്ചും അപ്രതീക്ഷിതമായി അയാൾ കണ്ണുതുറന്നു.

അയാളുടെ കണ്ണുകൾക്കു നല്ല തെളിച്ചമുണ്ടായിരുന്നു, മുഖത്തു നിറഞ്ഞ സന്തോഷവും. ഞാൻ ലോറി അല്ലെന്ന് അയാൾക്ക് തിരിച്ചറിയാൻ കഴിയുമെന്ന് എനിക്കു മനസ്സിലായി. ആ ശോഷിച്ച കൈകളിൽ പിടിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, ഇവിടെ നിന്ന് അയച്ച കത്തുകൾ എനിക്കാണ് കിട്ടിയിരുന്നത്... ഞാൻ ലോറി അല്ലെന്ന്...

ബാക്കി പറയാൻ എന്നെ അനുവദിക്കാതെ അയാൾ മന്ത്രിച്ചു... ഐ നോ... ഐ നോ എവരിതിങ്... നീ വന്നല്ലോ.... ദാറ്റ് ഈസ് ഓൾ ഇറ്റ് മാറ്റേഴ്സ്... 

എന്റെ കൈകളിൽ അയാളുടെ വിരലുകൾ പരിക്ഷീണമായി അമർത്തുന്നത് ഞാനറിഞ്ഞു. വിശദീകരണങ്ങൾക്ക് അതീതമായ സ്നേഹത്തിന്റെ ഊഷ്മളത ആ വിരലുകളിലൂടെ എന്നിലേക്കു കിനിഞ്ഞിറങ്ങി.

അന്ന് ആ കിടക്കയ്ക്കരികിൽ ഞാൻ ഏറെ നേരം ഇരുന്നു. ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ അയാൾ എന്റെ ആരുമല്ല എന്നു വിശ്വസിക്കുവാൻ എനിക്കായില്ല. ബാല്യത്തിലും കൗമാരത്തിലും യൗവ്വനത്തിലും എന്നുവേണ്ട എന്റെ ജീവിതത്തിന്റെ എല്ലാ കോണുകളിലും ആ സ്നേഹസാന്നിധ്യം ഉണ്ടായിരുന്നു എന്നൊരു തോന്നൽ ഓരോ നിമിഷം കഴിയുന്തോറും എന്നിൽ ബലപ്പെട്ടു വന്നു...ഞാൻ മടങ്ങുമ്പോൾ അദ്ദേഹം നല്ല ഉറക്കത്തിൽ ആയിരുന്നു.

അന്നു രാത്രിയിൽ അദ്ദേഹം മരിച്ചുവെന്ന് മാനേജർ എന്നെ ഫോണിൽ വിളിച്ചുപറഞ്ഞു. മരണാനന്തര ചടങ്ങുകളെക്കുറിച്ച് അദ്ദേഹം തന്നെ നിർദേശങ്ങൾ ഏൽപ്പിച്ചിരുന്നതിനാൽ ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ അതിന്റെ ചുമതല ഏറ്റെടുത്തു നിറവേറ്റി. ഞാനും ആ ചടങ്ങുകളിൽ പങ്കെടുത്തു, ഒരു കുടുംബാംഗത്തെപ്പോലെ.

തിരികെപ്പോരുന്നതിനു മുമ്പേ മാനേജരോടു നന്ദി പറയാൻ മറന്നില്ല. ഞാൻ സംഭാവനയായി കൊടുത്ത ചെക്കിലെ പേര് ശ്രദ്ധിച്ചുകൊണ്ട് അവർ എന്നെ അമ്പരപ്പോടെ നോക്കി.

അപ്പോൾ നിങ്ങൾ? ലോറി മോൺഗോമറി...?

ആവോ... ഞാനും അവരെ അന്വേഷിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com